Categories: Sunday Homilies

രാജാക്കന്മാരുടെ രാജാവ്

തന്റെ കുരിശിലൂടെയും, ചിന്തപ്പെട്ട രക്തത്തിലൂടെയുമാണ് ക്രിസ്തു സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും രാജാവാകുന്നത്...

ആണ്ടുവട്ടത്തിലെ അവസാന ഞായർ

സർവ്വലോക രാജനായ നമ്മുടെ കർത്താവായ യേശുക്രിസ്തു

ഒന്നാം വായന : 2 സാമുവൽ 5:1 -3
രണ്ടാം വായന : കൊളോസോസ് 1:12-20
സുവിശേഷം : വി.ലൂക്കാ 23:35-43

ദിവ്യബലിക്ക് ആമുഖം

ആണ്ടുവട്ടത്തിലെ അവസാന ഞായറായ ഇന്ന് നാം നമ്മുടെ കർത്താവിന്റെ “ക്രിസ്തു രാജത്വ തിരുനാൾ” ആഘോഷിക്കുകയാണ്. 1925-ൽ പോപ്പ് പീയൂസ് പതിനൊന്നാമനാണ് തിരുസഭയിൽ ഈ തിരുനാൾ സ്ഥാപിച്ചത്. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ലോകത്തിൽ വീണ്ടും അധികാരദുർവിനിയോഗത്തിന്റെയും, തിന്മയുടെയും, പൈശാചികതയുടെയും ശക്തികൾ പിടിമുറുക്കിയപ്പോൾ അവയ്ക്കെതിരെ ക്രിസ്തുവിന്റെ അധികാരവും രാജത്വവും ഈ തിരുനാളിലൂടെ പ്രഖ്യാപിക്കുകയും പുനഃസ്ഥാപിക്കുകയുമാണ്. “ക്രിസ്തുരാജൻ” ആദിയും അന്ത്യവുമാണെന്നും, അവൻ എല്ലാ തിന്മകളെയും ജയിക്കുമെന്നും ഈ തിരുനാൾ നമ്മെ ഓർമിപ്പിക്കുന്നു. ഇസ്രായേലിന്റെ രാജാവായി ദാവീദ് അഭിഷേകം ചെയ്യപ്പെടുന്നതും, സർവാധിപത്യങ്ങളും യേശുവിന് കീഴിലാണെന്നതും, യേശു “നല്ല കള്ളനോട്” കരുണ കാണിക്കുന്നതും നാമിന്നത്തെ തിരുവചനങ്ങളിൽ ശ്രവിക്കുന്നു. തിരുവചനം കേൾക്കാനും, ദിവ്യബലിയർപ്പിക്കാനുമായി നമുക്കൊരുങ്ങാം.

ദൈവവചന പ്രഘോഷണകർമ്മം

ക്രിസ്തുവാകുന്ന രാജാധിരാജന്റെ വ്യത്യസ്ത ഗുണഗണങ്ങളെ ഇന്നത്തെ തിരുവചനത്തിലൂടെ തിരുസഭ നമ്മോട് വർണ്ണിക്കുകയാണ്. നമുക്കീ വചനങ്ങളെ വിചിന്തനം ചെയ്യാം.

നല്ലിടയനായ രാജാവ് (ഒന്നാം വായന)

ഇന്നത്തെ ഒന്നാം വായനയിൽ ദാവീദിനെ ഇസ്രായേൽ മുഴുവന്റെയും രാജാവായി അഭിഷേകം ചെയ്യുന്നത് നാം ശ്രവിച്ചു. ദാവീദ് യുവാവായിരുന്നപ്പോൾ ഇടയനായിരുന്നു. ആടുകളെ പരിപാലിക്കുകയും, സംരക്ഷിക്കുകയും, മേയ്ക്കുകയും, നയിക്കുകയും ചെയ്യുന്ന ഇടയൻ. ഈ ഇടയ ധർമ്മത്തിൽ നിന്നാണ് സ്വന്തം ജനങ്ങളെ പരിപാലിക്കുകയും, സംരക്ഷിക്കുകയും, മേയ്ക്കുകയും, നയിക്കുകയും ചെയ്യുന്ന രാജകീയ ദൗത്യത്തിലേക്ക് ദാവീദ് വിളിക്കപ്പെടുന്നത്. പഴയനിയമത്തിൽ മാത്രമല്ല, ബാബിലോണിയൻ, മെസപ്പെട്ടോമിയൻ സംസ്കാരങ്ങളിലെല്ലാം രാജാവ് വെറും അധികാരിയല്ല മറിച്ച് ഇടയധർമ്മം നിറവേറ്റേണ്ടവനാണ്. ദൈവം നേരിട്ട് ഭരിക്കുകയും, നയിക്കുകയും ചെയ്തിരുന്ന ഇസ്രായേൽ ജനത്തിന് രാജാവിനെ നൽകിക്കൊണ്ട് ദൈവത്തിന്റെ പരിപാലന മനുഷ്യനിലൂടെ ദൈവം നിർവഹിക്കുന്നു. ക്രിസ്തു രാജത്വ തിരുനാൾ ആഘോഷിക്കുമ്പോൾ “ദാവീദ് രാജാവിന്റെ രാജത്വം” നമുക്ക് വിചിന്തനത്തിനായി നൽകിയിരിക്കുന്നത്തിന്റെ കാരണം വ്യക്തമാണ്. ക്രിസ്തുവിന്റെ രാജത്വത്തിന്റെ ആദ്യരൂപമാണ് ദാവീദിന്റെ രാജത്വം. ദാവീദ് രാജാവായത് ഇസ്രായേൽക്കാരെ നയിക്കാനാണെങ്കിൽ യേശുവിനെ ഹൃദയത്തിൽ രാജാവായി അംഗീകരിക്കുന്ന എല്ലാവരെയും അവൻ പരിപാലിക്കുകയും, സംരക്ഷിക്കുകയും, നിത്യജീവിതത്തിലേയ്ക്ക് നയിക്കുകയും ചെയ്യും. ക്രിസ്തുരാജൻ നല്ലിടയനായ രാജാവാണ്.

അനുരഞ്ജകനായ രാജാവ് (രണ്ടാം വായന)

പുത്രനായ യേശുവിലൂടെ നമുക്ക് രക്ഷ കൈവരുത്തിയ പിതാവായ ദൈവത്തിനുള്ള ഒരു സ്തോത്രഗീതമാണ് വിശുദ്ധ പൗലോസ് അപ്പോസ്തലൻ കൊളോസോസുകാർക്ക് എഴുതിയ ലേഖനത്തിൽ നിന്നുള്ള ഇന്നത്തെ രണ്ടാം വായന. ക്രിസ്തു രാജത്വ തിരുനാളിന്റെ അടിസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന തിരുവചനം നമുക്കിവിടെ കാണാം: “ക്രിസ്തുവിൽ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. സിംഹാസനങ്ങളോ, ആധിപത്യങ്ങളോ, ശക്തികളോ, അധികാരങ്ങളോ എന്തുമാകട്ടെ എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്” (കൊളോ.1:16). ക്രിസ്തു എല്ലാത്തിനെന്റെയും നാഥനും രാജാവുമാണെന്ന് പ്രസ്താവിക്കുന്ന അപ്പോസ്തലൻ, ക്രിസ്തുവാണ് സകലതിനെയും ദൈവവുമായിട്ട് രഞ്ജിപ്പിച്ചതെന്ന് പ്രഘോഷിക്കുന്നു. അതോടൊപ്പം ക്രിസ്തു കുരിശിൽ ചിന്തിയ രക്തം വഴി സമാധാനം സ്ഥാപിക്കുകയും ചെയ്തുവെന്ന് വെളിപ്പെടുത്തുന്നു. ഇന്നത്തെ രണ്ടാം വായനയിലൂടെ നാം കാണുന്നത് വഴക്കാളിയായ, സംഘർഷം ആഗ്രഹിക്കുന്ന ഒരു രാജാവിനെയല്ല മറിച്ച് അനുരഞ്ജനം ആഗ്രഹിക്കുകായും നടപ്പിലാക്കുകയും ചെയ്യുന്ന ക്രിസ്തുരാജനെയാണ്. കരങ്ങളിൽ കുരിശും പിടിച്ച്, രക്തം കിനിയുന്ന മുറിവേറ്റ ഹൃദയവുമായി ക്രിസ്തുരാജനെ ചിത്രീകരിക്കുന്നതും അതുകൊണ്ട് തന്നെയാണ്. കാരണം, തന്റെ കുരിശിലൂടെയും, ചിന്തപ്പെട്ട രക്തത്തിലൂടെയുമാണ് ക്രിസ്തു സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും രാജാവാകുന്നത്.

കാരുണ്യവാനായ രാജാവ് (സുവിശേഷം)

ക്രിസ്തുരാജൻ കരുണയുടെ രാജാവാണെന്ന് ഇന്നത്തെ സുവിശേഷം വ്യക്തമാക്കുന്നു. ജീവിതം മുഴുവൻ തിന്മ ചെയ്ത്, അതിനു ശിക്ഷിക്കപ്പെട്ട്, എന്നാൽ മരിക്കുന്നതിന് തൊട്ടുമുൻപ് “യേശുവേ നീ നിന്റെ രാജ്യത്ത് പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കണമേ” എന്ന് പറയുന്ന കുറ്റവാളിയോട് യാതൊരുവിധ ചോദ്യങ്ങളോ, വ്യവസ്ഥകളോ, നിബന്ധനകളോ കൂടാതെ കരുണതോന്നി “നീ ഇന്ന് എന്നോടുകൂടെ പറുദീസയിൽ ആയിരിക്കും” എന്ന് വാഗ്ദാനം നൽകുന്നു. വിശുദ്ധ ലൂക്കായുടെ സുവിശേഷമനുസരിച്ച് തന്റെ മരണത്തിന് തൊട്ടുമുൻപ് മറ്റൊരു മനുഷ്യനോട് യേശു പറയുന്ന അവസാന വാക്കുകൾ ഇതാണ്.

ഇതിൽ യേശു പറയുന്ന “ഇന്ന്” എന്ന വാക്കിന് ബൈബിളിൽ പണ്ഡിതന്മാർ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. സുവിശേഷത്തിൽ നാല് പ്രാവശ്യം “ഇന്ന്” എന്ന വാക്ക് എടുത്തു പറയുന്നുണ്ട്:
1) യേശുവിന്റെ ജനനസമയത്ത് (‘ഇന്ന്’ നിങ്ങൾക്കായി ഒരു രക്ഷകൻ പിറന്നിരിക്കുന്നു)
2) നസറത്തിലെ സിനഗോഗിൽ വച്ച് (നിങ്ങൾ കേട്ടിരിക്കെതന്നെ ‘ഇന്ന്’ ഈ തിരുവെഴുത്ത് നിറവേറ്റിയിരിക്കുന്നു)
3) സക്കേവൂസിന്റെ ഭവനത്തിൽ വച്ച് യേശു പറയുന്നു (‘ഇന്ന്’ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു)
4) കുരിശിൽ വച്ച് യേശു മോഷ്‌ടാവിനോട് പറയുന്നത് (നീ ‘ഇന്ന്’ എന്നോടുകൂടെ പറുദീസയിൽ ആയിരിക്കും).
“ഇന്ന്” എന്ന വാക്കിന്റെ ഉപയോഗത്തിലൂടെ നാം എപ്പോഴാണോ നല്ല കള്ളനെപ്പോലെ യേശുവിലേക്ക് തിരിയുന്നത് അപ്പോൾ തന്നെ (ഇന്നുതന്നെ) യേശുവിന്റെ സാന്നിധ്യവും, കരുണയും, രക്ഷയും നമുക്ക് അനുഭവിച്ചറിയാമെന്നാണ് വിശുദ്ധ ലൂക്കാ സുവിശേഷകൻ വ്യക്തമാക്കുന്നത്.

നാം കരുതുന്ന രീതിയിലുള്ള രാജാവല്ല യേശു

പ്രമാണികളും മറ്റു പ്രമുഖരും കുരിശിൽ കിടക്കുന്ന യേശുവിനെ പരിഹസിക്കുവാൻ കാരണംതന്നെ യേശു അവർ വിചാരിച്ചത് പോലെയുള്ള രാജാവായിരുന്നില്ല എന്ന കാരണത്താലാണ്. യഹൂദർ വളരെക്കാലമായി ദൈവം അയക്കുന്ന ശക്തനായ, രാഷ്ട്രീയ നൈപുണ്യമുള്ള രാജാവിനെ പ്രതീക്ഷിച്ചിരുന്നു. പ്രത്യേകിച്ച്, ബി.സി. 63-ൽ റോമാക്കാർ ജറുസലേം പിടിച്ചടക്കിയതിനുശേഷം റോമാക്കാരിൽ നിന്ന് തങ്ങളെ മോചിപ്പിക്കുന്ന ഒരു രാജാവിനുവേണ്ടി അവർ തീക്ഷണമായി ആഗ്രഹിച്ചു. എന്നാൽ, യേശു അവർ കരുതിയ ഒരു രാജാവായിരുന്നില്ല. അതോടൊപ്പം യേശുവിന്റെ കാലഘട്ടത്തിൽ ഒരു യഹൂദനെയും രാജാവായി വാഴിക്കാൻ റോമാക്കാർ അനുവദിച്ചിരുന്നില്ല. അതുകൊണ്ട് തന്നെയാണ് പരിഹാസരൂപേണ “ഇവൻ യഹൂദരുടെ രാജാവ്” എന്ന ലിഖിതം ഹീബ്രു, ഗ്രീക്ക്, ലത്തീൻ ഭാഷകളിൽ യേശുവിന്റെ കുരിശിന് മുകളിൽ സ്ഥാപിച്ചത്.

ഇതിൽ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്; യേശുവിന്റെ കാലഘട്ടത്തെ ജനങ്ങൾ കരുതിയ രീതിയിലുള്ള ഒരു രാജാവായിരുന്നില്ല യേശു. അവന്റെ രാജ്യം മനുഷ്യഹൃദയങ്ങളിലായിരുന്നു. അവൻറെ രാജ്യത്തിന്റെ അടിത്തറ മനുഷ്യബന്ധങ്ങളായിരുന്നു. അതുകൊണ്ടുതന്നെ “ക്രിസ്തു രാജാവിനെ” മറ്റു രാജാക്കന്മാരിൽ നിന്നും അധികാരികളിൽ നിന്നും വ്യത്യസ്തമായി വേണം നാം മനസ്സിലാക്കാൻ. യേശുവിന്റെ കാലത്തെ റോമൻ ഭരണത്തിൽ നിന്ന് തന്നെ അധികാര ദുർവിനിയോഗമെന്തെന്ന് യേശുവിനറിയാമായിരുന്നു. അധികാരം, സ്വയം പുകഴ്ത്തലിന്റെയും അഹങ്കാരത്തിന്റെയും മറ്റൊരു പതിപ്പായിമാറുന്നതും നമുക്കറിയാം. യേശുവിന്റെ അധികാരം സ്വാർത്ഥതയ്ക്ക് വേണ്ടിയുള്ളതല്ല, അത് മറ്റുള്ളവരെ സ്നേഹിക്കാനും സേവിക്കാനും ഉള്ളതാണ്. അധികാരത്തിന്റെ ദുർവിനിയോഗവും സ്വാർത്ഥതയും രാഷ്ട്രീയത്തിൽ മാത്രമല്ല, സംഘടനകളിലും, സൗഹൃദങ്ങളിലും, കുടുംബങ്ങളിൽ പോലുമുണ്ട്. ചെറുതും വലുതുമായ അധികാരം വിനിയോഗിക്കുമ്പോഴൊക്കെ നമുക്ക് “ക്രിസ്തുരാജനെ” മാതൃകയാക്കാം. സ്നേഹവും, നീതിയും, സാഹോദര്യവുമാണ് ക്രിസ്തുവിന്റെ രാജ്യത്തിലുള്ളത്.

“ക്രിസ്തുരാജൻ” എപ്പോഴൊക്കെയാണോ തന്റെ രാജ്യം പ്രഘോഷിച്ചത്, ദൈവരാജ്യം പ്രാവർത്തികമാക്കാൻ ശ്രമിച്ചത് അപ്പോഴൊക്കെ വിമർശനത്തിനും പരിഹാസത്തിനും പാത്രമായി. ഇന്നത്തെ സുവിശേഷം ആരംഭിക്കുന്നത് തന്നെ അപ്രകാരമാണ്. അതുപോലെ ക്രിസ്തുരാജന്റെ രാജ്യത്തിലെ അംഗങ്ങളായ നാമും എപ്പോഴൊക്കെയാണോ ദൈവരാജ്യത്തിനായി സംസാരിക്കുകയും നിലപാടെടുക്കുകയും ചെയ്യുന്നത് അപ്പോഴൊക്കെ നാമും പരിഹാസത്തിനും, വിമർശനത്തിനും വിധേയമാക്കപ്പെടും എന്ന യാഥാർത്ഥ്യവും മനസ്സിലാക്കണം. എന്നാൽ, നാം ഭയപ്പെടേണ്ടതില്ല ക്രിസ്തു നമ്മുടെ രാജാവായിരിക്കുമ്പോൾ നാം സുരക്ഷിതരാണ്.

ആമേൻ.

കൃതജ്ഞത

പ്രിയ സുഹൃത്തുക്കളെ, ദൈവവചന വിചിന്തനത്തിന്റെ രണ്ടു വർഷങ്ങൾ ഞാൻ പൂർത്തിയാക്കുകയാണ്. ദൈവത്തിന് നന്ദി പറയുന്നു. തിരുവചനത്തെ കേന്ദ്രീകരിക്കുന്ന, ലളിതമായ ശൈലിയാണ് ഞാൻ അവലംബിച്ചത്. കുറവുകൾ ക്ഷമിച്ചതിനും, പ്രോത്സാഹനത്തിനും നന്ദി.

ഫാ.സന്തോഷ്

vox_editor

View Comments

  • Thank you dear Fr Santhosh for your wonderful and thought provoking reflections... God bless you abundantly and always...

  • Dear fr santhosh
    Your reflections were so profound and meaningful. It helped me a lot in preparing my homilies. It had a personal touch. Thank u so much and may God bless you and your ministry.

Recent Posts

കൃപാസനം പ്രേഷിത ജോമോൾ ഇനി “സമർപ്പിത കന്യക”

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…

1 day ago

Christ the King_2025_കുരിശിലെ രാജാവ് (ലൂക്കാ 23:35-43)

ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…

5 days ago

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല; കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…

2 weeks ago

33rd Sunday_2025_ശ്രദ്ധയുള്ള ദൈവം (ലൂക്കാ 21:5-19)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…

2 weeks ago

റോമിലെ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസലിക്കയുടെ പ്രതിഷ്ഠാ ദിനത്തില്‍ ദുവ്യബലി അര്‍പ്പിച്ച് പ്രാര്‍ഥിച്ച് ലിയോ പാപ്പ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…

2 weeks ago

31st_Sunday_ചാട്ടവാറുമായി നിൽക്കുന്നവൻ (യോഹ 2:13-22)

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…

3 weeks ago