Categories: Sunday Homilies

29th Sunday_പ്രാർത്ഥനയും നീതിബോധവും (ലൂക്കാ 18:1-8)

ഉയർത്തിപ്പിടിച്ചിരിക്കുന്ന കൈകൾ താഴ്ത്തരുത്. താഴ്ത്തിയാൽ അനീതി കാടുപോലെ വളരും...

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ

“ഭഗ്നാശരാകാതെ എപ്പോഴും പ്രാർത്ഥിക്കുക”. പ്രാർത്ഥന ഒരു ബാധ്യതയല്ല, ശ്വാസം പോലെ ജീവിക്കാനുള്ള ആവശ്യകതയാണ്. ഉരുവിടുന്നതല്ല പ്രാർത്ഥനകൾ, സ്നേഹിക്കലാണത്. അതിൽ “രാവും പകലും” എന്ന വ്യത്യാസമുണ്ടാകില്ല, നൈരന്തര്യമാണ് അതിന്റെ സമയം. അത് ഹൃദയത്തിന്റെ ഒരു അവസ്ഥയാണ്. അത് തളരില്ല. വിധവയെ പോലെ വാതിലിൽ മുട്ടിക്കൊണ്ടുതന്നെ നിൽക്കും. പിന്മാറില്ല ഏതു നിരസനത്തിന്റെ മുമ്പിലും.

ചിലപ്പോഴൊക്കെ പ്രാർത്ഥന മടുപ്പിക്കുന്ന ഒരു അനുഭവമായി മാറാറുണ്ട്. ദൈവം പോലും മടുത്തു കാണും എന്ന് നമ്മൾ ചിന്തിക്കാറുണ്ട്. എല്ലാം ഭാരമായി തോന്നും. ജീവിതം സങ്കടക്കടലിലൂടെ നീന്തുമ്പോഴാണ് നമ്മൾ അങ്ങനെയൊക്കെ ചിന്തിക്കുക. യേശുവിനെ വഹിച്ച കഴുതയെ പോലെയാകും നമ്മളും. പറഞ്ഞുവരുന്നത് ഓശാന ദിനത്തെ കാര്യമാണ്. ഒത്തിരി ആൾക്കാർ ജയ് വിളിക്കാനും ഓശാന പാടാനും അവനോടൊപ്പം ഉണ്ടായിരുന്നു. പക്ഷേ ഒരു കഴുത മാത്രമാണ് അവന്റെ ഭാരം വഹിച്ചത്. അതുകൊണ്ട് ജീവിതഭാരം കഠിനമാണെന്ന് തോന്നുകയാണെങ്കിൽ, ഓർക്കുക, നമ്മൾ ദൈവത്തെയും വഹിച്ചുകൊണ്ടാണ് നടക്കുന്നതെന്ന കാര്യം. തളർന്നു വീഴരുത്. ജെറുസലേമിലേക്ക് അധികം ദൂരമില്ല.

എത്രയോ തവണയാണ് നമ്മുടെ പ്രാർത്ഥനകൾ പക്ഷികളെപ്പോലെ പറന്നുപോയിട്ടുള്ളത്, ഒന്നുപോലും ഒരു ഒലിവിലയുമായി മടങ്ങിവന്നിട്ടില്ല. ഇതുതന്നെയാണ് ഉപമയിലെ വിധവയുടെ അനുഭവവും. എന്നിട്ടും അവൾ തളരുന്നില്ല. അവൾക്ക് നൽകാൻ ഒന്നുമില്ല. എങ്കിലും അവളിൽ പ്രത്യാശയുണ്ട്. ആർക്കും അവഗണിക്കാൻ സാധിക്കാത്ത നിഷ്കളങ്കതയുണ്ട്. അതാണ് അവളുടെ ശക്തി. ആ ശക്തി നീതിയിലുള്ള വിശ്വാസമാണ്, ന്യായാധിപനിലുള്ള വിശ്വാസമാണ്.

അവൾ ന്യായാധിപന്റെ നീണ്ട നിശബ്ദതയുടെ മുന്നിൽ കീഴടങ്ങുന്നില്ല. അനീതിയുടെ മുൻപിൽ നീതിയുടെ ശബ്ദമായി മാറുന്നതും പ്രാർത്ഥനയാണ്. ശബ്ദമുയർത്തണം നമ്മൾ. എങ്കിൽ മാത്രമേ കാലവിളംബം വരുത്താതെ നമ്മുടെയിടയിലും നീതി നടപ്പാകൂ.

ഭഗ്നാശരാകാതെ എപ്പോഴും പ്രാർത്ഥിക്കുകയെന്നത് യുദ്ധക്കളത്തിൽ ആയുധങ്ങൾ ഉപേക്ഷിക്കരുത് എന്നതിന് തുല്യമാണ്. തളരരുത്. ഉയർത്തിപ്പിടിച്ചിരിക്കുന്ന കൈകൾ താഴ്ത്തരുത്. താഴ്ത്തിയാൽ അനീതി കാടുപോലെ വളരും.

ദൈവത്തെ ഒരു അടിമയാക്കുക എന്നതല്ല നമ്മുടെ കടമ, സങ്കടങ്ങളുടെയും അനീതിയുടെയും നടുവിൽ നിൽക്കുമ്പോൾ നീതിയുക്തമായ ഒരു ലോകത്തിനായി അവനെ നിർബന്ധിക്കുക എന്നതാണ്. ആരും അനീതിയുടെ ചരിത്രത്തിന് കീഴടങ്ങരുത് എന്നതാകണം നമ്മുടെ പ്രാർത്ഥന. എല്ലാ സങ്കടവുമായി അവന്റെ അരികിലേക്ക് വരുമ്പോൾ ചിലപ്പോൾ ഉത്തരമായി കിട്ടുക നിശബ്ദത മാത്രമായിരിക്കും. ആ നിശബ്ദതയേയും അംഗീകരിക്കാൻ നമുക്ക് സാധിക്കണം. കാരണം, ഭാഷണം മാത്രമല്ല സ്നേഹം, നിശബ്ദതയും കൂടിയാണ്. നമ്മുടെ ദാഹത്തോടൊപ്പം ദാഹിക്കുന്നവനാണ് ദൈവം. നമ്മൾ അവനെ ആഗ്രഹിക്കുമ്പോൾ അനുഗ്രഹമായി അവൻ നമ്മിലേക്ക് ഇറങ്ങി വരും. അങ്ങനെ വരുമ്പോൾ പ്രാർത്ഥന എന്നത് ചോദിക്കുന്നത് കിട്ടുക എന്ന തലത്തിൽ നിന്നും മാറി അവനിൽ വിലയം പ്രാപിക്കുന്നതായി തീരും. ജീവിതത്തിന്റെ അവസാനകാലങ്ങളിൽ ഫ്രാൻസിസ് അസീസി പ്രാർത്ഥിച്ചില്ല, അവൻ പ്രാർത്ഥനയായിത്തീർന്നു എന്ന് ജീവചരിത്രകാരൻ പറഞ്ഞതുപോലെയാകും നമ്മുടെയും ജീവിതം.

vox_editor

Recent Posts

കോഴിക്കോട് രൂപതയ്ക്ക് അതിരൂപതാ പദവി; ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പ്

ജോസ് മാർട്ടിൻ കോഴിക്കോട് :കോഴിക്കോട് രൂപതയെ അതിരൂപതയായും, ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിനെ അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായും നിയമിച്ചു…

6 days ago

Palm Sunday_2025_സഹനമല്ല, സ്നേഹമാണ് രക്ഷിച്ചത് (ലൂക്കാ 22:14-23: 56)

ഓശാന ഞായർ സുവിശേഷത്തിന്റെ കാതലിൽ നമ്മൾ എത്തിയിരിക്കുന്നു: യേശുവിന്റെ പീഡാസഹനവും മരണവും. ഗലീലിയിൽ നിന്നും ആരംഭിച്ച് ജറുസലേമിൽ അവസാനിച്ച യേശുവിന്റെ…

7 days ago

കാരിത്താസ് ലെന്റ്‌ കേരള ക്യാമ്പയിൻ “ചേതന” ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു

  ജോസ്‌ മാർട്ടിൻ ആലപ്പുഴ: ഭാരത കത്തോലിക്കാ സഭയുടെ കാരുണ്യത്തിന്റെ കരമായ കാരിത്താസ് ഇന്ത്യയുടെ, ഈ വർഷത്തെ ലെന്റെൻ ഡിസെബിലിറ്റി…

3 weeks ago

3rd Sunday_Lent_കരുണയുടെ അവസരങ്ങൾ (ലൂക്കാ 13: 1-9)

തപസ്സുകാലം മൂന്നാം ഞായർ ജറുസലെമിലേക്കുള്ള യാത്രാ മധ്യേ രണ്ടു ദാരുണസംഭവങ്ങളാണ് ചിലർ യേശുവിന്റെ മുൻപിൽ അവതരിപ്പിക്കുന്നത്. ആദ്യത്തേത് കഴിഞ്ഞ പെസഹാ…

4 weeks ago

ഫ്രാന്‍സിസ് പാപ്പയുടെ ചിത്രം പുറത്ത്

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഒരു മാസത്തിന് ശേഷം ആദ്യമായി പാപ്പയുടെ ചിത്രം…

1 month ago

2nd Sunday Lent_2025_പ്രാർത്ഥനയും അനുസരണയും (ലൂക്കാ 9: 28-36)

തപസ്സുകാലം രണ്ടാം ഞായർ മരുഭൂമിയിലെ ഉഷ്ണത്തിൽ നിന്നും മലയിലെ ഊഷ്മളതയിലേക്ക് ആരാധനക്രമം നമ്മെ ആത്മീയമായി നയിക്കുന്നു. നട്ടുച്ചയിലെ അന്ധകാര അനുഭവത്തിൽനിന്നും…

1 month ago