Categories: Sunday Homilies

2nd Easter Sunday_Year A_ദൈവകരുണയുടെ ഞായൻ

ദൈവത്തെയും ദൈവത്തിന്റെ അസ്തിത്വത്തെയും സംശയിക്കുകയും, ദൈവത്തെ അന്വേഷിക്കുകയും ചെയ്യുന്നവരുടെ പ്രതിനിധിയാണ് വി.തോമസ്...

പെസഹാകാലം രണ്ടാം ഞായർ

ഒന്നാം വായന: അപ്പോ.പ്രവർത്തനങ്ങൾ 2:42-47
രണ്ടാം വായന: 1പത്രോസ് 1:3-9
സുവിശേഷം: വി.യോഹന്നാൻ 20:19-31

വചന വിചിന്തനം

ഉയിർപ്പ് ഞായർ കഴിഞ്ഞു വരുന്ന ഞായർ “ദൈവകരുണയുടെ തിരുനാളാ”യി ആചരിക്കുകയാണ്. 1937 ഫെബ്രുവരി 22-ന് വിശുദ്ധ ഫൗസ്തീനായ്ക്ക് യേശുനാഥനിൽ നിന്നും ലഭിച്ച വെളിപാടനുസരിച്ചാണ് നാം ഈ തിരുനാൾ ആഘോഷിക്കുന്നത്. ദൈവ കരുണയുടെ ചിത്രം നമുക്ക് സുപരിചിതമാണ്. യേശുവിന്റെ ഒരുകരം അനുഗ്രഹിക്കാനായി ഉയർത്തി പിടിച്ചിരിക്കുന്നു. മറ്റേ കരം ഹൃദയത്തിനരികിലായിരുന്നു. യേശുവിന്റെ ഹൃദയത്തിൽ നിന്ന് രണ്ടു ശക്തിയേറിയ ചുവപ്പുനിറത്തിലുള്ളതും നീലകലർന്ന വെള്ളനിറത്തിലുള്ളതുമായ പ്രകാശരശ്മികൾ പുറത്തേക്ക് വരുന്നു. ഇതുരണ്ടും ക്രൂശിതനായ യേശുവിന്റെ വിലാവിൽ നിന്നൊഴുകിയ “രക്തത്തിന്റെയും വെള്ളത്തിന്റെയും” അടയാളമാണ് (വി.യോഹ.19:34). ചിത്രത്തിന്റെ താഴ്ഭാഗത്തായി “യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു” എന്ന പ്രാർത്ഥനയുമുണ്ട്. അതോടൊപ്പം തന്നെ ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് (യേശുവിന്റെ മരണസമയം) ചൊല്ലുന്ന ‘കരുണ കൊന്തയും’ നമുക്ക് സുപരിചിതമാണ്.

ദൈവത്തിന്റെ കരുണ ഏതു കാലത്തേക്കാളും ഉപരിയായി ഏറ്റവുമധികം നമുക്കും ലോകത്തിനും ആവശ്യമായ സമയത്താണ് നാമിപ്പോൾ. ഇപ്പോൾ ദൈവത്തിന്റെ കരുണയല്ലാതെ മറ്റൊന്നും ആശ്രയിക്കാൻ നമുക്കില്ല. ദൈവത്തിന്റെ കാരുണ്യത്തിനുമാത്രമേ നമ്മുടെ ജീവനെയും, ഈ ലോകത്തെയും രക്ഷിക്കാൻ സാധിക്കുകയുള്ളൂ. കരുണയുമായി ബന്ധപ്പെട്ട മൂന്നു നിരീക്ഷണങ്ങൾ നമുക്ക് ഇന്നത്തെ തിരുവചനങ്ങളിൽ നിന്ന് മനസ്സിലാക്കാം.

1) ദൈവ കരുണയിലുള്ള നമ്മുടെ വിശ്വാസം (സുവിശേഷം)

ഇന്നത്തെ സുവിശേഷത്തിൽ യേശു കഴിഞ്ഞാലുള്ള പ്രധാനകഥാപാത്രം വി.തോമസാണ്. ഉത്ഥിതനായ യേശു ആദ്യം ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ടപ്പോൾ തോമസ് അവരുടെ കൂടെ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഉത്ഥിതനായ യേശുവിനെ കുറിച്ച് മറ്റു ശിഷ്യന്മാർ വിവരിച്ചപ്പോൾ തോമസപ്പോസ്തലന് അത് വിശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നു. തന്റെ സംശയം പൂർണമായും പ്രകടിപ്പിച്ചുകൊണ്ട് “യേശുവിന്റെ കൈകളിൽ ആണി പഴുതുകൾ ഞാൻ കാണുകയും, അവയിൽ വിരലിടുകയും, അവന്റെ പാർശ്വത്തിൽ എന്റെ കൈ വയ്ക്കുകയും ചെയ്തല്ലാതെ ഞാൻ വിശ്വസിക്കുകയില്ല” എന്ന് അപ്പൊസ്തലൻ പറയുന്നു. തോമസപ്പോസ്തലൻ യേശുവിന്റെ കൂടെ നടക്കുകയും, യേശുവിന്റെ പരസ്യജീവിതം മുഴുവൻ കാണുകയും കേൾക്കുകയും അറിയുകയും ചെയ്ത വ്യക്തിയാണ്. എന്നിട്ടുപോലും യേശു ഉയർത്തെഴുന്നേറ്റു, വീണ്ടും ജീവിക്കുന്നു എന്ന് വിശ്വസിക്കുവാൻ അദ്ദേഹത്തിനാവുന്നില്ല.

ഒരുവിധത്തിൽ വിശുദ്ധ തോമസപ്പോസ്തലന്റെ ഈ അനുഭവത്തിനോട് നാം നന്ദിയുള്ളവരായിരിക്കണം. കാരണം, ഇത്തരമൊരു അനുഭവത്തിലൂടെ നാം കടന്നു പോകുന്നുണ്ട്. ഇത്രയുംകാലം യേശുവിന്റെ സംരക്ഷണവും, സ്നേഹവും, ശക്തിയും ജീവിതത്തിൽ അനുഭവിച്ചറിഞ്ഞിട്ടും; ഈ ദുരന്ത കാലഘട്ടത്തിൽ “ദൈവം ഈ ലോകത്തെ ഉപേക്ഷിച്ചുവോ? ദൈവം ലോകത്തെ വെറുക്കുന്നുവോ? ദൈവത്തിന് ശക്തി ഇല്ലേ? തുടങ്ങിയ സംശയങ്ങൾ നമ്മുടെ മനസ്സിലും ഉടലെടുക്കുന്നുണ്ട്. ദൈവത്തെയും ദൈവത്തിന്റെ അസ്തിത്വത്തെയും സംശയിക്കുകയും, ദൈവത്തെ അന്വേഷിക്കുകയും ചെയ്യുന്നവരുടെ പ്രതിനിധിയാണ് വി.തോമസ്. വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോൾ തന്നെ സ്പർശിച്ച് മനസ്സിലാക്കാൻ യേശു വീണ്ടും തോമസപ്പോസ്തലനെ ക്ഷണിക്കുന്നു. സത്യത്തിൽ അപ്പോസ്തലൻ യേശുവിനെ അല്ല, മറിച്ച് യേശു അപ്പോസ്തലനെയാണ് സ്പർശിക്കുന്നത്. വി.തോമസിന്റെ ബുദ്ധിയേയും, ബോധ്യങ്ങളെയും യേശു സ്പർശിക്കുകയാണ്. ആ നിറവിൽ നിന്നുകൊണ്ടാണ് “എന്റെ കർത്താവേ, എന്റെ ദൈവമേ!” എന്ന് അപ്പോസ്തലൻ പ്രഖ്യാപിക്കുന്നത്. അതുപോലെ, യേശുവിനെ രക്ഷകനും കർത്താവുമായി പ്രഖ്യാപിച്ചുകൊണ്ട്, ഈ ദിവസങ്ങളെ ദൈവത്തെയും ദൈവകരുണയെയും സംശയിക്കുവാനല്ല, മറിച്ച് ദൈവത്തിന്റെ കരുണ കൂടുതൽ അനുഭവിക്കുന്ന ദിനങ്ങളാക്കി നമുക്ക് മാറ്റാം.

2) പ്രത്യാശ നൽകുന്ന വിശ്വാസം (രണ്ടാം വായന)

ആദ്യ നൂറ്റാണ്ടിൽ റോമൻ ചക്രവർത്തിമാരുടെ മതപീഡനങ്ങൾക്ക് വിധേയരായി ഞെരുക്കപ്പെടുന്ന ഒരു ചെറിയ വിശ്വാസ സമൂഹത്തെ ശക്തിപ്പെടുത്തി കൊണ്ട് വി.പത്രോസപ്പൊസ്തലൻ എഴുതിയ ഒന്നാം ലേഖനം ഇന്ന് ജീവിതത്തിൽ ഞെരുങ്ങുന്ന നമ്മെയും ശക്തിപ്പെടുത്തുകയാണ്. ക്രിസ്തുവിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കാനായി സഹിക്കുന്ന വിശ്വാസികളോട് അപ്പോസ്തലൻ പറയുന്നത് ഇപ്രകാരമാണ്: “അല്പകാലത്തേക്ക് വിവിധ പരീക്ഷകൾ നിമിത്തം നിങ്ങൾക്ക് വ്യസനിക്കേണ്ട വന്നാലും, അതിൽ ആന്ദിക്കുവിൻ. കാരണം അഗ്നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വർണ്ണത്തേക്കാൾ വിലയേറിയതായിരിക്കും പരീക്ഷകളെ അതിജീവിക്കുന്ന നിങ്ങളുടെ വിശ്വാസം”. വിവിധ പരീക്ഷകളാൽ നാം വ്യസനിക്കപ്പെടുന്ന ഈ വേളയിൽ, നമുക്ക് യേശുവിലുള്ള വിശ്വാസം മുറുകെ പിടിക്കാം. ദൈവ കരുണയിൽ ആശ്രയിക്കാം. കാരണം, ഈ കഷ്ടതകളെ ധൈര്യപൂർവ്വം നേരിടാനും, തരണം ചെയ്യാനുള്ള പ്രത്യാശ ദൈവകരുണ നമുക്ക് നൽകുന്നുണ്ട്.

3) ദൈവകരുണ മറ്റുള്ളവരോടും കാരുണ്യം കാണിക്കാൻ നമ്മെ പഠിപ്പിക്കുന്നു (ഒന്നാം വായന)

നമ്മുടെ ഇടവകകൾക്ക് എന്നും, എക്കാലവും മാതൃകയാകേണ്ട 5 കാര്യങ്ങൾ ഇന്നത്തെ ഒന്നാം വായനയിൽ അപ്പോസ്തല പ്രവർത്തനത്തിൽ ആദിമ സഭയെ കുറിച്ച് പറയുന്നുണ്ട്.
1) അപ്പോസ്തലന്മാരുടെ പ്രബോധനം
2) കൂട്ടായ്മ
3) അപ്പം മുറിക്കൽ
4) പ്രാർത്ഥന
5) അത്ഭുതങ്ങളും അടയാളങ്ങളും.
ഈ അഞ്ച് അടിസ്ഥാന ഘടകങ്ങൾക്ക് പുറമേ അവർ ഒരു പൊതുസമൂഹമായി, തങ്ങൾക്ക് ഉണ്ടായിരുന്നതെല്ലാം പൊതുവായി കരുതി. അവർ തങ്ങളുടെ സ്വത്തുക്കളും വസ്തുവകകളും വിറ്റ് ആവശ്യാനുസരണം എല്ലാവർക്കുമായി വീതിച്ചുവെന്നും വിവരിക്കുന്നു. ഇതിൽ അവസാനം പറഞ്ഞ കാര്യം നമ്മുടെ സാമൂഹിക-സാമ്പത്തിക സാഹചര്യം അനുസരിച്ച് നാം അക്ഷരംപ്രതി പാലിക്കുന്നില്ല എങ്കിലും, നമ്മുടെ സമൂഹത്തിലുള്ള അത്യാവശ്യക്കാരെ സഹായിക്കാനുള്ള ചുമതല നമുക്കുണ്ട്. പ്രത്യേകിച്ച് നാമിന്ന് ആഘോഷിക്കുന്ന ദൈവകരുണയുടെ തിരുനാളുമായി ഇതിന് ബന്ധമുണ്ട്. ആദിമ ക്രൈസ്തവ സഭയിലെ “പങ്കുവയ്ക്കുന്ന” മനോഭാവം നാം പുലർത്തണം. ദൈവം നമ്മോടു കരുണ കാണിക്കുന്നത് പോലെ നമ്മുടെ സഹോദരങ്ങളോട് കരുണ കാണിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ഈ സമയത്ത് ഭക്ഷണം ഇല്ലാത്തവന് ഭക്ഷണം നൽകുന്നതും, നമ്മുടെ കഴിവിനനുസരിച്ച് സാമ്പത്തികമായി ദരിദ്രരെ സഹായിക്കുന്നതും, രോഗികളെ ശുശ്രൂഷിക്കുന്നതും കാരുണ്യ പ്രവൃത്തികൾ തന്നെയാണ്. ഈ നന്മകൾ ചെയ്തു കൊണ്ട് നമുക്ക് കൂടുതൽ കൂടുതൽ ദൈവകരുണയ്ക്ക് അർഹരായി തീരാം.

ആമേൻ.

vox_editor

Recent Posts

All Souls’ Day_2025_ക്രൈസ്തവ പ്രത്യാശയുടെ തിരുനാൾ

സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…

3 days ago

ഞായറാഴ്ച്ച സകല ആത്മാക്കളുടെയും തിരുനാൾ ആഘോഷിക്കാമോ!

ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…

4 days ago

തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള അപ്പോസ്തലിക യാത്രകളുടെ ലോഗോയും മുദ്രാവാക്യങ്ങളും പുറത്തിറക്കി വത്തിക്കാന്‍ മാധ്യമ വിഭാഗം

അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…

6 days ago

ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ല ലിയോ പാപ്പ

അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…

6 days ago

‘പ്രത്യാശയുടെ പുതിയ ഭൂപടങ്ങള്‍ പരികല്പന ചെയ്യുക’: പാപ്പയുടെ പുതിയ അപ്പസ്തോലിക ലേഖനം പുറത്തിറങ്ങി.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…

6 days ago

മോൺ.ആന്റണി കാട്ടിപ്പറമ്പിലിൽ കൊച്ചി രൂപതയുടെ 36- മത്തെ മെത്രാൻ

ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…

1 week ago