
കർത്താവ് ഭവനം പണിയുന്നില്ലെങ്കിൽ പണിക്കാരുടെ അദ്ധ്വാനം വ്യർത്ഥം.
കർത്താവ് നഗരം കാണിക്കുന്നില്ലെങ്കിൽ കാവൽക്കാർ ഉണർന്നിരിക്കുന്നത് നിരർത്ഥകം.
അതിരാവിലെ ഉണരുന്നതും, വൈകി ഉറങ്ങാൻ പോകുന്നതും, കഠിന പ്രയത്നം ചെയ്തു ജീവിക്കുന്നതും അർത്ഥശൂന്യം (സങ്കീർത്തനം 127:1). സങ്കീർത്തകന്റെ പ്രാർത്ഥന നമ്മുടെയും പ്രാർത്ഥനയാക്കാം, നമ്മുക്ക് ധ്യാന വിഷയമാക്കാം. ദൈവത്തെ കൂടാതെ പദ്ധതികൾ ആസൂത്രണം ചെയ്യാനും, പ്രാവർത്തികമാക്കാനും വെമ്പൽ കൊള്ളുന്ന ഒരു തലമുറ വളർന്നു വരികയാണ്. അഹന്തയും, അഹങ്കാരവും, പൊങ്ങച്ചവും, തന്നിഷ്ടവും, ആർജനാസക്തിയും കുത്തിനിറച്ച് “ഉള്ളു പൊള്ളയായ” ഒരു തലമുറയുടെ “നഷ്ട സ്വർഗ്ഗത്തിന്റെ” തന്നെ കഥകളാണ് ആധുനിക സമൂഹം കാഴ്ചവയ്ക്കുന്നത്. പൂഴിയിൽ ഭവനം പണിയുന്നത് പോലെ, മൂലക്കല്ല് ഇല്ലാതെ ഭവനം പണിയുന്നത് പോലെ തകർച്ച തീർച്ചയാണെന്ന് അറിയാമെങ്കിലും വീണ്ടും വീണ്ടും ദൈവത്തെ മാറ്റിനിർത്തി പലതും പണിതുയർത്തുവാനുള്ള വ്യഗ്രത ജീവിതത്തിന്റെ നാനാതുറകളിൽ ദൃശ്യമാണ്. ദൈവത്തെ മാറ്റിനിർത്തി പണിതുയർത്തുന്ന പദ്ധതികളുടെയും, പ്രസ്ഥാനങ്ങളുടെയും, പ്രത്യയ ശാസ്ത്രങ്ങളുടെയും പരിതാപകരമായ അവസ്ഥയുടെ പ്രതീകമാണ് ബാബേൽ ഗോപുരം (ഉല്പത്തി 11:1-9). എന്നാൽ ദൈവത്തോടൊപ്പം യാത്ര ചെയ്യാൻ, ദൈവത്തെ മുൻനിർത്തി അധ്വാനിച്ചാൽ വിജയം സുനിശ്ചിതമാണെന്ന് ലോകത്തോട് വിളിച്ചു പറയാൻ, ചരിത്രത്തിന്റെ തങ്കത്താളുകളിൽ സ്വർണ്ണലിപികളിൽ കുറിച്ചു വയ്ക്കാൻ “ചന്ദ്രനിൽ” കാലുകുത്തിയ ശാസ്ത്രജ്ഞൻമാർക്ക് കഴിഞ്ഞു എന്നത് ചരിത്രസത്യമായി നിലകൊള്ളുകയാണ്.
ഭൂമിയിൽ നിന്ന് ആകാശത്തേക്ക് നോക്കുമ്പോഴുള്ള വിസ്മയത്തെക്കാൾ എത്രയോ മടങ്ങ് അവാച്യമായ വിസ്മയമാണ് ആകാശത്തുനിന്ന് ഭൂമിയിലേക്ക് നോക്കുമ്പോൾ അനുഭവവേദ്യമാകുന്നതെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളുമ്പോഴാണ് ദൈവത്തിന്റെ “യജമാന പദ്ധതി”യുടെ രഹസ്യാത്മകതയും ധ്യാനവിഷയമാകുന്നത്. നമ്മുടെ ഭാഷയും, വേഷവും, ആചാര അനുഷ്ഠാനങ്ങളും, സംസ്കാരവും ലോകം മുഴുവനും വ്യാപിക്കുമ്പോൾ “ലോകം ഒരു വലിയ തറവാടായി” മാറുകയാണ്. കിണറ്റിനുള്ളിൽ കിടന്നു വളരുന്ന തവളയുടെ ലോകം തീരെ ചെറുതായിരിക്കും. പുഴയിൽ എത്തുമ്പോൾ കുറച്ചുകൂടെ വിശാലമായി മാറും… കടലിൽ എത്തുമ്പോൾ…! കെട്ടിക്കിടക്കുന്ന ജലത്തിൽ കൂത്താടികൾ പെരുകും, ജലം മലിനമാകും. ജീവിതം ഒരു പുഴപോലെ ഒഴുകണം. ജീവിതം നിലയ്ക്കാത്ത ഒരു പ്രവാഹമാകണം… നന്മ നട്ടുനനച്ചു വളർത്തി പരിപോഷിപ്പിക്കാനുള്ള ആത്യന്തികമായ ലക്ഷ്യം മറക്കാതിരിക്കാം.
ജീവിതയാത്രയിൽ നമ്മുടെ പ്രയത്‌നങ്ങൾക്ക് നൂറുമേനി ഫലമണിയുവാൻ “ദൈവഹിതം” ആരായുവാൻ നാം സദാ സന്നദ്ധരാകണം. ദൈവം വഴി അടച്ചാൽ യാത്ര അവസാനിക്കും. ദൈവം വഴി തുറന്നാൽ ഒരായിരം വഴികൾ മുന്നിൽ തെളിയും. എല്ലാ വഴികളിലും പട്ടുമെത്ത ഉണ്ടാവില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാനുള്ള യുക്തിയും, ജീവിതാനുഭവവും കൈമുതലായി ഉണ്ടാവണം. വിശ്വാസമാകുന്ന മൂലകല്ലിൽ ഉറച്ച അടിസ്ഥാനമിടാം. പാറമേൽ പണിത ഭവനം പോലെ പ്രതിസന്ധികളെയും, പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്യാനുള്ള ഉൾബലം കരുതിവയ്ക്കാം. പദ്ധതികൾ പകുതിവഴിക്ക് ഉപേക്ഷിച്ചുപോയ ബാബേൽ ഗോപുരത്തിന്റെ പണിക്കാരെപ്പോലെ നിരാശരാകാതിരിക്കാൻ തീവ്രമായി യത്നിക്കാം. ജീവിതത്തെ സമ്പന്നമാക്കുന്ന “പ്രത്യാശ”യുടെ വക്താക്കളായി മാറാൻ നിരന്തരം ദിശാബോധത്തോടെ പ്രവർത്തിക്കാം. “കൂട്ടായ്മയുടെ സംഘശക്തി” വിളംബരം ചെയ്യുവാൻ സഹവർത്തിത്വത്തോടെ പ്രവർത്തിക്കുവാൻ പ്രതിജ്ഞയെടുക്കാം. ദൈവദാനമായി കിട്ടിയ വിവിധ താലന്തുകൾ സഹോദരങ്ങളുടെ, സമൂഹത്തിന്റെ ഉന്നമനത്തിനായി ബോധപൂർവ്വം പങ്കുവയ്ക്കാം. “കൊണ്ടും കൊടുത്തും” ജീവിതം ആസ്വദിക്കാം. ആരും പൂർണ്ണരല്ലാ എന്ന തിരിച്ചറിവുണ്ടാകുമ്പോൾ ക്ഷമിക്കാനും, മറക്കാനും, വിട്ടുവീഴ്ച മനോഭാവത്തോടുകൂടെ “രമ്യത”യിൽ വർദ്ധിക്കാനും നാം പ്രാപ്തിയുള്ളവരായി മാറും. പ്രാർത്ഥനാപൂർവ്വം ദൈവകൃപ യാചിക്കാം. മംഗളം നേരുന്നു.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.