Categories: Meditation

1st Sunday_Advent_Year B_”ജാഗരൂകരായിരിക്കുവിൻ” (മർക്കോ 13:33-37)

ശ്രദ്ധ - ജീവിതം ഒരു തമാശയല്ല എന്നു കരുതുന്നവരുടെ പുണ്യമാണത്...

ആഗമനകാലം ഒന്നാം ഞായർ

ജാഗരൂകരായിരിക്കുവിൻ. ഗുരുവിന്റെ ആഹ്വാനമാണിത്. എന്തിന് ജാഗരൂകരാകണം? ശ്രദ്ധിച്ചാൽ ഒരു പദനിസ്വനം നിനക്ക് കേൾക്കാം. കടന്നുപോയവൻ തിരികെ വരുന്നുണ്ട്. കാണുന്നത് മാത്രമല്ലല്ലോ ജീവിതം. അഗ്രാഹ്യമായ പല രഹസ്യാത്മകതകളും അതിലുണ്ട്. ഒരു ദൈവിക സാന്നിധ്യം നമുക്ക് ചുറ്റിലുമായി തഴുകി തലോടുന്നുണ്ട്. സ്നേഹം തേടി അലയുന്നവന് സ്വർഗ്ഗം ഒരു മരുപച്ചയൊരുക്കുന്നുണ്ട്. അപ്പോഴും പ്രകൃതി കാത്തിരിക്കുകയാണ് ഒരു പുതിയ ആകാശത്തിനും പുതിയ ഭൂമിക്കും വേണ്ടി. ദൈവം സ്നേഹമായി അരികിലുണ്ടാകുമ്പോൾ ജീവിതം പൂവണിയും. അതിന്റെ എല്ലാതലങ്ങളിലും. അപ്പോഴും നൊമ്പരങ്ങളുടെ നടുവിലിരുന്ന് ഒരുവൻ നെഞ്ച് തല്ലി പ്രാർത്ഥിക്കുന്നുണ്ട്; “കർത്താവേ, ആകാശം പിളർന്ന് ഇറങ്ങി വരേണമേ!” (ഏശയ്യ 64:1). അങ്ങനെയാണ് ദൈവം ഭൂമിയെ ചുംബിച്ചത്. ആ ചുംബനമാണ് ക്രിസ്തു. അതൊരു ആർദ്രമായ തഴുകലും കൂടിയായിരുന്നു. അന്ന് മുതലാണ് പ്രപഞ്ചത്തിന്റെ സൗന്ദര്യത്തിന് ദൈവീക മാനം ലഭിച്ചത്.

ഇനിയൊരു വരവ് ക്രിസ്തുവിന്റെ. അതാണ് ക്രൈസ്തവ ജീവിതത്തിന്റെ അന്തസത്തയും അർത്ഥവും. അവനുമായുള്ള കണ്ടുമുട്ടൽ. അവിടെയാണ് എല്ലാം നിശ്ചയിക്കപ്പെടുന്നത്. അപ്പോൾ അതിനു മുമ്പുള്ള ജീവിതം എന്താണ്? അതാണ് ഉണർവ്. സുവിശേഷം ആരംഭിക്കുന്നതും അവസാനിക്കുന്നതും ശ്രദ്ധിക്കുക: “ശ്രദ്ധാപൂർവ്വം ഉണർന്നിരിക്കുവിൻ” (v.33), “ജാഗരൂകരായിരിക്കുവിൻ” (v.37).

താലന്തിന്റെ ഉപമയിലെ യജമാനനെ പോലെ ഈ സുവിശേഷ ഭാഗത്തിലും ഒരു വീട്ടുടമസ്ഥനെ ചിത്രീകരിക്കുന്നുണ്ട്. സേവകർക്ക് അവരവരുടെ ചുമതലയും കാവല്ക്കാരന് ഉണർന്നിരിക്കാനുള്ള കൽപ്പനയും നൽകിയിട്ടാണ് അവൻ ദൂരേക്ക് പോകുന്നത്. എല്ലാം മനുഷ്യ കരങ്ങളിൽ ഏൽപ്പിച്ച് മാറിനിൽക്കുന്ന ഒരു ദൈവത്തിന്റെ ചിത്രം. മനുഷ്യന്റെ ധിഷണയിലും അവന്റെ ആർദ്രതയിലും വിശ്വസിക്കുന്ന ഒരു ദൈവം. മനുഷ്യരിൽ ആശ്രയിക്കുന്ന ഒരു ദൈവം! അപ്പോൾ നമ്മൾ എന്താണ് ഇനി ചെയ്യേണ്ടത്? അവബോധമുണ്ടാകുക. വലിയൊരു ഉത്തരവാദിത്വമാണ് ദൈവം നമ്മെ ഏൽപ്പിച്ചിരിക്കുന്നത് എന്ന അവബോധമുണ്ടാകുക. ഇനി ദൈവത്തിലേക്ക് വിരൽചൂണ്ടേണ്ട കാര്യമില്ല. ഇവിടെ എന്തു സംഭവിക്കുന്നുവോ അതിന്റെ ഉത്തരവാദിത്വം നമുക്കുതന്നെയാണ്. യുദ്ധം, പ്രകൃതിദുരന്തങ്ങൾ, നരഹത്യകൾ… ഉത്തരവാദിത്വം നമുക്കുതന്നെയാണ്.

“ശ്രദ്ധാപൂർവ്വം ഉണർന്നിരിക്കുവിൻ”. ശ്രദ്ധ. ജീവിതം ഒരു തമാശയല്ല എന്നു കരുതുന്നവരുടെ പുണ്യമാണത്. ഉണർവാണത്. ജീവിതത്തിന്റെ പച്ച യാഥാർത്ഥ്യങ്ങളുടെ മുൻപിൽ സ്വപ്നാത്മകമായ ഉണർവോടെ അവർ നിൽക്കും. ശ്രദ്ധക്കുറവു കൊണ്ട് മാത്രമാണ് നിധിയായി കരുതിയിരുന്ന പല നന്മകളെയും ബന്ധങ്ങളെയും ചവിറ്റുകൊട്ടയിലേക്ക് തള്ളേണ്ടി വന്നത്. ശ്രദ്ധക്കുറവു കൊണ്ടും മാത്രമാണ് വിലയേറിയ മുത്തുകളെ പന്നികൾക്ക് നൽകേണ്ടിയും വന്നത്. ഇത്തിരി ശ്രദ്ധിച്ചിരുന്നെങ്കിൽ… ശ്രദ്ധയോടെ ജീവിക്കുക. ദൈവികതയെ ശ്രദ്ധിക്കുക. ശ്രദ്ധിക്കുക മനസാക്ഷിയെ, എളിയവരുടെ സങ്കടങ്ങളെ, സഹജരെ, പക്ഷികളെ, മൃഗങ്ങളെ, കാറ്റിനെ, വെള്ളത്തെ, ചെടികളെ, പൂക്കളെ, പൂമ്പാറ്റകളെ, അങ്ങനെയങ്ങനെയങ്ങനെ… സ്വന്തം ഹൃദയ ചോദനയെ ശ്രദ്ധിക്കുക. അതിന്റെ തുടിപ്പിന്റെ താളത്തിൽ ദൈവം നിനക്കായി മാത്രം ഒരു ഈണമീട്ടുന്നത് കേൾക്കാൻ സാധിക്കും.

“ജാഗരൂകരായിരിക്കുവിൻ”. ജാഗ്രത. മുന്നിലേക്ക് നോക്കാനുള്ള കഴിവാണത്. ഇരുളിന്നിടയിലൂടെ അർക്കന്റെ രശ്മികളെ ഉറ്റു നോക്കാൻ സാധിക്കുന്ന മനസ്സാണത്. ഇന്നത്തെ ഇരുളിമയോ നൊമ്പരമോ ആകുലതയോ ആനന്ദമോ ആഹ്ലാദമോ യഥാർത്ഥ ജീവിതത്തിന് പര്യാപ്തമേയല്ല. ജാഗ്രത. അത് സംരക്ഷണം കൂടിയാണ്. നവ ജീവനുകളുടെ പൂവിടലിനുവേണ്ടി ജാഗരൂകരായിരിക്കുവിൻ. സമാധാനത്തിന്റെ ആദ്യ ചുവടുകൾക്ക് വേണ്ടി, പ്രകാശ നിർഭരമായ നിശ്വാസത്തിനു വേണ്ടി, ജൈവീകതയുടെ തളിരുകൾ കിളിർക്കുന്നതിനു വേണ്ടി ജാഗരൂകരായിരിക്കുവിൻ. ഇതാണ് ഓരോ ക്രൈസ്തവന്റെയും ദൈവവിളി. ഉണർന്നിരിക്കുക. സംരക്ഷണമായി മാറുക. കാരണം, “അവൻ പെട്ടെന്ന് കയറി വരുമ്പോൾ നിങ്ങളെ നിദ്രാധീനരായി കാണരുതല്ലോ” (v.36).

ക്രൈസ്തവികതയിലെ അപകടസാധ്യത എന്താണെന്നറിയാമോ? ജാഗ്രതയില്ലാതെ നിദ്രാലസമായ ഒരു ജീവിതമാണ്. ചൂടുമല്ല തണുപ്പുമല്ലാത്ത ഒരു അവസ്ഥയാണത്. ഇത് തന്നെയാണ് നിസ്സംഗത, ഉദാസീനത. കാറ്റിനെ പ്രസവിക്കുന്ന ഗർഭിണികളെ പോലെയാണവർ. വയർ എപ്പോഴും വീർത്തിരിക്കും. ഗർഭാരിഷ്ടതയുടെ അലസതയുമുണ്ടാകും. പക്ഷേ പുറത്തേക്കു വരുന്നതോ വെറും ശൂന്യത മാത്രം. ഓർക്കുക, ക്രിസ്തുവിന്റെ അനുയായികൾക്ക് അലസരാകാൻ സാധിക്കില്ല. അവർ ഉണർന്നിരിക്കും. സഹജന്റെ നൊമ്പരങ്ങളിൽ ശ്രദ്ധയോടെ ഇടപെടും. രക്ഷകന്റെ വരവിനായി കാതോർക്കും.

vox_editor

Recent Posts

15th Sunday_Ordinary Time_നീ സ്നേഹിക്കണം (ലൂക്കാ 10: 25 – 37)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…

5 days ago

14th Sunday_Ordinary Time_സുവിശേഷാത്മകമാകട്ടെ നമ്മുടെ ജീവിതം (ലൂക്കാ 10: 1-12, 17-20)

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…

2 weeks ago

ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം: ലിയോ പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ഥനാ നിയോഗം

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…

2 weeks ago

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോണിയുമായി കൂടികാഴ്ച നടത്തി ലിയോ 14-ാമന്‍ പാപ്പ.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…

2 weeks ago

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

3 weeks ago

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

4 weeks ago