ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7)

യേശുവിന്റെ തിരുഹൃദയത്തിരുനാൾ

ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു ചിത്രം വർണ്ണിച്ചു കൊണ്ടാണ്. എസെക്കിയേൽ പ്രവാചകനാണ് ആ ചിത്രം വരയ്ക്കുന്നത്. ജറുസലേമിന്റെയും ദേവാലയത്തിന്റെയും തകർച്ചയുടെയും, ബാബിലോണിൽ പ്രവാസത്തിലുള്ള ഇസ്രായേൽ മക്കളുടെ നൊമ്പരങ്ങളുടെയും പശ്ചാത്തലത്തിലാണ് പ്രവാചകൻ കർത്താവിനെ ഇടയനായി ചിത്രീകരിക്കുന്നത്. ഇടയൻ എന്ന പദത്തിന് പൗരസ്ത്യ രൂപകത്തിൽ രാജാവ്, നേതാവ് എന്നൊക്കെയാണ് അർത്ഥം. കഴിവുകെട്ട ഇടയന്മാർക്കെതിരെ ശക്തമായ കുറ്റങ്ങൾ ആരോപിച്ചതിനുശേഷമാണ് ഇടയനായ കർത്താവിന്റെ ചിത്രം പ്രവാചകൻ വരച്ചു കാണിക്കുന്നത്. വലിയൊരു പ്രത്യാശയുടെ ചിത്രമാണത്. ഇസ്രായേലിന്റെ ഇടയന്മാർക്ക് ജനങ്ങളെ നയിക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല, അവർ തങ്ങളെത്തന്നെ പോറ്റുകയും സ്വന്തം നേട്ടത്തിനായി ആടുകളെ ഉപയോഗിക്കുകയും ചെയ്തു എന്ന കുറ്റമാണ് പ്രവാചകൻ അവരുടെമേൽ ആരോപിക്കുന്നത്. അതിൽനിന്നും വിപരീതമായി, ഇതാ, ആടുകളെ അന്വേഷിച്ചിറങ്ങുന്ന ഒരു നല്ല ഇടയൻ! ദൈവത്തിന്റെ ഭാഗത്തുനിന്ന് ശക്തമായ ഒരു പ്രതിബദ്ധത വെളിപ്പെടുന്നു. അവൻ പ്രവാചകനിലൂടെ പറയുന്നു; “ഞാൻ തന്നെ എൻ്റെ ആടുകളെ മേയ്ക്കും” (34:15).

ഇടയൻ സമം കരുതലാണ്. പ്രവാചകൻ വിവരിക്കുന്നത് ആ കരുതലിനെ ഉൾക്കൊള്ളുന്ന നാല് മേഖലകളെയാണ്. ആദ്യത്തെത് ആടുകളുടെ ജീവനാണ്. കരുതൽ എന്നാൽ പോഷണം ആണ്. ആടുകൾക്ക് ജീവൻ നൽകുന്നവനാണ് നല്ല ഇടയൻ. അവയിൽ നിന്നും ജീവൻ ഊറ്റിയെടുക്കുന്നവന് ഒരിക്കലും നല്ല ഇടയനാകാൻ സാധിക്കുകയില്ല. ജീവൻ നൽകിയ ഇടയൻ ക്രിസ്തുവാണ്.

രണ്ടാമത്തേത്, ആടുകളെ ചേർത്തു നിർത്തുക എന്നതാണ്. ചിതറിപ്പോയ ആടുകളെ അന്വേഷിച്ചിറങ്ങുന്നവനാണ് നല്ല ഇടയൻ. വിഭാഗീയതയുടെ ഭാഷകൾ സംസാരിക്കുന്നവർക്കും വർഗീയതയുടെ പ്രത്യയശാസ്ത്രങ്ങളിൽ അഭിരമിക്കുന്നവർക്കും ഒരിക്കലും നല്ല ഇടയനാകാൻ സാധിക്കുകയില്ല. അവർ ആടുകളെ പ്രവാസത്തിലേക്ക് നയിക്കും.

മൂന്നാമത്തെത്, ആടുകൾക്ക് സൗഖ്യം നൽകുക എന്നതാണ്. ആലയിൽ നിന്നും അകന്നുപോയ ആടുകളെല്ലാവരിലും നൊമ്പരപ്പാടുകൾ അവശേഷിക്കുന്നുണ്ട്. ആ മുറിവുകൾ വെച്ചുകെട്ടുകയും രോഗശാന്തിയോടെ അവയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നവനാണ് നല്ല ഇടയൻ.

കരുതലിന്റെ നാലാമത്തെ മേഖല നീതിയാണ്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു വാചകം എസെ 34:16 ആണ്. പരിഷ്കരിച്ച പിഒസി ബൈബിളിൽ ഈ വചനം “കൊഴുത്തുമുറ്റിയതിനെയും കൂറ്റനെയും ഞാൻ ഉന്മൂലനം ചെയ്യും. നീതിപൂർവ്വം ഞാൻ അവയെ പോറ്റും”. എന്നാണ്. എന്നാൽ പഴയ പിഒസി ബൈബിളിൽ കുറിച്ചിരിക്കുന്നത് “കൊഴുത്തതിനെയും ശക്തിയുള്ളതിനെയും ഞാൻ സംരക്ഷിക്കും. നീതിപൂർവ്വം ഞാൻ അവയെ പോറ്റും” എന്നുമാണ്. പരിഷ്കരിച്ചതിൽ “ഉന്മൂലനം ചെയ്യും” എന്നും പഴയതിൽ “സംരക്ഷിക്കും” എന്നതുമാണ് ഇവിടെയുള്ള വൈരുദ്ധ്യം. ഉന്മൂലനം എന്നർത്ഥം വരുന്ന שָׁמַד (shamad) എന്ന പദമാണ് ഹീബ്രു ഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത്. പക്ഷേ ഹിബ്രൂ ബൈബിളിന്റെ ആദ്യ ഗ്രീക്ക് വിവർത്തനമായ സപ്തതിയിലും ലത്തീൻ വിവർത്തനമായ വുൾഗാത്തയിലും “സംരക്ഷിക്കും” എന്നർത്ഥം വരുന്ന Φυλάςσσω (Phulasso), Cutodiam എന്നീ പദങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. അതായത്, ഉന്മൂലനം എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് ആടുകളെ ഇല്ലാതാക്കും എന്നല്ല, അവയിലെ കൊഴുത്ത മേദസ്സുകളെ ഇല്ലാതാക്കി നീതിയിൽ അവരെ പോറ്റും എന്നാണ്. അതുകൊണ്ടുതന്നെ ഉന്മൂലനം എന്ന പദം ദൈവത്തിന്റെ നീതിയോട് ചേരുമ്പോൾ നിറയുന്നത് സമത്വത്തിന്റെ സംരക്ഷണമാണ്. നീതി എന്ന സങ്കൽപ്പത്തിൽ അടങ്ങിയിരിക്കുന്ന കരുതൽ എന്ന പുണ്യം ഈ ഉന്മൂലനം എന്ന പദത്തിൽ സുന്ദരമായി അടങ്ങിയിട്ടുണ്ട്. കർത്താവായ ഇടയൻ ഉന്മൂലനം ചെയ്യുന്നത് ആടുകളെയല്ല, അവയിൽ അധികമായി കടന്നു കൂടിയ കൊഴുപ്പുകളെയും മേദസുകളെയും ആണ്. “ഉന്മൂലനം ചെയ്യും” എന്ന പദത്തിനു പകരം “സംരക്ഷിക്കും” എന്ന പദം ഉപയോഗിച്ചാലും എസെ 34:16 ന്റെ സാരാംശത്തിൽ ഒരു വ്യത്യാസവുമില്ല. കാരണം, ദൈവത്തിന്റെ നീതി എപ്പോഴും ആടുകളുടെ അഭിവൃദ്ധി ഉറപ്പാക്കുന്ന തരത്തിലായിരിക്കും. അവിടെ ശക്തരായവർക്ക് ദുർബലരെ അടിച്ചമർത്താൻ കഴിയില്ല.

യേശുവിൻ്റെ തിരുഹൃദയത്തിരുനാളാണ്. സുവിശേഷം നല്ല ഇടയന്റെ ചിത്രമാണ് നമുക്ക് നൽകുന്നത്. നഷ്ടപ്പെട്ട ആടിനെ തേടിപ്പോകുന്ന ഒരു ഇടയന്റെ ചിത്രം. ആ ചിത്രത്തിൽ ദൈവത്തിന്റെ ഹൃദയം ഉണ്ട്. അവന്റെ വികാരങ്ങളും വിചാരങ്ങളും ഉണ്ട്. വഴിതെറ്റിയ, ദുർബലമായ, ഭീഷണി നേരിടുന്ന, വിശക്കുന്ന, ക്ഷീണിച്ച ഈ മനുഷ്യവർഗത്തിനുവേണ്ടി ദൈവത്തിന്റെ ചിന്താപൂർവ്വകമായ കരുതൽ കേന്ദ്രീകരിക്കുന്ന ഏറ്റവും സുന്ദരമായ ചിത്രമാണ് തിരുഹൃദയം.

യേശുവിന്റെ ഹൃദയം പോഷണമാണ്. അതിൽ ഒരു ഫീനിക്സ് പക്ഷി ഉണ്ട്. ഈ ഹൃദയമാണ് ദിവ്യകാരുണ്യമായി നമ്മിലേക്ക് ആഴ്ന്നിറങ്ങുന്നത്. അതുമാത്രമാണ് നമ്മുടെ ആത്മീയ പോഷണവും നമ്മെ സ്വർഗ്ഗീയ സമൃദ്ധിയിലേക്ക് നയിക്കുന്ന ഏക പാഥേയവും.

യേശുവിന്റെ ഹൃദയം നമ്മുടെ വിശ്രമ ഇടമാണ്. അദ്ധ്വാനിക്കുന്നവർക്കും ഭാരവഹിക്കുന്നവർക്കും വിശ്രമം നൽകുന്ന ഇടം. ഈ ഹൃദയത്തിൽ കൂടൊരുക്കിയിട്ടുള്ളവരാണ് നാളെയെ കുറിച്ച് ആകുലതയില്ലാതെ ദൈവപരിപാലനയിൽ ആശ്രയിച്ച് ജീവിക്കുന്നവർ.

യേശുവിന്റെ ഹൃദയം നമ്മുടെ ആതുരാലയമാണ്. ആ ഹൃദയത്തിലെ മുറിവാണ് നമ്മുടെയെല്ലാ മുറിവുകളെയും സുഖമാക്കുന്നത്. തിരുഹൃദയ മുറിവിൽ നമ്മൾ മറ്റുള്ളവർക്ക് നൽകിയതും നമ്മൾ സ്വീകരിച്ചതുമായ മുറിവുകളുടെമേൽ പുരട്ടുവാനുള്ള ലേപനമുണ്ട്.

യേശുവിന്റെ ഹൃദയം നമ്മുടെ ശക്തിദുർഗ്ഗമാണ്. ഈ ഹൃദയത്തിൽ നിന്നുള്ള ശക്തിയാണ് നമ്മൾ വഹിക്കുന്ന ജീവിതനുകത്തെ മൃദുവും ഭാരത്തെ ലഘുവുമാക്കുന്നത്. ആ ഹൃദയവുമായുള്ള അടുപ്പത്തിലാണ് നമ്മുടെ വിശ്വാസവും സ്നേഹവും വളരുകയും ശക്തിപ്പെടുകയും ചെയ്യുന്നത്.

യേശുവിന്റെ ഹൃദയം നമ്മുടെ സങ്കേതമാണ്. ജീവജലത്തിന്റെ അരുവികൾ ഒഴുകുന്ന ഉറവയാണ് ആ ഹൃദയം. യോഹന്നാൻ ഭാഷ്യം അനുസരിച്ച് അത് പരിശുദ്ധാത്മാവാണ്. ആ സങ്കേതത്തിൽ നമ്മൾ ആരും അന്യരല്ല. ആ ഹൃദയത്തോടു ചേർന്നുനിൽക്കുന്നവരെ ആർക്കും ചിതറിക്കുവാനും ശിഥിലീകരിക്കുവാനും അകറ്റുവാനും സാധിക്കുകയില്ല.

യേശുവിന്റെ ഹൃദയം നമ്മുടെ വാസഗേഹമാണ്. യേശുവിനോട് ചേർന്നു നിൽക്കുന്ന നമ്മളാകുന്ന ശാഖകളുടെ വേരുകൾ എത്തുന്നത് അവൻ്റെ ഹൃദയത്തിലാണ്. യേശുവിൽ വസിക്കുക എന്നാൽ അവന്റെ ഹൃദയത്തിൽ കൂടൊരുക്കുക എന്നതാണ്. അത് നിത്യതയുടെ ഇടമാണ്. ആ ഇടം മാത്രമാണ് നമ്മുടെ യഥാർത്ഥ വാസഗേഹവും.

യേശുവിന്റെ ഹൃദയമാണ് നമ്മുടെ നീതിയും ന്യായവിധിയും. ആ ഹൃദയമാണ് മണ്ണിലെ എല്ലാ തിന്മകളെയും അപലപിക്കുന്നതിനായി നമുക്ക് ലഭിക്കുന്ന നൈതിക ഊർജ്ജം. നമ്മുടെ എല്ലാ വ്യതിചലനങ്ങളുടെയും വ്യത്യസ്തതകളുടെയും വേർപാടുകളുടെയും അവസാനവുമാണ് ആ ഹൃദയം.

യേശുവിന്റെ ഹൃദയമാണ് നമ്മുടെ സമാധാനം. ആ ഹൃദയത്തിൽ നമ്മളാരും ദാസന്മാരല്ല. കാരണം, അത് സാഹോദര്യത്തിന്റെ ഇടമാണ്. എല്ലാവർക്കും വേണ്ടി ജീവൻ നൽകിയ വലിയ ഇടയന്റെ സ്നേഹം അനുഭവിക്കുന്ന ശാന്തികേന്ദ്രമാണ് ആ ഹൃദയം.

vox_editor

Recent Posts

All Souls’ Day_2025_ക്രൈസ്തവ പ്രത്യാശയുടെ തിരുനാൾ

സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…

2 days ago

ഞായറാഴ്ച്ച സകല ആത്മാക്കളുടെയും തിരുനാൾ ആഘോഷിക്കാമോ!

ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…

3 days ago

തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള അപ്പോസ്തലിക യാത്രകളുടെ ലോഗോയും മുദ്രാവാക്യങ്ങളും പുറത്തിറക്കി വത്തിക്കാന്‍ മാധ്യമ വിഭാഗം

അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…

6 days ago

ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ല ലിയോ പാപ്പ

അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…

6 days ago

‘പ്രത്യാശയുടെ പുതിയ ഭൂപടങ്ങള്‍ പരികല്പന ചെയ്യുക’: പാപ്പയുടെ പുതിയ അപ്പസ്തോലിക ലേഖനം പുറത്തിറങ്ങി.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…

6 days ago

മോൺ.ആന്റണി കാട്ടിപ്പറമ്പിലിൽ കൊച്ചി രൂപതയുടെ 36- മത്തെ മെത്രാൻ

ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…

7 days ago