Categories: Sunday Homilies

സ്വർഗ്ഗത്തിന്റെ മുന്നാസ്വാദനം

സ്വർഗ്ഗത്തിന്റെ മുന്നാസ്വാദനം

തപസ്സുകാലം രണ്ടാം ഞായർ

ഒന്നാംവായന: ഉത്പത്തി 22:1-2.9-10-13.15-18

രണ്ടാംവായന: റോമ 8:31b – 34

സുവിശേഷം: വി. മാർക്കോസ് 9:2-10

ദിവ്യബലിയ്ക്ക് ആമുഖം

“ദൈവം നമ്മുടെ പക്ഷത്തെങ്കിൽ ആരു നമുക്ക് എതിരുനിൽക്കും” എന്ന രണ്ടാം വായനയിലെ തിരുവചനത്തോടുകൂടിയാണ് തിരുസഭ തപസ്സുകാലത്തിലെ രണ്ടാം ഞായറാഴ്ച നമ്മെ ഓരോരുത്തരേയും സ്വാഗതം ചെയ്യുന്നത്.  തന്റെ അചഞ്ചലമായ വിശ്വാസത്തേയും അനുസരണത്തേയും പ്രതി ഏകമകനെ ബലിയർപ്പിക്കുവാൻ തയാറായ അബഹാമിനെ ദൈവം അനുഗ്രഹിക്കുന്നതാണ് ഇന്നത്തെ ഒന്നാം വായന.  യേശുവിന്റെ രൂപാന്തരീകരണ വേളയിൽ “ഇവൻ എന്റെ പ്രീയപുത്രൻ ഇവന്റെ വാക്ക് ശ്രവിക്കുവിൻ” എന്ന് പിതാവായ ദൈവം അരുൾ ചെയ്യുന്നു.  യേശുവിന്റെ വാക്കുകൾ ശ്രവിക്കുവാനും അവന്റെ തിരുശരീരരക്തങ്ങൾ സ്വീകരിക്കുവാനുമായി നമുക്കൊരുങ്ങാം.

ദൈവവചന പ്രഘോഷണകർമ്മം

യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരീ സഹോദരന്മാരെ,

യേശുവിന്റെ രൂപാന്തരീകരണ വേളയിൽ പ്രധാനമായും രണ്ട് കാര്യങ്ങൾ സംഭവിക്കുന്നു.  ഒന്നാമതായി മോശയും ഏലിയായും യേശുവിനോടൊപ്പം ആയിരുന്നു. യേശുവിന് മുമ്പുള്ള യഹൂദ ചരിത്രത്തിൽ നിന്ന്, എന്ത്കൊണ്ട്‌ ഇവർ രണ്ടുപേരും യേശുവിനോടൊപ്പം ആയിരിക്കുന്നു?  യേശു ഏലിയയാണോ എന്ന് സംശയിച്ചിരുന്ന ഒരു സമൂഹത്തിന് യേശു ഏലിയയല്ലെന്ന് കാണിക്കുവാനാണിത്.  അതോടൊപ്പം യഹൂദ ചരിത്രത്തിലെ സുപ്രധാനങ്ങളായ രണ്ട് ആത്മീയ യാഥാർത്ഥ്യങ്ങളെ പ്രതിനിധീകരിക്കുന്നവരാണ് മോശയും ഏലിയായും.  ദൈവത്തിൽ നിന്ന് നേരിട്ട് നിയമങ്ങൾ സ്വീകരിച്ച മോശ നിയമത്തിന്റെ പ്രതിനിധിയായി നിലകൊള്ളുന്നു.  ഏലിയയാകട്ടെ ദൈവത്തിന്റെ ആത്മാവിനെ സ്വീകരിച്ച് ദൈവസ്വരം മനുഷ്യരെ അറിയിച്ച പ്രവാചകന്മാരെ പ്രതിനിധീകരിക്കുന്നു.  അതുകൊണ്ടാണ് യോഹന്നാന്റെ സുവിശേഷത്തിൽ പീലിപ്പോസ് നഥാനയേലിനോട്  പറയുന്നത് “മോശയുടെ നിയമത്തിലും പ്രവാചകഗ്രന്ഥങ്ങളിലും ആരെപ്പറ്റി എഴുതിയിരിക്കുന്നുവോ അവനെ – ജോസഫിന്റെ മകൻ, നസ്രത്തിൻ നിന്നുള്ള യേശുവിനെ ഞങ്ങൾ കണ്ടു”.  രൂപാന്തരീകരണ വേളയിൽ യേശു ദൈവപുത്രനാണെന്ന് നിയമവും പ്രവാചകന്മാരും സാക്ഷ്യപ്പെടുത്തുന്നു.

രണ്ടാമത്തെ പ്രധാനകാര്യമിതാണ് “ഒരു മേഘം വന്ന് അവരെ ആവരണം ചെയ്തു.  മേഘത്തിൽ നിന്ന് ഒരു സ്വരം പുറപ്പെട്ടു; ഇവൻ എന്റെ പ്രീയപുത്രൻ ഇവന്റെ വാക്ക് ശ്രമിക്കുവാൻ”.  പഴയ നിയമത്തിൽ പ്രധാനമായും പുറപ്പാട് പുസ്തകത്തിൽ മലമുകളിൽ ദൈവത്തിന്റെ സാന്നിധ്യം ഉണ്ടാകുമ്പോൾ ആ മലയെ മേഘം ആവരണം ചെയ്യുന്നതായി പറയുന്നുണ്ട്.  ഇതാണ് രൂപാന്തരീകരണ സമയത്തും സംഭവിക്കുന്നത്.  മലമുകളിൽ ഇറങ്ങിവന്ന പിതാവായ ദൈവം യോഹന്നാനിൽ നിന്നും യേശു സ്നാനം സ്വീകരിച്ചപ്പോൾ നല്കിയ സാക്ഷ്യം ഇവിടെ ആവർത്തിക്കുന്നു.  “ഇവൻ എന്റെ പ്രിയപുത്രൻ ഇവന്റെ വാക്ക് ശ്രവിക്കുവിൻ”.  പഴയ നിയമത്തിൽ എല്ലാവരും മോശയെ ശ്രവിച്ചതുപോലെ.  പുതിയ നിയമത്തിലെ വിശ്വാസികൾ യേശുവിനെ ശ്രവിക്കുവാനാണിത്.  യേശു ദൈവത്തിന്റെ പുത്രനാണെന്ന് ഈ ലോകത്തിന് വെളിപ്പെടുത്തുകയാണ് വി. മാർക്കോസിന്റെ ലക്ഷ്യം. തന്റെ സുവിശേഷത്തിന്റെ തുടക്കത്തിൽ യേശുവിന്റെ ജ്ഞാനസ്നാന സമയത്തും, സുവിശേഷ മദ്ധ്യത്തിൽ ഇന്ന് നാം ശ്രവിച്ച യേശുവിന്റെ രൂപാന്തരീകരണ സമയത്തും, സുവിശേഷത്തിന്റെ അവസാനം യേശുവിന്റെ ക്രൂശീകരണ സമയത്ത്  ശതാധിപനും വിളിച്ച് പറയുന്നു. “സത്യമായും ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു”.

മനുഷ്യപുത്രൻ മരിച്ചവരിൽ നിന്ന് ഉയിർക്കുന്നതുവരെ  അവർ കണ്ടകാര്യങ്ങൾ ആരോടും പറയരുതെന്ന് യേശു ആ മൂന്ന് ശിഷ്യന്മാരോടും കല്പിക്കുന്നു, കാരണം ഉത്ഥാനം എന്ന താക്കോൽ ഉപയോഗിച്ചുമാത്രമെ രൂപാന്തരീകരണത്തെ മനസ്സിലാക്കാൻ സാധിക്കുകയുള്ളു.  ഉത്ഥാനത്തിന്റെയും സ്വർഗ്ഗത്തിന്റെയും മുന്നാസ്വാദനമാണ് രൂപാന്തരീകരണം.  അതായത് പീഡാനുഭവത്തിനും കുരിശുമരണത്തിനും ശേഷം വരുന്ന ഉയിർപ്പിനെ മുൻപേ ആസ്വദിക്കുന്നു, മുൻകൂട്ടി രുചിച്ചറിയുന്നു.  ഇത് തന്നെയാണ് ഇന്നത്തെ സുവിശേഷം നമുക്ക് നല്കുന്ന സന്ദേശവും. നമ്മുടെ ഉത്ഥാനത്തിനും നിത്യജീവനും മുൻപ് നാം യേശുവിനെ അനുഗമിച്ച് കരിശുമെടുത്ത് ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങളിലൂടെയും, പ്രയാസങ്ങളിലൂടെയും, ഞെരുക്കങ്ങളിലൂടെയും കടന്ന് പോകണം.  രൂപാന്തരീകരണത്തിൽ സംഭവിച്ചതു പോലെ നമുക്കും സ്വർഗ്ഗത്തിന്റെ മുന്നാസ്വാദനം സാധ്യമാണോ? തീർച്ചയായും നാം നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒരല്പസമയം പ്രാർത്ഥനയെന്ന മലമുകളിൽ കയറുമ്പോൾ, ദിവ്യബലിയിൽ പങ്കെടുക്കുമ്പോൾ ഈ മുന്നാസ്വാദനം സാധ്യമാണ്. യേശുവും ശിഷ്യന്മാരും ആ മലയിൽ  സ്ഥിരമായി താമസിക്കുന്നില്ല. അവർ മലയിറങ്ങി ജറുസലേം ലക്ഷ്യമാക്കി യാത്ര തുടരുന്നു. നമുക്കും ഓരോ പ്രാർത്ഥനയ്ക്ക് ശേഷവും നമ്മുടെ ജീവിതയാത്ര തുടരാം.

ആമേൻ..

ഫാ. സന്തോഷ് രാജൻ

vox_editor

Recent Posts

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

4 days ago

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

2 weeks ago

തീരസംരക്ഷണത്തിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വൈദീകർ ഉപവാസ സമരം നടത്തി

ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…

2 weeks ago

Holy Trinity Sunday_2025_കുടുംബമാണ് ത്രിത്വം (യോഹ 16: 12-15)

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…

2 weeks ago

Pentecost Sunday_പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ (യോഹ 14: 15-16, 23-26)

പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…

4 weeks ago

നാം ലോകത്തോടുള്ള അനുകമ്പയില്‍ വളരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക!

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…

4 weeks ago