Categories: Meditation

മുറിവുകളുമായി ഉത്ഥിതൻ (യോഹ 20:19-31)

യേശുവിലുള്ള വിശ്വാസം ജീവിതത്തെ ആനന്ദപ്രദമാക്കുമെന്ന് കരുതരുത്...

പെസഹാക്കാലം രണ്ടാം ഞായർ

യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ ഉപേക്ഷിച്ച് ഓടിയൊളിച്ചവർ. ഇപ്പോഴിതാ, യഹൂദരെ ഭയന്ന് വാതിലടച്ചിരിക്കുന്നു. ഇവരെ ഇനി വിശ്വസിക്കാമോ? എന്നിട്ടും അവരുടെ അടുത്തേക്കാണ് അവൻ ആദ്യം വരുന്നത്. വാതിലുകളും ജനാലകളും അടഞ്ഞുകിടക്കുന്ന ഇടം. വായു സഞ്ചാരമില്ലാത്ത ഒരിടം. തുറവിയില്ലാത്ത ഒരു സമൂഹത്തിന്റെ പ്രതീകമാണത്. എന്നിട്ടും യേശു വരുന്നു, അവരുടെ മധ്യേത്തിലേക്ക്. എന്നിട്ട് പറയുന്നു: “നിങ്ങൾക്കു സമാധാനം!” ഇതൊരു അഭിവാദനമല്ല, സ്ഥിരീകരണമാണ്. ഇതാ, ഉത്ഥിതന്റെ സമാധാനം. അത് ശിഷ്യരുടെ ഉള്ളിലേക്ക് തുളച്ചുകയറുന്നു. അത് ദൈവികമാണ്. അത് നിന്റെ ഭയത്തിലേക്കും കുറ്റബോധത്തിലേക്കും പൂർത്തീകരിക്കാത്ത സ്വപ്നങ്ങളിലേക്കും മങ്ങിക്കൊണ്ടിരിക്കുന്ന അസംതൃപ്തികളിലേക്കും ആഴ്ന്നിറങ്ങും.

പക്ഷേ എല്ലാവരുമില്ല ആ മുറിയിൽ. ആരൊക്കെയോ പുറത്താണ്. രണ്ട് ശിഷ്യന്മാർ എമ്മാവൂസിലേക്ക് പോയി കഴിഞ്ഞിരിക്കുന്നു. തോമസ് ഒരു അന്വേഷണത്തിലാണ്. അതെ, യേശുവും തോമസും പരസ്പരം അന്വേഷിക്കുന്നു.

എട്ടു ദിവസങ്ങൾക്ക് ശേഷം വീണ്ടും ഒരു കണ്ടുമുട്ടൽ. യേശു വീണ്ടും അവരുടെ മധ്യേത്തിലേക്ക് വരുന്നു. അവൻ ആരെയും കുറ്റപ്പെടുത്തുന്നില്ല, ആരെയും നിന്ദിക്കുന്നുമില്ല. അവന് കാണേണ്ടത് തോമസിനെ മാത്രമാണ്. അസംതൃപ്തനായിരുന്നു തോമസ്. കൂടെയുള്ളവരുടെ വാക്കുകൾ ഒരു കഥയായി അവന് തോന്നിയതു കൊണ്ടായിരിക്കണം യേശുവിനെ സ്പർശിക്കണം എന്ന് അവൻ വാശി പിടിച്ചത്. തന്റെ ഗുരുവിനെ കുറിച്ചുള്ള കഥയല്ല അവന് വേണ്ടത്, വ്യക്തിപരമായ ഒരു കൂടിക്കാഴ്ചയാണ്. അതെ, ഗുരു ഇതാ, തോമസിന്റെ മുന്നിൽ വിരിച്ച കൈകളുമായി. ഒന്നും അടിച്ചേൽപ്പിക്കുന്നില്ല. ചെറിയൊരു നിർദ്ദേശം മാത്രം. “നിന്റെ വിരൽ ഇവിടെ കൊണ്ടുവരുക… നിന്റെ കൈ നീട്ടി എന്റെ പാർശ്വത്തിൽ വയ്ക്കുക.”

ഉത്ഥാനം മുറിവുകളെ ഒന്നും അടച്ചിട്ടില്ല. അവന്റെ ശരീരത്തിലെ മുറിപ്പാടുകൾ ഇപ്പോഴും വ്യക്തമാണ്. ഉത്ഥാനം കുരിശിലെ മരണത്തെ ഇല്ലാതാക്കുന്നില്ല. അത് കുരിശിന്റെ തുടർച്ചയാണ്. അതുകൊണ്ടുതന്നെ കുരിശിലെ മുറിവുകൾ ഇനി മറക്കേണ്ട കാര്യമില്ല. അവ ഇനി മുതൽ ലജ്ജയോ ഇടർച്ചയോ അല്ല, ദൈവമഹത്വത്തിന്റെ സുന്ദരമായ അടയാളമാണ്. ആ മുറിവുകളാണ് സ്നേഹത്തിന്റെ ഏറ്റവും ഉയർന്ന ബിന്ദു. ആ മുറിവുകളാകുന്ന അക്ഷരമാലയിൽ രചിച്ച ഒരു സ്നേഹകാവ്യമാണ് ഉത്ഥിതന്റെ ശരീരം.

തോമസ് ആ മുറിവുകളിൽ സ്പർശിച്ചോ എന്നതിനെക്കുറിച്ച് സുവിശേഷകൻ ഒന്നും പറയുന്നില്ല. അവനെ സംബന്ധിച്ച് ആ കണ്ടുമുട്ടൽ മാത്രം മതിയായിരുന്നു. അവനുവേണ്ടി മാത്രം ഗുരുനാഥൻ വന്നുവല്ലോ. അതെ, തീക്ഷ്ണമായി ആഗ്രഹിക്കുന്നവന്റെ മുൻപിൽ നിന്നും ദൈവം മാറിനിൽക്കില്ല. അങ്ങനെയുള്ളവരെ ദൈവം ഉപേക്ഷിക്കുകയുമില്ല. അവരെ തേടി ദൈവം വരും. അത് ദൈവത്തിന്റെ ശൈലിയാണ്. അവസാനം വരെ ഒരു അന്വേഷിയായി നിനക്ക് നടക്കേണ്ടി വരില്ല. ഒരു കരം നിന്നിലേക്കും വരും. അപ്പോൾ നീ പറയും: “എന്റെ കർത്താവേ, എന്റെ ദൈവമേ!”

“നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെതന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്‍മാർ” (20 : 29). കാണാതെ വിശ്വസിക്കുന്നവർക്കുള്ള സുവിശേഷ ഭാഗ്യമാണിത്. ഇത്തിരിയോളം ദൈവീകാനുഭവത്തിനായി ഇരുട്ടിൽ തപ്പിനടക്കുന്ന, കഷ്ടപ്പെടുന്ന നമുക്കു മാത്രമായുള്ള ഒരു ഭാഗ്യം. അതെ, അന്വേഷിക്കാനാണ് അവൻ പറയുന്നത്. ബാഹ്യ അടയാളങ്ങളുടെ അടിമകളായി മാറരുത് നമ്മൾ. തോമസിനെപ്പോലെ വ്യക്തിപരമായി അന്വേഷിക്കണം. അങ്ങനെ അന്വേഷിച്ചതിനു ശേഷം കിട്ടുന്ന ദൈവിക അനുഭവം ഉണ്ടല്ലോ, അതാണ് ഏറ്റവും സുന്ദരമായ സുവിശേഷ ഭാഗ്യം.

യേശുവിലുള്ള വിശ്വാസം ജീവിതത്തെ ആനന്ദപ്രദമാക്കുമെന്ന് കരുതരുത്. ഒരു ജീവിതവും സരളമല്ല. പക്ഷേ വിശ്വാസത്തിന് ആ ജീവിതത്തെ ഊർജ്ജസ്വലമാക്കാൻ സാധിക്കും. ജീവിതത്തിൽ മുറിവുകളുണ്ടാകും. വിശ്വാസത്തിന് മാത്രമേ മുറിവുകളെ തിളക്കമുള്ളതാക്കാൻ സാധിക്കു. അതുകൊണ്ടാണ് തിളങ്ങുന്ന മുറിവുകളുമായി നിൽക്കുന്ന യേശുവിന്റെ ചിത്രത്തോടുകൂടി സുവിശേഷം അവസാനിക്കുന്നത്. ഇവിടെ നിന്നാണ് ഇനി ശിഷ്യത്വം ആരംഭിക്കുന്നത്. മുറിവുകളെ വജ്രത്തിളക്കമാക്കി മാറ്റുന്ന പുതിയ ആൽക്കെമിയായിരിക്കും അവരുടെ പ്രഘോഷണം. അത് ഏകദേശം ഇങ്ങനെയായിരിക്കും: “യേശു ദൈവപുത്രനായ ക്രിസ്‌തുവാണെന്നു നിങ്ങള്‍ വിശ്വസിക്കുക അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങള്‍ക്ക്‌ അവന്റെ നാമത്തില്‍ ജീവന്‍ ഉണ്ടാകും” (20 : 31)

vox_editor

Recent Posts

Feast of the Body & Blood of Christ_2026_”ജീവനുള്ള അപ്പം ഞാനാണ്” (യോഹ 6:51-58)

പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…

1 week ago

Pentecost Sunday_2026_ധൈര്യം പകരുന്ന ആത്മാവ് (യോഹ 20:19-23)

പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…

3 weeks ago

Ascension of Jesus_2026_ഹൃദയത്തിലെ കൂടൊരുക്കൽ (മത്താ. 28:16 -20)

സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…

1 month ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന് രണ്ടാം തവണയും അവഹേളനം, പ്രതികരണം വന്നപ്പോൾ മാപ്പ് പറഞ്ഞു തടിയൂരൽ

ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…

1 month ago

6th Easter Sunday_2026_സഹായകനെ നൽകുന്ന സ്നേഹം (യോഹ 14:15-21)

പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…

1 month ago

5th Easter Sunday_2026_വഴിയും സത്യവും ജീവനും (യോഹ 14:1-12)

പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…

2 months ago