പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ
ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ പോലും. എന്തായാലും ക്രൈസ്തവികത ആത്മാവിനെ മാത്രം പരിഗണിക്കുന്ന ഒരു മതമല്ല, ശരീരത്തിനും മൂല്യം കൽപ്പിക്കുന്ന മതമാണ്. നമുക്കറിയാം, ആത്മീയ പരികൽപ്പനകളിൽ എല്ലാത്തിനെയും ദ്രവ്യമായും ആത്മാവായും വിഭജിച്ചിട്ടുണ്ട്. ആ ചിന്തനകളിൽ ശരീരമായതെല്ലാം വൃത്തികെട്ടതായാണ് കണക്കാക്കപ്പെട്ടത്. അതുകൊണ്ടുതന്നെ ദൈവം തന്റെ കഥ പറയാൻ തിരഞ്ഞെടുത്ത ഇടം ശരീരമാണെന്ന കാര്യം പല ആത്മീയ വിചാരങ്ങളും മറന്നത്. ആത്മാവ് ഒരു ശരീരത്തിലാണ് നിലനിൽക്കുന്നതെന്നും, ശരീരത്തിൽ ഒരു വ്യക്തിയെ മറ്റുള്ളവരുമായി ഒന്നിപ്പിക്കുന്ന എല്ലാം ഉണ്ടെന്ന കാര്യവും അവർ മറന്നുപോയി. വാക്ക്, നോട്ടം, ആംഗ്യ, ശ്രവണം, ചിന്ത, ഭാവം, ഭാവന, ഹൃദയം… അങ്ങനെയങ്ങനെ… അവയിലുണ്ട് ആത്മാവ്. അതുകൊണ്ടാണ് യേശു നമുക്ക് തന്റെ ശരീരം നൽകിയത്, അവൻ തന്റെ മുഴുവൻ ചേതനയും നമുക്ക് നൽകി.
ലൂക്കായുടെ സുവിശേഷത്തിൽ ഒരു സായാഹ്നത്തിലാണ് അപ്പം വർദ്ധിപ്പിക്കൽ എന്ന അത്ഭുതം സംഭവിക്കുന്നത്. എമ്മാവൂസിലെ ശിഷ്യന്മാരുടെ ജീവിതത്തിലും സായാഹ്നത്തിലാണ് അപ്പം മുറിക്കൽ ഒരു വിസ്മയമാകുന്നത്. അതെ, അത്താഴമാണത്. മുന്നിൽ അന്ധകാരം നിറയുമ്പോൾ ഉള്ളിൽ വിരിയുന്ന പ്രകാശമാണ് ഈ അപ്പവും അത്താഴവും. ലൂക്കാ സുവിശേഷകൻ മാത്രമാണ് ജനങ്ങളെ 50 പേരുടെ ഗണങ്ങളായി വിഭജിച്ചു ഇരുത്തുന്നത്. ഒരുപക്ഷേ ആദിമ കൂട്ടായ്മയിലെ പരമാവധി അംഗങ്ങളുടെ എണ്ണമായിരിക്കാം അത്. മാത്രമല്ല ഈ അപ്പം വർദ്ധപ്പിക്കലിനെ വിവരിക്കാൻ ലൂക്കാ 9:16-ൽ ഉപയോഗിച്ചിരിക്കുന്ന അഞ്ച് ക്രിയകൾ, ഇന്നും ദിവ്യബലിയിൽ ഉപയോഗിക്കുന്ന അതേ ക്രിയകൾ തന്നെയാണ്. കൗതുകകരമെന്നു പറയട്ടെ, ലൂക്കായുടെ യേശു അപ്പം മാത്രമല്ല വിഭജിക്കുന്നത്, രണ്ടു മത്സ്യവും കൂടി വിളമ്പുന്നുണ്ട്. ആദിമ ക്രൈസ്തവരുടെ ഇടയിൽ മത്സ്യം ക്രിസ്തുവിന്റെ പ്രതീകമായിരുന്നുവെന്ന കാര്യം നമ്മൾ മറക്കരുത്. അതായത് അവിടെ സംഭവിച്ചത് ശരീരത്തിന്റെ വിശപ്പ് ശമിപ്പിക്കുന്നതിനുള്ള ഒരു അത്ഭുതം മാത്രമല്ല, മറിച്ച് സ്വയം മുറിച്ച് നൽകലിന്റെ ആന്തരികാനുഭവം കൂടിയാണ്.
അപ്പം വർദ്ധിപ്പിക്കൽ എന്ന അത്ഭുതം സുവിശേഷകന്മാർ ആറ് തവണ വിവരിച്ച ഒരു അത്ഭുതമാണ്. തീർച്ചയായും ആ സംഭവം അപ്പോസ്തലന്മാരിൽ ഒരു മുദ്ര പതിഞ്ഞതുകൊണ്ടായിരിക്കണം എല്ലാ സുവിശേഷങ്ങളിലും അത് കേന്ദ്ര സ്ഥാനങ്ങളിൽ തന്നെ നിറഞ്ഞുനിൽക്കുന്നത്.
ജനങ്ങൾക്ക് വിശക്കുന്നു. അവരെപ്പോലെ നമുക്കുമുണ്ട് വിശപ്പ്: അർത്ഥത്തിനായുള്ള, സന്തോഷത്തിനായുള്ള, ശ്രദ്ധയ്ക്കായുള്ള, വാത്സല്യത്തിനായുള്ള വിശപ്പ്. സന്തോഷം തേടിയുള്ള നമ്മുടെ നിരന്തരമായ അന്വേഷണം അർത്ഥത്തിനായുള്ള വിശപ്പ് അല്ലാതെ മറ്റൊന്നുമല്ല. എല്ലാ അന്വേഷണങ്ങളും ഒരു സായാഹ്നത്തിൽ എത്തും. അപ്പോഴാണ് നമ്മൾ വിഷണ്ണരായി നിന്നു പോകുന്നത്. എന്നിട്ടും വിശപ്പ് അവശേഷിക്കുന്നു. “ഇവർക്ക് ഭക്ഷിക്കുവാൻ നാം എവിടെ നിന്ന് അപ്പം വാങ്ങും?” ഇതൊരു പരീക്ഷണ ചോദ്യമാണ്. യോഹന്നാന്റെ സുവിശേഷത്തിൽ യേശു പീലിപ്പോസിനോട് ചോദിച്ച ചോദ്യം. ലൂക്കായുടെ സുവിശേഷത്തിൽ സുവിശേഷം പ്രസംഗിക്കാൻ പോയ ശിഷ്യന്മാർ തിരിച്ചുവന്നപ്പോൾ വലിയൊരു ജനക്കൂട്ടത്തെയാണ് യേശുവിനു ചുറ്റും കാണുന്നത്. സായാഹ്നമായപ്പോൾ അവരെ പറഞ്ഞുവിടാനാണ് ശിഷ്യന്മാർ അവനോട് ആവശ്യപ്പെടുന്നത്. ഇല്ല, അവൻ അവരെ പറഞ്ഞുവിടുന്നില്ല. പകരം ശിഷ്യരോട് അവരുടെ കൈകളിലെ അപ്പം പങ്കുവയ്ക്കുവാൻ ആവശ്യപ്പെടുന്നു. ജനങ്ങളുടെ വിശപ്പിനു മുമ്പിൽ സ്വർഗ്ഗത്തിന്റെ ഉത്തരം തേടിയ ശിഷ്യന്മാരോട് അവൻ പങ്കുവെപ്പിന്റെ യുക്തി പറഞ്ഞുകൊടുക്കുന്നു. ശിഷ്യന്മാർ തേടിയത് ഒഴിവാക്കലിന്റെ പരിഹാരമാണ്. പക്ഷേ യേശു നിർദ്ദേശിച്ചത് പങ്കുവയ്ക്കലിന്റെ ചേർത്തുനിർത്തലാണ്.
സംഖ്യകൾക്ക് ബൈബിളിൽ എപ്പോഴും പ്രതീകാത്മകമായ അർത്ഥമാണുള്ളത്. ഈ സുവിശേഷ ഭാഗത്തിലെ സംഖ്യകളും ആ പ്രതീകാത്മകതയെ പേറുന്നുണ്ട്. അഞ്ച് അപ്പവും രണ്ട് മീനും, അതായത് ഏഴ്, കൂദാശകളുടെ എണ്ണം. എണ്ണത്തിൽ ചെറുതാണ്, പക്ഷെ പങ്കിട്ടാൽ എല്ലാവർക്കും മതിയാകും. അപ്പോസ്തലന്മാർ 12 പേരാണ്. ബാക്കി വന്ന കഷണങ്ങൾ 12 കുട്ടനിറയെയാണ്. ഇസ്രായേലിലെ ഗോത്രങ്ങളെപ്പോലെ പന്ത്രണ്ട് അപ്പോസ്തലന്മാർ എന്ന പുതിയ ഗോത്രം പങ്കിടലിൽ അധിഷ്ഠിതമായിരിക്കണം എന്ന അർത്ഥം അവിടെയുണ്ട്. അയ്യായിരം പുരുഷന്മാർ; അപ്പോസ്തലന്മാരുടെ നടപടി പുസ്തക കാഴ്ചപ്പാട് അനുസരിച്ച്, ആദിമ ക്രൈസ്തവ സമൂഹത്തിൽ ഏകദേശം അയ്യായിരം വിശ്വാസികൾ ഉണ്ടായിരുന്നു (4:4). ഈ സുവിശേഷ ഭാഗത്തിലെ അമ്പത് എന്ന സംഖ്യ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിനെ സൂചിപ്പിക്കുന്നു.
യേശു എല്ലാവരെയും അസ്വസ്ഥരാക്കുന്നു: “നിങ്ങൾ അവർക്കു ഭക്ഷണം കൊടുക്കുവിൻ.” ഇരട്ട അർത്ഥമുള്ള ഒരു വാക്യമാണിത്: ഒരു വശത്ത് ജനങ്ങളെ പോറ്റാൻ യേശു അപ്പോസ്തലന്മാരെ ക്ഷണിക്കുന്നു; മറുവശത്ത് ജീവിതത്തിലെ ഒരേയൊരു യഥാർത്ഥ സമ്മാനം നമ്മെത്തന്നെ നൽകുക എന്നതാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. ഈ ജനങ്ങൾക്ക് “നിങ്ങളെത്തന്നെ” നൽകുക. നമുക്ക് നമ്മുടെ വസ്തുക്കൾ, നമ്മുടെ പണം, നമ്മുടെ സമയം എന്നിവ നൽകാൻ കഴിയും, എന്നാൽ ഒരേയൊരു യഥാർത്ഥ സമ്മാനം നമ്മെത്തന്നെ നൽകുക എന്നതാണ്, നമ്മുടെ ജീവിതത്തെ ഒരു സമ്മാനമാക്കുക എന്നതാണ്, കാരണം അതു മാത്രമാണ് നമ്മുടെ ജീവിതത്തിന് മൂല്യം നൽകുന്ന ഏക നന്മ.
യഥാർത്ഥ അത്ഭുതം പങ്കുവയ്ക്കലാണ്, വചനം കേൾക്കുന്നവരുടെ വിശപ്പ് ശമിപ്പിക്കുന്നത് മുറിച്ച അപ്പമാണ്. അവ കുറവാണ്. അയ്യായിരം പുരുഷന്മാർക്ക് അഞ്ച് അപ്പവും രണ്ട് മീനും ഒന്നുമല്ല. പക്ഷേ അവന് അത് ഒരു പ്രശ്നമല്ല. നമ്മുടെ കണക്കുകൂട്ടലുകളല്ല അവൻ്റെ മാനദണ്ഡം. അവൻ അപ്പവും മീനും എടുക്കുന്നു, അനുഗ്രഹിക്കുന്നു, മുറിക്കുന്നു, നൽകുന്നു. സ്നേഹത്തിന്റെ കൂട്ടായ്മയെ സൂചിപ്പിക്കുന്ന ദിവ്യകാരുണ്യ ക്രിയകളാണവ.
താൻ അനുഗ്രഹിച്ച അപ്പവും മീനും വിതരണം ചെയ്യുവാൻ യേശു ശിഷ്യന്മാരെ ഏൽപ്പിക്കുന്നു. അവൻ ശിഷ്യന്മാരെ പങ്കിടാൻ വിളിക്കുന്നു. ഓർക്കുക, നമ്മളല്ല ഈ അപ്പത്തിന്റെ ഉടമകൾ, നമ്മൾ ദാസന്മാർ മാത്രമാണ്. ഈ അപ്പം കഴിക്കാൻ, ഈ മേശയിൽ പങ്കെടുക്കാൻ ആരാണ് യോഗ്യൻ എന്ന് തീരുമാനിക്കേണ്ടത് നമ്മളല്ല, വിതരണം ചെയ്യാൻ മാത്രമാണ് നമ്മുടെ ഉത്തരവാദിത്തം. ഈ അത്താഴം കഴിക്കാൻ ആരെയും നിർബന്ധിക്കുന്നുമില്ല, ആരെയും അവൻ ഒഴിവാക്കുന്നുമില്ല. ഇവിടെ ശുദ്ധീകരണത്തിന്റെ നിയമമില്ല. ഈ അപ്പം തന്നെയാണ് യഥാർത്ഥ വിശുദ്ധിയും, യഥാർത്ഥ ശുദ്ധീകരണവും.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.