Categories: Meditation

27th Sunday Ordinary Time_Year A_കർഷക മനസ്സുള്ള ദൈവം (മത്താ 21:33-43)

ഏതു തിന്മയുടെ മുമ്പിലും പിന്മാറാതെ നിൽക്കുന്ന ദൈവത്തിന് ഏറ്റവും അനുയോജ്യമായ വിശേഷണം തന്നെയാണ് കർഷകൻ...

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ

വീണ്ടും ഒരു ഉപമ. കർഷകനായ ദൈവത്തിന്റെ ഉപമ. തന്റെ മുന്തിരിത്തോട്ടത്തിനെ ഒത്തിരി സ്നേഹിക്കുന്ന കർഷകൻ. അതിനു ചുറ്റും വേലികെട്ടി മുന്തിരിചക്കും ഗോപുരവും നിർമ്മിച്ചു സംരക്ഷിക്കുന്ന കർഷകൻ. ഇതിൽ കൂടുതൽ ആ കർഷകന് എന്ത് ചെയ്യാൻ സാധിക്കും? അവൻ ആ തോട്ടത്തെ ജോലിക്കാരെ ഏൽപ്പിക്കുന്നു. വരികളിൽ ഏശയ്യാ പ്രവാചകനെ പ്രതിധ്വനിക്കുന്നുണ്ട്. നീതിക്കുവേണ്ടി ധർമ്മത്തിന് വേണ്ടി കാത്തിരുന്ന പ്രവാചകൻ, അടിച്ചമർത്തപ്പെട്ടവരുടെ നിലവിളിയും നിഷ്കളങ്കരുടെ രക്തവും ഇനി ഉണ്ടാകരുതെന്ന് ആഗ്രഹിച്ച പ്രവാചകന്റെ ചിന്താശകലങ്ങൾ ഉപമയിൽ നിറയുന്നുണ്ട്. ദൈവം കാണാൻ ആഗ്രഹിക്കുന്ന ഒരു ലോകത്തെയാണ് ഉപമ ചിത്രീകരിക്കുന്നത്. അടിച്ചമർത്തപ്പെട്ടവർ ഇല്ലാത്ത, അനീതിയോ അസംബന്ധമോ അട്ടിമറിയോ ഇല്ലാത്ത ഒരു ലോകത്തെ.

വിളവെടുപ്പിന്റെ കാലം വന്നിരിക്കുന്നു. നമ്മെ സംബന്ധിച്ച് ആ കാലം അനുദിനം സംഭവിക്കുന്നുണ്ട് എന്നോർക്കണം. വിളവെടുക്കാൻ പലരും നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നുണ്ട്; ഒരു വറ്റ് ചോറിനായി, ഒരു നല്ല വാക്കിനായി, നറു പുഞ്ചിരിക്കായി, നീതിക്കായി, കരുണയ്ക്കായി, ഒരു പ്രകാശ രശ്മിക്കായി… വിളവെടുക്കാൻ കർഷകൻ തന്റെ മുന്തിരിത്തോപ്പിലേക്ക് ഭൃത്യന്മാരെ അയയ്ക്കുന്നത് പോലെ നമ്മുടെ ജീവിതത്തിലേക്കും ദൈവം ആരെയോക്കെ അയക്കുന്നുണ്ട്. ആ ഭൃത്യർക്ക് എന്തെങ്കിലും നമ്മിൽ നിന്നും ലഭിക്കുമോ? വിളഞ്ഞു പാകമായ ഏതെങ്കിലും ഫലം നമ്മിലുണ്ടോ?

പക്ഷേ ഉപമ സഞ്ചരിക്കുന്നത് കയ്പുനിറഞ്ഞ അക്രമത്തിന്റെ ഒരു ചക്രവാളത്തിലേക്കാണ്. തോട്ടത്തിലെ കൃഷിക്കാർ തീരെ നിലവാരമില്ലാത്ത രീതിയിൽ പെരുമാറുന്നു. എന്നിട്ടും അതിന്റെ ഉള്ളിലും നന്മയുടെ കിരണങ്ങൾ ദർശിക്കാൻ ശ്രമിക്കുന്നു കർഷകൻ. ഏതു തിന്മയുടെ മുമ്പിലും പിന്മാറാതെ നിൽക്കുന്ന ദൈവത്തിന് ഏറ്റവും അനുയോജ്യമായ വിശേഷണം തന്നെയാണ് കർഷകൻ. ഏത് ദുരിതം വന്നു കൃഷി നശിച്ചാലും തന്റെ മണ്ണിനോടും പ്രകൃതിയോടും ഒരു പരിഭവവും ഇല്ലാതെ വീണ്ടും കൃഷിയിറക്കുന്ന ആ കർഷക തുല്യം മനസ്സ്, അതുതന്നെയാണ് ദൈവത്തിന് നമ്മോടും ഉള്ളത്. മുന്തിരിത്തോപ്പിലേക്ക് അവൻ അയച്ച എല്ലാവരെയും കൃഷിക്കാർ അവഗണിക്കുന്നുണ്ട്. എന്നിട്ടും എല്ലാം നിരാകരിക്കലുകൾക്കു ശേഷവും ആ കൃഷിക്കാരിൽ നിന്നും നന്മയുടെ അവസാനത്തെ തുള്ളിയും പ്രതീക്ഷിച്ചുകൊണ്ട് അവൻ തന്റെ ഏകജാതനെ അയക്കുന്നു.

“ഇവനാണ് അവകാശി; വരുവിൻ നമുക്ക് ഇവനെ കൊന്നു അവകാശം കരസ്ഥമാക്കാം” (v.35). ഉപമ വളരെ സുതാര്യമാണ്. മുന്തിരിത്തോപ്പ് ഇസ്രായേലിനെ പ്രതിനിധീകരിക്കുന്നു, കൃഷിക്കാർ മതാധികാരികളെയും, കൊലചെയ്യപ്പെട്ട ഏകജാതൻ യേശുവും. എന്തിന് ഈ വിദ്വേഷത്തിന്റേയും അക്രമത്തിന്റേയും മാർഗം? ആന്തരോദ്ദേശ്യം ഒന്നുതന്നെയാണ്: ധനവും അധികാരവും. വിളവും തോട്ടത്തിന്റെ അവകാശവും സ്വന്തമാക്കുന്നതിനു വേണ്ടി. ഇതിനോടുള്ള അഭിനിവേശം ഒരു പതിഞ്ഞ സ്വരമായി നമ്മുടെ എല്ലാവരുടെയും ഉള്ളിലുണ്ട്. അതൊരു സർപ്പ സ്വരമെന്നപോലെ രഹസ്യമായി നമ്മോട് പറയുന്നുണ്ട്; എങ്ങനെയെങ്കിലും ശക്തനാവുക, തോൽപ്പിക്കുക, പിടിച്ചെടുക്കുക, ഒന്നാമനാകുക, അടിച്ചമർത്തുക എന്നൊക്കെ… അധികാരത്തിനോടും ധനത്തിനോടുമുള്ള ഈ ആർത്തിയാണ് എല്ലാ രക്ത പുഴകളുടെയും ഉറവിടം.
“അങ്ങനെയെങ്കിൽ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ ആ കൃഷിക്കാരോട് എന്തു ചെയ്യും?” ചോദ്യം ഉപമ പറഞ്ഞ യേശുവിന്റെതാണ്. നീതിനിഷ്ഠയുടെ യുക്തിയോട് ചേർന്നുകൊണ്ടാണ് കേൾവിക്കാർ ഈ ചോദ്യത്തിന് ഉത്തരം പറയുന്നത്. അവർ പറയുന്നു മാതൃകാപരമായ പ്രതികാരം വേണം, പുതിയ കൃഷിക്കാർ, പുതിയ നികുതി എന്നിവകൾ വരണം. അവരുടെ നീതി സങ്കല്പം മുന്നോട്ടുവയ്ക്കുന്നത് തെറ്റ് ചെയ്യുന്നവരെ ഇല്ലാതാക്കാനാണ്. പക്ഷേ യേശു അതിനോട് യോജിക്കുന്നില്ല. പ്രതികാരത്തെ കുറിച്ചോ കൊല്ലുന്നതിനെ കുറിച്ചോ അവൻ പറയുന്നില്ല. അവൻ ഉപമ പറഞ്ഞു തീർക്കുന്നത് തന്റെ മകനെ കൊന്നവരോട് പോലും പ്രതികാരം ചെയ്യാതെ ആ കർഷകൻ തന്റെ മുന്തിരി തോട്ടം ഫലം നൽകുന്ന ഒരു ജനതയ്ക്കു നൽകുന്നു എന്ന് പറഞ്ഞു കൊണ്ടാണ്.

കായേന്റെ കാലം മുതൽ ദൈവവും മനുഷ്യനും തമ്മിലുള്ള സംഘർഷത്തിന്റെ ഒരു ചരിത്രം ഭൂമിക്ക് പറയാനുണ്ടാകും. ഒന്നുകിൽ തോൽവി അല്ലെങ്കിൽ പ്രതികാരം ഇതാണ് ചരിത്രം. പക്ഷേ മൂന്നാമതൊരു സാധ്യത ഉപമയിൽ ദർശിക്കുന്നുണ്ട്; മുന്തിരിത്തോപ്പ് ഫലം പുറപ്പെടുവിക്കുന്നവർക്ക് നൽകുക. ദൈവത്തിനും മനുഷ്യനും ഇടയിൽ ദൈവം തോൽക്കുകയാണെങ്കിൽ പിന്നെ സംഭവിക്കുക സ്നേഹത്തിന്റെ അനിർവചനീയമായ ഒരു പെരുമഴ തന്നെയായിരിക്കും. അവന്റെ സ്വപ്നം തനിക്ക് ലഭിക്കേണ്ട ബഹുമാനമോ തന്നോട് മറുതലിച്ചു നിൽക്കുന്നവരോടുള്ള പ്രതികാരമോ ഒന്നും തന്നെയല്ല, മറിച്ച് ലോകം മുഴുവൻ പല സമൃദ്ധമായ മുന്തിരിത്തോപ്പാകുകയെന്നതാണ്. അധികാരത്തിനും ധനത്തിനും വേണ്ടിയുള്ള യുദ്ധങ്ങളൊ, രക്തക്കറകളൊ കണ്ണീരിന്റെ കയ്പ്പോ ഇല്ലാത്ത ഒരു ലോകം. നീതിയും സമാധാനവും വിളവെടുക്കുന്ന ഒരു ലോകം. ആർദ്രതയുടെ വിപ്ലവത്തിലൂടെ എല്ലാവരും പരസ്പരം പരിചരിക്കുന്ന ഒരു ലോകം.

vox_editor

Recent Posts

All Souls’ Day_2025_ക്രൈസ്തവ പ്രത്യാശയുടെ തിരുനാൾ

സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…

4 days ago

ഞായറാഴ്ച്ച സകല ആത്മാക്കളുടെയും തിരുനാൾ ആഘോഷിക്കാമോ!

ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…

5 days ago

തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള അപ്പോസ്തലിക യാത്രകളുടെ ലോഗോയും മുദ്രാവാക്യങ്ങളും പുറത്തിറക്കി വത്തിക്കാന്‍ മാധ്യമ വിഭാഗം

അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…

1 week ago

ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ല ലിയോ പാപ്പ

അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…

1 week ago

‘പ്രത്യാശയുടെ പുതിയ ഭൂപടങ്ങള്‍ പരികല്പന ചെയ്യുക’: പാപ്പയുടെ പുതിയ അപ്പസ്തോലിക ലേഖനം പുറത്തിറങ്ങി.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…

1 week ago

മോൺ.ആന്റണി കാട്ടിപ്പറമ്പിലിൽ കൊച്ചി രൂപതയുടെ 36- മത്തെ മെത്രാൻ

ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…

1 week ago