Categories: Articles

വിശുദ്ധരോടുള്ള വണക്കവും പൊതുജന ഭക്തിയുടെ രൂപങ്ങളും

വിശുദ്ധരോടുള്ള വണക്കത്തിൽ പരിശുദ്ധ കന്യകാമറിയത്തിന് പ്രത്യേകമായ സ്ഥാനമുണ്ട്...

മാർ ടോണി നീലങ്കാവിൽ ചെയർമാൻ
കെ.സി.ബി.സി. ദൈവശാസ്ത്ര കമ്മീഷൻ ചെയർമാൻ

കത്തോലിക്കാ സഭയുടെ പൊതു പൈതൃകമാണ് വിശുദ്ധരോടുള്ള വണക്കം. വിശുദ്ധരെ വണങ്ങുന്നത് വഴി അവരുടെ ജീവിത മാതൃകയെ നാം അനുസ്മരിക്കുകയും ആദരിക്കുകയും അവരുടെ മഹനീയ മാതൃക അനുകരിക്കുകയും ചെയ്യുന്നു. കൂടാതെ ദൈവ തിരുമുമ്പിൽ സവിശേഷ സ്ഥാനമർഹിക്കുന്ന ഈ വിശുദ്ധരുടെ മാധ്യസ്ഥ്യം നാം യാചിക്കുകയും ചെയ്യുന്നു. വിശുദ്ധർക്ക് നൽകുന്ന വണക്കത്തെ കുൾത്തൂസ് ദൂളിയെ (cultus duliae) എന്നാണ് പരമ്പരാഗത ദൈവശാസ്ത്രത്തിൽ വിശേഷിപ്പിക്കുന്നത്. തങ്ങളുടെ വിശുദ്ധ ജീവിതം വഴി ദൈവ മഹത്വത്തിൽ പങ്കുപറ്റിയവരെ ബഹുമാനിക്കുകയും വണങ്ങുകയും ആദരം പ്രകടിപ്പിക്കുകയും ചെയ്യുന്ന പൊതുവായ രീതിയാണിത്.

വിശുദ്ധരോടുള്ള വണക്കത്തെക്കുറിച്ച് ആദ്യമായി സംസാരിക്കുന്നത് ആദിമസഭയിലെ ദൈവശാസ്ത്രചിന്തകനായ ഒരിജനാണ് (185-254). രണ്ടാം നിഖ്യ (787), ത്രെന്തോസ് (1545-63) എന്നീ സാർവത്രിക സൂനഹദോസുകൾ വിശുദ്ധരോടുള്ള വണക്കത്തെക്കുറിച്ച് വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. വിശുദ്ധരുടെ സ്വരൂപങ്ങൾക്ക് നൽകുന്ന ക്രൈസ്തവ വണക്കം വിഗ്രഹങ്ങളെ നിരോധിക്കുന്ന പ്രഥമ കൽപ്പനയ്ക്ക് വിരുദ്ധമല്ല. “ഒരു സ്വരൂപത്തിന് നൽകുന്ന വണക്കം അതിന്റെ ആദിരൂപത്തിലേക്ക് കടന്നുചെല്ലുന്നു”. ഒരു സ്വരൂപത്തെ വണങ്ങുന്നവർ അതിൽ ചിത്രീകരിക്കപ്പെടുന്ന വ്യക്തിയെ വണങ്ങുന്നു. തിരുസ്വരൂപങ്ങൾക്ക് നൽകുന്ന ബഹുമാനം ആദരമാർന്ന വണക്കമാണ്; ദൈവത്തിനു മാത്രം അർഹമായ ആരാധനയല്ല (CCC 2132). ആരാധനയ്ക്ക് യോഗ്യനായവൻ ദൈവം മാത്രമാണ് (cfr. മത്താ 4:10). ദൈവത്തിന് നൽകുന്ന ഈ വണക്കത്തെ ലാത്രിയാ (latria) എന്നാണ് ദൈവശാസ്ത്രത്തിൽ വിശേഷിപ്പിക്കുന്നത്. മതപരമായ വന്ദനം സ്വരൂപങ്ങളെ കേവലം വസ്തുക്കളായി പരിഗണിച്ചുകൊണ്ട് അവയെ തന്നെ ലക്ഷ്യം വയ്ക്കുന്നതല്ല, മറിച്ച് ദൈവത്തിലേക്ക് നമ്മെ നയിക്കുന്ന സ്വരൂപങ്ങൾ എന്ന നിലയിൽ നൽകപ്പെടുന്നതാണ്. വിശുദ്ധരുടെ സ്വരൂപത്തിലേക്കുള്ള നീക്കം ഒരു സ്വരൂപം എന്ന നിലയിൽ അതിൽ തന്നെ അവസാനിക്കുന്നില്ല, മറിച്ച് അത് ആരുടെ സ്വരൂപമാണോ ആ വ്യക്തിയിൽ ചെന്നെത്തുന്നു. ആ വ്യക്തിയുടെ ദൈവോന്മുഖതയും ദൈവാരാധനയും ദൈവൈക്യത്തിലുള ക്രൈസ്തവജീവിതവും ആ വിശുദ്ധരെ വണങ്ങുന്നവർക്ക് പ്രചോദനമായി മാറുന്നു; അങ്ങനെ അത് ദൈവത്തിലേക്ക് ഒരു വിശ്വാസിയെ നയിക്കുന്നു. ചുരുക്കത്തിൽ, വിശുദ്ധരുടെ തിരുസ്വരൂപങ്ങളും ചിത്രങ്ങളും വിശ്വാസിയെ സ്വർഗ്ഗോന്മുഖമായി ചിന്തിക്കുവാൻ ഇടയാക്കുന്നതാണ്.

വിശുദ്ധരോടുള്ള വണക്കത്തിൽ പരിശുദ്ധ കന്യകാമറിയത്തിന് പ്രത്യേകമായ സ്ഥാനമുണ്ട്. കുൾത്തൂസ് ഹൈപ്പർ ദൂളിയെ (cultus hyper duliae) എന്നാണ് മാതാവിനോടുള്ള വണക്കത്തെ വിളിക്കുന്നത്. രക്ഷണീയ കർമ്മത്തിൽ മറ്റാരെയുംകാൾ സഹകരിച്ചത് പരിശുദ്ധ കന്യകാമറിയം ആയതിനാൽ മറിയം നമ്മുടെ പ്രത്യേക വണക്കത്തിന് അർഹയാണ് (LG 60-67).

വിശുദ്ധരുടെ വണക്കത്തോട് ചേർന്ന് വിശ്വാസികളുടെ ഇടയിൽ പലതരത്തിലുള്ള ഭക്തകൃത്യങ്ങളും ഭക്തിയുടെ രൂപങ്ങളും നിലനിൽക്കുന്നുണ്ട്. ക്രൈസ്തവരുടെ മതാത്മകത സഭയുടെ കൗദാശിക ജീവിതത്തോട് അനുബന്ധിച്ചുള്ള വിവിധ ഭക്താഭ്യാസങ്ങളിലൂടെ പ്രകാശിതമായിട്ടുണ്ട്. തിരുശേഷിപ്പ് വന്ദനം, വിശുദ്ധരുടെ ജീവിതത്തോട് ബന്ധപ്പെട്ടിട്ടുള്ള വസ്തുക്കളോടുള്ള ആദരവ്, തീർത്ഥാടനങ്ങൾ, പ്രദക്ഷിണങ്ങൾ, ജപമാല, മെഡലുകൾ, നൊവേനകൾ, കുരിശിന്റെ വഴി തുടങ്ങിയവയെല്ലാം ഈ ഭക്തി രൂപങ്ങളുടെ ഉദാഹരണങ്ങളാണ് (CCC 1674).

ഈ ഭക്തിപ്രകടനങ്ങളുടെ ഉദ്ദേശ്യം ആരാധനാ ജീവിതത്തെ വ്യാപിപ്പിക്കുകയാണ്, അതിനു തടസ്സം നിൽക്കുകയല്ല (CCC 1675). ഈ ഭക്തകൃത്യങ്ങളെല്ലാം എപ്രകാരമായിരിക്കണമെന്നും അവ എന്തിലേക്ക് നമ്മെ നയിക്കണമെന്നും സഭ നമ്മെ പ്രബോധിപ്പിക്കുന്നുണ്ട്. ആരാധന കാലങ്ങളോടു ഒത്തുപോകുന്ന വിധത്തിലും വിശുദ്ധ ആരാധനാക്രമത്തോടു പൊരുത്തപ്പെടുന്ന രീതിയിലും അവയെ ചിട്ടപ്പെടുത്തണം. അതിൽനിന്ന് അവ ഉരിത്തിരിയുകയും അതിലേക്ക് ആളുകളെ നയിക്കുകയും വേണം. കാരണം ആരാധനാക്രമം അതിന്റെ സ്വഭാവത്താൽ തന്നെ ഏതൊരു ഭക്താഭ്യാസത്തേക്കാളും ശ്രേഷ്ഠമാണ് (SC 13).

ഭക്താഭ്യാസങ്ങൾ സ്വതന്ത്രമായ ഇഷ്ടത്താലോ, ആരാധനാക്രമ ചൈതന്യത്തിന് വിരുദ്ധമായോ, വിഗ്രഹാരാധനയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലോ അനുഷ്ഠിക്കാൻ പാടുള്ളതല്ല. അജപാലനപരമായ വിവേചന ബുദ്ധിയോടെയാവണം പൊതുജന ഭക്താഭ്യാസങ്ങളെ സംരക്ഷിക്കുകയും പോഷിപ്പിക്കുകയും ചെയ്യേണ്ടത്. വിശ്വാസികൾ ക്രിസ്തു രഹസ്യത്തിന്റെ അറിവിൽ വളരുന്നതിന് പ്രചോദിപ്പിക്കുന്ന വിധത്തിൽ പൊതുജന ഭക്താഭ്യാസങ്ങളെ നവീകരിക്കുവാനും പുതിയവ ക്രമപ്പെടുത്തുവാനും ഇടയ ശുശ്രൂഷയിൽ ഉള്ളവരും അധികാരികളും ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്തകൃത്യങ്ങളുടെ പിന്നിലുള്ള മതബോധം വഴിതെറ്റുന്നുണ്ടെങ്കിൽ അവയെ ശുദ്ധീകരിക്കുകയും തിരുത്തുകയും ചെയ്യേണ്ടതുണ്ട്. സഭയുടെ പൊതു ചട്ടങ്ങൾക്ക് വിധേയമായും മെത്രാൻമാരുടെ മേൽനോട്ടത്തിലും തീരുമാനത്തിലുമാണ് ഭക്താഭ്യാസങ്ങൾ ക്രമീകരിക്കേണ്ടത് (CCC 1676). അവ വ്യക്തിപരമല്ല; സഭാപരമാണ്.

ആരാധനാക്രമത്തിന് പുറമേ വ്യത്യസ്ത സംസ്ക്കാരങ്ങളിൽ വേരുറച്ചിട്ടുള്ള വിവിധ പൊതുജന ഭക്താഭ്യാസങ്ങൾ ക്രൈസ്തവ ജീവിതത്തെ പുഷ്ടിപ്പെടുത്തുന്നുണ്ട്. എങ്കിലും അത്തരത്തിലുള്ള ഭക്താഭ്യാസങ്ങൾ വിഗ്രഹാരാധനയിലേക്കോ വസ്തു വണക്കത്തിലേക്കോ നയിക്കുന്നുണ്ടെങ്കിൽ അത് തിരുത്തപ്പെടേണ്ടതാണ്. വികാരത്തിന്റെ സ്വാധീനത്തിൽ എന്നതിനേക്കാൾ വിശ്വാസത്തിന്റെ വെളിച്ചത്തിലും, സഭയുടെ പ്രബോധനങ്ങളുടെ അടിസ്ഥാനത്തിലും അത്തരത്തിലുള്ള ഭക്താഭ്യാസങ്ങളെയും വണക്കങ്ങളെയും ശുദ്ധീകരിക്കേണ്ടതുണ്ട്.

വിശുദ്ധരോടും വിശുദ്ധവസ്തുക്കളോടുമുള്ള വണക്കവും ബഹുമാനവും വിശുദ്ധി തന്നെയായ ദൈവത്തിലേക്ക് ഓരോ വിശ്വാസിയേയും നയിക്കേണ്ടതുണ്ട്. യഥാർത്ഥ ദൈവാരാധനയിലേക്ക് നയിക്കുന്നില്ലാത്ത ‘ആചാരങ്ങൾ’ അവ ഏതു വിധ പാരമ്പര്യത്തിന്റെയും അനുഷ്ഠാന രീതികളുടെയും പിൻബലത്തിൽ ആണെങ്കിലും തികച്ചും അക്രൈസ്തവമാണ്. വിശുദ്ധരുടെ തിരുനാളുകളുടെ ഭാഗമായി ഇത്തരം അനുഷ്ഠാനങ്ങൾ ആരും പ്രോത്സാഹിപ്പിക്കാൻ പാടുള്ളതല്ല; വിഗ്രഹാരാധനയിലേക്ക് നയിക്കുന്നതും അന്ധവിശ്വാസങ്ങളിലേക്ക് വലിച്ചിഴക്കുന്നതുമായ അനുഷ്ഠാനങ്ങളോട് വിശ്വാസികൾ ജാഗ്രത പുലർത്തേണ്ടതും വിവേചന ബുദ്ധിയോടെ സമീപിക്കേണ്ടതുമാണ്.

vox_editor

Recent Posts

കോഴിക്കോട് രൂപതയ്ക്ക് അതിരൂപതാ പദവി; ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പ്

ജോസ് മാർട്ടിൻ കോഴിക്കോട് :കോഴിക്കോട് രൂപതയെ അതിരൂപതയായും, ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിനെ അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായും നിയമിച്ചു…

5 days ago

Palm Sunday_2025_സഹനമല്ല, സ്നേഹമാണ് രക്ഷിച്ചത് (ലൂക്കാ 22:14-23: 56)

ഓശാന ഞായർ സുവിശേഷത്തിന്റെ കാതലിൽ നമ്മൾ എത്തിയിരിക്കുന്നു: യേശുവിന്റെ പീഡാസഹനവും മരണവും. ഗലീലിയിൽ നിന്നും ആരംഭിച്ച് ജറുസലേമിൽ അവസാനിച്ച യേശുവിന്റെ…

6 days ago

കാരിത്താസ് ലെന്റ്‌ കേരള ക്യാമ്പയിൻ “ചേതന” ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു

  ജോസ്‌ മാർട്ടിൻ ആലപ്പുഴ: ഭാരത കത്തോലിക്കാ സഭയുടെ കാരുണ്യത്തിന്റെ കരമായ കാരിത്താസ് ഇന്ത്യയുടെ, ഈ വർഷത്തെ ലെന്റെൻ ഡിസെബിലിറ്റി…

2 weeks ago

3rd Sunday_Lent_കരുണയുടെ അവസരങ്ങൾ (ലൂക്കാ 13: 1-9)

തപസ്സുകാലം മൂന്നാം ഞായർ ജറുസലെമിലേക്കുള്ള യാത്രാ മധ്യേ രണ്ടു ദാരുണസംഭവങ്ങളാണ് ചിലർ യേശുവിന്റെ മുൻപിൽ അവതരിപ്പിക്കുന്നത്. ആദ്യത്തേത് കഴിഞ്ഞ പെസഹാ…

4 weeks ago

ഫ്രാന്‍സിസ് പാപ്പയുടെ ചിത്രം പുറത്ത്

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഒരു മാസത്തിന് ശേഷം ആദ്യമായി പാപ്പയുടെ ചിത്രം…

1 month ago

2nd Sunday Lent_2025_പ്രാർത്ഥനയും അനുസരണയും (ലൂക്കാ 9: 28-36)

തപസ്സുകാലം രണ്ടാം ഞായർ മരുഭൂമിയിലെ ഉഷ്ണത്തിൽ നിന്നും മലയിലെ ഊഷ്മളതയിലേക്ക് ആരാധനക്രമം നമ്മെ ആത്മീയമായി നയിക്കുന്നു. നട്ടുച്ചയിലെ അന്ധകാര അനുഭവത്തിൽനിന്നും…

1 month ago