Categories: Meditation

19th Sunday_നിത്യജീവന്റെ അപ്പം (യോഹ 6: 41-51)

നസ്രത്തിലെ യേശുവാണ് ദൈവത്തിന്റെ യഥാർത്ഥ മുഖം നമുക്ക് വെളിപ്പെടുത്തിയത്...

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ

ജനക്കൂട്ടം എപ്പോഴും അങ്ങനെയാണ്. അവർക്കു വേണ്ടത് അപ്പമാണ്. അതു തരുന്ന ദൈവത്തെ വേണമെന്നില്ല. അപ്പം തന്നെയാണ് ദൈവമെങ്കിലോ? എങ്കിൽ അവർ ആ ദൈവത്തിന്റെ ചരിത്രം അന്വേഷിക്കും. അങ്ങനെയാണ് അവർ പിറുപിറുക്കുന്നത്: “ഇവൻ ജോസഫിന്റെ മകനായ യേശുവല്ലേ? ഇവന്റെ അച്ഛനെയും അമ്മയെയും നമുക്കറിഞ്ഞു കൂടേ? പിന്നെ എങ്ങനെയാണ് “ഞാൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്നിരിക്കുന്നു” എന്നു പറയുന്നത്? യോഹന്നാന്റെ സുവിശേഷത്തിൽ ജോസഫിന്റെ പേര് പ്രത്യക്ഷപ്പെടുന്ന ഒരേയൊരു സന്ദർഭമാണിത്. നമ്മെപ്പോലെ മനുഷ്യനായ നസ്രത്തിലെ യേശു എങ്ങനെ ദൈവമാകും? ഇതാണ് കുർബാനയുടെ പ്രശ്നവും. ഒരപ്പക്കഷണം എങ്ങനെ ദൈവശരീരമാകും? അതെ, ജനക്കൂട്ടം എപ്പോഴും സംശയത്തിന്റെയും വിശ്വാസത്തിന്റെയും ആപേക്ഷികതയിലാണ്. വിശ്വസിക്കാനും കുറ്റപ്പെടുത്താനും പാടുപെടുന്നവരാണവർ.

ഭൗമീകതയിൽ രമിക്കുന്നവർക്ക് സ്വർഗീയതയുടെ ഭാഷ മനസ്സിലാകണമെന്നില്ല. യേശുവിന് ഒരു മതാത്മകമായ മുഖം ഉണ്ടായിരുന്നോ എന്ന കാര്യം സംശയമാണ്. മതപരമായ ഏതെങ്കിലും പ്രശ്നം അവൻ പരിഹരിച്ചതായി അറിയില്ല. എന്നിട്ടും അവൻ പറയുന്നത് നിത്യജീവൻ നൽകുന്ന ജീവന്റെ അപ്പം താൻ ആണെന്നാണ്. ഇതു ദൈവത്തെക്കുറിച്ച് അവർക്കുണ്ടായിരുന്ന ആശയവുമായി പൊരുത്തപ്പെടുന്നതല്ല. ഈ സത്യം എത്രപേർ ഇന്നും ഉൾക്കൊള്ളുന്നുണ്ട് എന്ന കാര്യം സംശയമാണ്. അവനോടൊപ്പം രാവും പകലും ജീവിച്ചിരുന്നവർക്കു പോലും, അപ്പവും മത്സ്യവും പ്രതീക്ഷയും ഒരുമിച്ചു പങ്കിട്ടവർ പോലും അത് മനസ്സിലാക്കിയില്ല.

അടിസ്ഥാനപരമായ ചോദ്യം ഒന്നു മാത്രമാണ്: നസ്രത്തിലെ യേശു ആരാണ്? സുവിശേഷം ഒരു വ്യക്തിയുടെ കഥയാണ്, ഒരു ആശയത്തിന്റെ വെളിപ്പെടുത്തലല്ല. ദൈവത്തെക്കുറിച്ചുള്ള ആശയത്തിൽ നിന്ന് യേശുവിലേക്കുള്ള വ്യക്തിപരമായ കണ്ടുമുട്ടലിലേക്കുള്ള പരിവർത്തനമാണത്. അത് ഒരേ സമയം ദൈവം ആരാണെന്നതിനെക്കുറിച്ചുള്ള ബോധനവും ദൈവത്തെക്കുറിച്ചുള്ള നമ്മുടെ അസംബന്ധ ആശയങ്ങളുടെ ദുരീകരണവുമാണ്. സുവിശേഷത്തിലെ ഈശ്വര സങ്കല്പം ആശയങ്ങളുടെ ആധിക്യത്താൽ തെറ്റിദ്ധരിക്കപ്പെടുന്നതിൽ മടുത്തു മാംസമായ ദൈവമാണ്. നമ്മെപ്പോലെ വിയർക്കുകയും തളരുകയും ചിരിക്കുകയും ചെയ്യുന്ന ദൈവം. നല്ല സമരിയാക്കാരനെപ്പോലെ മുറിവേറ്റ മനുഷ്യരാശിയെ തോളോടു ചേർക്കുന്ന ദൈവം. നൊമ്പരങ്ങളിൽ ആശ്വാസമാകുകയും, സൗഹൃദവും ആതിഥ്യമര്യാദയും ഇഷ്ടപ്പെടുന്ന ദൈവം.

നസ്രത്തിലെ യേശുവാണ് ദൈവത്തിന്റെ യഥാർത്ഥ മുഖം നമുക്ക് വെളിപ്പെടുത്തിയത്. ക്ഷമിക്കുന്ന, നിശബ്ദനായ, മനുഷ്യനെ ബഹുമാനിക്കുന്ന ഒരു പിതാവാണ് ആ ദൈവം. പക്ഷേ നമുക്കു വേണ്ടത് നമ്മുടെ പ്രാർത്ഥനകൾ കേൾക്കുന്ന ശക്തനായ ഒരു ദൈവത്തെയാണ്. അപ്പമായി മാറുന്ന ദൈവം നമ്മിൽ ഒരാളാകാൻ ആഗ്രഹിക്കുന്ന ദൈവമാണ്. ദരിദ്രവും അസ്വസ്ഥവുമായ മനുഷ്യത്വമാണ് ആ ദൈവം.

ദൈവം ജീവൻ നൽകുന്ന അപ്പമാണെങ്കിൽ അതിനർത്ഥം മനുഷ്യരിൽ, സാഹചര്യങ്ങളിൽ, ചരിത്രത്തിൽ മറഞ്ഞിരിക്കുന്ന അവതാരമാണെന്നാണ്. അൾത്താരയിലെ അപ്പത്തിൽ നമ്മൾ ദൈവത്തെ കാണുന്നില്ല, പക്ഷെ തിരിച്ചറിയുന്നുണ്ട്. അതിനർത്ഥം കാഴ്ചയിൽ നിറയുന്നവനല്ല ദൈവം, കാഴ്ചയിൽ തിരിച്ചറിയേണ്ടവനാണ്. ഈ ദൈവം പ്രശ്നങ്ങൾ പരിഹരിക്കുന്നവനല്ല, പങ്കുവയ്ക്കുന്നവനാണ്. അതുകൊണ്ടാണ് ആയിരക്കണക്കിന് ആളുകൾക്ക് ഭക്ഷണം നൽകാൻ അഞ്ചപ്പവും രണ്ടു മീനും നമ്മളിൽ നിന്നും അവൻ ആവശ്യപ്പെടുന്നത്.
“എന്നെ അയച്ച പിതാവ് ആകർഷിച്ചവനല്ലാതെ ഒരുവനും എന്റെ അടുക്കൽ വരാൻ സാധിക്കുകയില്ല”. ഈ ആകർഷണമാണ് ക്രൈസ്തവീകതയുടെ അടിത്തറ. ഇത് ദൈവത്തിന്റെ പ്രവൃത്തിയാണ്. നമ്മളല്ല, ദൈവമാണ് ആദ്യം വിശ്വസിക്കുന്നതും സ്നേഹിക്കുന്നതും. ദൈവത്തിൻ്റെ സ്നേഹമാണ് ഈ ആകർഷണം. അത് അനർഹവും നിരുപാധികവുമായ സ്നേഹമാണ്. നമുക്ക് ഈ സ്നേഹത്തിന്റെ തിരമാലകളിൽ അകപ്പെട്ട് ആഴങ്ങളിലേക്ക് പോകുകയല്ലാതെ മറ്റൊന്നും ചെയ്യാൻ സാധിക്കില്ല.

“സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, വിശ്വസിക്കുന്നവന് നിത്യജീവനുണ്ട്”. യേശുവിലുള്ള വിശ്വാസമാണ് നിത്യജീവൻ്റെ അടിസ്ഥാനം. വിശ്വസിക്കുന്നവന് നിത്യജീവൻ “ഉണ്ടായിരിക്കും” എന്നല്ല, “നിത്യജീവനുണ്ട്” എന്നാണ് അവൻ പറയുന്നത്. ഇത് ഭാവിയിലേക്കുള്ള വാഗ്ദാനമല്ല, വർത്തമാനകാലമാണ്! വിശ്വസിക്കുന്നവന്, അതായത്, അവനെപ്പോലെ ജീവിക്കുന്നവന്, നിത്യജീവൻ ഉണ്ട്, ഇപ്പോൾ, വർത്തമാനകാലത്തിൽ. “നിത്യജീവിതം” എന്നത് മരണാനന്തര ജീവിതം അല്ല, ജീവിതത്തിന്റെ പൂർണതയാണ്. അതായത്, മരണത്തെ അതിജീവിക്കാൻ കഴിവുള്ള മഹത്തായ ജീവിതമാണ് യേശു നമുക്ക് നൽകുന്നത്. അത് പുനരുത്ഥാനമാണ്. അപ്പോഴും ഓർക്കണം, നമ്മുടെ ധാർമികതയ്ക്ക് ലഭിക്കുന്ന ഒരു പ്രതിഫലമല്ല നിത്യജീവൻ, വർത്തമാനകാലത്തെ ഒരു “ജീവിതരീതി” ആണ്. അത് യേശുവിൽ വിശ്വസിക്കുന്നവർ സ്വായത്തമാക്കുന്ന ജീവിത രീതിയാണ്. നാളെ അല്ല നിത്യത ആരംഭിക്കുന്നത്, അത് ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു.

ഭക്ഷിക്കുക എന്ന ക്രിയയാണ് ഈ സുവിശേഷ ഭാഗത്തിലെ പ്രധാന ആശയം. ക്രൈസ്തവീകതയുടെ കേന്ദ്രമാണ് ഈ ക്രിയ. ഭക്ഷിക്കുക എന്നത് ജീവിതത്തിന്റെയും മരണത്തിന്റെയും തുലാസിൽ നിൽക്കുന്ന യാഥാർത്ഥ്യമാണ്. ദൈവവും ഇതുപോലെയാണ്: ജീവിതത്തിന്റെയും മരണത്തിന്റെയും വിഷയമാണ്. യേശു പാപികളോടും പീഡിതരോടും ഒപ്പം ഭക്ഷണം കഴിക്കുന്നുണ്ട്. ഭക്ഷണം ജീവന്റെ മാത്രമല്ല, ആനന്ദത്തിന്റെയും പ്രതീകമാണ്. ഉപവാസത്തിലല്ല ദൈവം ആനന്ദമാകുന്നത്, ഭക്ഷണ മേശയിലാണ്. അതുകൊണ്ടാണ് യേശു അപ്പമായി സ്വയം പകുത്തു നൽകുന്നത്, നമ്മുടെ മേശയിലെ ഒരു അംഗമാകുന്നത്. ക്രൈസ്തവികതയെ ആത്മരക്ഷയുടെ മതമായിട്ടാണ് കരുതുന്നത്. ക്രിസ്തുമതം ആത്മാവിന്റെ മാത്രം മതമല്ല, ശരീരത്തിന്റെയും മതമാണ്. ഒരു വ്യക്തിയെ മറ്റുള്ളവരുമായി ഒന്നിപ്പിക്കുന്ന എല്ലാം ശരീരത്തിൽ ഉണ്ട്: വാക്ക്, നോട്ടം, ആംഗ്യം, കേൾക്കൽ, ഹൃദയം. അതുകൊണ്ടാണ് അവൻ തന്റെ ശരീരം നമുക്ക് നൽകിയത്, തന്റെ മുഴുവൻ ചരിത്രവും നമുക്ക് നൽകിയത്.

vox_editor

Recent Posts

22nd Sunday_2025_വിട്ടുകൊടുക്കലിന്റെ സുവിശേഷം (ലൂക്കാ 14: 7-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…

15 hours ago

21st Ordinary Sunday_2025രക്ഷയുടെ വാതിൽ (ലൂക്കാ 13: 22 – 30)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…

1 week ago

സമാധാനവും ഭിന്നതയും (ലൂക്കാ 12:49-57)

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…

2 weeks ago

18th Sunday_Ordinary Time_ദ്രവ്യാസക്തി എന്ന നരകം (ലൂക്കാ 12: 13-21)

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…

4 weeks ago

സേവനത്തിന്റെ കരങ്ങൾക്ക് വിലങ്ങിടുന്ന രാഷ്ട്രീയം

സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…

1 month ago

ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…

1 month ago