Categories: Meditation

14th Sunday_Ordinary Time_സുവിശേഷാത്മകമാകട്ടെ നമ്മുടെ ജീവിതം (ലൂക്കാ 10: 1-12, 17-20)

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ

യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു സ്വപ്നമേയുള്ളൂ: അത് മനുഷ്യരുടെ സന്തോഷമാണ്. അതിനായി, ഇതാ, അവൻ ചിലരെ അവരുടെ ഇടയിലേക്ക് അയക്കുന്നു.

സുവിശേഷം എല്ലാവരിലേക്കും എത്താൻ അപ്പോസ്തലന്മാർ മാത്രം സാക്ഷ്യം നൽകിയാൽ പോരാ. യേശുവിന്റെ ശിഷ്യരിൽ എല്ലാവരിലുമുണ്ട് ആ ഉത്തരവാദിത്വം. അവന്റെ വരവോടെ സ്വർഗ്ഗീയ അനുഗ്രഹം അതിന്റെ പൂർണ്ണതയിൽ എത്തിയിരിക്കുകയാണ്. അത് സമൃദ്ധമായതിനാൽ കാണാൻ നിരവധി കണ്ണുകളും, സ്പർശിക്കാൻ നിരവധി കൈകളും, സാക്ഷ്യം വഹിക്കാൻ നിരവധി ജീവിതങ്ങളും ആവശ്യമാണ്. അതിനാൽ ശിഷ്യർ അവന്റെ ശബ്ദത്തിന്റെ ശബ്ദമാകണം. എഴുപത്തിരണ്ടുപേരും സാധാരണ ശിഷ്യന്മാരാണ്. അവൻ അവരെ ഒരു കൃത്യമായ ദൗത്യം ഏൽപ്പിക്കുന്നു: അവനു മുമ്പേ സഞ്ചരിക്കുക. ഇതാണ് സഭയുടെ ദൗത്യം: യേശവുമായി ആളുകളുടെ ഒരു കൂടിക്കാഴ്ച ഒരുക്കുക. അതെ, കർത്താവിന് വഴിയൊരുക്കുന്നവരാണ് ക്രൈസ്തവർ. ക്രിസ്തുവിന്റെ ശിഷ്യൻ എന്ന നിലയിൽ ഒരു ഇടവക പുരോഹിതനോ ധ്യാനഗുരുവോ സമർപ്പിതനോ അല്മായനോ ഒരിക്കലും തന്നിലേക്കുതന്നെ ജനങ്ങളെ ആകർഷിക്കരുത്. നമ്മൾ ക്രിസ്തുവിനായി വഴിമാറി കൊടുക്കേണ്ടവരാണ്. വഴിമാറി കൊടുക്കാത്തവരാണ് വിഗ്രഹങ്ങളും ആൾദൈവങ്ങളുമായി മാറുന്നത്.

ഈരണ്ടുപേരായാണ് ശിഷ്യന്മാർ പോകുന്നത്. പരസ്പരം താങ്ങാകാനാണിത്. ഈ പാരസ്പര്യമാണ് നമ്മുടെ സാക്ഷ്യത്തിന് മൂല്യം നൽകുന്നത്. കൂട്ടില്ലാത്ത പ്രഘോഷകന് കൂട്ടായ്മയുണ്ടാക്കാൻ സാധിക്കുകയില്ല. 72 പേരെ അയക്കുന്നുണ്ടെങ്കിലും, യേശു പറയുന്നുണ്ട് എണ്ണം വളരെ കുറവാണെന്ന്. കാരണം, വിളവ് സമൃദ്ധമാണ്. വിളവിനേക്കാൾ അധികം വേലക്കാർ ഉണ്ടായിട്ടില്ല എന്നതാണ് ചരിത്രം. വിളഭൂമിയിൽ ഇന്നും വേലക്കാരുടെ ദൗർബല്യമുണ്ട്. സഭയിൽ വേലക്കാർ കൂടുതലുണ്ടായിട്ടും നല്ല വിളവെടുപ്പ് നടന്നതായി ചരിത്രത്തിൽ ഒരിടത്തും രേഖപ്പെടുത്തിയിട്ടുമില്ല. ധാരാളം പുരോഹിതന്മാർ ഉണ്ടായിരുന്നപ്പോൾ കാര്യങ്ങൾ മികച്ചതായിരുന്നുവെന്ന് നിങ്ങൾക്ക് ഉറപ്പാണോ? വേലക്കാർ എന്നത് പുരോഹിതരും സമർപ്പിതരും ആണെന്ന ചിന്തയാണ് അതിനു കാരണം. നമ്മെ ഓരോരുത്തരെയും ആണ് അവൻ അയക്കുന്നത്. “പോകുവിൻ” എന്ന് അവൻ അഭിസംബോധന ചെയ്യുന്നത് നമ്മെ എല്ലാവരെയുമാണ്. യേശുവിന് സാക്ഷ്യമാകേണ്ടത് പുരോഹിതരും സമർപ്പിതരും മാത്രമല്ല, നാമെല്ലാവരും സുവിശേഷം പ്രഘോഷിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നവരാണ്.

ദൈവരാജ്യം പ്രഘോഷിക്കുക എന്നതല്ലാതെ മറ്റൊരു വിഷയമോ ഉപദേശമോ ശുപാർശകളോ യേശു നൽകുന്നില്ല. ശിഷ്യന്മാർ “എങ്ങനെ” ഒരു സുവിശേഷമായി മാറണം എന്നതിനെക്കുറിച്ചാണ് വിശദാംശങ്ങളെല്ലാം. പാത്രത്തിൻ്റെ രൂപം സ്വീകരിക്കുന്ന വെള്ളം പോലെ പ്രഘോഷകർ മാറണം. ഇതാണ് സഭയുടെ ശൈലി. എത്തിപ്പെടുന്ന ഇടത്തിന്റെ സംസ്കാരം സുവിശേഷത്തിന്റെ സംസ്കാരമായി മാറുന്ന ലാവണ്യമാണത്. സുവിശേഷകർക്ക് ലഭിച്ചതെല്ലാം ദാനമാണ്. ദാനമായവയെ ദാനമായി തന്നെ നൽകുക. ഫലങ്ങൾ പ്രതീക്ഷിക്കാതെ സേവിക്കുക എന്നാണ് ഇതിനർത്ഥം. ക്രിസ്തീയ സ്നേഹം “ഉപയോഗശൂന്യമാണ്”, അതായത്, ലാഭമില്ലാതെ, ദൈവരാജ്യം മാത്രം ലക്ഷ്യമായുള്ള നന്മയാണത്. സഭയുടെ ശക്തി സംഘടനയിലല്ല, നമ്മിൽ നിറയുന്ന ദൈവരാജ്യത്തോടുള്ള അഭിനിവേശത്തിലാണ്.

സഭയെ സംബന്ധിച്ചിടത്തോളം എല്ലാം ലളിതമാണെന്ന് കരുതരുത്. ഇന്നും ചെന്നായ്ക്കളെ നേരിടാൻ പോകുന്ന കുഞ്ഞാടിനെപ്പോലെയാണവൾ. സഭ അഹിംസയുടെ പര്യായമാണ്. ഇതുതന്നെയാണ് അവളുടെ സുവിശേഷവൽക്കരണത്തിന്റെ ശൈലിയും. ദൈവവചനം ബലപ്രയോഗത്തിലൂടെ അടിച്ചേൽപ്പിക്കേണ്ടതില്ല. നമ്മുടെ ആഘോഷങ്ങളും തിരുന്നാളുകളും സുവിശേഷാത്മകമായാൽ മതി. സുവിശേഷം നഷ്ടപ്പെടുമ്പോഴാണ് നമ്മുടെ മുഖവും നഷ്ടപ്പെടുന്നത്. വിഭവങ്ങളാലും ഘടനകളാലും സമ്പന്നമാണ് നമ്മൾ, പക്ഷെ വിശ്വാസത്തിന്റെ കാര്യത്തിൽ നമ്മൾ ദുർബലമായി കൊണ്ടിരിക്കുകയാണ്. വിഭവങ്ങളും ഘടനകളും നമ്മുടെ കൂട്ടായ്മയെ സജ്ജമാക്കുന്നുണ്ടെങ്കിലും, ഇടവകകൾ ശൂന്യമായി കൊണ്ടിരിക്കുന്നു.

എല്ലാവരും നമ്മളെ അംഗീകരിക്കണമെന്നില്ല. സ്വീകരിക്കണമെന്നുമില്ല. അതുകൊണ്ടാണ് നിരസനങ്ങളുടെ ഇടയിൽ നിന്ന് ഒഴിഞ്ഞുമാറാൻ യേശു നമ്മളോട് പറയുന്നത്. ഒരിടത്ത് നിരസിക്കപ്പെട്ടാൽ, മറ്റുള്ളവരിലേക്ക് തിരിയുക, മറ്റിടങ്ങളിലേക്ക് പോകുക. ഭൂമിയുടെ അറ്റം വരെ, നിർത്താതെ, ഇവിടെയും അവിടെയും യേശുവിന് സാക്ഷ്യമേകുക. നിരസനത്തിന്റെ പൊടികൾ നമ്മുടെ ശരീരത്തിന്റെ ഒരു ഭാഗത്തുപോലും ഉണ്ടാകരുത്. അവയെ തട്ടിക്കളയണം. വെറുപ്പ് വേണ്ട. നമ്മെ നിരസിക്കുന്നവരുടെ ആവശ്യങ്ങളെയും സമയങ്ങളെയും തിരഞ്ഞെടുപ്പുകളെയും നമുക്ക് അംഗീകരിക്കാം. അവ നമ്മുടെ ഹൃദയങ്ങളുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ പോലും.

vox_editor

Recent Posts

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 week ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 weeks ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

1 month ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

1 month ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

1 month ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

2 months ago