Categories: Sunday Homilies

27th Sunday Ordinary Time_Year A_പണിക്കാർ ഉപേക്ഷിച്ചുകളഞ്ഞ കല്ല്

ദൈവത്തിന്റെ മുന്തിരിത്തോട്ടത്തിലെ കർഷകർ നാം ഓരോരുത്തരുമാണ്- തിരുസഭയിലെ അംഗങ്ങൾ...

ആണ്ടുവട്ടം ഇരുപത്തിയേഴാം ഞായർ
ഒന്നാം വായന: ഏശയ്യാ 5:1-7
രണ്ടാം വായന: ഫിലിപ്പി. 4:6-9
സുവിശേഷം: വി.മത്തായി 21:33-43.

ദിവ്യബലിക്ക് ആമുഖം

ഒന്നിനെക്കുറിച്ചും ആകുലരാകാതെ പ്രാർത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാ സ്തോത്രങ്ങളോടെയും നമ്മുടെ യാചനകൾ ദൈവസന്നിധിയിൽ സമർപ്പിക്കുമ്പോൾ, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നമ്മുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവിൽ കാത്തുകൊള്ളുമെന്ന് ഫിലിപ്പിയർക്ക് എഴുതിയ ലേഖനത്തിലൂടെ വിശുദ്ധ പൗലോസ് അപ്പോസ്തലൻ ഇന്ന് നമ്മെ ഉദ്ബോധിപ്പിക്കുകയാണ്. ഒരു മഹാമാരിയിൽപ്പെട്ടുഴലുന്ന നമ്മെ ധൈര്യപ്പെടുത്തുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന വചനങ്ങളാണിത്. ദൈവത്തിൽ വിശ്വസിക്കുന്ന ഇടവക അസ്വസ്ഥമാകരുതെന്നർത്ഥം. അതോടൊപ്പം കർത്താവിന്റെ “മുന്തിരിത്തോപ്പിനെ”ക്കുറിച്ച് ഇന്നത്തെ ഒന്നാം വായനയിൽ ഏശയ്യാ പ്രവാചകനും, “മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമ”യെ സുവിശേഷത്തിൽ വിശുദ്ധ മത്തായിയും നമ്മോട് പറയുന്നു. തിരുവചനം ശ്രവിക്കാനും ദിവ്യബലി അർപ്പിക്കാനുമായി നമുക്കൊരുങ്ങാം.

ദൈവവചന പ്രഘോഷണകർമ്മം

ഇന്നത്തെ ഒന്നാം വായനയും സുവിശേഷവും ശ്രവിച്ചപ്പോൾത്തന്നെ യേശുവിന്റെ വാക്കുകളിലും, യേശുവിനും 700 വർഷങ്ങൾക്ക് മുമ്പുള്ള പ്രവാചകന്റെ വാക്കുകളിലും കാണപ്പെടുന്ന ശൈലിയുടെയും ആശയത്തിന്റെയും അർത്ഥത്തിന്റെയും സാമ്യതകൾ നമുക്ക് മനസ്സിലായി. ഈ രണ്ടു തിരുവചന ഭാഗങ്ങളും “കർത്താവിന്റെ മുന്തിരിത്തോട്ടത്തെ”ക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. നമുക്കീ തിരുവചനത്തെ കൂടുതൽ മനസ്സിലാക്കാം.

1) ബിബ്ലിക്കൽ വ്യാഖ്യാനം

ഇന്നത്തെ ഉപമയിലെ വീട്ടുടമസ്ഥൻ പിതാവായ ദൈവമാണ്, മുന്തിരിത്തോട്ടം ഇസ്രായേൽജനവും, “വേലികെട്ടി” എന്നുപറയുന്നത് മോശയിലൂടെ നിയമം നൽകിക്കൊണ്ട് ഇസ്രായേൽ ജനത്തെ പ്രത്യേകമായി വിജാതീയരിൽ നിന്ന് വേർതിരിക്കുന്നതാണ്, ‘വേലി’ എന്നത് മോശയിലൂടെ നൽകിയ നിയമമാണ്. ‘മുന്തിരിചക്ക്’ എന്നത് ദൈവത്തിന് ഇസ്രായേൽജനം ഫലം കൈമാറുന്നതിന്റെ പ്രതീകമാണ്. ‘ഗോപുരം’ എന്നത് ദൈവത്തിന് ജനത്തിന്റെ മേലുള്ള കരുതലും ശ്രദ്ധയുമാണ്. ‘കൃഷിക്കാർ’ എന്നത് പ്രധാന പുരോഹിതരും നിയമജ്ഞരും പ്രമാണികളുമാണ് – ദൈവം തിരഞ്ഞെടുത്ത ജനത്തെ നയിക്കാനും പരിപാലിക്കാനുമുള്ളവർ. ‘ദൈവം അയക്കുന്ന ഭ്യത്യന്മാർ’ പഴയനിയമ പ്രവാചകന്മാരാണ് – ദൈവജനത്തിന്റെയിടയിൽ സാഹോദര്യത്തിന്റെയും, നീതിയുടെയും, സ്നേഹത്തിന്റെയും ഫലങ്ങൾ ശേഖരിക്കാൻ വന്നവർ. ‘സ്വപുത്രൻ’ എന്നത് യേശുവാണ്. യേശുവിനെ കണ്ട പ്രധാന പുരോഹിതരും നിയമജ്ഞരും ഫരിസേയരും (കൃഷിക്കാർ) പറയുന്നത് “ഇവനാണ് അവകാശി, വരുവിൻ നമുക്ക് ഇവനെ കൊന്ന് അവകാശം കരസ്ഥമാക്കാം” എന്നാണ്. അതായത്, യേശുവുമായിട്ടുള്ള സംഭാഷണത്തിലൂടെയും, സംവാദത്തിലൂടെയും, യേശു പ്രവർത്തിച്ച അത്ഭുതങ്ങൾ കണ്ടതിലൂടെയും ‘യേശു’ ദൈവപുത്രനാണെന്ന കാര്യത്തിൽ അവർക്ക് ഏകദേശ ധാരണയുണ്ടായിരുന്നു. യേശുവിന്റെ ഓരോ വാക്കുകളും പ്രവർത്തിയും അത് വ്യക്തമാക്കുന്നതായിരുന്നു. എന്നാൽ, അവരും അത് അംഗീകരിച്ചാൽ ജനങ്ങളെല്ലാം യേശുവിന്റെ പുറകെ പോകുമെന്നും, അങ്ങനെ തങ്ങളുടെ രാജ്യവും, പദവിയും, അധികാരവും എന്നന്നേക്കുമായി നഷ്ടപ്പെടുമെന്നും അവർ ഭയന്നു. അതിനാലാണവർ “സ്വപുത്രനായ യേശുവിനെ” കുരിശിൽ തറച്ച് കൊല്ലുന്നത്.

അവരുടെ പ്രവർത്തികളുടെ അനന്തര ഫലത്തെക്കുറിച്ച് അവരെക്കൊണ്ട് തന്നെ യേശു മറുപടി പറയിക്കുന്നു. മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ വരുമ്പോൾ “അവൻ ആ ദുഷ്ടരെ നിഷ്ഠൂരമായി നശിപ്പിക്കുകയും, യഥാകാലം ഫലം കൊടുക്കുന്ന മറ്റു കൃഷിക്കാരെ മുന്തിരി തോട്ടം ഏൽപ്പിക്കുകയും ചെയ്യും”. ഈ മറുപടിക്ക് അനുകൂലമായി, പ്രധാന പുരോഹിതർക്കും, നിയമജ്ഞർക്കും, പ്രമാണിമാർക്കും വന്നുചേരാവുന്ന നിഷ്ഠൂരമായ നാശത്തെക്കുറിച്ച് യേശു ഒന്നുംതന്നെ പറയുന്നില്ല. കാരണം, യേശു അവരുടെ നാശം ആഗ്രഹിക്കുന്നില്ല. യേശു പഠിപ്പിക്കുന്നത് ക്ഷമയും കരുണയുമാണ്. എന്നാൽ, “പണിക്കാർ ഉപേക്ഷിച്ചു കളഞ്ഞ കല്ല് മൂലക്കളായി തീർന്നു. ഇത് കർത്താവിന്റെ പ്രവർത്തിയാണ്. നമ്മുടെ ദൃഷ്ടികൾക്ക് ഇത് അത്ഭുതകരമായിരിക്കുന്നു” എന്ന സങ്കീർത്തനത്തിലെ 118-ആം അദ്ധ്യായം 22, 23 വാക്യങ്ങൾ അവരോട് ആവർത്തിച്ചുകൊണ്ട്, പ്രധാനപുരോഹിതരും, നിയമജ്ഞരും, യഹൂദപ്രമാണികളും കുരിശു മരണത്തിലൂടെ ഉപേക്ഷിച്ചു കളഞ്ഞ യേശുവാകുന്ന കല്ല്, ഉത്ഥാത്തിലൂടെ ചരിത്രത്തിന്റെ മൂലക്കല്ലായി മാറുമെന്ന വിശ്വാസ സത്യം യേശു വെളിപ്പെടുത്തുകയാണ്. ഈ ബിബ്ലിക്കൽ വ്യാഖ്യാനത്തിന് പുറമേ, ഈ തിരുവചനത്തിന് ഇന്ന് നമ്മോട് എന്താണ് പറയാനുള്ളത് എന്ന് നോക്കാം.

2) യേശുവിനെ തള്ളിക്കളയുന്ന നിരീശ്വരവാദികൾക്ക് ഒരു മുന്നറിയിപ്പ്

ഇന്നത്തെ തിരുവചനത്തിലെ ഉപമയെ ചില ബൈബിൾ പണ്ഡിതന്മാർ ഈ ലോകവുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കാറുണ്ട്. ഈ ‘ലോക’മാണ് മുന്തിരിതോട്ടം. ദൈവം അത് നോക്കാനായി, അതിന്റെ കാവൽക്കാരായി ‘മനുഷ്യരെ’ ഏൽപ്പിച്ചിരിക്കുകയാണ്. ഉപമയിലെ ‘കൃഷിക്കാർ’ എന്നത് ഈ ലോകത്തിലെ ‘മനുഷ്യരാണ്’. ഈ കൃഷിക്കാർ വീട്ടുടമസ്ഥന്റെ സ്വപുത്രനെ കൊല്ലുകയും, അങ്ങനെ ഉടമസ്ഥന്റെ അസ്ഥിത്വത്തെ എതിർക്കുകയും ചെയ്യുന്നു. ഇതിലെ ‘ദുഷ്ടരായ കൃഷിക്കാർ’ എന്നത് ‘നിരീശ്വരവാദികളാണ്’.ദൈവം ഇല്ലെന്ന് പറഞ്ഞുകൊണ്ടും, ദൈവപുത്രനായ യേശു ജീവിച്ചിരുന്നിട്ടില്ല, ഉയിർത്തെഴുന്നേറ്റിട്ടില്ല എന്ന് പ്രചരിപ്പിച്ചു കൊണ്ടും ഈ ലോകത്തിലെയും, പ്രപഞ്ചത്തിലെയും ദൈവാസ്തിത്വം നിഷേധിക്കുന്നവർ. ദൈവം നോക്കാൻ ഏൽപ്പിച്ച ലോകത്തിന്റെ അധികാരി ദൈവമല്ല മനുഷ്യർ തന്നെയാണെന്ന് അഹങ്കരിക്കുന്നവർ.

ഇപ്രകാരം, “സ്വപുത്രനായ യേശുവിനെ” നിരന്തരം കൊന്നു കൊണ്ടിരിക്കുന്ന വർത്തമാനകാല നിരീശ്വരവാദത്തോടും യേശു പറയുന്നത് ഇപ്രകാരമാണ് “പണിക്കാർ ഉപേക്ഷിച്ചു കളഞ്ഞ കല്ല് ഭവനത്തിന്റെ മൂലക്കല്ലായി തീർന്നു”.

3) നമുക്കും ഫലം നൽകുന്നവരാകാം

ഒന്നാം വായനയിലും, സുവിശേഷത്തിലും നാം കാണുന്ന ഒരു സുപ്രധാന പൊതുഘടകം ‘ദൈവത്തിന് തന്റെ ജനത്തിന്മേലുള്ള വിശ്വാസമാണ്’. തന്റെ ജനം ഫലം നൽകുമെന്നുള്ള ദൈവത്തിന്റെ ആഗ്രഹവും പ്രതീക്ഷയും. വി.മത്തായി തന്റെ ശ്രോതാക്കളോടും, ഇന്ന് നമ്മോടും പറയുന്നത് ഇതുതന്നെയാണ്. ഇന്ന് ദൈവത്തിന്റെ മുന്തിരിത്തോട്ടത്തിലെ കർഷകർ നാം ഓരോരുത്തരുമാണ്- തിരുസഭയിലെ അംഗങ്ങൾ. നമ്മുടെ ഇടവകയിലും, വിശ്വാസ ജീവിതത്തിലും ദൈവേഷ്ടം നിറവേറ്റിക്കൊണ്ട് ഫലം പുറപ്പെടുവിക്കാനും, അത് ദൈവത്തിന് നൽകാനുമുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ദൈവത്തിനായി ഫലം പുറപ്പെടുവിക്കുക എന്നത് ദൈവത്തിലുള്ള വിശ്വാസം മാത്രമല്ല, അതോടൊപ്പം ആ വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രവർത്തിയിലും പ്രകടമാകണം. ഈ ഫലം നാം നമ്മുടെ വിശ്വാസജീവിതത്തിൽ കാണിച്ചില്ലെങ്കിൽ, ദൈവരാജ്യം നമ്മിൽ നിന്ന് എടുത്തു മാറ്റപ്പെടുമെന്ന് യേശു മുന്നറിയിപ്പ് നൽകുന്നു. അതിനാൽ നമുക്ക് വിശ്വസ്തരായ കൃഷിക്കാരനായി, ദൈവത്തിനായി ഫലം നൽകുന്നവരാകാം.

ആമേൻ.

vox_editor

Recent Posts

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

3 days ago

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

1 week ago

തീരസംരക്ഷണത്തിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വൈദീകർ ഉപവാസ സമരം നടത്തി

ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…

1 week ago

Holy Trinity Sunday_2025_കുടുംബമാണ് ത്രിത്വം (യോഹ 16: 12-15)

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…

2 weeks ago

Pentecost Sunday_പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ (യോഹ 14: 15-16, 23-26)

പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…

3 weeks ago

നാം ലോകത്തോടുള്ള അനുകമ്പയില്‍ വളരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക!

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…

4 weeks ago