Categories: Meditation

14th Sunday of Ordinary Time_Year A_എളിയവരുടെ ദൈവം (വി.മത്തായി 11:25-30)

എളിയവരിലുള്ള ദൈവിക വെളിപാടിന് ഒരിക്കലും ഒരു സിദ്ധാന്തത്തിന്റെ ഗരിമയോ താർക്കികമായ യുക്തിയോ ഉണ്ടാകണമെന്നില്ല...

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ

സുവിശേഷങ്ങൾ ഒന്നും തന്നെ ചിരിക്കുന്ന യേശുവിന്റെ ചിത്രം വരയ്ക്കുന്നില്ല. പക്ഷേ ആന്തരികമായ അവന്റെ ആനന്ദത്തെ വരികളുടെയിടയിലൂടെ ചിത്രീകരിക്കുന്നുണ്ട്. അങ്ങനെയുള്ള ചിത്രീകരണത്തിലെ ഏറ്റവും സുന്ദരമായ കാഴ്ചയാണ് ഈ സുവിശേഷ ഭാഗം. “യേശു ഉദ്ഘോഷിച്ചു: പിതാവേ നിന്നെ ഞാൻ സ്തുതിക്കുന്നു…” ആനന്ദമാണ് വരികളിലെ ഭാവം. കാരണം എളിവർക്ക് കാര്യം പിടികിട്ടിയിരിക്കുന്നു. ജീവിതത്തിന്റെ രഹസ്യാത്മകത അവർ അറിഞ്ഞിരിക്കുന്നു. വിവേകികളും ബുദ്ധിമതികളും എന്ന് പറയപ്പെടുന്നവർ ഇപ്പോഴും അഞ്ജതയുടെ ഇരുട്ടിൽ തപ്പിതടയുന്നു. നോക്കുക, എളിയവരെ കൊണ്ടാണ് സുവിശേഷം നിറഞ്ഞിരിക്കുന്നത്. ദരിദ്രർ, രോഗികൾ, വിധവകൾ, കുഞ്ഞുങ്ങൾ… വ്യവഹാരികമായ കാഴ്ചപ്പാടിൽ കാൽക്കാശിനു പോലും വിലയില്ലാത്തവർ. പക്ഷേ സ്വർഗ്ഗീയ കാഴ്ചപ്പാടിൽ ആകാശത്തോളം വിലയുള്ളവർ. ദൈവത്തിന്റെ പ്രിയഭജനങ്ങൾ. എന്തുകൊണ്ട് എളിയവർ അമൂല്യരാകുന്നു? എന്തെന്നാൽ ചെറിയവർക്കാണ് ദൈവം സ്വർഗ്ഗീയ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. എളിയവരിലുള്ള ദൈവിക വെളിപാടിന് ഒരിക്കലും ഒരു സിദ്ധാന്തത്തിന്റെ ഗരിമയോ താർക്കികമായ യുക്തിയോ ഉണ്ടാകണമെന്നില്ല. ലാളിത്യമായിരിക്കും അതിന്റെ മുഖമുദ്ര. ദൈവികമായ വിഷയത്തിൽ അവർ തർക്കത്തിൽ ഏർപ്പെടില്ല. അവരുടെ കർമ്മത്തിലൂടെ ദൈവം സ്വയം വെളിപ്പെടുത്തും. അങ്ങനെയുള്ളവരെ നമ്മുടെ വീട്ടകങ്ങളിലും അയൽപക്കങ്ങളിലും കുഞ്ഞുങ്ങളിലും മാതാപിതാക്കളിലും പങ്കാളിയിലുമെല്ലാം കാണാവുന്നതാണ്. നിഷ്കളങ്കമായ പുഞ്ചിരിയുടെയും ആർദ്രമായ തഴുകലിന്റേയും പരിഭവമില്ലാത്ത കർമ്മങ്ങളുടെയും തിരുശേഷിപ്പുകളാണവർ… എളിയ ഇടങ്ങളിലും ചെറിയ വ്യക്തികളിലും സ്വയം വെളിപ്പെടുത്തുന്ന ഒരു ദൈവം അതാണ് ക്രിസ്തു പ്രഘോഷിച്ച സുവിശേഷത്തിന്റെ ശാശ്വതമായ പുതുമ.

എളിയവരോട് തൊട്ടുരുമ്മി നിൽക്കുന്ന ആർദ്രതയുള്ള ദൈവം. ആ ദൈവത്തെ അക്ഷരങ്ങളിലൂടെ ചിത്രീകരിക്കുന്ന യേശുവിന്റെ ഭാഷാശൈലി. ആ ശൈലിയാണ് ഇനി നമ്മൾ സ്വയത്തമാക്കേണ്ടത്. ദൈവത്തിന്റെ ഭാഷ ആർദ്രതയുടെ ഭാഷയാണ്. അതുതന്നെയാണ് പ്രപഞ്ചത്തിന്റെ ഭാഷയും. പക്ഷേ നമ്മൾ കെട്ടിപ്പൊക്കിയ അഹന്തയുടെ ലോകത്ത് നമുക്ക് മനസ്സിലാക്കാൻ സാധിക്കാത്ത ഭാഷയും അതുതന്നെയാണ്. അതുകൊണ്ടുതന്നെ പലതും നമ്മൾക്കും മനസ്സിലാവുന്നില്ല. വേദനകൾ ലോകത്ത് വർദ്ധിക്കുകയും ചെയ്യുന്നു. ആത്യന്തികമായത് എന്താണെന്ന് ഏതൊരു കുഞ്ഞിനും പെട്ടെന്ന് മനസ്സിലാകും. അതായത്, തന്നെ കൂടെയുള്ളവർ സ്നേഹിക്കുന്നുണ്ടോ ഇല്ലയോ എന്ന കാര്യം ഒരു കുഞ്ഞിന് പെട്ടെന്ന് മനസ്സിലാകും. ആ കാര്യം ആ കുഞ്ഞിനോട് ആരും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. നമ്മൾ വിചാരിക്കും ഇതിൽ എന്തിരിക്കുന്നുവെന്ന്. പക്ഷേ ജീവിതത്തിന്റെ ഏറ്റവും വലിയ മിസ്റ്ററി സ്നേഹത്തെ ശുദ്ധമായി അനുഭവിക്കുക എന്നതാണ്. കുഞ്ഞുങ്ങൾക്കും എളിയ മനസ്സുകൾക്കും മാത്രമാണ് അത് ആഴമായി അനുഭവിക്കാൻ സാധിക്കുന്നത്. അതുകൊണ്ടാണ് എളിയവർ വസിക്കുന്ന വീട്ടുമുറ്റങ്ങളിലാണ് പ്രണയത്തിന്റെ പൂന്തോപ്പ് ഉണ്ടാവുകയുള്ളൂ എന്ന് പറയുന്നത്. ബുദ്ധിജീവികൾക്ക് ഹൃദയത്തിന്റെ ഭാഷ മനസ്സിലാകണമെന്നില്ല. യേശുവിന് അറിയാവുന്നത് ഹൃദയത്തിന്റെ ഭാഷ മാത്രമാണ്. അത് ദൈവത്തിന്റെ ഭാഷയാണ്. അതുകൊണ്ടാണ് ബുദ്ധിജീവികൾക്ക് അവനെ ദഹിക്കാത്തതും ക്ലേശിതർക്കും പീഡിതർക്കും പാപികൾക്കും ആ ഭാഷ ആസ്വാദ്യകരമാകുന്നതും. യേശുവിനോട് ചേർന്ന് നിൽക്കുന്നവർ പിന്നീട് ആ ഭാഷ സ്വന്തമാക്കുന്നതായി കാണാൻ സാധിക്കും. അതുകൊണ്ടാണ് മാനസാന്തരപ്പെട്ടവന്റെ ഭാഷയ്ക്കെന്നു ആർദ്രതയുടെ മാധുര്യമുണ്ടാക്കുന്നത്. അതുകൊണ്ടാണ് ക്രിസ്തുവിനെ അറിഞ്ഞ ഒരു വ്യക്തിക്ക് വാക്കു കൊണ്ടു പോലും മറ്റൊരാളെ വേദനിപ്പിക്കാൻ മനസ്സ് വരാത്തത്.

ആരുടെയെങ്കിലും ജീവിതത്തിൽ ആശ്വാസത്തിന്റെ സാന്നിധ്യമായി മാറുകയെന്നത് ഒരു ദൈവവിളി തന്നെയാണ്. മറ്റൊരു യേശുവാകാനുള്ള വിളിയാണത്. പലസ്തീനയിലെ തെരുവുകളിൽ അലഞ്ഞുതിരിഞ്ഞു നടന്ന ആ ഗുരുവിനെ ഒന്ന് ശ്രദ്ധിക്കുക. സങ്കടവുമായി വന്ന ഒരുവൻ പോലും നിരാലംബനായി അവനിൽ നിന്നും തിരിച്ചു പോയ ചരിത്രമില്ല. ഉള്ളിൽ ആർദ്രതയുടെ നിധിയുള്ളവർക്ക് സഹജരുടെ വേദനകളിൽ ലേപനമാകാൻ സാധിക്കും. കാരണം ആർദ്രതയാണ് മാനുഷികതയുടെ ഏറ്റവും വലിയ അടയാളം. അതില്ലാത്ത ഏത് ആത്മീയതയും ജീവനുള്ള ദൈവത്തെ പ്രഘോഷിക്കുന്നതായിരിക്കില്ല. അതുകൊണ്ടാണ് ക്രിസ്തുവിനെക്കുറിച്ച് സംസാരിക്കുമ്പോഴും സുവിശേഷം പ്രഘോഷിക്കുമ്പോഴും ബലി അർപ്പിക്കുമ്പോഴും ജീവിതത്തിന്റെ നൊമ്പരങ്ങളെ സ്പർശിക്കുന്ന തരത്തിലായിരിക്കണം എന്ന് പറയുന്നത്. കാരണം നമ്മുടെ ദൈവം ആർദ്രതയുള്ളവനാണ്. മുറിവേറ്റവരുടെ വേദനയും നിസ്സഹായരുടെ വിമ്മിട്ടവും മനസ്സിലാക്കുന്ന ക്ലേശിതരുടെയും പീഡിതരുടെയും ദൈവമാണവൻ.

ക്രിസ്തുവെന്ന ജ്ഞാനസമുദ്രത്തിൽ നിന്നുമാണ് നമ്മൾ പഠിക്കേണ്ടിയിരിക്കുന്നത്. അധികാരത്തിന്റെ ഒരവകാശവും ഉന്നയിക്കാത്ത ഒരുവൻ. കാറ്റ് പോലെ സ്വതന്ത്രനായവൻ. അതുകൊണ്ടുതന്നെ ആർക്കും പിടി തരാതെ തുറന്ന ഇടങ്ങളിലൂടെ കയറിയിറങ്ങി പോകുന്നവൻ. അടഞ്ഞ വാതിലുകളൊന്നും തകർത്തു പ്രവേശിക്കാത്ത കാറ്റ്. തുറന്ന ഇടങ്ങളിലോ ജീവസാന്നിധ്യമാകുന്ന കുളിർതെന്നൽ. നമ്മൾ പഠിക്കേണ്ടത് ആ സാന്നിധ്യത്തെ തന്നെയാണ്. ആരെയും ബാദ്ധ്യസ്ഥനാകാത്ത സാന്നിധ്യം. ധാർഷ്ട്യത്തിന്റെ ഒരു തരി പോലുമില്ലാത്ത സാന്നിധ്യം. എന്താണ് സ്നേഹമെന്നും എങ്ങനെയാണ് സ്നേഹിക്കേണ്ടതെന്നും അവനിൽ നിന്നും പഠിക്കണം. അപ്പോൾ മനസ്സിലാകും ദൈവമെന്നത് ഒരു സങ്കല്പമല്ലെന്നും, മാധൂര്യമുള്ള ഒരു ഹൃദയമാണെന്നും. തന്റെ അരികിലേക്ക് വരുന്നവർക്ക് സ്നേഹത്തിന്റെ നുകം വഹിക്കാൻ കൊടുക്കുന്നവൻ ആർദ്രഹൃദയനാവാതെ മറ്റെന്താകാൻ സാധിക്കും?

NB:- ഇതേ സുവിശേഷത്തിന്റെ (മത്താ 11:25-30) മറ്റൊരു വിചിന്തനം തിരുഹൃദയ തിരുനാൾ 

vox_editor

Recent Posts

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

3 days ago

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

1 week ago

തീരസംരക്ഷണത്തിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വൈദീകർ ഉപവാസ സമരം നടത്തി

ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…

2 weeks ago

Holy Trinity Sunday_2025_കുടുംബമാണ് ത്രിത്വം (യോഹ 16: 12-15)

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…

2 weeks ago

Pentecost Sunday_പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ (യോഹ 14: 15-16, 23-26)

പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…

4 weeks ago

നാം ലോകത്തോടുള്ള അനുകമ്പയില്‍ വളരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക!

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…

4 weeks ago