Categories: Meditation

സ്വപ്നംകാണുന്നവന്റെ സ്നേഹം (മത്താ 1: 18-25)

സ്നേഹം മാത്രമേ പരമമായതിലേക്ക് വഴി തുറക്കു. സ്നേഹമുള്ളിടത്തേ മാലാഖമാർ വരികയും ചെയ്യൂ...

ആഗമനകാലം നാലാം ഞായർ

ഇതാ, സ്വപ്നത്തിനും സ്നേഹത്തിനും ഇടയിൽ ഒരുവൻ നിൽക്കുന്നു. സുവിശേഷം അവനെ നീതിമാൻ എന്നാണ് വിളിക്കുന്നത്. അവൻ ശ്രവിക്കുന്നവനാണ്, ചിന്തിക്കുന്നവനാണ്, പ്രവർത്തിക്കുന്നവനാണ്, ഒപ്പം നിശബ്ദനുമാണ്. അവന്റെ പേരാണ് ജോസഫ്.

“അവർ സഹവസിക്കുന്നതിനുമുമ്പ് മറിയം പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി കാണപ്പെട്ടു” (v.18). യുക്തിയെ വെല്ലുവിളിക്കുന്ന ഒരു സംഭവം നടന്നു കഴിഞ്ഞിരിക്കുന്നു. സങ്കൽപ്പിക്കാനാവാത്ത കാര്യമാണിത്. ഒരു സൃഷ്ടി, ഇതാ, സ്രഷ്ടാവിനെ ഗർഭം ധരിച്ചിരിക്കുന്നു. ആശ്ചര്യമാണിത്. പക്ഷേ ജോസഫിന് അത് അനിർവചനീയമായ വേദനയാണ്. വഞ്ചിക്കപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവാണ് ആ വേദന. അവൻ കടന്നുപോകുന്നത് ആരോടും പറയാൻ പറ്റാത്ത ആന്തരികമായ ഒരു സംഘർഷത്തിലൂടെയാണ്. പരസ്യമായി അവളെ അപമാനിതയാക്കാൻ അവൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് അവൻ അവളെ രഹസ്യമായി ഉപേക്ഷിക്കാൻ തീരുമാനിക്കുന്നത്. ഇസ്രായേലിൽ നിന്നും തിന്മ നീക്കിക്കളയണം എന്ന് നിയമം അനുശാസിക്കുന്നത് വ്യഭിചരിക്കുന്നവരെ വധിക്കണം എന്ന് പറഞ്ഞു കൊണ്ടാണ് (cf., നിയമ 22:22). നോക്കുക, ജോസഫിന്റെ ഉള്ളം സംഘർഷഭരിതമാണ്; മരണം വിതയ്ക്കുന്ന നിയമം വേണോ, അതോ ആ യുവതിയോടുള്ള സ്നേഹം വേണോ?

ജോസഫ് മറിയവുമായി പ്രണയത്തിലായിരിക്കണം. ഇപ്പോഴിതാ, അവൻ കേട്ട വാർത്ത അവനെ അസ്വസ്ഥനാക്കുകയാണ്. അവളെക്കുറിച്ച് മാത്രമാണ് അവന്റെ ചിന്ത മുഴുവനും. അവനറിയാം സ്നേഹത്തിന്റെ മുമ്പിൽ നിയമത്തിന്റെ കവചം പൊട്ടിപ്പോകും എന്ന കാര്യം. പക്ഷേ ആത്മാവ് പ്രവേശിക്കണം. എങ്കിൽ മാത്രമേ നിയമത്തിന്റെ മുമ്പിൽ സ്നേഹത്തിന് വിജയിക്കാൻ സാധിക്കു.

അവൻ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, ഇതാ, സ്വപ്നത്തിൽ ഒരു മാലാഖ! കരങ്ങളിൽ മരപ്പണിക്കാരന്റെ തഴമ്പും ഹൃദയത്തിൽ വലിയൊരു മുറിവുമായി നിൽക്കുന്ന അവന് വാക്കുകളില്ല. പക്ഷേ തന്റെ ഉള്ളിലുള്ള സ്വപ്നങ്ങളെ എങ്ങനെ ശ്രദ്ധിക്കണമെന്ന് അവനറിയാം. നീതിമാന്റെ സ്വപ്നം ദൈവസ്വപ്നത്തിന് സമാനമായിരിക്കും. അങ്ങനെ അവൻ മറിയത്തിന്റെ സ്നേഹത്തിന് പ്രാധാന്യം കൊടുക്കുന്നു. കാരണം അവനറിയാം, വ്യക്തികൾക്ക് മുകളിൽ നിയമത്തെ വയ്ക്കുന്നതിനേക്കാൾ വലിയ ദൈവനിന്ദ വേറെയില്ല എന്ന കാര്യം. ഈ മനസ്സിന്റെ ശുദ്ധതയിൽ നിന്നായിരിക്കണം സാബത്തിനു മുകളിൽ മനുഷ്യനൊമ്പരങ്ങൾക്ക് പ്രാധാന്യം കൊടുക്കാൻ യേശുവും പഠിച്ചിട്ടുണ്ടാവുക. ഇവർ രണ്ടുപേരും മാത്രമാണല്ലോ പുതിയ നിയമത്തിൽ നീതിമാൻ എന്ന് അറിയപ്പെടുന്നത്. അതെ, സ്നേഹത്തെ നിയമം കൊണ്ട് ഖണ്ഡിക്കാത്തവരാണ് യഥാർത്ഥത്തിൽ നീതിമാന്മാർ.

മറിയം ദൈവത്തിനോട് “ഇതാ, നിന്റെ ദാസി” എന്ന് പറഞ്ഞതുപോലെ തന്നെയാണ് ജോസഫും ദൈവത്തിനോട് പറയുന്നത്. അവൾ വീടുവിട്ടിറങ്ങുന്നത് ദൈവത്തിനോട് ഫിയാത്ത് എന്ന് പറഞ്ഞവന്റെ കൂടെയാണ്. ഏതൊരു വധുവും സ്നേഹിക്കപ്പെടുക ദൈവത്തിനോട് ഫിയാത്ത് പറഞ്ഞവന്റെ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ മാത്രമാണ്. അവിടെ മാത്രമേ മാംസളമായ ഹൃദയത്തിന്റെ ആർദ്രതയും സ്വർഗ്ഗീയമായ സ്വാതന്ത്ര്യവും അവൾ അനുഭവിക്കു.

ദരിദ്രരായിരുന്നു ജോസഫും മേരിയും. അപ്പോഴും സ്നേഹത്തിന്റെ കാര്യത്തിൽ അവർ സമ്പന്നരായിരുന്നു. അതുകൊണ്ടാണ് ദൈവിക രഹസ്യത്തിനു മുമ്പിൽ അവർക്ക് തുറവിയുള്ളവരാകാൻ സാധിച്ചത്. സ്നേഹം മാത്രമേ പരമമായതിലേക്ക് വഴി തുറക്കു. സ്നേഹമുള്ളിടത്തേ മാലാഖമാർ വരികയും ചെയ്യൂ.

ഒരു അഗ്നിശുദ്ധിയിലൂടെ കടന്നുപോയ മറിയത്തെയും തനിക്ക് ജനിക്കാത്ത കുഞ്ഞിനെയുമാണ് ജോസഫ് ഇരുകൈയും നീട്ടി സ്വീകരിക്കുന്നത്. സ്നേഹം അവനെ ഒരു പിതാവാക്കി മാറ്റിയിരിക്കുന്നു. ഇനി അവൻ ആ കുഞ്ഞിനെ വളർത്തും പഠിപ്പിക്കും സ്നേഹത്തിൽ വിശ്വസിക്കാനും സ്വപ്നം കാണാനും പ്രാപ്തനാക്കും. കാരണം ജോസഫിന്റെ സ്വപ്നം ചിത്രങ്ങളല്ലായിരുന്നു, വാക്കുകളായിരുന്നു. സ്വപ്നങ്ങളായ വാക്കുകളാണ് സുവിശേഷം. ആ സുവിശേഷവുമായി ദൂതന്മാർ നിരന്തരം നമ്മുടെ ജീവിതത്തിലേക്കും കടന്നുവരുന്നുണ്ട്. ആ ദൂതന്മാർക്ക് ചിറകുകൾ ഉണ്ടാകണമെന്നില്ല. അവർ നമ്മുടെ കൂടെയുണ്ട്. നമ്മുടെ വീട്ടിലുള്ളവർ തന്നെയാണവർ, നമ്മുടെ സ്നേഹവും ഭക്ഷണവും പങ്കിടുന്നവർ. അവരാണ് അദൃശ്യതയുടെ പ്രഘോഷകരും അനന്തതയുടെ സന്ദേശവാഹകരും. അവർ തന്നെയാണ് ദൈവവചനത്തിന്റെ വിത്ത് നമ്മിൽ വിതയ്ക്കുന്ന മാലാഖമാരും.

vox_editor

Recent Posts

21st Ordinary Sunday_2025രക്ഷയുടെ വാതിൽ (ലൂക്കാ 13: 22 – 30)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…

7 days ago

സമാധാനവും ഭിന്നതയും (ലൂക്കാ 12:49-57)

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…

2 weeks ago

18th Sunday_Ordinary Time_ദ്രവ്യാസക്തി എന്ന നരകം (ലൂക്കാ 12: 13-21)

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…

4 weeks ago

സേവനത്തിന്റെ കരങ്ങൾക്ക് വിലങ്ങിടുന്ന രാഷ്ട്രീയം

സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…

1 month ago

ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…

1 month ago

17th Ordinary Sunday_2025_കർത്താവിന്റെ പ്രാർത്ഥന (ലൂക്കാ 11: 1-13)

ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ യേശു പ്രാർത്ഥനയുടെ നിമിഷത്തിലാണ്. അതു കാണുന്ന ശിഷ്യന്മാർക്ക് ഉള്ളിൽ ഒരു ആഗ്രഹം: "കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ…

1 month ago