ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ
നിരസനം നിറഞ്ഞ ഒരു ചോദ്യവുമായിട്ടാണ് അവർ ഇപ്പോൾ യേശുവിന്റെ അടുത്തേക്ക് വന്നിരിക്കുന്നത്. വിദ്വേഷത്തിന്റെ ഈയലുകളെ ചുറ്റിനും പറത്തിവിടാൻ സാധിക്കുന്ന ഒരു ചോദ്യം. ഞൊടിയിടയിൽ ആയിരം ശത്രുക്കളെ സൃഷ്ടിക്കാൻ സാധിക്കുന്ന ചോദ്യം: “സീസറിനു നികുതികൊടുക്കുന്നത് നിയമാനുസൃതമാണോ?”ഫരിസേയരും ഹേറോദേസ് പക്ഷക്കാരും ആണവർ. റോമിനെ സുഖിപ്പിച്ചു നിൽക്കുന്ന പാവരാജാവായ ഇദുമിയക്കാരൻ ഹേറോദേസിന്റെ സ്തുതിപാഠകരും മോശയുടെ നിയമത്തിൻ കീഴിൽ ദൈവാധിപത്യം സ്വപ്നംകാണുന്ന കൗശലരായ ഫരിസേയരും. ആജന്മശത്രുക്കളായിരുന്നു അവർ. ഇന്നിതാ, ഒരു പൊതുശത്രുവിനെതിരെ അവർ ഒന്നിച്ചു നിൽക്കുന്നു. നസ്രത്തിൽ നിന്നും വന്ന ഒരു യുവ റബ്ബിയുടെ ആശയങ്ങളെ അവർ ഭയപ്പെടുന്നു. ആ പ്രഘോഷകന്റെ ജീവിതം തന്നെ ഇല്ലാതാക്കാൻ അവർ കോപ്പുകൂട്ടുന്നു. തീർത്തും ആസൂത്രിതമായ ഒരു കെണി അവർ ഒരുക്കിക്കഴിഞ്ഞിരിക്കുന്നു. തീരുമാനിക്കുക: ഒന്നുകിൽ നീ ഞങ്ങളോടൊപ്പം അല്ലെങ്കിൽ ഞങ്ങൾക്കെതിരെ! സീസറിനു നികുതി കൊടുക്കണോ വേണ്ടയോ? യേശുവിന്റെ ഉത്തരം വ്യത്യസ്തമാണ്. കൊടുക്കുക (δοῦναι – dounai) എന്ന ക്രിയയ്ക്ക് പകരം തിരികെകൊടുക്കുക (Ἀπόδοτε – Apodote) എന്ന ക്രിയയാണ് അവൻ ഉപയോഗിക്കുന്നത്. തിരിച്ചു നൽകുക. സീസറിന്റേത് സീസറിനു തിരികെ നൽകുക. നികുതിയെക്കുറിച്ച് മാത്രമല്ല അപ്പോൾ ഇവിടെ വിവക്ഷിതമായിരിക്കുന്നത്. തിരികെ നൽകുക, രാജാവിനും ദൈവത്തിനും സമൂഹത്തിനും കുടുംബത്തിനും മറ്റുള്ളവർക്കും. സ്വീകരിച്ചാൽ മാത്രം പോരാ, തിരികെ നൽകാനും മനസ്സുണ്ടാകണം.
ദാനങ്ങളുടെ വലയിൽ കുടുങ്ങികിടക്കുന്നവരാണ് നമ്മളെല്ലാവരും. പ്രകൃതിയൊരുക്കിയിരിക്കുന്ന ആതിഥ്യമര്യാദയുടെ ഉള്ളിലാണ് നമ്മൾ ജീവിക്കുന്നത്. ജീവൻ തന്നെ നമുക്ക് ദാനമായി ലഭിച്ചതാണ്. ഒന്ന് ധ്യാനിച്ചാൽ നമുക്കുള്ളതെല്ലാം ദാനമാണെന്ന് തിരിച്ചറിയാൻ സാധിക്കും. കടങ്ങളുടെയും കടപ്പാടുകളുടെയും ഒത്തിരി കഥകൾ നമുക്ക് അപ്പോൾ പറയാൻ സാധിക്കും. യേശു പറയുന്നു; “സീസറിനു തിരികെ നൽകുക”. ആരാണീ സീസർ? എല്ലാവരെയും വരിഞ്ഞുമുറുക്കുന്ന രാഷ്ട്രീയശക്തിയുള്ള ഭരണകൂടമാണോ ഈ സീസർ? അല്ല. സീസർ ഒരു പ്രതിയോഗി അല്ല. ഒരു പൊതുനന്മയാണ്. മണ്ണും മനുഷ്യരും, വായുവും വെള്ളവും, കാലവും സഹജീവികളും എല്ലാവരും തന്നെ സീസറുകളാണ്. ഇവരിൽ നിന്നും ദാനമായി എന്തെങ്കിലും നമ്മൾ വാങ്ങിച്ചിട്ടുണ്ടെങ്കിൽ തിരികെ കൊടുക്കാൻ കടപ്പെട്ടവരാണ് നമ്മൾ. നോഹയുടെ പെട്ടകം എന്നത് പോലെയാണ് ഭൂമിയെന്ന ഈ ഗ്രഹം. മറ്റൊരു ഗ്രഹവും നമുക്കായി കരുതിവച്ചിട്ടില്ല. ഈ ഭൂമിയിൽ നിന്നും ഒത്തിരി നന്മകൾ നമുക്ക് ലഭിക്കുന്നുണ്ട്. സ്വീകരിച്ചാൽ മാത്രം പോരാ, തിരികെ കൊടുക്കുവാനും മനസ്സുണ്ടാകണം. സീസർ എന്നത് ഇന്ന് ഒരു പാരിസ്ഥിതിക കഥാപാത്രമാണ് (an ecological figure). അതിനാൽ സീസറിനുള്ളത് സീസറിനു തിരികെ കൊടുക്കുക.
അപ്പോഴും ഓർക്കണം സീസർ ദൈവമല്ല. സീസർ ദൈവമാണെന്ന അവകാശവാദത്തെ യേശു എടുത്തുകളയുന്നുണ്ട്. അവൻ പറയുന്നു; ദൈവത്തിനുള്ളത് ദൈവത്തിന് തിരികെ നൽകുക. മനുഷ്യൻ ദൈവത്തിന്റേതാണ്, മാലാഖമാരെക്കാൾ അല്പം താഴ്ന്നവൻ (സങ്കീ. ഒപ്പം ഒരു നിശ്വാസവും നിഴലുമായവൻ (സങ്കീ 39). എന്നിട്ടും ദൈവത്തിന്റെ ഉള്ളംകൈയിൽ നമ്മുടെ ഓരോരുത്തരുടെയും പേരുകൾ കൊത്തിവെച്ചിട്ടുണ്ട് (ഏശയ്യ 44:5). അതെ, നമ്മൾ കർത്താവിന്റേതാണ്.
ദൈവത്തിനുള്ളത് ദൈവത്തിന്റേതാണ്. സ്വാതന്ത്ര്യത്തിന്റെ ഒരു മാഗ്നകാർട്ടയാണിത്. നമ്മൾ ഒരു ശക്തിയുടെയും കീഴിലല്ല. സ്വതന്ത്രരാണ്. നമ്മെ അടിമകളാക്കാൻ ശ്രമിക്കുന്ന എല്ലാ ശക്തികൾക്കെതിരെയും പ്രലോഭനങ്ങൾക്കെതിരെയും പോരാടാൻ എന്നും എപ്പോഴും ആർജ്ജവമുണ്ടാകണം നമ്മൾക്ക്. കാരണം, നമ്മൾ സ്വാതന്ത്ര്യത്തിന്റെ കാവൽക്കാരാണ്.
എല്ലാ മാനുഷികശക്തികൾക്കും മേൽ ദൈവം നൽകുന്ന ഒരു കൽപ്പനയുണ്ട്: മനുഷ്യന്റെ മേൽ കൈവെക്കരുത്. മറികടക്കാനാവാത്ത അതിരാണ് മനുഷ്യൻ. ആ വേലിക്കെട്ടിനുള്ളിലേക്ക് അതിക്രമിച്ചു കയറാൻ ആർക്കും ഒരു അധികാരമോ അവകാശമോ ഇല്ല. കാരണം, ഓരോ മനുഷ്യനിലും സ്രഷ്ടാവിന്റെ ജനിതകവും നിശ്വാസവുമുണ്ട്. അപ്പോൾ ഞാനെന്താണ് ഇനി തിരികെ നൽകേണ്ടത്? ഇതാണ് ഉത്തരം: നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക. ദൈവം നിന്നിൽ ചൊരിഞ്ഞ പ്രകാശത്തെ ഇരുളിടങ്ങളിലേക്ക് കിരണങ്ങളായി വഴിതിരിച്ചു വിടുക. അപ്പോൾ ദൈവത്തിനുള്ളത് ദൈവത്തിന് തിരികെ നൽകാൻ സാധിക്കും.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില് ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില് ആദ്യമായി ഭരണങ്ങനത്ത് അല്ഫോണ്സാമ്മയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി: നമുക്ക് മുന്പേ സ്വര്ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്മ്മയാണ് നവംബര് ഒന്നാം തീയതി…
സ്വന്തം ലേഖകന് ചങ്ങനാശ്ശേരി : പ്രാര്ഥനാ മുഖരിതമായ അന്തരീക്ഷത്തില് ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്ച്ച് ബിഷപ്പായി മാര്…
സ്വന്തം ലേഖകന് ദുബായ് : ദുബായിലെ കേരള ലാറ്റിന് കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില് 2024 നവംബര് 10ന് ലാറ്റിന്…
This website uses cookies.