Categories: Meditation

“സൂര്യനെ ഉടയാടയാക്കിയ അനുഗൃഹീത” (ലൂക്കാ 1:39-56)

സ്ത്രീകൾ മാത്രം കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഏക ഇതിവൃത്തമാണ് ഇന്നത്തെ സുവിശേഷഭാഗം...

പരി. കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണത്തിരുനാൾ

സ്വർഗ്ഗാരോപിതയായ കന്യകാമറിയം – ആത്മാവും ശരീരവും സ്വർഗ്ഗത്തിലേക്ക് ആവഹിക്കപ്പെടുന്ന ഒരു ചിത്രം. ക്രൈസ്തവഭാവിയുടെ കണ്ണാടിയാണത്. വിശുദ്ധമായത് – ആത്മാവും ശരീരവും – മണ്ണിൽ അലിയേണ്ട സംഗതികളല്ല. അവയുടെ ഇടം സ്വർഗ്ഗമാണ്. ദൈവത്തിൽ നിന്നും ആരംഭിച്ച നമ്മുടെ ജീവിതം ദൈവത്തിൽ തന്നെ വിലയം പ്രാപിക്കണം. അതിന്റെ നേർചിത്രമാണ് കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണം. അറിയാം, ഈ സ്വർഗ്ഗാരോപണം കത്തോലിക്കാസഭയുടെ വിശ്വാസസത്യമാണെന്ന് (dogma). ഇത് മറിയത്തിനു ലഭിച്ചിരിക്കുന്ന പ്രത്യേകാനുകൂല്യമല്ല, ഒരോ ക്രിസ്തുശിഷ്യർക്കുമുള്ള സ്വത്വാത്മകമായ ഉറപ്പാണ്.

വെളിപാടിന്റെ പുസ്തകത്തിലെ ആ സ്ത്രീദർശനം ശ്രദ്ധിക്കുക: സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീയെ ഞാൻ സ്വർഗ്ഗത്തിൽ കാണുന്നു… ഗർഭിണിയാണവൾ… മറുവശത്ത് ഒരു വ്യാളിയും… (12:1-18). സ്വർഗ്ഗത്തിലെ ആ സ്ത്രീ മറിയമാണ്. അത് നിസ്തർക്കമായ കാര്യമാണ്. അപ്പോഴും ഓർക്കുക, ആ സ്ത്രീ തന്നെയാണ് മനുഷ്യകുലവും സഭയും നമ്മളോരോരുത്തരും. അതെ, ആ സ്ത്രീ നമ്മൾ തന്നെയുമാണ്: നിഴലുകളെ ഉടയാടയാക്കി സൂര്യന് വേണ്ടി ദാഹിക്കുന്ന നമ്മൾ തന്നെ.

ക്രിസ്തുശിഷ്യത്വത്തിന്റെ തനിമയെ പ്രതീകാത്മകമായ ഭാഷയാൽ കടഞ്ഞെടുത്ത സൗന്ദര്യമാണ് സൂര്യനെ ഉടയാടയാക്കിയ ആ സ്ത്രീ. നമ്മുടെ ദൈവവിളിയുടെ ചാരുതയേറിയ പ്രതീകമാണവൾ. എന്താണ് നമ്മുടെ ദൈവവിളി? പ്രകാശത്തെ ആഗിരണം ചെയ്യുക, അതിന്റെ സൂക്ഷിപ്പുകാരാകുക, ജീവിതത്തിൽ ജീവൻ നൽകുന്നവരാകുക. സൂര്യനെ ഉടയാടയാക്കിയവൾ, ഉദരത്തിൽ ദൈവികജീവൻ വഹിക്കുന്നവൾ, തിന്മയ്ക്കെതിരെ പോരാടുന്നവൾ: ഇതാണ് വെളിപാടിന്റെ പുസ്തകത്തിലെ മറിയം. ഇതുതന്നെയാണ് ക്രൈസ്തവ ജീവിതവും. പ്രകാശത്തെ ഉടയാടയാക്കുക, ജീവൻ പങ്കുവയ്ക്കുക, തിന്മയ്ക്കെതിരെ പോരാടുക.

നന്മയിൽ അടിയുറച്ച് വിശ്വസിക്കാനുള്ള ആഹ്വാനമാണ് സ്വർഗ്ഗാരോപണ തിരുനാളിന്റെ സന്ദേശം. പരമമായതിനു മാത്രമേ ചരിത്രത്തിൽ സ്ഥാനമുള്ളൂ. ഈ ഭൂമിയും സകല ചരാചരങ്ങളും ഒരു ഗർഭിണിയെപ്പോലെ ജീവന്റെ ഈറ്റുനോവനുഭവിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഹിംസയുടെ ശക്തികളുടെ മുമ്പിൽ അവയ്ക്ക് തോൽക്കുവാൻ സാധിക്കുകയില്ല. ശരിയാണ്, മുന്നിലേക്ക് നോക്കുമ്പോൾ കാണുന്നത് കൂരിരുട്ടാണെങ്കിലും വ്യാളിയുടെ ഹിംസക്കെതിരെ തലയുയർത്തി നിൽക്കാനുള്ള ഓജസ്സും സൗന്ദര്യവുമുള്ള അമ്മമനസ്സുകൾ ഇന്നും സ്വർഗ്ഗത്തിൽനിന്നു അവതരിക്കുന്നുണ്ട്. അവരുടെ മുൻപിൽ തിന്മയുടെ ശക്തികൾക്ക് അധികനാൾ പിടിച്ചുനിൽക്കാൻ സാധിക്കുകയില്ല.

ഇനി സുവിശേഷത്തിലേക്കു വരാം. സ്ത്രീകൾ മാത്രം കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഏക ഇതിവൃത്തമാണ് ഇന്നത്തെ സുവിശേഷഭാഗം. അമ്മമാർ എവിടെയുണ്ടോ അവിടെ ദൈവമുണ്ട്. ഇവിടെയുമുണ്ട് ദൈവവും പ്രവാചകനും. അവരുടെ ഉദരത്തിൽ തുടിപ്പായി, സ്പന്ദനമായി, മൗനമായി.

അനുഗൃഹീതയാണ്. നീ മാത്രമല്ല, നിന്റെ ഉദരഫലവും. എത്ര സുന്ദരമാണ് ഈ അഭിവാദനം. ഒരു സ്ത്രീയെ വിശേഷിപ്പിക്കാൻ ഇതിലും വലിയ പദങ്ങൾ നിഘണ്ടുവിലുണ്ടോ? നമ്മുടെ പദശേഖരങ്ങളിൽ ആദ്യവാക്കായും, നമ്മുടെ ചിന്തകളിലെ ആദ്യമുകുളമായും, നമ്മുടെ സംഭാഷണങ്ങളിലെ ആദ്യവാചകമായും “നീ അനുഗൃഹീതയാണ്” എന്ന വചനം ഉണ്ടാകുകയാണെങ്കിൽ വെറുപ്പിന്റെ ശക്തികൾക്ക് നമ്മുടെ മണ്ണിൽ വേരിറക്കാൻ സാധിക്കില്ല. സ്വർഗ്ഗസ്പർശനം അനുഭവിച്ചവർക്കു മാത്രമേ മുന്നിൽ നിൽക്കുന്നവരെ അനുഗൃഹീതർ എന്ന് വിളിക്കാൻ സാധിക്കു. സുവിശേഷം ചിത്രീകരിക്കുന്നത് സ്വർഗ്ഗം കോർത്തിണക്കിയ രണ്ടുപേർ തമ്മിലുള്ള കണ്ടുമുട്ടലാണ്. ഇതുപോലെ സ്വർഗ്ഗീയ ആന്ദോളനം മുറ്റിനിൽക്കുന്ന മറ്റൊരു രംഗമോ സംഭാഷണ ശകലങ്ങളോ സുവിശേഷത്തിന്റെ മറ്റു താളുകളിൽ എവിടെയെങ്കിലുമുണ്ടോ എന്ന കാര്യം സംശയമാണ്.

“മറിയം പറഞ്ഞു: എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു” (v.46). മഹത്വപ്പെടുത്തുകയെന്നാൽ മഹത്തായ കാര്യങ്ങൾ ചെയ്യുക എന്നാണർത്ഥം. നിസ്സാരരായ നമുക്കെങ്ങനെ ദൈവത്തെ മഹത്വപ്പെടുത്താൻ സാധിക്കും? മനസ്സും സമയവും കർത്താവിന് കൊടുത്താൽ മതി. നിന്റെ നിസ്സാരതയിലേക്ക് ദൈവത്തെ കുടിയിരുത്തിയാൽ മതി. മറിയവും ചെയ്തത് അതുതന്നെയാണ്. അവൾ സ്വർഗ്ഗത്തെ ശരീരത്തിലും മനസ്സിലും ആത്മാവിലും സ്വാംശീകരിച്ച് ദൈവിക ജീവനെ സകലർക്കുമായി പകർന്നുനൽകി. അങ്ങനെ അവൾ അനുഗ്രഹത്തിന്റെ സാന്നിധ്യമായി. സൂര്യനെ ഉടയാടയാക്കി തിന്മയ്ക്കെതിരെ നിലകൊണ്ടു.

vox_editor

Recent Posts

Holy Family_2024_വിശുദ്ധിയുടെ ഇടം (ലൂക്കാ 2: 41-52)

തിരുകുടുംബത്തിന്റെ തിരുനാൾ ഓരോ യഹൂദനും വർഷത്തിൽ മൂന്നു പ്രാവശ്യമെങ്കിലും (പെസഹാ, പെന്തക്കോസ്താ, സുക്കോത്ത് എന്നീ തിരുനാൾ ദിനങ്ങളിൽ) വിശുദ്ധ നഗരം…

2 days ago

4th Advent Sunday_രണ്ടു സ്ത്രീകൾ (ലൂക്കാ 1:39-45)

ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…

1 week ago

ക്രിസ്‌തുമസ്കാലം സ്നേഹം പങ്കുവയ്ക്കുന്ന പ്രത്യേക കാലമാണ്, പുൽക്കൂട്ടിൽ പുഞ്ചിരിക്കുന്ന ഉണ്ണീശോ നമ്മെ ക്ഷണിക്കുന്നതും സ്നേഹത്തിന്റെ പ്രവാചകരാകാൻ; ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ

ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…

1 week ago

ഫ്രഞ്ച് ദ്വീപിലേക്ക് പാപ്പയെ അനുഗമിച്ച് കര്‍ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്

അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…

2 weeks ago

Advent 3rd Sunday_മനുഷ്യത്വമാണ് വിശുദ്ധി (ലൂക്കാ 3: 10-18)

ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…

2 weeks ago

ഫ്രാന്‍സീസ് പാപ്പാ മുന്നാമതും ഫ്രാന്‍സിലേക്ക്

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …

2 weeks ago