Categories: Meditation

18th Sunday_വിശ്വാസവും അത്ഭുതങ്ങളും (യോഹ 6: 24-35)

ഒരുവിധത്തിൽ പറഞ്ഞാൽ ദൈവത്തെയല്ല അവർക്ക് വേണ്ടത്, കുറച്ചു നേട്ടങ്ങൾ മാത്രമാണ്...

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ

അപ്പം വർദ്ധിപ്പിച്ചതിനു ശേഷം യേശു അഭിമുഖീകരിച്ചത് വലിയൊരു പ്രലോഭനമാണ്. ജനം അവനെ രാജാവാക്കാൻവേണ്ടി ബലമായി പിടിച്ചുകൊണ്ടുപോകാൻ ഭാവിച്ചു (6:15) അവരിൽ നിന്നും ഒഴിഞ്ഞുമാറി പ്രാർത്ഥനയിലൂടെയാണ് അവൻ അതിനെ അതിജീവിച്ചത്. എന്നിട്ട് അവൻ അവിടെനിന്നും കഫർണാമിലേക്ക് പോകുകയാണ്. ജനങ്ങൾ വീണ്ടും അവനെ തേടി വരുന്നു. അവരുടെ പ്രശ്നം വിശപ്പാണ്. വിശപ്പു മാറ്റുന്ന ഒരു മിശിഹായെ അവർക്കു വേണം. അവർക്ക് അത്ഭുതം വേണം. പക്ഷേ അവൻ പ്രവർത്തിച്ചത് അത്ഭുതമല്ല, അടയാളമാണെന്ന കാര്യം അവർ തിരിച്ചറിയുന്നില്ല. അവരോടാണ് യേശു ചോദിക്കുന്നത്: നിങ്ങൾ എന്തിനാണ് എന്നെ അന്വേഷിക്കുന്നത്? നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത്? നിങ്ങൾക്ക് ആരെയാണ് വേണ്ടത് (cf. 6:26).

യേശുവിന് വ്യക്തമായി അറിയാം എന്തിനാണ് പലരും തന്നെ അന്വേഷിക്കുന്നതെന്ന കാര്യം: “അപ്പം ഭക്ഷിച്ച് തൃപ്തരായതുകൊണ്ടാണ് നിങ്ങൾ എന്നെ അന്വേഷിക്കുന്നത്”(6:26).

എന്നിട്ട് അവൻ പറയുന്നു: “നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ, മനുഷ്യപുത്രൻ തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിൻ” (6:27). ജീവൻ ശാരീരികവുമുണ്ട്, ആത്മീയവുമുണ്ട്. ശാരീരിക ജീവൻ ജീവശാസ്ത്രപരമായ ജീവനാണ്. അത് പരിപോഷിപ്പിക്കപ്പെടുക ഭക്ഷണം, വെള്ളം തുടങ്ങിയ പോഷകങ്ങൾ കൊണ്ടാണ്. ആത്മീയജീവിതത്തിന്റെ നിർവൃതി നിശബ്ദത, വിസ്മയം, അറിവ്, വികാരങ്ങൾ, പ്രാർത്ഥന, സ്നേഹം, ഔദാര്യം, ഉത്സാഹം എന്നിവയാണ്. അതിന്റെ പോഷകം ദൈവമാണ്. യേശു ഒരിക്കലും ഭൗതിക ഭക്ഷണത്തെ പുച്ഛിക്കുന്നില്ല. അപ്പോഴും അവൻ ആവർത്തിച്ചു പറയുന്ന ഒരു കാര്യമുണ്ട്; “മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത്”. അനശ്വരമായ ഭക്ഷണത്തിനുവേണ്ടി പ്രയത്നിക്കണം നമ്മൾ. അത് യേശുവിനു മാത്രമേ നൽകാൻ സാധിക്കു. അതുകൊണ്ടാണ് അവൻ പറയുന്നത് “ദൈവം അയച്ചവനായ എന്നിൽ വിശ്വസിക്കുവിൻ”. എന്നിട്ടും വിശ്വസിക്കാനായി അവർ തിരയുന്നത് അത്ഭുതങ്ങളെയാണ്.

ജനങ്ങൾക്ക് വേണ്ടത് അത്ഭുതങ്ങളാണ്; ഏതു സാഹചര്യത്തിലും ഇന്ദ്രിയനുഭവമായി ഇടപെടുന്ന ഒരു ദൈവത്തെ. ഒരുവിധത്തിൽ പറഞ്ഞാൽ ദൈവത്തെയല്ല അവർക്ക് വേണ്ടത്, കുറച്ചു നേട്ടങ്ങൾ മാത്രമാണ്. ഇന്നും ദൈവം നമ്മൾക്ക് ഒരു അത്ഭുതപ്രവർത്തകൻ മാത്രമാണ്. അതുകൊണ്ടാണ് അനശ്വരമായതിനേക്കാൾ നമ്മൾ ഇഷ്ടപ്പെടുന്നത് നശ്വരം തന്നെയാണെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കുന്നത്.

അത്ഭുതമെന്നത് നമ്മുടെ കാഴ്ചപ്പാടിന്റെ ഒരു വിഷയമാണ്. ദൈവത്തിന്റെ അസാധാരണമായ അടയാളങ്ങൾ ഗ്രഹിക്കാൻ നമുക്ക് സാധിക്കുന്നില്ല. നയനങ്ങളല്ല അത്ഭുതങ്ങളെ കാണിച്ചുതരുന്നത്, ഹൃദയമാണ്. അത്ഭുതം ഒരു സംഭവമല്ല, സാന്നിധ്യമാണ്. ദൈവത്തിന്റെ സാന്നിധ്യം. ആ സാന്നിധ്യമാണ് നമ്മുടെ ഹൃദയങ്ങളിൽ പരിവർത്തനം ഉണ്ടാക്കുന്നത്. അതിനാൽ നമുക്ക് വേണ്ടത് ഹൃദയപരമാർത്ഥതയാണ്. ഇന്നും നമ്മൾ പലയിടങ്ങളിലും അത്ഭുതങ്ങൾ അന്വേഷിച്ച് നടക്കുകയാണ്. അത്ഭുതങ്ങൾ തേടുന്നവരിൽ ദൈവവുമായി ഒരു ആത്മബന്ധം ഉണ്ടാകണമെന്നില്ല. അങ്ങനെയുള്ളവരുടെ വിശ്വാസം യഥാർത്ഥ വിശ്വാസമല്ല, ആത്മരതിയിൽ അധിഷ്ഠിതമായ അന്ധവിശ്വാസം മാത്രമാണത്.

ആരെയും ബോധിപ്പിക്കാൻ വേണ്ടിയല്ല യേശു അടയാളങ്ങൾ പ്രവർത്തിച്ചത്. അത്ഭുതത്തിനു മുൻപ് അവൻ വിശ്വാസം ആവശ്യപ്പെടുന്നുണ്ട്. വിശ്വാസമില്ലാത്ത ഇടത്ത് ഒരു അത്ഭുതവും സംഭവിക്കുന്നില്ല. അതിനർത്ഥം അത്ഭുതങ്ങളിലൂടെ വിശ്വാസം നേടാൻ യേശു ഉദ്ദേശിക്കുന്നില്ല എന്നാണ്. അത്ഭുതമല്ല വിശ്വാസം ഉളവാക്കുന്നത്, വിശ്വാസമാണ് അത്ഭുതത്തെ ഉരുവാക്കുന്നത്. അത്ഭുതത്തിന്റെ മുൻപിൽ ഒരാൾക്ക് വേണമെങ്കിൽ വിശ്വസിക്കാതിരിക്കാം. യഥാർത്ഥ അത്ഭുതം ആരെയും വിശ്വസിക്കാൻ നിർബന്ധിക്കുകയില്ല. കാരണം അത്ഭുതത്തിലൂടെ ഉണ്ടാകുന്ന വിശ്വാസം അധികനാൾ നിൽക്കുകയില്ല. ഓർക്കുക, തന്നിൽ വിശ്വസിക്കാൻ ദൈവം ഒരു തന്ത്രവും ഉപയോഗിക്കില്ല.

മരുഭൂമിയിൽ വച്ച് പിതാക്കന്മാർക്ക് മോശ മന്നാ നൽകി, നീ ഞങ്ങൾക്ക് എന്തു നൽകും? യേശു പറയുന്നു: മോശ അല്ല നൽകിയത്, ദൈവമാണ് നൽകുന്നത്. “നൽകുക” (δίδωμι – didómi) എന്ന ക്രിയയുടെ കാലഭേദത്തിന്റെ വ്യത്യാസം നോക്കുക. ദൈവം നൽകുന്നു. ദൈവത്തിന് എന്നും വർത്തമാനകാലമാണ്. അതുതന്നെയാണ് നിത്യതയുടെ പര്യായം.

അസംതൃപ്തിയുടെ ഭാണ്ഡം ചുമക്കുന്നവരുടെ ഒരു തൃഷ്ണയും ശമിക്കപ്പെടുകയില്ല. അവർ അറപ്പുരകളിൽ ധാന്യങ്ങൾ നിറയ്ക്കും, പക്ഷേ വിശപ്പിന് ശമനം ഉണ്ടാകില്ല. അവർ ബന്ധങ്ങളിൽ മുക്തി തേടും, പക്ഷേ വികാരങ്ങൾക്ക് അവസാനമുണ്ടാകില്ല. അവർ ലാളനകളിലും ആലിംഗനങ്ങളിലും പ്രണയം തേടും, പക്ഷേ സ്നേഹം എന്നും അന്യമായി നിൽക്കും. ഒത്തിരി ചോദ്യങ്ങളുമായി സത്യത്തെ അന്വേഷിക്കും, പക്ഷേ ഉത്തരം കിട്ടുകയില്ല. പ്രാർത്ഥനകളിലൂടെ സ്വസ്ഥത തേടും, പക്ഷേ മരണഭയം മാറുകയില്ല.

“ദൈവഹിതമനുസരിച്ചു പ്രവൃത്തികൾ ചെയ്യുന്നവരാകാൻ ഞങ്ങൾ എന്തു ചെയ്യണം?” (6:28). “ചെയ്യുക” അഥവാ അനുഷ്ഠിക്കുക” എന്നതാണ് അവരുടെ പ്രശ്നം. പക്ഷെ യേശു അവരുടെ ശ്രദ്ധ മാറ്റുന്നു: “ഇതാണ് ദൈവത്തിന്റെ പ്രവൃത്തി: അവിടന്ന് അയച്ചവനിൽ വിശ്വസിക്കുക” (6:29). ഒരേയൊരു പ്രവൃത്തി മതി, അതു വിശ്വാസമാണ്. അതു നമ്മുടെ അനുഷ്ഠാനമല്ല, ദൈവത്തിന്റെ പ്രവൃത്തിയാണ്. കാരണം വിശ്വാസം എന്ന പ്രവൃത്തി ഉള്ളിടത്ത് ദൈവത്തിന്റെ പ്രവൃത്തി ഉണ്ടാകും. അങ്ങനെ വരുമ്പോൾ വിശ്വാസം എന്നത് നമ്മുടെ ബോധ്യം മാത്രമല്ല, ദൈവത്തിന്റെ പ്രവൃത്തി കൂടിയാണ്. ദൈവത്തെ ഉള്ളിൽ പ്രതിഷ്ഠിക്കുക. കാരണം അവനു മാത്രമേ നമ്മെ തൃപ്തിപ്പെടുത്താൻ സാധിക്കു. നമുക്ക് എന്താണ് വേണ്ടതെന്ന് അവനു മാത്രമേ അറിയൂ. അനശ്വരമായതിനു വേണ്ടിയുള്ള നമ്മുടെ വിശപ്പിനെ തൃപ്തിപ്പെടുത്താൻ നശ്വരമായ ഒന്നിനും സാധിക്കുകയില്ല. ജീവന്റെ പൂർണ്ണത നമ്മുടെ ജീവിതത്തിനുള്ളിലല്ല, അനശ്വരതയിലാണ്. യേശുവിനു മാത്രമേ നമ്മുടെ അപൂർണ്ണതയെ നിറയ്ക്കാൻ സാധിക്കു. കാരണം അവൻ മാത്രമാണ് സ്വർഗ്ഗീയ സംതൃപ്തി നൽകുന്ന യഥാർത്ഥ ഭോജനം.

vox_editor

Recent Posts

Baptism of the Lord_2025_നീ എന്റെ പ്രിയപുത്രൻ (ലൂക്കാ 3: 15-16, 21-22)

ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ പുൽക്കൂട്ടിൽ നിന്നും 30 വർഷത്തെ ദൂരം അടയാളപ്പെടുത്തുന്ന ഒരു ആഘോഷം. പുൽത്തൊട്ടിയിലെ ശിശു ജ്ഞാനത്തിലും പ്രായത്തിലും…

4 days ago

വത്തിക്കാനില്‍ ചരിത്ര നിയമനം പ്രീഫെക്ടായി വനിതാ സന്യാസിനി

  വത്തിക്കാന്‍ സിറ്റി : ചരിത്രത്തിലാദ്യം വത്തിക്കാനില്‍ വനിതാ പ്രീഫെക്ടായി സിസ്റ്റര്‍ സിമോണ ബ്രാംബില്ലയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ഡിക്കാസ്ട്രി…

1 week ago

4 വിശുദ്ധ വാതിലുകള്‍ തുറന്നു ഇനി പ്രത്യാശയുടെ തീര്‍ഥാടനം

സ്വന്തം ലേഖകന്‍ റോം :ക്രിസ്തുവിന്‍റെ ജനനത്തിന്‍റെ രണ്ടായിരത്തിയിരുപത്തിയഞ്ചു വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ജൂബിലി വേളയില്‍, ലോകത്തിലെ ദേവാലയങ്ങളുടെയെല്ലാം മാതൃദേവാലയമായ റോമിലെ വിശുദ്ധ…

1 week ago

എല്ലാവരുടെയും ദൈവം (മത്താ. 2:1-12)

പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…

2 weeks ago

ആലപ്പുഴ രൂപതയിൽ ജൂബിലി വർഷത്തിന് തുടക്കമായി; പ്രത്യാശയുടെ തീർത്ഥാടകരായി ആയിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ആഗോള കത്തോലിക്കാ തിരുസഭയുടെ തലവൻ ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ ജൂബിലി വർഷത്തിന് ആലപ്പുഴ…

2 weeks ago

Holy Family_2024_വിശുദ്ധിയുടെ ഇടം (ലൂക്കാ 2: 41-52)

തിരുകുടുംബത്തിന്റെ തിരുനാൾ ഓരോ യഹൂദനും വർഷത്തിൽ മൂന്നു പ്രാവശ്യമെങ്കിലും (പെസഹാ, പെന്തക്കോസ്താ, സുക്കോത്ത് എന്നീ തിരുനാൾ ദിനങ്ങളിൽ) വിശുദ്ധ നഗരം…

3 weeks ago