ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ
ഉപമകളിലൂടെയാണ് യേശു ഒത്തിരി കാര്യങ്ങൾ സംസാരിച്ചിട്ടുള്ളത്. പറയുന്നതിനേക്കാൾ കൂടുതൽ അർത്ഥതലങ്ങൾ വാചകങ്ങളിൽ നിറയ്ക്കുന്ന ഭാഷണ ശൈലിയാണ് ഉപമകൾക്കുള്ളത്. അതുതന്നെയാണ് അവകളുടെ മാന്ത്രികതയും. ഇന്ധനം പോലെ പ്രവർത്തിക്കുന്ന ചെറിയൊരു കെട്ടുകഥയാണ് ഉപമ. ഒന്നു വായിച്ചു നോക്കുക, ആന്തരികതയിലേക്ക് നടക്കാനുള്ള ഒരു പാത മുന്നിൽ തെളിയും, പുതിയ ആശയങ്ങളും ഭാവങ്ങളും ഉള്ളിൽ ഉണരും.
സുവിശേഷത്തിന്റെ നല്ല ശതമാനം താളുകളും പ്രകൃതിയോടിണങ്ങി നിൽക്കുന്ന ക്രിസ്തുവിന്റെ ചിത്രമാണ് വരക്കുന്നത്. കടൽത്തീരത്തും വയലേലകളിലും തടാകത്തിനരികിലും അവനെ കാണുന്നു. കിളികളും ലില്ലി പൂക്കളും ഗോതമ്പുമണികളും അവന്റെ സംസാരവിഷയമാകുന്നു. അങ്ങനെ അവൻ ലളിതമായ കാര്യങ്ങളെ വീക്ഷിച്ചു ആഴമുള്ള ഉപമകളെ സൃഷ്ടിക്കുന്നു. ഇന്ന് ഒരു വിതക്കാരനെ നിരീക്ഷിച്ചു ദൈവീകമായ ഉള്ളുണർവിലേക്ക് നമ്മെ അവൻ നയിക്കുന്നു.
“വിതക്കാരൻ വിതയ്ക്കാൻ പുറപ്പെട്ടു”. ഉപമ തുടങ്ങുന്നത് ഇങ്ങനെയാണ്. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം. ഒരു വിതക്കാരൻ (a sower) എന്നല്ല കുറച്ചിരിക്കുന്നത്. വിതക്കാരൻ (the sower) എന്നാണ്. ഏതോ ഒരു വിതക്കാരനല്ലിത്. ഖണ്ഡിതമായ സ്വത്വമുള്ള വിതക്കാരനാണിത്. അപ്പോൾ പറഞ്ഞു വരുന്നത് ദൈവത്തെ കുറിച്ചാണ്. ഓരോ ഹൃദയത്തിലും, ഈ പ്രപഞ്ചത്തിന്റെ ഉള്ളറകളിലും ജീവന്റെ വിത്ത് വിതയ്ക്കുന്ന വിതക്കാരനെ കുറിച്ച്. ദൈവത്തിന് യേശു നൽകുന്ന സുന്ദരമായ ഒരു വിശേഷണമാണ് വിതക്കാരൻ. കൊയ്യുന്നവനല്ല ദൈവം. വിതക്കാരനാണ്. ആരംഭങ്ങളുടെ ദൈവമാണവൻ. എല്ലാം അവനിൽ നിന്നും തുടങ്ങുന്നു. ഭൂമിയുടെ വസന്തവും ജീവന്റെ നീരുറവയും അവൻ തന്നെ.
വിതക്കാരനെക്കുറിച്ച് നമ്മുടെയെല്ലാവരുടെയും മുമ്പിൽ പഴയൊരു ചിത്രമുണ്ട്. കഴുത്തിൽ ഒരു സഞ്ചിയും തൂക്കി പാടത്തിലൂടെ വിത്തുകൾ വാരിയെറിഞ്ഞു നടക്കുന്ന ഒരു കർഷകന്റെ ചിത്രം. സൂര്യതാപമേറ്റ ആ മുഖത്ത് ജ്ഞാനത്തിന്റെ അഴകുണ്ട്. ഭൂമിക്ക് തിരശ്ചീനമായി നിൽക്കുന്ന അവന്റെ കരങ്ങളിൽ ജീവനത്തിന്റെ പ്രവചനവും സംതൃപ്തിയും പ്രസരിക്കുന്നുണ്ട്. പക്ഷേ യേശുവിന്റെ ഉപമയിലെ കർഷകൻ തീർത്തും വ്യത്യസ്തനാണ്. നമ്മുടെ സങ്കല്പത്തിലുള്ള വിതക്കാരന്റെ ഒരു ഭാവവും ഈ വിതക്കാരനിലില്ല. ഉപമയിലെ വിതക്കാരൻ ഇടവും വലവും നോക്കാതെ വിത്തുകൾ വാരി വിതറുകയാണ്. ആ വിത്തുകൾ വഴിയരികിലും മുള്ളുകളുടെയും പാറകളുടെയും ഇടയിലും നല്ല നിലത്തുമൊക്കെ വീഴുന്നു. അശ്രദ്ധമായ ഒരു വിത്ത് വിതയ്ക്കലാണോ ഇത്? അല്ല. മുളകളുടെയിടയിലും പാറകളിലും പ്രതീക്ഷയർപ്പിക്കുന്ന ഒരു ദൈവത്തിന്റെ ചിത്രമാണിത്. ധാരാളിയും ആത്മവിശ്വാസിയുമായ ഒരു ദൈവത്തിന്റെ ചിത്രം. എല്ലായിടത്തും ജീവനും ഭാവിയും കാണുന്ന സ്വപ്നജീവിയായ ഒരു ദൈവത്തിന്റെ ചിത്രം. വിത്തിന്റെ ശക്തിയിൽ വിശ്വാസമുള്ള ഒരു കർഷകൻ. ആ വിത്ത് വന്ന് പതിച്ചതോ മുൾച്ചെടികൾ നിറഞ്ഞ എന്റെ ഹൃദയനിലത്തും.
നൂറുമേനി പുറപ്പെടുവിക്കുന്ന ഒരു വിത്തോ! കേട്ടുകേൾവി പോലുമില്ലാത്ത ഒരു കാര്യം. അയഥാർത്ഥമായ ഒരു സംഗതി. ഏതെങ്കിലും വിത്ത് നൂറായി പെരുകുമോ? ഇല്ല. അപ്പോൾ എന്തിനാണ് ഈ അതിശയോക്തി? ദൈവത്തിന് നമ്മിലുള്ള പ്രതീക്ഷയുടെ ആഴമാണ് നൂറുമേനിയുടെ വിളവ്.
വിത്ത് എത്ര നല്ലതാണെങ്കിലും വെള്ളവും വെളിച്ചവും കിട്ടിയില്ലെങ്കിൽ തളിരിടുമ്പോൾ തന്നെ നശിച്ചു പോകാം. അപ്പോൾ പ്രശ്നം വിത്തിനല്ല. മണ്ണിനും പരിസരത്തിനുമാണ്. അങ്ങനെയാകുമ്പോൾ ദൈവത്തിന്റെ വിത്തുകൾ എന്നിൽ മുളപൊട്ടണമെങ്കിൽ ഞാനൊരു നല്ല നിലമായി മാറണം. ഒരു മാതൃനിലമാകണം. ഒരു ഗർഭിണി ഉള്ളിലെ ജീവകണികയെ തീവ്രമായ ആഗ്രഹത്തോടെ സംരക്ഷിക്കുന്നതുപോലെ വിത്തിനെ സ്വത്വത്തിന്റെ ഒരു ഭാഗമായി മാറ്റുമ്പോഴാണ് നൂറുമേനിയുടെ നന്മകൾ നമ്മിൽ വിളയു.
ദൈവവചനത്തിന്റെയും ദൈവസ്നേഹത്തിന്റെയും വിത്തുക്കളെ ഉള്ളിൽ വളരാൻ അനുവദിക്കുക, അതാണ് യഥാർത്ഥമായ ക്രൈസ്തവികത. ഒരു മാതൃമനസ്സ് നമുക്കുണ്ടാകണം. ദൈവ സ്നേഹത്തിന് വെള്ളവും വെളിച്ചവും നൽകി പരിചരിക്കാനും പരിപോഷിപ്പിക്കാനും നൂറുമേനി നൽകുവാനും സാധിക്കുന്ന ഒരു മനസ്സ്. അതുപോലെ തന്നെ നല്ലൊരു വിതക്കാരനാകാനും നമുക്ക് സാധിക്കണം. നമ്മളിൽ നിന്നും പുറപ്പെടുന്ന ഓരോ വാക്കുകളേയും നൂറുമേനി നൽകുന്നു വിത്തുകളാക്കി മാറ്റണം. എപ്പോഴും ചിന്തിക്കണം; എന്താണ് ഞാൻ വിളവെടുക്കാൻ ആഗ്രഹിക്കുന്നത്? സങ്കടമോ അതോ പുഞ്ചിരിയുടെ കതിരുകളോ? വെറുപ്പോ അതോ സ്നേഹമോ?
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.