Categories: Meditation

21st Sunday_”നിങ്ങൾക്കും പോകണമോ?” (യോഹ. 6:60-69)

എന്തിനാണ് അവനെ അനുഗമിക്കുന്നത്? എന്താണ് അവനിൽ നിന്നും പ്രതീക്ഷിക്കുന്നത്?...

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ

യേശു അപ്പം വർദ്ധിപ്പിച്ചു എന്ന അത്ഭുതം നാലു സുവിശേഷങ്ങളും ചിത്രീകരിക്കുന്ന ഒരു സംഭവമാണ്. ഈ നാല് സുവിശേഷങ്ങളും വ്യക്തമാക്കുന്ന ഒരു കാര്യമുണ്ട്; ആ അത്ഭുതത്തിനു ശേഷമാണ് യേശുവിന്റെ ജീവിതം സംഘർഷമാകാൻ തുടങ്ങുന്നത്. അവന്റെ വാക്കുകൾക്കും പ്രവർത്തികൾക്കും ഭ്രാന്തമായ അർത്ഥതലങ്ങൾ കൊടുത്തവർ അവനെ രാജാവാക്കാൻ ശ്രമിക്കുന്നു. പക്ഷേ അവൻ പറഞ്ഞതും ചെയ്തതുമെല്ലാം ജീവന്റെ അപ്പത്തെ കുറിച്ചായിരുന്നു!

കഠിനം അഥവാ Σκληρός (skléros) എന്നാണ് അവന്റെ വാക്കുകളെ കുറിച്ച് അവർ പറയുന്നത്. അസഹനീയം എന്നും അതിന് അർത്ഥമുണ്ട്. എന്തേ ഇപ്പോൾ അവൻ അസഹനീയമായത്? ഏതാനും വാക്കുകളിലാണ് ഇസ്രായേലിന്റെ ചരിത്രത്തെ അവൻ അപനിർമ്മിച്ചിരിക്കുന്നത്. നിയമം, ആചാരം, ദേവാലയം, പുരോഹിതർ എല്ലാം ഇപ്പോൾ അപ്രസക്തിയുടെ തുലാസിൽ തൂങ്ങിക്കിടക്കുകയാണ്. അവന്റെ വാക്കുകൾ വ്യക്തവും സ്പഷ്ടവുമാണ്. അവർ അതിൽ ഒരു അപകടസാധ്യത തിരിച്ചറിഞ്ഞു കഴിഞ്ഞു. മോശയെപോലെ മന്നാ നൽകുന്ന ഒരു മിശിഹായെയാണ് അവർ പ്രതീക്ഷിച്ചത്. പക്ഷേ അവനിതാ, സ്വയം പകുത്തു നൽകുന്നു. ആരെയൊക്കെയോ കീഴ്പ്പെടുത്തി ഒരു രാജ്യം സ്ഥാപിക്കാൻ അവനു താല്പര്യമില്ല. സ്വയം ഒരു ദാനമാകാനാണ് അവന്റെ ആഗ്രഹം. അത് കേൾക്കാനോ അവർക്ക് താൽപര്യവുമില്ല.

“ഇതു നിങ്ങൾക്ക് ഇടർച്ച വരുത്തുന്നുവോ?”. ഇടർച്ച അഥവാ σκανδαλίζω (skandalizó). സമവീക്ഷണ സുവിശേഷങ്ങളിലെ പതിവു പദമാണ്. യോഹന്നാനിൽ ആകെ രണ്ടിടത്ത് മാത്രമാണുള്ളത്; 6:61 ലും 16:1 ലും. അതിന് ശക്തമായ അർത്ഥമുണ്ട്. വിശ്വാസത്തിന്റെ അപകടാവസ്ഥയാണത്. നമ്മുടെയുള്ളിൽ നമ്മൾ സ്വയം വരച്ച ഒരു ദൈവചിത്രമുണ്ട്. ആ ചിത്രമാണ് യേശു ഉടയ്ക്കുന്നത്. വളച്ചൊടിച്ച, വികലമായ ദൈവസങ്കൽപത്തിന്റെ തിരുത്തലാണത്.

വിശ്വാസം എന്നത് വ്യക്തിപരമായ ഒരു പരിവർത്തനമാണ്. ആ പരിവർത്തനത്തിൽ നമ്മുടെ വികാരങ്ങളും ചിന്തകളും പദ്ധതികൾ പോലും ഉൾപ്പെടണം. സുവിശേഷമാണ് പരിവർത്തനം പകരുന്നത്. സുവിശേഷം ജീവിതമായി മാറുന്നില്ലെങ്കിൽ അത് ഉപയോഗശൂന്യമാണ്. നല്ലൊരു ചെറുകഥയായി അത് അവശേഷിക്കുമെന്നുമാത്രം. പലർക്കും യേശു എന്ന സുവിശേഷം അസഹനീയമാണ്. അവർക്ക് വേണ്ടത് അത്ഭുതം മാത്രമാണ്. അവനോ, എല്ലാവരെയും പ്രീതിപ്പെടുത്താൻ അത്ഭുതങ്ങൾ പ്രവർത്തിക്കാത്തവനുമാണ്. അതുകൊണ്ടാണ് പലരും അവനെ ഉപേക്ഷിച്ചു പോകുന്നത്. ദൈവത്തെ ഒരു അത്ഭുത പ്രവർത്തകൻ എന്ന നിലയിൽ അന്വേഷിക്കുന്നവർക്ക് അവനെ കണ്ടെത്താൻ സാധിക്കുമോ എന്ന കാര്യം സംശയമാണ്. അങ്ങനെയുള്ളവർക്ക് യേശു എന്നും ഇടർച്ചയും നിരാശയും തന്നെയായിരിക്കും.

യേശുവിനെ അനുഗമിക്കുന്നവർ കുറഞ്ഞു കൊണ്ടിരിക്കുന്നു. ആദ്യം ജനക്കൂട്ടം അവനിൽ നിന്നും അകന്നു, പിന്നെ ശിഷ്യന്മാർ. ഇപ്പോഴിതാ അവൻ അപ്പോസ്തലന്മാരോട് ചോദിക്കുന്നു: “നിങ്ങളും വിട്ടുപോകാൻ ആഗ്രഹിക്കുന്നില്ലേ?” നാടകീയമായ ഒരു നിമിഷമാണിത്. ഏറ്റവും അടുത്തവർ പോലും അകലാൻ സാധ്യതയുണ്ട്. അവൻ ആരെയും നിർബന്ധിച്ചു ചേർത്തുനിർത്തുന്നില്ല. അസഹനീയം എന്നു കരുതിയാൽ അപ്പോസ്തലന്മാർക്കും അവനെ വിട്ടുപോകാവുന്നതാണ്. ദൈവം അങ്ങനെയാണ്. സ്വാതന്ത്ര്യത്തിന്റെ പരമാവധിയാണത്. ഇതൊരു വിട്ടുവീഴ്ചയല്ല. ബഹുമാനമാണ്. അപ്പോസ്തലന്മാർക്ക് വേണമെങ്കിൽ പോകാം. അപ്പോഴും ജീവന്റെ അപ്പമായി മാറുക എന്ന തന്റെ വെളിപ്പെടുത്തലിൽനിന്നും ഒരിഞ്ചു പോലും അവൻ പിൻവാങ്ങുന്നില്ല. ജനക്കൂട്ടം എന്തിനാണ് തന്നെ അനുഗമിക്കുന്നതെന്ന കാര്യം അവനു മനസ്സിലായി. അപ്പമായിരുന്നു അവർക്ക് വേണ്ടിയിരുന്നത്. ശിഷ്യന്മാരും എന്തിനാണ് അനുഗമിക്കുന്നത് എന്നും അവനു മനസ്സിലായി. അവർക്ക് അവനെ സഹിക്കാൻ പറ്റുന്നില്ല. അവശേഷിച്ചിരിക്കുന്ന ചോദ്യം ഇനി നമ്മളോടാണ്. എന്തിനാണ് അവനെ അനുഗമിക്കുന്നത്? എന്താണ് അവനിൽ നിന്നും പ്രതീക്ഷിക്കുന്നത്?

“കർത്താവേ, ഞങ്ങൾ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കലുണ്ട്”. പത്രോസാണ് ഇങ്ങനെ പ്രതികരിക്കുന്നത്. ഇത്രയധികം വെളിച്ചവും സമാധാനവും സത്യവും പകർന്നുതരുന്ന ഒരു വചനം എവിടെ കണ്ടെത്താനാകും? യേശുവാണ് ജീവിതത്തിന്റെ മികവ് എന്നുതന്നെയല്ലേ അവൻ പറയുന്നത്. യേശുവിന്റെ തുമാത്രമാണ് ജീവൻ നൽകുന്ന വചസ്സുകൾ. അവയ്ക്കു മാത്രമേ മനസ്സിനും ഹൃദയത്തിനും ആത്മാവിനും ശരീരത്തിനും ജീവൻ നൽകാൻ സാധിക്കു.

യേശുവിനെ ഉപേക്ഷിച്ചു പോയ ശിഷ്യരെ പോലെ പത്രോസിനും അവൻ പറഞ്ഞതിൽ പലതും മനസ്സിലായിട്ടില്ല, എങ്കിലും അവനറിയാം എവിടെ നിൽക്കണമെന്ന്. ഒരു ദിവസം അവൻ എല്ലാം തിരിച്ചറിയും. അപ്പോഴും ഒരു കാര്യം ഓർക്കണം, ഈ സ്നേഹപ്രകരണം ഒന്നിനെയും ലഘൂകരിക്കുന്നില്ല. അനിവാര്യമായത് സങ്കീർണമായിതന്നെ നിലനിൽക്കുകയാണ്.

പത്രോസ് ഒരു കാര്യം കൂടി പറയുന്നുണ്ട്. ആ പറയുന്ന രീതി നമ്മൾ ശ്രദ്ധിക്കണം. അവൻ പറയുന്നു; “നീയാണ് ദൈവത്തിന്റെ പരിശുദ്ധൻ എന്നു ഞങ്ങൾ വിശ്വസിക്കുകയും അറിയുകയും ചെയ്തിരിക്കുന്നു”. ആദ്യം വിശ്വാസമാണ് പിന്നീടാണ് അറിവ്. ബന്ധങ്ങൾ നിലനിർത്തേണ്ടത് ഇങ്ങനെയാണ്. ആദ്യം വിശ്വസിക്കണം പിന്നീടാണ് അറിവിന്റെ തലത്തിലേക്ക് ഇറങ്ങിച്ചെല്ലേണ്ടത്. വിവാഹവും സമർപ്പിത ജീവിതവും എല്ലാം ഇങ്ങനെയാണ്. അവിടെ ആദ്യം വിശ്വാസമാണ്, പിന്നീടാണ് അറിവ് കടന്നുവരുന്നത്. വിശ്വാസത്തിൽ ആരംഭിക്കുന്നതു മാത്രമേ നിലനിൽക്കുകയുള്ളൂ. ജനങ്ങളും ശിഷ്യന്മാരും എന്തുകൊണ്ട് അവനെ ഉപേക്ഷിച്ചു എന്ന് ചോദിച്ചാൽ. അതിനുത്തരം, അവർക്ക് അവനെ അറിയാമായിരുന്നു പക്ഷേ വിശ്വാസമില്ലായിരുന്നു എന്നതാണ്. എന്തുകൊണ്ട് വിവാഹവും സമർപ്പിത ജീവിതവും തകരുന്നു എന്നു ചോദിച്ചാലും ഉത്തരം ഇതുതന്നെയാണ്. അവർക്ക് അറിവുണ്ട്, പക്ഷെ വിശ്വാസമില്ല.

vox_editor

Recent Posts

കൃപാസനം പ്രേഷിത ജോമോൾ ഇനി “സമർപ്പിത കന്യക”

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…

2 days ago

Christ the King_2025_കുരിശിലെ രാജാവ് (ലൂക്കാ 23:35-43)

ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…

6 days ago

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല; കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…

2 weeks ago

33rd Sunday_2025_ശ്രദ്ധയുള്ള ദൈവം (ലൂക്കാ 21:5-19)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…

2 weeks ago

റോമിലെ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസലിക്കയുടെ പ്രതിഷ്ഠാ ദിനത്തില്‍ ദുവ്യബലി അര്‍പ്പിച്ച് പ്രാര്‍ഥിച്ച് ലിയോ പാപ്പ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…

2 weeks ago

31st_Sunday_ചാട്ടവാറുമായി നിൽക്കുന്നവൻ (യോഹ 2:13-22)

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…

3 weeks ago