Categories: Meditation

1st Sunday of Lent_Year C_പരീക്ഷണങ്ങൾ (ലൂക്ക 4:1-13)

മൂന്നു പരീക്ഷണങ്ങളിൽ പ്രധാനമായും അടങ്ങിയിരിക്കുന്ന ഒരു കാര്യം മനുഷ്യനുമായി കച്ചവട സാധ്യത തിരയുന്ന പ്രലോഭകന്റെ ചിത്രമാണ്...

തപസ്സുകാലം ഒന്നാം ഞായർ

തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന പൈശാചികമായ പ്രലോഭനങ്ങളെ വചനത്തിന്റെ ശക്തിയാൽ യേശു അതിജീവിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷ ഭാഗം. അവന് അഭിമുഖീകരിക്കേണ്ടിവന്ന മൂന്ന് പ്രലോഭനങ്ങൾ മനുഷ്യകുലത്തിന് എക്കാലവും സംഭവിക്കാവുന്ന പ്രലോഭനങ്ങളാണ്. എന്താണ് പ്രലോഭനങ്ങൾ? ബന്ധങ്ങളുടെ ആഴമായ തലത്തിൽ നമ്മൾ എടുക്കുന്ന തീരുമാനങ്ങളുടെ തകിടം മറിച്ചിലുകളാണത്.

ആദ്യ പരീക്ഷണം: “ഈ കല്ലിനോട് അപ്പമാകാൻ കൽപ്പിക്കുക” (v.3). കല്ലോ അതോ അപ്പമോ? ചോയ്സ് രണ്ടേ ഉള്ളൂ. പക്ഷേ അവൻ മൂന്നാമത്തെ വഴി വെട്ടിത്തെളിക്കുകയാണ്. കല്ലും അപ്പവും കൊണ്ടുമാത്രമല്ല മനുഷ്യൻ ജീവിക്കുന്നത്, അതിനേക്കാൾ വലിയ കാര്യങ്ങൾക്ക് വേണ്ടിയാണ് അവൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അപ്പം അവശ്യ ഘടകം തന്നെയാണ്. പക്ഷേ അതിനേക്കാൾ ആവശ്യമുള്ള മറ്റു പലതുമുണ്ട്. സഹജീവികൾ, സ്നേഹ വികാരങ്ങൾ, ബന്ധങ്ങൾ, നമ്മിൽ കുടികൊള്ളുന്ന നിത്യത, ഇവയെല്ലാം കല്ലിനെക്കാളും അപ്പത്തിനേക്കാളും പ്രാധാന്യമർഹിക്കുന്നതാണ്. സ്വർഗ്ഗത്തിനോടുള്ള വിശപ്പായിരിക്കണം നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കേണ്ടത്. അതുകൊണ്ടാണ് യേശു പറയുന്നത് അപ്പംകൊണ്ടു മാത്രമല്ല മനുഷ്യൻ ജീവിക്കുന്നതെന്ന്. മനുഷ്യന് ദൈവത്തിന്റെ നാവിൽ നിന്നും ഉതിരുന്ന വചനങ്ങളും വേണം. കാരണം ആ വചനത്തിൽ നിന്നാണ് പ്രകാശം ഉണ്ടായത്. ഈ ഭൂതലവും അതിന്റെ സൗന്ദര്യവും നമ്മൾ ശ്വസിക്കുന്ന വായുവും ദൈവവചനത്തിൽ നിന്നും രൂപപ്പെട്ടതാണ്. ശരീരത്തിന്റെ തൃഷ്ണകളിലും നമ്മുടേതായ പൊങ്ങച്ചത്തിന്റെ കൽകൂടാരങ്ങളിലും ഒതുങ്ങി നിൽക്കേണ്ടവരല്ല നമ്മൾ.

രണ്ടാമത്തെ പരീക്ഷണം: “നീ എന്നെ ആരാധിച്ചാൽ ഇവയെല്ലാം നിന്റേതാകും” (v.7). പ്രലോഭകനെ അനുഗമിക്കാനുള്ള ക്ഷണമാണിത്. അവന്റെ ലോജിക് സ്വീകരിച്ച് ബാഹ്യമായ പലതും സ്വന്തമാക്കാനുള്ള ക്ഷണം. പ്രലോഭകൻ ഒരു ഉടമ്പടി അല്ലെങ്കിൽ ഒരു കച്ചവടം നടത്താൻ ശ്രമിക്കുന്നു. അവൻ ഉദ്ദേശിക്കുന്നത് നീ നിന്നെ പൂർണമായി എനിക്ക് നൽകുക അപ്പോൾ ഞാൻ നിനക്ക് സ്ഥാനമാനങ്ങൾ നൽകാമെന്നതാണ്. കച്ചവടത്തിനേക്കാൾ ഉപരി അടിമത്തത്തിന്റെ തലം ഇവിടെ അടങ്ങിയിട്ടുണ്ട്. ഇത് ദൈവത്തിൽനിന്നും വിപരീതമായ തലമാണ്. ദൈവ-മനുഷ്യ ബന്ധത്തിൽ കച്ചവടത്തിന് സ്ഥാനമില്ല. പക്ഷെ പ്രലോഭകന്റെ ബന്ധത്തിന്റെ അടിത്തറ കച്ചവടം മാത്രമാണ്. എത്രയോപേർ സ്ഥാനമാനങ്ങൾ ആഗ്രഹിച്ച് ഈ പ്രലോഭനത്തിൽ അകപ്പെട്ടിട്ടുണ്ട്! ആത്മാവിനെ നാശത്തിലേക്ക് നയിക്കുന്ന പ്രലോഭനമാണിത്. വ്യക്തമായ ദൈവീക ബോധവും ആത്മീയ ശക്തിയും ഉള്ളവർക്ക് മാത്രമേ ഈ പ്രലോഭനത്തെ അതിജീവിക്കാൻ സാധിക്കു.

മൂന്നാമത്തെ പരീക്ഷണം: “നീ താഴേക്കു ചാടുക. നിന്നെ സംരക്ഷിക്കാൻ ദൈവം ദൂതന്മാരോടു കല്പിക്കും” (v.10). ഇത് ദൈവത്തിനോടുള്ള വെല്ലുവിളിയാണ്. ദൈവത്തിനോട് സ്വന്തം കാര്യത്തിനു വേണ്ടി അത്ഭുതം പ്രവർത്തിക്കാൻ ആവശ്യപ്പെടുകയാണ്. ഈ പ്രലോഭനം വിശ്വാസത്തിന്റെ ആഴമായ തലം എന്ന പ്രതീതി ഉളവാക്കുന്നുണ്ടെങ്കിലും, ദൈവത്തിലുള്ള വിശ്വാസം മുതലെടുത്ത് സ്വന്തം കാരിക്കേച്ചർ വരയ്ക്കാനുള്ള ശ്രമമാണിത്. ദൈവത്തെയല്ല, മറിച്ച് ദൈവത്തിന്റെ അനുഗ്രഹങ്ങളെ മാത്രം അന്വേഷിക്കുന്ന ഒരു വിചാരം. ദാനം വേണം ദായകനെ വേണ്ട. ദൈവത്തെ ഒരു ദാസനായി കാണുന്ന മനോഭാവമാണിത്. എന്റെ ആവശ്യത്തിന് അവൻ മാലാഖമാരെ അയച്ചുതരണം. ഇനി അഥവാ മാലാഖമാർക്ക് പകരം വല്ല രോഗമോ വേദനയോ മരണമോ വന്നാലോ അപ്പോൾ നമ്മൾ ചോദിക്കും ദൈവം എന്തേ ഇടപെടാത്തതെന്ന്. എവിടെ സംരക്ഷിക്കുമെന്ന് പറഞ്ഞ മാലാഖമാർ? ഓർക്കുക, ദൈവം മാലാഖമാരെ അയക്കുന്നുണ്ട്. നല്ല മനുഷ്യരുടെ രൂപത്തിൽ. നമ്മുടെ ആഗ്രഹങ്ങൾ സഫലമാകുന്നതിന് വേണ്ടിയല്ല, നമുക്കു പോലും അറിയാൻ സാധിക്കാത്ത ദൈവികസ്വപ്നങ്ങൾ നമ്മിൽ പൂവണിയുന്നതിനു വേണ്ടി.

ഈ മൂന്നു പരീക്ഷണങ്ങളിൽ പ്രധാനമായും അടങ്ങിയിരിക്കുന്ന ഒരു കാര്യം മനുഷ്യനുമായി കച്ചവട സാധ്യത തിരയുന്ന പ്രലോഭകന്റെ ചിത്രമാണ്. ‘ഞാൻ നിനക്ക് തരാം, നീ എനിക്കു തരിക’ എന്നതാണ് ഈ പരീക്ഷണങ്ങളുടെ പിന്നിലുള്ള ലോജിക്. ഇത് ദൈവത്തിന്റെ യുക്തി അല്ല. ഇത് ദൈവത്തിൽ നിന്നും തീർത്തും വിപരീതമാണ്. എന്തുകൊണ്ടെന്നാൽ ദൈവം സ്നേഹമാണ്. സ്നേഹത്തിൽ വാണിജ്യമില്ല. അവിടെയുള്ളത് ശൂന്യവൽക്കരണം മാത്രമാണ്.

പ്രലോഭകന്റെ യുക്തി ഇങ്ങനെയാണ്: ‘നിനക്ക് മനുഷ്യരെ സ്വന്തമാക്കാൻ ആഗ്രഹമുണ്ടോ എങ്കിൽ അവർക്ക് അപ്പവും സ്ഥാനമാനങ്ങളും നൽകുക, അവർ നിന്നെ അനുഗമിച്ചു കൊള്ളും’. പക്ഷേ യേശുവിന്റെ യുക്തി തീർത്തും വിപരീതമാണ്. അവൻ ആരെയും സ്വന്തമാക്കുകയോ പിടിച്ചെടുക്കുകയോ ചെയ്യുന്നില്ല. ദൈവത്തിന് ഭക്തരായ അടിമകളെയല്ല വേണ്ടത്. മറിച്ച് സ്വാതന്ത്ര്യം അനുഭവിക്കുന്ന, സ്നേഹിക്കുന്ന, ഉദാരമതികളായ മക്കളെയാണ്.

vox_editor

Recent Posts

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ ശുശ്രൂഷയും ശ്രദ്ധയും (ലൂക്കാ 10: 38-42)

  യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…

2 days ago

15th Sunday_Ordinary Time_നീ സ്നേഹിക്കണം (ലൂക്കാ 10: 25 – 37)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…

1 week ago

14th Sunday_Ordinary Time_സുവിശേഷാത്മകമാകട്ടെ നമ്മുടെ ജീവിതം (ലൂക്കാ 10: 1-12, 17-20)

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…

2 weeks ago

ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം: ലിയോ പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ഥനാ നിയോഗം

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…

3 weeks ago

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോണിയുമായി കൂടികാഴ്ച നടത്തി ലിയോ 14-ാമന്‍ പാപ്പ.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…

3 weeks ago

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

3 weeks ago