Categories: Sunday Homilies

1st Sunday_Advent_Year B_നമ്മുടെ വിശ്വാസ ജീവിതത്തിന്റെ കാവൽക്കാരാകാം

എന്റെ വിശ്വാസ ജീവിതത്തെ തകർക്കുന്നതിനെ ഒരു കർക്കശക്കാരനായ കാവൽക്കാരനെപ്പോലെ അതിനെതടഞ്ഞ് നിറുത്തണം...

ആഗമനകാലം ഒന്നാം ഞായർ
ഒന്നാം വായന: ഏശയ്യാ 63:16-17, 64:1-8
രണ്ടാം വായന: 1 കോറിന്തോസ് 1:3- 9
സുവിശേഷം: മർക്കോസ് 13:33-37

ദിവ്യബലിയ്ക്ക് ആമുഖം

ഇന്നത്തെ സുവിശേഷം കാത്തിരിപ്പിന്റെയും ജാഗരൂകതയുടെയും കൂടാതെ പ്രതീക്ഷയുടെയും സുവിശേഷമാണ്; കാരണം ഒരു കാത്തിരിപ്പും വെറുതെയാകില്ലയെന്നാണ് സുവിശേഷം പഠിപ്പിക്കുന്നത്. കോട്ടയ്ക്കും വീടിനും കാവലിരിക്കുന്നവൻ ആർക്കോവേണ്ടി പ്രതീക്ഷിക്കുന്നവനെപ്പോലെയാണ്. അതുപോലെതന്നെയാണ് നമ്മുടെ ഈ കാലഘട്ടത്തിലെ ജീവിതത്തിലും എന്തെല്ലാം ഞെരുക്കങ്ങളുണ്ടെങ്കിലും, എന്തെല്ലാം ബുദ്ധിമുട്ടുകളിലൂടെ നാം കടന്നുപോകുന്നുണ്ടെങ്കിലും നമ്മൾ ആഗ്രഹിക്കുന്ന ആ നന്മയുടെയും സമാധാനത്തിന്റെയും കാലം നമ്മുടെ ഇടയിലേക്ക് കടന്നുവരും എന്നതിൽ സംശയമില്ലെന്ന് സുവിശേഷം ഉദ്ബോധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ആഗമനകാലത്തിന്റെ ഈ ആദ്യഞായർ നമുക്ക് പ്രതീക്ഷയുടെ സുവിശേഷം നൽകുകയാണ്. നമ്മുടെ കാത്തിരിപ്പ് ഒരിക്കലും വെറുതെയാവുകയില്ല, നമ്മുടെ രക്ഷ ഇന്നല്ലെങ്കിൽ നാളെ നമ്മെ തേടിയെത്തും. “ജാഗരൂകരായിരിക്കുക”, “ഉണർന്നിരിക്കുക” എന്നീ വാക്കുകളിലൂടെ ക്രിസ്തുവിന്റെ രണ്ടാം വരവിനെ വിവരിക്കുന്ന സുവിശേഷ ഭാഗം തീർച്ചയായും ക്രിസ്തുവിന്റെ വരവിനായി ഒരുങ്ങുന്ന ഈ കാലത്തിൽ നമുക്കൊരു മാർഗ്ഗദർശിയാണ്.

സംശുദ്ധമായ ഹൃദയത്തോടെ ഈ ബലി അർപ്പിക്കാനൊരുങ്ങുമ്പോൾ “ഞങ്ങൾ പാപം ചെയ്തു, വളരെക്കാലം ഞങ്ങൾ തിന്മയിൽ വ്യാപരിച്ചു (ഏശയ്യ 64:56)” എന്ന് വിലപിക്കുന്ന ഇസ്രായേൽ ജനത്തിന്റെ അനുതാപം നമുക്കും സ്വന്തമാക്കാം. കർത്താവ് കുശവനും നാം കളിമണ്ണുമാണെന്ന അവബോധത്തോടു കൂടി, ഏശയ്യാ പ്രവാചകന്റെ വാക്കുകളെ മുറുകെ പിടിച്ച്, ദൈവത്തിന് നമ്മുടെ ജീവിതത്തിൽ അവനിഷ്ടമുള്ളതുപോലെ പ്രവർത്തിക്കാൻ സാധിക്കുമെന്ന ദൈവാശ്രയ ബോധത്തോടെ ദിവ്യബലിയർപ്പിക്കാനായി നമുക്കൊരുങ്ങാം.

വചനപ്രഘോഷണ കർമ്മം

യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരീ, സഹോദരന്മാരേ,

വി.മർക്കോസിന്റെ സുവിശേഷം 13-ാം അദ്ധ്യായം മുഴുവൻ വെളിപാട് പുസ്തക ശൈലിയിൽ എഴുതപ്പെട്ടതാണ്. അതിലെ 33 മുതൽ 37 വരെയുള്ള തിരുവചനങ്ങളാണ് നാം ശ്രവിച്ചത്. ഇതിലൂടെ സുവിശേഷകൻ തന്റെ ശ്രോതാക്കളായ ആദിമസഭയിലെ അംഗങ്ങൾക്കും, ഇന്ന് നമുക്കും നൽകുന്ന ശക്തമായ സന്ദേശം “യേശു, ഒരിക്കൽ മരിച്ച് കടന്നുപോയ ഒരു പഴയകാല വ്യക്തിത്വമല്ല, മറിച്ച് ഇന്നും ജീവിക്കുന്ന ഇനി രണ്ടാമതും വരാനിരിക്കുന്ന ജീവനുള്ള ദൈവമാണന്നാണ്’.

യേശുവിന്റെ വരവ്:

യേശുവിന്റെ വരവിനെപ്പറ്റി പറയുമ്പോൾ നമ്മുടെ മുമ്പിലെത്തുന്ന മൂന്നു യാഥാർത്ഥ്യങ്ങളുണ്ട്:
ഒന്നാമതായി; യേശുവിന്റെ ആദ്യ വരവ്. വചനം മാംസമായത് നാം ആഘോഷിക്കാൻ പോകുന്ന ക്രിസ്തുമസ്.
രണ്ടാമത്തേത്; നാം കാത്തിരിക്കുന്ന ന്യായവിധിയ്ക്കായുള്ള ക്രിസ്തുവിന്റെ രണ്ടാം വരവ്. അതിന്റെ സമയമോ, കാലമോ എപ്പോഴാണന്ന് വ്യക്തമല്ലന്ന് ഇന്നത്തെ സുവിശേഷം നമ്മെ പഠിപ്പിക്കുന്നു.
മൂന്നാമത്തേത്; ദൈനംദിന ജീവിതത്തിൽ മറ്റു മനുഷ്യരിൽ നാം യേശുവിനെ കാണുന്നത്.

വീടുവിട്ട് ദൂരേയ്ക്ക് പോകുന്ന ഒരുവൻ സേവകർക്ക് അവരവരുടെ ചുമതലയും കാവൽക്കാരന് ഉണർന്നിരിക്കാനുള്ള കല്പനയും നൽകുന്നത് പോലെയാണിത് (മർക്കോസ് 13, 34). സുവിശേഷത്തിൽ കാണുന്ന ഈ സംഭവം അറിഞ്ഞും അറിയാതെയും നമ്മുടെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്. മൂത്ത മകനെയോ മകളെയോ വീടിന്റെ ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചിട്ട് മാതാപിതാക്കൾ പുറത്ത് പോകാറുണ്ട്. ഒരു ഓഫീസിന്റെ ചുമതല മുഴുവൻ ഒരു കീഴുദ്യോഗസ്ഥനെ ഏൽപ്പിച്ചിട്ട് പോകുന്ന മേലധികാരികളുമുണ്ട്. വ്യവസായ സ്ഥാപനം മുഖ്യ ജോലിക്കാരനെ ഏൽപ്പിച്ച് പോകുന്ന സ്ഥാപന മുതലാളിമാരുമുണ്ട്. എന്തിനേറെ പറയുന്നു, ടീച്ചറില്ലാത്ത സമയത്ത് ക്ലാസിലെ അച്ചടക്കം ക്ലാസ് ലീഡറെ ഏൽപ്പിച്ച് പോകുന്ന പ്രധാന അദ്ധ്യാപകർ തുടങ്ങി ധാരാളം ഉദാഹരണങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തിലുണ്ട്. വീട്ടിൽതിരികെ വരുന്ന മാതാപിതാക്കളും, മടങ്ങി വരുന്ന മേലധികാരിയും, സ്ഥാപന മുതലാളിയും, അപ്രതീക്ഷിതമായി ക്ലാസ്സിലേയ്ക്ക് മടങ്ങിവരുന്ന പ്രധാനാദ്ധ്യാപകനും കാണാൻ ആഗ്രഹിക്കുന്നത് ‘തങ്ങൾ ആരെയാണൊ ഉത്തരവാദിത്വം ഏൽപിച്ചിട്ട് പോയത് അവർ അവരുടെ കടമ പൂർണ്ണമായും പൂർത്തീകരിച്ചിരിക്കുന്നതാണ്’. ഇതാണ് ഇന്നത്തെ സുവിശേഷത്തിന്റെ കാതൽ. സേവകർക്ക് അവരുടെ ചുമതലയും കാവൽക്കാരന് ഉണർന്നിരിക്കാനുള്ള കല്പനയും നൽകുന്ന ഗൃഹനാഥൻ ചെയ്യുന്നത് ഇതാണ്.

ജാഗരൂകരായിരിക്കുവിൻ, കാത്തിരിക്കുവിൻ:

“ജാഗരൂകരായിരിക്കുവിൻ “, “കാത്തിരിക്കുവിൻ” എന്നതിന്റെ അർത്ഥം നിഷ്ക്രിയമായി തങ്ങളുടെ ഉത്തരവാദിത്വങ്ങളൊന്നും ചെയ്യാതെ യജമാനൻ പോയനിമിഷം മുതൽ വഴിയിലേക്ക് കണ്ണുംനട്ടിരിക്കും എന്നല്ല. മറിച്ച്, കൂടുതൽ ഉത്തരവാദിത്വബോധത്തോടെ അഞ്ച് താലന്തിനെ പത്താക്കിമാറ്റിയ സേവകന്റെ അതേ ഉത്സാഹത്തോടുകൂടി ജീവിതത്തിലെ ഉത്തരവാദിത്വങ്ങൾ പൂർത്തിയാക്കിക്കൊണ്ട്, ഓരോരുത്തരും ഏത് ജീവിതാവസ്ഥയിലാണോ ആ അവസ്ഥയിലെ കടമകൾ നിറവേറ്റുന്നതാണ് ക്രിയാത്മകമായ ജാഗരൂഗത.

കാവൽക്കാരനെപ്പോലെ ഉണർന്നിരിക്കുവാവും യേശു നമ്മോട് ആവശ്യപ്പെടുന്നുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് ഇന്നത്തെ ആധുനിക സംവിധാനങ്ങൾ ഉണ്ടാകുന്നതിനുമുമ്പ് കോട്ടമുകളിൽ എല്ലാവരേയും സംരക്ഷിച്ചുകൊണ്ട് ഉണർന്നിരിക്കേണ്ടത് കാവൽക്കാരന്റെ ചുമതലയായിരുന്നു. ഏറ്റവും പ്രത്യേകമായി ഗൃഹനാഥനോ, പ്രഭുവോ, രാജാവോ വരുമ്പോൾ കോട്ടവാതിൽ തുറന്ന് കൊടുത്ത് അവരെ സ്വീകരിക്കേണ്ട ചുമതലയും കാവൽക്കാരന്റെതാണ്. ഉണർന്നിരിക്കുന്ന കാവൽക്കാരന് രണ്ട് പ്രത്യേകതകളുണ്ട്; ‘അവൻ തന്നെ കുറിച്ചും, മറ്റുള്ളവരേക്കുറിച്ചും ബോധവാനാണ്’. ഈ രണ്ട് ഗുണങ്ങളും ക്രിസ്തുവിനുവേണ്ടി കാത്തിരിക്കുന്ന നമുക്കും ഉണ്ടാകണം.
ഒന്നാമതായി; നാം സ്വയം അറിയണം എന്റെ ജീവിതം എന്താണ്? എന്റെ ശക്തി എന്താണ്? എന്റെ ബലഹീനത എന്താണ്? ദൈവവുമായിട്ടുള്ള, സഹോദരന്മാരുമായിട്ടുള്ള എന്റെ ബന്ധം എന്താണ്.
രണ്ടാമതായി; എനിയ്ക്ക് ചുറ്റും, എന്റെ ഇടവകയിലും സമൂഹത്തിലും എന്താണ് നടക്കുന്നതെന്ന് ഞാനറിയണം.
ഈ രണ്ട് ബോദ്ധ്യങ്ങളുമുള്ള വ്യക്തികൾക്കേ ജീവിതമാകുന്ന ഭവനത്തിന്റെ കാവൽക്കാരനാകാൻ സാധിക്കൂ. ഈ ഗുണങ്ങളില്ലാത്ത കാവൽക്കാരന്റെ ഭൗത്യം പരാജയമാണ്. അവനെ ക്രിസ്തുവിന്റെ ശത്രുക്കൾ നശിപ്പിക്കും. എത്ര വലിയ ആക്രമണങ്ങളും നടത്തുവാൻ ശത്രുക്കൾ ആദ്യം ചെയ്യുന്നത് കാവൽക്കാരനെ കൊല്ലുകയാണ്.

ഉപസംഹാരം

ജാഗരൂകനായ കാവൽക്കാരന്റെ മറ്റൊരു ഗുണം ആ ഭവനത്തിലേയ്ക്ക് എന്ത് കൊണ്ട് വരണം, എന്ത് കൊണ്ട് വരേണ്ട എന്ന് പരിശോധിക്കുന്നതും നിയന്ത്രിക്കുന്നതും കാവൽക്കാരനാണ്. നമ്മുടെ ജീവിതമാകുന്ന ഭവനത്തിന് നമ്മെതന്നെ കാവൽക്കാരനായി ഏൽപ്പിച്ചിട്ട് ജാഗരൂകരായി ഉണർന്നിരിക്കാൻ ആവശ്യപ്പെടുന്ന യേശു ഈ ആഗമനകാലത്തിൽ നമ്മെ ഉദ്ബോധിപ്പിക്കുന്നത് ഇങ്ങനെയാണ്: എന്റെ വിശ്വാസ ജീവിതത്തെ തകർക്കുന്ന, നശിപ്പിക്കുന്ന പരിശുദ്ധാത്മാവിന് നിരക്കാത്ത എന്തെങ്കിലും കാര്യങ്ങളോ, ആശയങ്ങളോ, പ്രവർത്തികളോ ഉണ്ടങ്കിൽ ഒരു കർക്കശക്കാരനായ കാവൽക്കാരനെപ്പോലെ അതിനെതടഞ്ഞ് നിറുത്തി ക്രിസ്തുവിന് ജനിക്കത്തക്ക രീതിയിൽ നമ്മുടെ ഹൃദയത്തിലും ജീവിതത്തിലും ഒരു പുൽക്കൂടൊരുക്കാനാണ്.

ആമേൻ

vox_editor

Recent Posts

22nd Sunday_2025_വിട്ടുകൊടുക്കലിന്റെ സുവിശേഷം (ലൂക്കാ 14: 7-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…

11 hours ago

21st Ordinary Sunday_2025രക്ഷയുടെ വാതിൽ (ലൂക്കാ 13: 22 – 30)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…

1 week ago

സമാധാനവും ഭിന്നതയും (ലൂക്കാ 12:49-57)

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…

2 weeks ago

18th Sunday_Ordinary Time_ദ്രവ്യാസക്തി എന്ന നരകം (ലൂക്കാ 12: 13-21)

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…

4 weeks ago

സേവനത്തിന്റെ കരങ്ങൾക്ക് വിലങ്ങിടുന്ന രാഷ്ട്രീയം

സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…

1 month ago

ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…

1 month ago