തിരുഹൃദയത്തിന്റെ തിരുനാൾ
യേശുവിന്റെ മരണത്തിന്റെ ഏറ്റവും അവസാനത്തെ ആവിഷ്കരണമാണ് ഇന്നത്തെ സുവിശേഷം. കുരിശിൽ കിടന്നു മരിച്ചവന്റെ മാറു പിളർക്കുന്നതാണ് സുവിശേഷരംഗം. മറ്റു സുവിശേഷങ്ങൾ ഒന്നും തന്നെ ഇത് പ്രതിപാദിക്കുന്നില്ല എന്ന കാര്യം നമ്മൾ ഓർക്കണം. എങ്കിലും രചനാ ശൈലി വളരെ സത്യസന്ധമാണ്.
സാധാരണഗതിയിൽ കുരിശിലേറ്റിയ ഒരാൾ മരിക്കാൻ ഏകദേശം നാല് ദിവസമെങ്കിലും എടുക്കും. കാരണം അധികം ശാരീരിക പീഡകൾ ഏൽപ്പിക്കാതെയാണ് റോമൻ പടയാളികൾ കുറ്റവാളികളെ കുരിശിൽ തറയ്ക്കാറുണ്ടായിരുന്നത്. കുരിശിൽ കിടക്കുന്നവൻ ഭൂമിക്കും ആകാശത്തിനും മധ്യേ, വിശപ്പും ദാഹവും സഹിച്ച്, വട്ടമിട്ടു പറക്കുന്ന കഴുകന്മാരുടെ നടുവിൽ, വഴിയാത്രക്കാരുടെ അവഹേളനങ്ങളും ശാപങ്ങളും ചിലപ്പോൾ സഹതാപവും ഏറ്റുവാങ്ങി ജീവശ്വാസം നിലനിർത്താൻ കഷ്ടപ്പെടണം.
പക്ഷേ യേശുവിന്റെ കാര്യത്തിൽ വ്യത്യാസം ഉണ്ടായിരുന്നു. അവർണനീയമായ തരത്തിലുള്ള പീഡകൾ ഏറ്റുവാങ്ങിയതിനു ശേഷമാണ് അവൻ കാൽവരിയിലേക്ക് കുരിശും വഹിച്ചു വരുന്നത്. തീർത്തും അവശനായിരുന്ന അവനെ ശിമയോൻ എന്ന വഴിയാത്രക്കാരൻ ഇത്തിരിനേരം സഹായിക്കുന്നുണ്ട്. ചോരവാർന്നൊലിക്കുന്ന അവനെ കണ്ടു ജെറുസലേമിലെ സ്ത്രീജനങ്ങൾ നെഞ്ചത്തടിച്ചു കരയുന്നുണ്ട്. ഒപ്പം അവഹേളനത്തിന്റെ അഴുക്കുചാലുകൾ തുറന്നുവിട്ടാണ് യഹൂദപ്രമാണികൾ അവനെ കാൽവരിയിലേക്ക് കൊണ്ടുവരുന്നത്. അതുകൊണ്ടുതന്നെ അധികം നേരം അവന് കുരിശിൽ കിടക്കേണ്ടി വന്നില്ല. ഏകദേശം മൂന്ന് മണിക്കൂർ മാത്രം. പടയാളികളിൽ ആരോ നൽകിയ മീറ കലർത്തിയ വീഞ്ഞ് രുചിച്ചതിനുശേഷം അവൻ ആത്മാവിനെ കൈമാറിയെന്നാണ് യോഹന്നാന്റെ സുവിശേഷം ചിത്രീകരിക്കുന്നത്. അവന്റെ മരണം ഒരു കൈമാറ്റമായിരുന്നു. ആടുകൾക്കുവേണ്ടി ജീവൻ നൽകാനും അത് തിരിച്ചെടുക്കാനും കഴിവുള്ളവന്റെ നിശബ്ദമായ കൈമാറ്റം.
മുട്ടുകാലുകൾ തല്ലിയൊടിക്കുക എന്നത് കുരിശിൽ കിടക്കുന്നവരുടെ മരണം എളുപ്പമാക്കുന്നതിനുള്ള ഏക പോംവഴിയാണ്. അങ്ങനെയാകുമ്പോൾ കാലുകൾക്ക് ശരീരത്തിന്റെ ഭാരം താങ്ങാനാവാതെ, നെഞ്ചിൻകൂട് മുന്നിലേക്ക് ചാഞ്ഞ്, ശ്വാസം കിട്ടാതെ നിമിഷനേരത്തിനുള്ളിൽ കുരിശിൽ കിടക്കുന്നവൻ മരിക്കും. ഒരുവിധത്തിൽ പറഞ്ഞാൽ കാലുകൾ തല്ലിയൊടിക്കുകയെന്നത് ദയാവധമാണ്. അധികനേരം നീ സഹിക്കേണ്ട ഞങ്ങളങ്ങു തീർത്തു തരാം! ഇതേ മനോഭാവം തന്നെയാണ് നമ്മുടെ ഇടയിൽ നടന്നുകൊണ്ടിരിക്കുന്ന ദയാവധങ്ങളുടെയും പിന്നിലുള്ള തേജോവികാരവും. നൊമ്പരങ്ങളുമായി കാൽവരി കയറുന്നവരുടെ കാല് തല്ലി ഒടിച്ചുകൊണ്ട് ‘നൽമരണം’ സമ്മാനിക്കുന്നവരെ ന്യായീകരിക്കുന്ന ധാർമികതയ്ക്ക് നമ്മുടെ സമൂഹത്തിലും സ്ഥാനം കൈവന്നിട്ടുണ്ട്.
ക്രൂശിതരുടെ എല്ലാ വികാരങ്ങളും വിചാരങ്ങളും വിഭ്രാന്തിപോലും കുമിഞ്ഞുകൂടിയ ഇടമാണ് കാൽവരി. പച്ചമനുഷ്യരുടെ നെടുവീർപ്പുകളും വിമ്മിട്ടവും കൂടിക്കലർന്ന ചോരയുടെ മണമാണ് ആ ഇടത്തിന്. അവിടെ, ഇതാ, പുതിയ ഉടമ്പടിയുടെ രക്തം ക്രൂശിതന്റെ മാറിൽ നിന്നും വീഴുന്നു. ജീവനും പുനരുത്ഥാനവുമായവന്റെ ജീവനാണ് അത്. ജീവനു പകരം ജീവൻ നൽകുന്ന ബലികളുടെ യുക്തി ഇവിടെ അപ്രസക്തമാകുന്നു. ശാപത്തിന്റെയും ഇടർച്ചയുടെയും ഭോഷത്തതിന്റെയും പ്രതീകമായിരുന്ന കുരിശ് ബലിപീഠമാകുകയും ജീവജലത്തിന്റെ ഉറവിടമായവന്റെ പാർശ്വത്തിൽ നിന്നും അത് നിർഗ്ഗളിക്കുകയും ചെയ്യുന്നു.
ക്രൂശിതന്റെ “എല്ലാം പൂർത്തിയായി” എന്ന ഒറ്റവാക്യത്തിൽ മരണത്തിന്റെ അന്തസ്സും ചാരുതയും പൂർണ്ണമായും അടങ്ങിയിട്ടുണ്ട്. സ്നേഹിതർക്കായുള്ള ആത്മാർപ്പണമായിരുന്നു അത്. ആ അർപ്പണത്തിൽ ജീവനും മരണത്തിനും നവമാനം ലഭിക്കുന്നു. സ്നേഹത്തിന്റെ പര്യായമായിരുന്ന അവന്റെ ജീവിതത്തിന് മരണം പൂർണ്ണത നൽകുന്നു. അതുകൊണ്ടാണ് കുരിശുമരണവും സ്നേഹവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നു പറയുന്നത്. സ്നേഹിക്കുന്നവർക്ക് മാത്രമേ കുരിശിനെ മനസ്സിലാകു. കുരിശിനു മാത്രമേ സ്നേഹത്തെ ആഴമായി മനസ്സിലാക്കി തരാനും കഴിയു. അതുകൊണ്ടാണ് ഒത്തിരി ശിഷ്യന്മാർ ഉണ്ടായിട്ടും കുരിശിലെ സ്നേഹത്തെ ദർശിക്കാൻ സാധിച്ചത് അവൻ്റെ വക്ഷസ്സിൽ തലചായ്ച്ചു അത്താഴ വിരുന്നിൽ പങ്കെടുത്തവനു മാത്രമാണ്.
യേശു സ്നേഹിച്ചിരുന്ന ശിഷ്യൻ എന്നാണ് അവൻ സ്വയം വിശേഷിപ്പിച്ചിരുന്നത്. ഗുരുവിന്റെ ഹൃദയസ്പന്ദനം അറിഞ്ഞവനാണവൻ. ഗത്സമനിയിൽ വച്ച് യൂദാസും പടയാളികളും യേശുവിനെ ബന്ധിക്കാൻ വന്നപ്പോൾ അവൻ ഓടിയൊളിച്ചില്ല. പ്രധാനപുരോഹിതന്റെ ഭവനത്തിലും പീലാത്തോസിന്റെ കൊട്ടാരത്തിലും ഗുരുവിന്റെ പിന്നാലെ അവനും പോകുന്നുണ്ട്. അവസാനം കുരിശിനു കീഴിൽ വ്യാകുല മാതാവിന് താങ്ങാകുന്നതും അവനാണ്. അവന്റെ അസന്നിഗ്ധമായ പ്രഘോഷണമാണ് ഇന്നത്തെ സുവിശേഷം. അവൻ നേരിട്ട് കണ്ട കാര്യം വിളിച്ചു പറയുന്നു: ഗുരുനാഥന്റെ ഹൃദയം പിളർക്കപ്പെട്ടു. അവിടെ നിന്നും രക്തവും ജലവും നിർഗ്ഗളിച്ചു. നോക്കുക, ഹൃദയമറിഞ്ഞവനെ കാൽവരിയോളം കൂടെ നടക്കാൻ സാധിക്കു. അങ്ങനെയുള്ളവർക്കെ മാറുപിളർന്നവനെ നോക്കി അവിടെ നിന്നും പുറത്തേക്ക് ഒഴുകുന്നത് സ്നേഹമാണെന്ന് പ്രഘോഷിക്കാനും സാധിക്കൂ.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്‍പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…
This website uses cookies.