Categories: Sunday Homilies

വലിയ വിശ്വാസമുള്ള ചെറിയ അജഗണം

ജാഗ്രതയോടെയുള്ള കാത്തിരിപ്പും, പൂർവികരുടെ വിശ്വാസത്തെ മാതൃകയാക്കലും...

ആണ്ടുവട്ടം പത്തൊമ്പതാം ഞായർ

ഒന്നാം വായന: ജ്ഞാനം – 18:6-30
രണ്ടാം വായന: എബ്രായർ – 11:1-2,8-19
സുവിശേഷം: വി. ലൂക്കാ- 12:32-48

ദിവ്യബലിക്ക് ആമുഖം

വിശ്വാസം, മാതൃക, വാഗ്ദാനം, കാത്തിരിപ്പ്, ജാഗരൂകത, സ്വർഗ്ഗത്തിൽ നിക്ഷേപം തുടങ്ങിയ ഒട്ടനവധി ആത്മീയ ആശയങ്ങളാൽ സമ്പുഷ്ടമാണ് നാമിന്ന് ശ്രവിക്കുന്ന ജ്ഞാനത്തിന്റെ പുസ്തകത്തിൽ നിന്നുള്ള ഒന്നാം വായനയും; ഹെബ്രായർക്കുള്ള ലേഖനത്തിൽ നിന്നുള്ള രണ്ടാം വായനയും; വി. ലൂക്കായുടെ സുവിശേഷവും. തിരുവചനം ശ്രവിക്കാനും, ദിവ്യബലിയർപ്പിക്കാനുമായി നമുക്ക് ഒരുങ്ങാം.

ദൈവവചന പ്രഘോഷണകർമ്മം

ഇടവക ജീവിതത്തെയും, വ്യക്തിപരമായ വിശ്വാസത്തെയും ശുഭാപ്തിവിശ്വാസത്തോടുകൂടെ മുന്നോട്ടു നയിക്കാനാവശ്യമായ തിരുവചനങ്ങളാണ് നാമിന്ന് ശ്രവിച്ചത്. നമുക്കീ വചനങ്ങളെ ധ്യാനിക്കാം.

ചെറിയ അജഗണമെ ഭയപ്പെടേണ്ട

നമുക്കെല്ലാവർക്കും ആശ്വാസവും ഊർജ്ജവും നൽകുന്ന തിരുവചനമാണ് സുവിശേഷത്തിന്റെ ആദ്യം ശ്രവിച്ചത്. “ചെറിയ അജഗണമെ ഭയപ്പെടേണ്ട, എന്തെന്നാൽ നിങ്ങൾക്ക് രാജ്യം നൽകുവാൻ നിങ്ങളുടെ പിതാവ് പ്രസാദിച്ചിരിക്കുന്നു”. ഒരു വലിയ രാജ്യത്ത് ബഹുസ്വരത നിറഞ്ഞ സമൂഹത്തിൽ ഒരു ചെറിയ അജഗണം ആയിരിക്കുന്ന നമ്മെ യേശു ശക്തിപ്പെടുത്തുകയാണ്. ഒരിക്കലും വിശ്വാസികളുടെ അംഗസംഖ്യയിലല്ല സഭയുടെ ശക്തിയിരിക്കുന്നത്, അതോടൊപ്പം നിങ്ങൾ ലോകത്തിലെ ഏറ്റവും വലിയ അജഗണമായിരിക്കണമെന്നും യേശു ആവശ്യപ്പെടുന്നില്ല. എന്നാൽ, നാം ദൈവപരിപാലനയിൽ പൂർണ്ണമായും ശരണം വച്ച് മുന്നോട്ടുപോകാൻ യേശു പറയുന്നു. അതോടൊപ്പം, ചെറിയ അജഗണത്തിന് ഉണ്ടായിരിക്കേണ്ട അത്യാവശ്യമായ രണ്ടുകാര്യങ്ങൾ ഇന്നത്തെ തിരുവചനത്തിൽ നാം കാണുന്നു.

ഒന്നാമതായി; ജാഗ്രതയോടെയുള്ള കാത്തിരിപ്പ്

യേശുവിനു വേണ്ടി കാത്തിരിക്കുന്ന സഭ ജാഗരൂകരായിരിക്കണം. യേശുവിന്റെ രണ്ടാംവരവിനെ പ്രതീക്ഷിക്കുമ്പോൾ, ഇന്ന് സഭയിൽ സന്നിഹിതനായിരിക്കുന്ന യേശുവിനെയും സഭ അറിയണം. ‘അരമുറുക്കി കാത്തിരിക്കുക’ എന്നാൽ പ്രവർത്തനക്ഷമമായ, സജീവമായ കാത്തിരിപ്പാണ്. ഭൃർത്യന്മാർ അവരുടെ ജോലിസമയത്ത് വസ്ത്രത്തിന്റെ വിളുമ്പുകൾ ജോലിയെ ശല്യപ്പെടുത്താത്ത രീതിയിൽ അരപ്പട്ട (ബെൽറ്റ്) കൊണ്ട് വസ്ത്രത്തെ ശരീരത്തോട് ചേർത്ത് കെട്ടും. സുഗമമായി ജോലിചെയ്യുവാൻ ഇത് അത്യാവശ്യമാണ്. അതോടൊപ്പം വിളക്ക് കത്തിക്കുന്നത് പ്രത്യേകിച്ച് രാത്രിയിലും പ്രവർത്തനനിരതരായിരിക്കുന്നത്തിന്റെ അടയാളമാണ്. തന്റെ യജമാനനെ രാവേറെയൊളം കാത്തിരിക്കുന്ന വിശ്വസ്തനായ, ഊർജ്ജസ്വലനായ ഭൃർത്യനെപോലെ ആയിരിക്കണം, സഭ യേശുവിന്റെ രണ്ടാംവരവ് കാത്തിരിക്കേണ്ടത്. ഭൃർത്യരുടെ വിശ്വസ്തതയും, വിശ്വാസ തീക്ഷണതയും കാണുന്ന യജമാനൻ തനിക്കുവേണ്ടി കാത്തിരുന്ന ഭർത്യന്മാരെ പരിചരിക്കുകയും, അവരെ ഭക്ഷണത്തിനിരത്തുകയും ചെയ്യും. യേശുവിന്റെ രണ്ടാംവരവിൽ നീതിമാന്മാർക്കും, യേശുവിനോടുള്ള വിശ്വസ്തത കാത്തുസൂക്ഷിക്കുന്നവർക്കുമുള്ള പ്രതിഫലമാണിത്. യേശു തന്നെ അവരെ മഹത്വപ്പെടുത്തും.

യേശു സഭയോട് ആവശ്യപ്പെടുന്ന ഈ “ജാഗ്രതയോടെയുള്ള കാത്തിരിപ്പ്” വെറും നിർജീവമായ കാത്തിരിപ്പല്ല, മറിച്ച് ക്രിയാത്മകമായ കാത്തിരിപ്പാണ്. അതായത്, കാത്തിരിക്കുന്നവൻ തന്റെ ഉത്തരവാദിത്വങ്ങളിൽ വിശ്വസ്തത കാണിക്കുന്നു. “യജമാനൻ വരുമ്പോൾ ജോലിയിൽ വ്യാപൃതനായി കാണപ്പെടുന്ന ഭർത്യൻ ഭാഗ്യവാൻ” എന്നാണ് യേശു പറയുന്നത്. “ജോലിയിൽ വ്യാപൃതമാവുക” എന്നതിന് ആത്മീയവും ഭൗതികവുമായ രണ്ടു വശങ്ങളുണ്ട്. സഭയുടെ “സാമൂഹിക പ്രവർത്തനങ്ങൾ”മാത്രമല്ല ഇവിടെ പ്രതിപാദിക്കുന്നത്. വ്യാപൃതരാവുക എന്ന വാക്കിൽ നമ്മുടെ ആത്മീയ-കൗദാശിക ജീവിതവുമുണ്ട്. കൃത്യവും നിരന്തരവുമായ കൂദാശകളുടെ സ്വീകരണവും, ദിവ്യബലിയിൽ പങ്കെടുക്കലും, വ്യക്തിപരമായ പ്രാർത്ഥനയും, കുടുംബ പ്രാർത്ഥനകളും എല്ലാം “വ്യാപൃതനാവുക” എന്ന വാക്കിൽ ഉണ്ട്.

തത്തുല്യമായ ഒരു കാത്തിരിപ്പിനെക്കുറിച്ച് ഇന്നത്തെ ഒന്നാം വായനയിലും ശ്രവിച്ചു. ജ്ഞാനത്തിന്റെ പുസ്തകത്തിൽ നിന്നാണ് നാം ഈ തിരുവചനം ശ്രവിച്ചത്. വിജ്ഞാനത്തിന്റെ പുസ്തകമാവട്ടെ ദൈവം ഇസ്രായേൽ ജനത്തെ ഈജിപ്തിൽ നിന്ന് രക്ഷിച്ച സംഭവത്തെയും, ദൈവത്തിന്റെ രക്ഷാകര പദ്ധതിയെയും നൂറ്റാണ്ടുകൾക്കു ശേഷം മറ്റൊരു ദൈവശാസ്ത്ര വീക്ഷണത്തിൽ നിന്ന് നോക്കിക്കാണുകയും, ഈ ചരിത്ര സംഭവങ്ങളെ ഒന്നുകൂടി ആവർത്തിച്ചു പറയുകയുമാണ്. ഈ സംഭവങ്ങളിലെ സുപ്രധാനമായ പെസഹാരാത്രിയെയും, ആ രാത്രിയിലെ യൂദൻമാരുടെ കാത്തിരിപ്പിനെയും കുറിച്ചുള്ള ഭാഗമാണ് നാമിന്ന് ശ്രവിച്ചത് (ജ്ഞാനം 18:6-9). യൂദന്മാർ ജാഗരൂഗതയോടെ രാത്രി ആചരിച്ചു. ദൈവം വാഗ്ദാനം നൽകിയതനുസരിച്ച് അവരെ രക്ഷിച്ചു. പെസഹാ രാത്രിയും, ജാഗരണവും നിർജീവമല്ല, മറിച്ച് സജീവമായിരുന്നു. “ജാഗരൂകത” നമ്മുടെ വിശ്വാസത്തിന്റെ ശൈലിയായി മാറണം. ഈ ജാഗരൂകത ഉണ്ടെങ്കിൽ സഭയിലെ 90% പ്രശ്നങ്ങളും, പ്രതിസന്ധികളും നമുക്ക് ഒഴിവാക്കാം.

രണ്ടാമതായി; പൂർവികരുടെ വിശ്വാസത്തെ മാതൃകയാക്കുക

ചെറിയ അജഗണം പാലിക്കേണ്ട രണ്ടാമത്തെ മാർഗ്ഗനിർദ്ദേശം വി. പൗലോസ് അപ്പോസ്തലൻ ഹെബ്രായ ലേഖനത്തിലൂടെ നമുക്ക് നൽകുന്നു. “വിശ്വാസം എന്നത് പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും, കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണെന്ന” വിശ്വാസത്തിന്റെ ക്ലാസിക്കായ നിർവ്വചനത്തോടുകൂടിയാണ് ഇന്നത്തെ രണ്ടാം വായന ആരംഭിക്കുന്നതുതന്നെ. വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല. “ദൈവസന്നിധിയിൽ ശരണം പ്രാപിക്കുന്നവർ ദൈവമുണ്ടെന്നും, തന്നെ അന്വേഷിക്കുന്നവർക്ക് അവിടുന്ന് പ്രതിഫലം നല്കുമെന്നും വിശ്വസിക്കണം” തുടങ്ങിയ വിശ്വാസത്തിന്റെയും, വിശ്വാസ ജീവിതത്തിന്റെയും അടിസ്ഥാനപാഠങ്ങൾ അപ്പോസ്തലൻ പഠിപ്പിക്കുന്നു. പൂർവികൻമാരുടെ വിശ്വാസത്തെ വിവരിച്ചുകൊണ്ട് അതിനെ മാതൃകയാക്കാൻ നമ്മെ ആഹ്വാനം ചെയ്യുന്നു. ആബേൽ, ഹെനോക്ക്, നോഹ തുടങ്ങിയവരുടെ മാതൃകകൾ ചൂണ്ടിക്കാണിച്ചതിന് ശേഷം (നാമിന്ന് ഇവരുടെ പേരുകൾ ശ്രവിച്ചില്ലെങ്കിലും ഈ അധ്യായത്തിൽ ഇവരെ കുറിച്ച് പരാമർശിക്കുന്നുണ്ട്) അബ്രഹാമിന്റെയും സാറായുടെയും ജീവിതവും, വിശ്വാസവും ഏറ്റവും അനുകരണീയമായ മാതൃകയായി ചൂണ്ടിക്കാണിക്കുന്നു. എവിടേക്കാണ് പോകേണ്ടത് എന്നറിയാതെ ദൈവത്തിന്റെ വാക്കുകളിലെ വിശ്വാസം കൊണ്ട് മാത്രമുള്ള യാത്ര, പ്രായം കഴിഞ്ഞിട്ടും ദൈവിക ശക്തിയാൽ ഗർഭധാരണത്തിന് വേണ്ട ശക്തിപ്രാപിക്കുക, വിശ്വാസം മൂലം ഏകമകനെ തന്നെ ബലിയർപ്പിക്കാൻ ഒരുങ്ങുക; അങ്ങനെ കാറ്റും, കോളും, പ്രതിസന്ധിയും, നിരാശയും നിറഞ്ഞ ജീവിതങ്ങൾ ദൈവത്തിലുള്ള വിശ്വാസം ഒന്നുകൊണ്ടുമാത്രം അനുഗ്രഹപ്രദമായി തീരുന്നു.

യേശുവിൽ വിശ്വസിക്കുന്ന ഒരു ഇടവക സമൂഹത്തിന് മുന്നോട്ടുപോകാനുള്ളതെല്ലാം ഇന്നത്തെ തിരുവചനത്തിലൂടെ തിരുസഭ നമുക്ക് നൽകുന്നു. നാം ചെറിയ അജഗണമാണെങ്കിലും ഭയപ്പെടേണ്ട, ജാഗരൂകതയും പൂർവികരിൽ നിന്ന് നമുക്ക് ലഭിച്ച വിശ്വാസവും കാത്തുസൂക്ഷിച്ചാൽ മാത്രം മതി.

ആമേൻ

vox_editor

Recent Posts

4th Advent Sunday_രണ്ടു സ്ത്രീകൾ (ലൂക്കാ 1:39-45)

ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…

9 hours ago

ക്രിസ്‌തുമസ്കാലം സ്നേഹം പങ്കുവയ്ക്കുന്ന പ്രത്യേക കാലമാണ്, പുൽക്കൂട്ടിൽ പുഞ്ചിരിക്കുന്ന ഉണ്ണീശോ നമ്മെ ക്ഷണിക്കുന്നതും സ്നേഹത്തിന്റെ പ്രവാചകരാകാൻ; ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ

ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…

9 hours ago

ഫ്രഞ്ച് ദ്വീപിലേക്ക് പാപ്പയെ അനുഗമിച്ച് കര്‍ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്

അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…

5 days ago

Advent 3rd Sunday_മനുഷ്യത്വമാണ് വിശുദ്ധി (ലൂക്കാ 3: 10-18)

ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…

1 week ago

ഫ്രാന്‍സീസ് പാപ്പാ മുന്നാമതും ഫ്രാന്‍സിലേക്ക്

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …

1 week ago

ഫ്രാന്‍സിസ് പാപ്പ വൈദികനായിട്ട് 55 വര്‍ഷങ്ങള്‍

  വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്‍പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…

1 week ago