Categories: Articles

യേശുവിന്റെ മരണം: ഉയരുന്ന ചോദ്യങ്ങൾ

ഏതു മരണത്തിനും താത്വികമായ അവലോകനം സാധ്യമാണ്, പക്ഷേ...

റവ.ഡോ.മാർട്ടിൻ എൻ.ആന്റണി

ചില ചോദ്യങ്ങളുണ്ട്: യേശുവിന്റെ മരണത്തിന് ഇത്രയ്ക്കും പ്രാധാന്യം കൊടുക്കേണ്ട ആവശ്യകതയുണ്ടോ? വിപ്ലവാത്മകമായി ചിന്തിച്ചിരുന്ന ഒരുവനു സംഭവിക്കാൻ സാധ്യതയുള്ള അനിവാര്യമായ അന്ത്യമായിരുന്നില്ലേ അത്? അവന്റെ മരണത്തെ ഒരു രാഷ്ട്രീയ മരണമായി കരുതിയാൽ പോരേ? എന്തിനാണ് ഇത്ര വൈകാരികത?

സ്നേഹത്തിൽ നിന്നാണ് ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം തുടങ്ങേണ്ടത്. കുരിശിനെയും കുരിശിനോട് ചേർന്നിരിക്കുന്ന കല്ലറയും ബന്ധിപ്പിക്കുന്ന ഏക ഘടകം ക്രൂശിതന്റെ മാറുപിളർന്നുള്ള മരണം മാത്രമല്ല. അവന്റെ ഉള്ളിലെ സ്നേഹത്തിന്റെ പൂർണത കൂടിയുണ്ട്. സ്നേഹത്തെക്കുറിച്ച് പഠിപ്പിച്ചത് കൊണ്ടല്ല ആ കല്ലറയുടെ ഇരുളിലേക്ക് അവൻ എത്തിപ്പെട്ടത്. അവൻ പഠിപ്പിച്ച സ്നേഹത്തിന്റെ പാഠങ്ങളെ സ്വന്തം ജീവിത പരിസരത്തിന്റെ എല്ലായിടങ്ങളിലേക്കും വിപ്ലവാത്മകമായി തുറന്നു വിട്ടതു കൊണ്ടാണ്. അവന്റെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഹില്ലേൽ എന്ന റബ്ബിയെ പോലെ സ്നേഹത്തിന്റെ പാഠങ്ങൾ മാത്രം ഓതിക്കൊടുത്തു ക്ലാസ്സ് മുറികളുടെ ഉള്ളിൽ ഒതുങ്ങിയിരുന്നെങ്കിൽ തൊണ്ണൂറാമത്തെ വയസ്സിൽ ശിഷ്യഗണങ്ങളുടെ നടുവിൽ സ്വന്തം കട്ടിലിൽ നീണ്ടുനിവർന്നു കിടന്നു മരിക്കാമായിരുന്നു. പക്ഷെ, സ്നേഹം ഒരു പ്രവർത്തിയായി മാറുമ്പോൾ മരണം അതിന്റെ പൂർണ്ണതയായി മാറും. ഗ്രീക്ക് ഭാഷയിൽ പൂർണതയെ telos എന്നും വിളിക്കും. അതുകൊണ്ടാണ് കുരിശിൽ കിടന്നവൻ പറഞ്ഞത് “എല്ലാം പൂർത്തിയായിരിക്കുന്നു” (യോഹ 19:29).

മരണത്തെക്കുറിച്ച് താത്വികമായി ഏത് രീതിയിലുള്ള അവലോകനം നടത്തിയാലും അവസാനം അത് വൈകാരികമായ തലത്തിലെ എത്തി നിൽക്കുകയുള്ളൂ. നമ്മൾ മരണത്തിലേക്ക് നടന്നു നീങ്ങുന്നവരാണെന്നും, സമയത്തിന്റെ അവസാനമാണ് മരണമെന്നും ഹൈഡഗറിനെ പോലെ പറയാമെങ്കിലും മരണം നമ്മെ സ്പർശിക്കുന്ന തലത്തിലേക്കെത്തുമ്പോൾ അതെന്നും വൈകാരികം തന്നെയായിരിക്കും. മരണത്തിന്റെ സ്പർശനം അഥവാ touch of death എന്ന് പറയുന്നത് വ്യക്തിപരമായ മരണാനുഭവത്തെയല്ല. പ്രിയപ്പെട്ടവരുടെ മരണം നമ്മിലുണ്ടാക്കുന്ന അനുഭവത്തെയാണ്. അവിടെ താത്വിക വിചാരങ്ങൾ ഉണ്ടാകില്ല. അവിടെ നിറഞ്ഞു നിൽക്കുക വൈകാരികത മാത്രമായിരിക്കും. ആ വികാരം ഒന്നെങ്കിൽ നമ്മെ നിശബ്ദരാക്കും അല്ലെങ്കിൽ അലമുറയിട്ടു കരയിക്കും. രണ്ടും സംഭവിക്കുന്നത് പ്രിയപ്പെട്ടവരോടുള്ള സ്നേഹത്തിൽ നിന്നാണ്.

ഒരു മരണവും താത്വിക വിചാരമല്ല. റോഡിൽ മരിച്ചുവീണ ഒരുവനും, യുദ്ധത്തിൽ ജീവൻ വെടിഞ്ഞ ഒരു പടയാളിയും, ഐസിയുവിൽ മരിച്ച ഒരു വൃദ്ധനും നമ്മെ സംബന്ധിച്ച് ചിലപ്പോൾ ആരുമല്ലായിരിക്കാം, ഒന്നുമല്ലായിരിക്കാം. അതെല്ലാം വെറും മരണങ്ങൾ മാത്രമാകാം. പക്ഷേ അവരെ ഹൃദയത്തോട് ചേർത്തു നിർത്തിയവർക്ക് ആ മരണങ്ങൾക്ക് വൈകാരികമായ തലമുണ്ട്.

ക്രിസ്തുവിന്റെ മരണത്തിന് വൈകാരികമായ വ്യാഖ്യാനങ്ങൾ നൽകപ്പെടുന്നുണ്ടെങ്കിൽ, ഓർക്കുക, അവനെ അത്രയധികം ഹൃദയത്തോടു ചേർത്തു നിർത്തുന്നവർ ഇപ്പോഴും ഉണ്ട് എന്നതിന്റെ തെളിവാണ്. അവന്റെ സ്നേഹം അനുഭവിച്ചിട്ടില്ലാത്തവർക്ക് ആ മരണത്തെയും ‘അന്തരീക്ഷത്തിൽ ചെന്താമര’ എന്ന് പറഞ്ഞുകൊണ്ട് താത്വികാവലോകനം നടത്താം.

രാഷ്ട്രീയ-മത വ്യവസ്ഥിതിയെ ചോദ്യം ചെയ്തത് കൊണ്ട് മതവും രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ അനന്തരഫലമാണ് യേശുവിന്റെ മരണമെന്ന് ചിന്തിക്കുന്നവർ ഒത്തിരിയുണ്ട്. ശരിയാണ്. താത്വികമായ ഒരു അവലോകനം നടത്തിയാൽ അവന്റെ മരണം രാഷ്ട്രീയമാണ്. രാഷ്ട്രീയ കുറ്റക്കാരെ എങ്ങനെയാണ് വധിക്കുന്നത് അതുപോലെയാണ് അവനെയും വധിക്കുന്നത്. പക്ഷേ, അതുകൊണ്ട് ആ മരണത്തിന് രക്ഷാകരമായ മൂല്യമില്ല എന്ന് വാദിക്കരുത്. Hans Georg Gadamer തന്റെ Truth and Method എന്ന പുസ്തകത്തിൽ പറയുന്ന ഒരു കാര്യമുണ്ട്; Life interprets itself. ജീവിതം സ്വയം വ്യാഖ്യാതമാണ്. ജീവിതം ജീവിക്കുന്നതിലൂടെ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. എന്റെ ജീവിതം എന്റെ ചിന്തകളിലൂടെയും വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ഞാൻ തന്നെ വ്യാഖ്യാനിക്കുന്നുണ്ട്. അവകളിലൂടെ തന്നെ എന്റെ ജീവിതത്തെ നിങ്ങളും വ്യാഖ്യാനിക്കുന്നുണ്ട്. ദൈവിക സ്നേഹത്തിന്റെ മൂർത്തഭാവമായ യേശുവിന്റെ പ്രവർത്തികളെ വെറും രാഷ്ട്രീയ-മത വിപ്ലവമായി കാണുന്നതും, അവന്റെ മരണത്തെ അതിന്റെ അനിവാര്യമായ അനന്തരഫലമാണെന്നു പറയുന്നതും, ആ ജീവിതത്തിനും മരണത്തിനും രക്ഷാകരമായ ഒരു മൂല്യവുമില്ല എന്ന് വാദിക്കുന്നതും അവൻ വ്യാഖ്യാനിച്ച അവന്റെ ജീവിതത്തെ മനസ്സിലാക്കാൻ സാധിക്കാത്തത് കൊണ്ടാണ്.

ആർക്കും ഒരു വിപ്ലവകാരിയാകാം. പക്ഷേ ഉള്ളിലെ വിപ്ലവാഗ്നിയെ സ്വജീവിതം കൊണ്ട് എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നു കൂടി മനസ്സിലാക്കണം. ഉദാഹരണത്തിന് ചെഗുവേരയും ഓസ്കാർ റൊമേറോയും ആധുനിക വിപ്ലവകാരികളാണ്. രണ്ടുപേരും തമ്മിൽ ആനയും ആടും പോലെ വ്യത്യാസമുണ്ട്. രണ്ടുപേരും രാഷ്ട്രീയ-മത സമ്പ്രദായങ്ങൾക്കെതിരെ പൊരുതിയവരാണ്. രണ്ടുപേരും രക്തസാക്ഷികളുമാണ്. പക്ഷേ രണ്ടു പേരും അവരുടെ വിപ്ലവാഗ്നി ജീവിതത്തിലൂടെ ആളിക്കത്തിച്ചത് വ്യത്യസ്തമായ രീതിയിലാണ്. ഓസ്കാർ സ്നേഹത്തിന്റെ പാത സ്വീകരിച്ചപ്പോൾ ചെഗുവേര അക്രമത്തിന്റെ വഴിയിലൂടെയാണ് സഞ്ചരിച്ചത്. രണ്ടുപേരും വെടിയേറ്റുമരിച്ചു. പക്ഷേ രണ്ടുപേരുടെയും മരണം ഒരേ മരണമല്ല.

അപ്പോൾ പറഞ്ഞു വരുന്നത് ഒരു കാര്യം മാത്രമാണ്. ഏതു മരണത്തിനും താത്വികമായ അവലോകനം സാധ്യമാണ്. രാഷ്ട്രീയത്തിന്റെയും ധാർമികതയുടെയും കാഴ്ചപ്പാടിലൂടെ എല്ലാ മരണത്തിനെയും അവലോകനം ചെയ്യാൻ സാധിക്കും. പക്ഷേ ഒരു മരണവും അതിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. അങ്ങനെയാകുമ്പോൾ ആർദ്രമായി സകലരെയും സ്നേഹിച്ച ഒരുവന്റെ കാൽവരി മരണത്തിന് ആകാശത്തിനപ്പുറത്തോളം മാനമുണ്ട്. കാരണം കുരിശിൽ മരിച്ചത് മനുഷ്യനല്ല. ദൈവപുത്രനാണ്. അവന്റെ മരണത്തെ ദർശിക്കേണ്ടത് ദൈവികമായ കാഴ്ചപ്പാടിലൂടെയായിരിക്കണം. അത് ഉള്ളുണർവുള്ളവർക്ക് മാത്രം സാധിക്കുന്ന കാര്യമാണ്. അത് ഇല്ലാത്തവർ ചെറു ചിന്തകളിലും നുറുങ്ങ് കാഴ്ചകളിലും തട്ടി വീഴും.

vox_editor

Recent Posts

കൃപാസനം പ്രേഷിത ജോമോൾ ഇനി “സമർപ്പിത കന്യക”

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…

2 days ago

Christ the King_2025_കുരിശിലെ രാജാവ് (ലൂക്കാ 23:35-43)

ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…

5 days ago

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല; കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…

2 weeks ago

33rd Sunday_2025_ശ്രദ്ധയുള്ള ദൈവം (ലൂക്കാ 21:5-19)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…

2 weeks ago

റോമിലെ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസലിക്കയുടെ പ്രതിഷ്ഠാ ദിനത്തില്‍ ദുവ്യബലി അര്‍പ്പിച്ച് പ്രാര്‍ഥിച്ച് ലിയോ പാപ്പ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…

2 weeks ago

31st_Sunday_ചാട്ടവാറുമായി നിൽക്കുന്നവൻ (യോഹ 2:13-22)

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…

3 weeks ago