Categories: Meditation

20th Sunday_അമ്മമനസ്സിന്റെ നൊമ്പരം (മത്താ 15: 21-28)

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ

അപ്പക്കഷണങ്ങൾ തേടുന്ന ഒരു അമ്മ. കാനാൻകാരിയാണവൾ. യേശുവിനെ പോലും വിസ്മയിപ്പിച്ച വിശ്വാസമുണ്ടായ ഒരുവൾ. അവളാണ് ഇസ്രായേല്യർക്ക് വേണ്ടി മാത്രം വന്ന രക്ഷകനെ ലോകത്തിലെ എല്ലാ നൊമ്പരം പേറുന്നവരുടെയും ഇടയനാക്കി മാറ്റുന്നത്. കരഞ്ഞപേക്ഷിച്ചുകൊണ്ടാണ് അവൾ യേശുവിന്റെ അടുത്തേക്ക് വരുന്നത്; “കർത്താവേ, എന്നോടും എന്റെ കുഞ്ഞിനോടും കരുണയുണ്ടാകണമേ”. ആ കരച്ചിലിനു മുമ്പിൽ യേശു ഒരു വാക്കു പോലും മിണ്ടുന്നില്ല. നിശബ്ദതയുടെ ഏതോ തടവറയിലാണോ അവൻ?

മൗനം അമ്മയുടെ മുമ്പിൽ വലിയൊരു മതിൽ കെട്ടി കഴിഞ്ഞിരിക്കുന്നു. എന്നിട്ടും അവൾ തളർന്നില്ല. അവൾ കരഞ്ഞുകൊണ്ട് അവനെ അനുഗമിക്കുന്നവരുടെ കൂട്ടത്തിൽ ചേരുകയാണ്. സ്വർഗ്ഗം മൂകമായാലും അമ്മയ്ക്ക് നിശബ്ദയാകാൻ സാധിക്കില്ല. അവൾ കരയും, ഉത്തരം കിട്ടുന്നതുവരെ. അങ്ങനെയാണ് പരുഷമായ ഒരു ഉത്തരം പെട്ടെന്ന് അവൻ പറയുന്നത്; “ഞാൻ വന്നിരിക്കുന്നത് ഇസ്രായേൽക്കാർക്ക് വേണ്ടി മാത്രമാണ്, നിങ്ങൾക്കു വേണ്ടിയല്ല”. തീർത്തും തളർന്നു പോകാവുന്ന ഒരു മറുപടിയാണിത്. പക്ഷേ അവൾ തോറ്റു പിന്മാറുന്നില്ല. എല്ലാ അമ്മമാരെയും പോലെ അവളുടെ ചിന്ത തന്റെ കുഞ്ഞിനെക്കുറിച്ച് മാത്രമാണ്. അവൾക്ക് മനസ്സിലായിക്കഴിഞ്ഞു, ഇനി കരഞ്ഞിട്ട് കാര്യമില്ല. വേണ്ടത് പൂർണ്ണമായ സമർപ്പണമാണ്. അവൾ നിലത്ത് വീണു ദൈവപുത്രനെ പ്രണമിക്കുന്നു. ഇതാ, മറ്റൊരു പ്രാർത്ഥന അവളുടെ ഉള്ളിൽ നിന്നും പൊട്ടി ഒഴുകുന്നു; “കർത്താവേ, എന്നെ സഹായിക്കണമേ”.

മറുപടി അപ്പോഴും പരുഷമാണ്: “മക്കളുടെ അപ്പമെടുത്ത് നായ്ക്കൾക്ക് എറിഞ്ഞു കൊടുക്കുന്നത് ഉചിതമല്ല”. ഇവിടെയാണ് ഒരു അമ്മയുടെ കൂർമ്മബുദ്ധിയും സ്നേഹംകൊണ്ട് അവൾ സൃഷ്ടിക്കുന്ന ഭാവനാലോകത്തെയും നമ്മൾ കാണേണ്ടത്. അത് അവളുടെ വാക്കുകളിലുണ്ട്: “അതേ, കർത്താവേ, നായ്ക്കളും യജമാനന്മാരുടെ മേശയിൽ നിന്നു വീഴുന്ന അപ്പക്കഷണങ്ങൾ തിന്നുന്നുണ്ടല്ലോ”. ഒരു കഷണം അത്ഭുതം ഞങ്ങൾക്കായും നിനക്ക് ചെയ്യാവുന്നതാണ്. ഇവിടെയാണ് കഥയുടെ വഴിത്തിരിവ്. സൗമ്യമായി അവൾ യേശുവിനോട് പറഞ്ഞുകഴിഞ്ഞു താൻ വന്നിരിക്കുന്നത് നഷ്ടപ്പെട്ട അപ്പക്കഷണങ്ങൾ തേടിയാണ് എന്ന കാര്യം. ഒരു ഞെട്ടലാണ് അവൾ യേശുവിന് നൽകിയത്.

വരികളുടെയിടയിൽ കുഞ്ഞുങ്ങളോട് താൽപര്യമില്ലാത്ത ഒരു ദൈവചിത്രത്തെ അവൾ മറച്ചു വെച്ചിട്ടുണ്ടോ? ഇല്ല, യേശുവിന്റെ പിതാവ് തന്റെ മക്കളുടെ വിശ്വാസത്തെക്കാൾ അവരുടെ വേദനയെ കരുതുന്നവനാണ്, വിശ്വസ്തതയെക്കാൾ അവരുടെ സന്തോഷം ആഗ്രഹിക്കുന്നവനാണ്. അവളുടെ വാക്കുകൾ ഒരു മിന്നൽ പോലെയാണ് അവന്റെ മനസ്സിലേക്ക് കയറിയത്. അവൻ പെട്ടെന്ന് തന്നെ ഉത്തരം പറഞ്ഞു; “സ്ത്രീയെ, നിന്റെ വിശ്വാസം വലുതാണ്”. ദേവാലയത്തിൽ പോകാത്ത, തിരുവെഴുത്തുകൾ ഒന്നും വായിക്കാത്ത, കാനാന്യ വിഗ്രഹങ്ങളോട് പ്രാർത്ഥിക്കുന്ന ഒരു സ്ത്രീയെയാണ് യേശു ഇപ്പോൾ വലിയ വിശ്വാസം ഉള്ളവളായി പ്രഖ്യാപിക്കുന്നത്. ഒരു മതബോധനവും അവൾക്ക് ലഭിച്ചിട്ടില്ല, എന്നിട്ടും അവൾ ദൈവത്തെ അറിയുന്നു. അമ്മമനസ്സിന്റെ ഉള്ളിലെ സ്പന്ദനമായി ദൈവം അവൾക്ക് അനുഭവപ്പെടുന്നു.

കണ്ണീരിൽ പവിഴങ്ങൾ ഉള്ളതുപോലെ, നൊമ്പരങ്ങൾക്ക് എന്നും ഒരു പവിത്രമാനം ഉണ്ട്. കാരണം അവയിൽ ദൈവം ഉണ്ട്. ദൈവത്തിന്റെ സാന്നിധ്യം ഒരു അപ്പക്കഷണം പോലെ ചെറുതാകാം, തരിയാകാം, ഭക്ഷണമേശയ്ക്ക് കീഴേയുമാകാം. അപ്പോഴും അത് ദൈവത്തോളം തന്നെ വലുതാണ്. ആ സത്യം മനസ്സിലാക്കണമെങ്കിൽ വലിയ വിശ്വാസം വേണം. ആകാശത്തിനു കീഴിലുള്ള നല്ല ശതമാനം അമ്മമാരിലും ആ വിശ്വാസമുണ്ട്. അവരിൽ പലർക്കും എന്താണ് വിശ്വാസപ്രമാണം എന്നറിയില്ല. പക്ഷേ ദൈവത്തിന് ഒരു മാതൃഹൃദയം ഉണ്ടെന്ന കാര്യം അവർക്ക് വ്യക്തമായി അറിയാം. ആ മാതൃഹൃദയത്തിന്റെ ഒരു ഭാഗം അവരിലുമുണ്ട്. അതുകൊണ്ടാണ് എന്ത് തടസ്സങ്ങൾ മുന്നിൽ വന്നാലും അമ്മമാരുടെ പ്രാർത്ഥനകളെ സ്വർഗ്ഗത്തിന് നിരസിക്കാൻ സാധിക്കുകയില്ല എന്നു പറയുന്നത്.

vox_editor

Recent Posts

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

5 days ago

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

2 weeks ago

തീരസംരക്ഷണത്തിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വൈദീകർ ഉപവാസ സമരം നടത്തി

ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…

2 weeks ago

Holy Trinity Sunday_2025_കുടുംബമാണ് ത്രിത്വം (യോഹ 16: 12-15)

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…

3 weeks ago

Pentecost Sunday_പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ (യോഹ 14: 15-16, 23-26)

പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…

4 weeks ago

നാം ലോകത്തോടുള്ള അനുകമ്പയില്‍ വളരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക!

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…

4 weeks ago