Categories: Meditation

17th Ordinary Sunday_2025_കർത്താവിന്റെ പ്രാർത്ഥന (ലൂക്കാ 11: 1-13)

അവന്റെ കൈകളിൽ സുരക്ഷിതനാണെന്ന തോന്നൽ നമ്മൾക്ക് അനുഭവപ്പെടുന്നില്ലെങ്കിൽ, നമ്മൾ അവനെ കണ്ടുമുട്ടിയിട്ടില്ല; ഇപ്പോഴും കാത്തിരിപ്പു മുറിയിലാണ്...

ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ

യേശു പ്രാർത്ഥനയുടെ നിമിഷത്തിലാണ്. അതു കാണുന്ന ശിഷ്യന്മാർക്ക് ഉള്ളിൽ ഒരു ആഗ്രഹം: “കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ.” നമുക്ക് ചെയ്യാൻ കഴിയുന്ന ആദ്യത്തേതും ഏറ്റവും ആധികാരികവുമായ പ്രാർത്ഥന ഇതാണ്: “പ്രാർത്ഥിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ.” യേശു – മറ്റ് റബ്ബികളിൽ നിന്ന് വ്യത്യസ്തമായി – പ്രാർത്ഥനയെ ആവർത്തിക്കേണ്ട ഒരു സൂത്രവാക്യമാക്കുന്നില്ല, മറിച്ച് ഒരു വഴികാട്ടിയാക്കുന്നു; യാത്രയ്ക്കുള്ള ഒരു ദിശ! എന്താണ് പ്രാർത്ഥിക്കേണ്ടതെന്നു മാത്രമല്ല, എല്ലാറ്റിനുമുപരി എങ്ങനെ പ്രാർത്ഥിക്കണമെന്നും ഏത് ഹൃദയഭാവത്തോടെയാണെന്നും അവൻ അവരെ പഠിപ്പിക്കുന്നു. ആ പ്രാർത്ഥനയിൽ സുവിശേഷത്തിന്റെ അന്തസത്ത മുഴുവനുമുണ്ട്. ചരിത്രത്തിൽ ആ പ്രാർത്ഥനയേക്കാളും ആഴമുള്ള മറ്റൊരു പ്രാർത്ഥനയും ഇതുവരെയും രചിക്കപ്പെട്ടിട്ടില്ല: കാരണം, ആ പ്രാർത്ഥനയിലാണ് ദൈവത്തിന്റെ യഥാർത്ഥ ലാവണ്യം അടങ്ങിയിരിക്കുന്നത്.

നിങ്ങൾ ഇങ്ങനെ പ്രാർത്ഥിക്കുവിൻ: “പിതാവേ”. പിതാവായ ദൈവം! ഇതാണ് യേശുവിന്റെ പ്രാർത്ഥനയെ അതുല്യമാക്കുന്നത്. സ്വർഗ്ഗത്തിൽ തന്റെ അപാരത ആസ്വദിക്കുന്ന നിശ്ചലനായ ഒരു സ്വത്വമല്ല ദൈവം, അവിടന്ന് പിതാവാണ്. പത്ത് കൽപ്പനകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പോളിഷ് സംവിധായകനായ കീസ്ലോവ്സ്കിയുടെ Dekalog എന്ന 10 കൊച്ചു സിനിമകളുടെ ആദ്യത്തേതിൽ, കമ്പ്യൂട്ടർ ഗെയിമുകൾ കളിച്ചുക്കൊണ്ടിരിക്കുന്നു ഒരു കുട്ടി തന്റെ അമ്മായിയോട് ചോദിക്കുന്നു, “ദൈവം എങ്ങനെയുള്ളവനാണ്?” അമ്മായി നിശബ്ദമായി അവനെ നോക്കി, അവനെ സമീപിക്കുന്നു, അവനെ ആലിംഗനം ചെയ്യുന്നു, അവന്റെ നെറ്റിയിൽ ചുംബിക്കുന്നു, അവനെ ചേർത്തുപിടിക്കുന്നു. എന്നിട്ട് അവനോട് മന്ത്രിക്കുന്നു; “ഇപ്പോൾ നിനക്ക് എങ്ങനെ തോന്നുന്നു?” അവൻ കണ്ണുകളുയർത്തി മറുപടി നൽകുന്നു, “നല്ലത്, എനിക്ക് സുഖം തോന്നുന്നു.” അമ്മായി: “ഇതാ, ദൈവം ഇങ്ങനെയാണ്.” ദൈവം ഒരു ആലിംഗനമാണ്. ദൈവം ഇതുപോലുള്ള ഒരു പിതാവാണ്. അവന്റെ കൈകളിൽ സുരക്ഷിതനാണെന്ന തോന്നൽ നമ്മൾക്ക് അനുഭവപ്പെടുന്നില്ലെങ്കിൽ, നമ്മൾ അവനെ കണ്ടുമുട്ടിയിട്ടില്ല; നമ്മൾ ഇപ്പോഴും കാത്തിരിപ്പു മുറിയിലാണ്.

“അങ്ങയുടെ നാമം പൂജിതമാക്കണമേ.” പൂജിതമാക്കണമേ (ἁγιάζω = hagiazó) എന്ന ക്രിയ കർമണി പ്രയോഗത്തിലാണ്. മനുഷ്യൻ ദൈവനാമത്തെ വിശുദ്ധമാക്കണമെന്നല്ല, മറിച്ച് പിതാവുതന്നെ മനുഷ്യർക്ക് അവനെ പരിശുദ്ധനായി അംഗീകരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നാണ് പ്രാർത്ഥന. മനുഷ്യന് ദൈവത്തെ വിശുദ്ധികരിക്കാൻ സാധിക്കില്ല. വിശുദ്ധി എന്ന സങ്കൽപ്പത്തിന്റെ ആദ്യ അർത്ഥം മാറ്റിനിർത്തപ്പെട്ടതെന്നാണ്. അവൻ ഒരു പർവ്വതവും നമ്മൾ ഒരു മൺത്തരിയും പോലെയാണത്. എപ്പോഴെല്ലാം നമ്മൾ ദൈവത്തെക്കുറിച്ച് സംസാരിക്കുന്നുവോ, അപ്പോഴെല്ലാം നമ്മൾ നമ്മുടെ അനുഭവത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. അവനെക്കുറിച്ചായിരിക്കില്ല, കാരണം ദൈവം എപ്പോഴും നമ്മുടെ ചിന്തകൾക്ക് അതീതനാണ്. ആ അനിർവചനീയതയാണ് അവന്റെ വിശുദ്ധി. ആ വിശുദ്ധിയെ നമുക്ക് പൂർണ്ണമായി സ്വാംശീകരിക്കാൻ സാധിക്കില്ല. അത് സ്വാംശീകരിച്ചു എന്നു കരുതുമ്പോഴാണ്, നമ്മൾ അവനെ രാഷ്ട്രീയ ആവശ്യങ്ങൾക്കായും മതപരമായ താൽപ്പര്യങ്ങൾക്കായുമൊക്കെ ഉപയോഗിക്കുന്നത്. അങ്ങനെയാണ് ചരിത്രത്തിൽ പലരും ദൈവത്തിന്റെ വിശുദ്ധിയെ ഒരു ചൂഷണ ഉപാധിയാക്കി മാറ്റിയത്. അങ്ങനെ വരുമ്പോൾ ദൈവം നമ്മുടെ ഉള്ളിൽ സ്ഥാപിച്ചിരിക്കുന്ന മഹത്വം, അത്ഭുതം എന്നിവ ഇല്ലാതാകും. നമ്മളല്ല ദൈവത്തെ വിശുദ്ധീകരിക്കുന്നത്. അതുപോലെതന്നെ ദൈവത്തെ സാമാന്യവൽക്കരിക്കുകയുമരുത്. അവന്റെ വിശുദ്ധിയുടെ മുമ്പിൽ നമുക്ക് കുമ്പിട്ട് നിശബ്ദരാകാം, കാരണം അവൻ അതിശയകരവും നിഗൂഢവുമായ വിധത്തിൽ അപ്പുറത്താണ്.

“അങ്ങയുടെ രാജ്യം വരണമേ.” ദൈവം ആഗ്രഹിക്കുന്നത് എന്നിൽ സംഭവിക്കട്ടെ. നമ്മുടെ ഉള്ളിൽ “ദൈവത്തിന്റെ കർത്തൃത്വം” സ്ഥാപിക്കാനുള്ള സാധ്യതയാണത്. നമ്മുടെ തീരുമാനങ്ങളിലൂടെയും തിരഞ്ഞെടുപ്പുകളിലൂടെയും നിലപാടുകളിലൂടെയും നമ്മൾക്ക് ആ സാധ്യതയെ യാഥാർത്ഥ്യമാക്കി മാറ്റാൻ കഴിയും. അവന്റെ ഉപകരണമാകാൻ നമുക്ക് അപേക്ഷിക്കാം, അങ്ങനെ അവൻ ആഗ്രഹിക്കുന്നത് നമ്മിലൂടെ നിറവേറ്റപ്പെടും.

“അന്നന്നു വേണ്ട ആഹാരം ഓരോ ദിവസവും ഞങ്ങള്‍ക്കു നല്‍കണമേ”. “അന്നന്നു” (daily) എന്ന പദത്തിനെ ഇവിടെ ഗ്രീക്കിൽ ഉപയോഗിച്ചിരിക്കുന്നത് ἐπιούσιος (epiousios) എന്ന വിശേഷണമാണ്. നിരുക്തിയനുസരിച്ച് സ്വത്വത്തിന്, ഉണ്മയ്ക്ക്, പദാർത്ഥത്തിന് മുകളിൽ എന്നൊക്കെയാണ് ഈ ഗ്രീക്ക് വാക്കിന് അർത്ഥം. അങ്ങനെ വരുമ്പോൾ അനുദിനം (daily) എന്ന സങ്കൽപ്പത്തിൽ വിവിധ അർത്ഥതലങ്ങളും വിവിധ ചോദ്യങ്ങളും അടങ്ങുന്നുണ്ട്. ഈ ഭാഷാപ്രയോഗം ദൈനംദിന അപ്പത്തിനപ്പുറം പോകുന്ന ഒന്നിനെ സൂചിപ്പിക്കുന്നു. അപ്പം മാത്രമല്ല പോഷണം. സ്വാഭാവിക ഭക്ഷണം നമ്മൾക്ക് എല്ലാ ദിവസവും ജീവൻ നൽകുന്നതുപോലെ, എല്ലാ ദിവസവും നമ്മൾക്ക് ആത്മാവിന്റെ അപ്പവും ആവശ്യമാണ്: ഒരു ചെറിയ നിശബ്ദത, ഒരു ചെറിയ പ്രാർത്ഥന, ഒരു വാക്ക്, ഒരു വായന, ഒരു ആലിംഗനം, ഒരു നോട്ടം. എല്ലാ ദിവസവും നല്ല കാര്യങ്ങൾ, യഥാർത്ഥ അനുഭവങ്ങൾ, ആഴമേറിയ ആളുകൾ എന്നിവയാൽ നമ്മൾ സ്വയം പോഷിപ്പിക്കണം. നമ്മുടെ സന്തോഷം ഈ ദൈനംദിന പോഷണത്തെയാണ് ആശ്രയിച്ചിരിക്കുന്നത്.

“ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങളോടു ക്ഷമിക്കണമേ. എന്തെന്നാല്‍, ഞങ്ങളുടെ കടക്കാരോടു ഞങ്ങളും ക്ഷമിക്കുന്നു”. ഹീബ്രു ഭാഷയിൽ, പ്രത്യേകിച്ച് ചാവുകടലിലെ ചുരുളുകളിലും മിഷ്നായാലും ഉപയോഗിച്ചിരിക്കുന്ന “ക്ഷമ” എന്ന പദം, അതായത് മഹോൾ (מהל) എന്ന ഹീബ്രു പദത്തിന്റെ മൂലരൂപം “അപ്പം” (לֶחֶם), “ഭാഷണം” (מִלָּה) എന്നീ പദങ്ങളുടേതു തന്നെയാണെന്ന് കാണാൻ സാധിക്കും. ക്ഷമ നമ്മുടെ ദൈനംദിന അപ്പമാണ്, നമ്മൾ എല്ലാ ദിവസവും നമ്മെത്തന്നെ പോഷിപ്പിക്കേണ്ടത് അങ്ങനെയുള്ള അപ്പത്തിലൂടെയും ഭാഷണത്തിലൂടെയുമാണ്. മറ്റുള്ളവരിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ ഞാൻ ധരിക്കേണ്ട എന്റെ ദൈനംദിന വസ്ത്രമാണത്. ക്ഷമിക്കുക എന്നതാണ് സന്തോഷത്തിനുള്ള നമ്മുടെ ഒരേയൊരു മാർഗ്ഗം.

vox_editor

Recent Posts

കൃപാസനം പ്രേഷിത ജോമോൾ ഇനി “സമർപ്പിത കന്യക”

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…

1 day ago

Christ the King_2025_കുരിശിലെ രാജാവ് (ലൂക്കാ 23:35-43)

ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…

5 days ago

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല; കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…

2 weeks ago

33rd Sunday_2025_ശ്രദ്ധയുള്ള ദൈവം (ലൂക്കാ 21:5-19)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…

2 weeks ago

റോമിലെ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസലിക്കയുടെ പ്രതിഷ്ഠാ ദിനത്തില്‍ ദുവ്യബലി അര്‍പ്പിച്ച് പ്രാര്‍ഥിച്ച് ലിയോ പാപ്പ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…

2 weeks ago

31st_Sunday_ചാട്ടവാറുമായി നിൽക്കുന്നവൻ (യോഹ 2:13-22)

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…

3 weeks ago