ആണ്ടുവട്ടം പതിനാറാം ഞായർ
ഒന്നാം വായന: ജെറമിയ 23:1-6
രണ്ടാം വായന: എഫേസോസ് 2:13-18
സുവിശേഷം: വി.മാർക്കോസ് 6:30-34
ദിവ്യബലിയ്ക്ക് ആമുഖം
യേശുവിനെ കാണുവാനും, ശ്രവിക്കുവാനുമായി ഓടിക്കൂടുന്ന ജനാവലിയേയും അവരോട് അനുകമ്പ തോന്നുന്ന യേശുവിനേയുമാണ് ഇന്നത്തെ സുവിശേഷത്തിൽ നാം കാണുന്നത്. അൾത്താരയ്ക്കു ചുറ്റുമുള്ള നമ്മുടെ ഒത്തുചേരലാണിത്. ഇന്നത്തെ തിരുവചനങ്ങളിലൂടെ യേശുവിനെ നല്ല ഇടയനായി തിരുസഭ നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നു. ആ നല്ല ഇടയന്റ വചനങ്ങൾ ശ്രവിക്കുവാനും അവനെ കാണുവാനുമായി നമുക്കൊരുങ്ങാം.
ദൈവവചന പ്രഘോഷണകർമ്മം
തന്റെ ശിഷ്യന്മാരെ രണ്ടു പേരെവീതം ദൗത്യത്തിനയക്കുന്ന യേശുവിനെ കഴിഞ്ഞ ഞായറാഴ്ച കണ്ടു. ഇന്ന് നാം ശ്രവിച്ചത് ഈ ശിഷ്യന്മാർ മടങ്ങി വരുന്നതും തങ്ങൾ “ചെയ്തതും പഠിപ്പിച്ചതും” യേശുവിനെ അറിയിക്കുകയുമാണ്. അവരുടെ ദൗത്യനിർവ്വഹണത്തിൽ വിജയങ്ങൾ മാത്രമല്ല, പരാജയങ്ങളും, പ്രതിസന്ധികളും, ജനസമൂഹം അവരെ എങ്ങനെ സ്വീകരിച്ചു എന്ന വിവരണങ്ങളെല്ലാം ഉണ്ടായിരുന്നിരിക്കണം. നമ്മുടെ ഇടവക ദേവാലയത്തിലെ ഞായറാഴ്ചകളോട് സൂചിപ്പിക്കാവുന്നതാണിത്. ഓരോ ഞായറാഴ്ചയും ദേവാലയത്തിൽ വരുമ്പോൾ നമ്മുടെ ജീവിതവും യേശുവിനെ “അറിയിക്കുവാൻ” സാധിക്കണം. നമ്മുടെ ജീവിതത്തിൽ സ്വഭാവികമായും വിജയങ്ങൾ മാത്രമല്ല പരാജയങ്ങളും, നെടുവീർപ്പുകളും, സംശയങ്ങളുമുണ്ട്. യേശുവിനോട് ഹൃദയം തുറന്ന് സംസാരിക്കുവാനായ് വരുമ്പോൾ നമ്മുടെ ദേവാലയ സന്ദർശനങ്ങൾ നമ്മെ വീണ്ടും ആത്മീയ ഊർജ്ജം കൊണ്ടു നിറയ്ക്കുന്ന അവസരങ്ങളാകും.
ഇന്നത്തെ ഒന്നാം വായനയിലും, പ്രതിവചന സങ്കീർത്തനത്തിലും, സുവിശേഷത്തിലും നാം “ഇടയനെ കുറിച്ച്” ശ്രവിച്ചു. ഒന്നാമത്തെ വായനയിൽ ജെറിമിയ പ്രവാചകനിലൂടെ ഇടയന്മാരെ ശപിക്കുന്ന ദൈവത്തെ നാം കാണുന്നു. പ്രവാചകന്റെ കാലത്തെ “ഇടയന്മാർ” എന്ന പദത്തിലൂടെ അർത്ഥമാക്കുന്നത് ‘രാജാക്കന്മാരെ’ ആയിരുന്നു. ദൈവജനത്തെ നയിക്കുവാനും, നീതി നടപ്പിലാക്കുവാനുമായിട്ടാണ് ദൈവം രാജാക്കന്മാരെ തിരഞ്ഞെടുത്തത്. എന്നാൽ അവർ നീതി നടപ്പിലാക്കാതെ അധാർമ്മികമായ ഭരണം കാഴ്ചവെച്ചു. പ്രധാനമായും (യോഹാസ്, യോയാക്കീം, യോയാഹീൻ) എന്നീ രാജാക്കന്മാർ. ഇവരെ ദൈവം ശക്തമായി വിമർശിക്കുകയും അവരെയെല്ലാം മാറ്റി നിർത്തി ദൈവം തന്നെ ഇടയ ദൗത്യമേറ്റെടുത്തു കൊണ്ട് ഒരു പുതിയ ഇടയനെ വാഗ്ദാനം ചെയ്യുന്നു. “ദാവീദിന്റെ വംശത്തിലെ നിതിയുടെ ശാഖ”യായ ഇടയൻ നമ്മുടെ കർത്താവായ യേശു. ദൈവത്തിന്റെ ഈ ഇടയ ദൗത്യവും അതിന്റെ പ്രത്യേകതകളുമാണ് ഇന്നത്തെ പ്രതിവചന സങ്കീർത്തനത്തിലും നാം ശ്രവിച്ചത്: “കർത്താവാണ് എന്റെ ഇടയൻ എനിക്കൊന്നിനും കുറവുണ്ടാവുകയില്ല”.
കുറവുകളുള്ള വൻ ജനാവലി ഓടിയണഞ്ഞപ്പോൾ യേശുവിന് അവരോട് അനുകമ്പ തോന്നി ‘അവർ ഇടയനില്ലാത്ത ആട്ടിൻപറ്റം പോലെയായിരുന്നു’. ഇടയനില്ലാത്ത ആട്ടിൻപറ്റങ്ങളുടെ അവസ്ഥ നമുക്കറിയാം അവർക്ക് നേതൃത്വമില്ല, എവിടെയാണ് ഉറങ്ങേണ്ടതെന്നറിയില്ല, എവിടെയാണ് അപകടം പതിയിരിക്കുന്നത് എന്നറിയില്ല, അവർ അവരറിയാതെ അപകടത്തിലേയ്ക്ക് നീങ്ങുന്നു. അവർ അനാഥരാണ്. യേശുവിന്റെ കാലത്ത് ആത്മീയമായി അരക്ഷിതാവസ്ഥ അനുഭവിച്ചവർ അവന്റെ അടുക്കലേയ്ക്ക് ഓടി വരുന്നു. ഇങ്ങനെ ഒടിവരുന്നവർക്ക് ആത്മീയ ഭക്ഷണം മാത്രമല്ല, തുടർന്ന് അഞ്ചപ്പം കൊണ്ട് എല്ലാവരുടേയും ഭൗതീകവിശപ്പും യേശു മാറ്റുന്നു. ഇന്ന് നാം ശ്രവിച്ചത് ഈ അപ്പം വർദ്ധിപ്പിക്കുന്ന അത്ഭുതത്തിന്റെ ആമുഖ സുവിശേഷമാണ്.
അന്ന് യേശുവിലൂടെ സാക്ഷാത്കരിക്കപ്പെട്ട ഇടയധർമ്മം ഇന്ന് തിരുസഭയിലൂടെ അഭംഗുരം തുടർന്ന് പോകുന്നു. നമുക്കും യേശുവിനെ അന്വേഷിക്കാം, അന്ന് ജനക്കൂട്ടത്തോട് തോന്നിയ അതേ കരുണ ഇന്നവൻ നമ്മോടും കാണിക്കുന്നു.
ആമേൻ.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.