Categories: Sunday Homilies

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ

വിചിന്തനം :- പാരസ്പര്യത്തിന്റെ ദൈവം (യോഹ 16:12-15)

മാർട്ടിൻ N ആന്റണി
മൂന്ന് വ്യക്തികളിൽ നിറവാകുന്ന ദൈവം: വ്യക്തിത്വമോ ഏകവും. എല്ലാ ദൈവചിന്തകരുടെയും ധിഷണയെ തകിടംമറിക്കുന്ന ഒരു പാഠനം. ഒറ്റ നോട്ടത്തിൽ ഗ്രാഹ്യമാകാത്ത സിദ്ധാന്തം. അതാണ് ത്രിത്വം. എങ്കിലും ഹൃദയംകൊണ്ട് അടുക്കുന്തോറും അനിർവചനീയമായ ആശ്വാസം ലഭിക്കുന്ന യാഥാർത്ഥ്യം. ഏകാന്തതയുടെ കോട്ടക്കൊത്തളത്തിൽ വസിക്കാത്ത ഒരു ദൈവം. തന്നിൽത്തന്നെ ഏകാന്തതയില്ലാത്തവൻ. സ്നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും വിട്ടുകൊടുക്കലിന്റെയും സ്വയം ശൂന്യവൽക്കരണത്തിന്റെയും അനന്തമായ ചലനത്താൽ അവൻ ഒരു സമുദ്രം പോലെ സ്പന്ദിക്കുന്നു.
സ്നേഹ ചലിതമാണ് ദൈവം. അങ്ങനെ തന്നെയാണ് നമ്മളും. നമ്മിലും സ്നേഹം ചലനാത്മകമാണ്. നമ്മൾ ദൈവത്തിന്റെ രൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടു എന്ന് പറയുമ്പോൾ അതിനർത്ഥം ത്രിത്വത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടു എന്ന് തന്നെയാണ്. കാരണം, കൂട്ടായ്മയാണ് നമ്മുടെ യഥാർത്ഥ പ്രകൃതം. ദൈവം ഒറ്റയല്ലാത്തതുപോലെ മനുഷ്യനും ഏകനാകാൻ സാധിക്കില്ല. അതുകൊണ്ടാണ് സൃഷ്ടിയുടെ സമയത്ത് ദൈവം പറയുന്നത്; “മനുഷ്യന് ഏകനായിരിക്കുന്നതു നന്നല്ല” (ഉല്പ 2 : 18). ഏകാന്തതയാണ് മനുഷ്യന്റെ ആദ്യത്തെ ദോഷം. അതൊരു കുറവാണ്. മനുഷ്യന്റെ ഏകാന്തതയെ ഒരു കുറവായി കാണുന്ന ദൈവത്തിന് സ്വർഗ്ഗത്തിലും തനിച്ചായിരിക്കാൻ സാധിക്കില്ല. ഏകാന്തതയ്‌ക്കെതിരായ അനിവാര്യമായ സ്വർഗ്ഗീയ വിജയമാണ് ത്രിത്വം. മനുഷ്യനും അങ്ങനെയായിരിക്കണം എന്നതാണ് ഉല്പത്തിപ്പുസ്തകവും പഠിപ്പിക്കുന്നത്. സഭയുടെ അസ്തിത്വവും അതുതന്നെയാണ്. അവൾ ഒറ്റയല്ല. എക്ലേസിയയാണ്. കൂട്ടായ്മയാണ്. നമ്മുടെ ജീവിതവും അങ്ങനെ തന്നെയാണ്. ഒറ്റയ്ക്കൊരു സ്വർഗ്ഗം ആർക്കുമില്ല, ദൈവത്തിനുപോലും.
ത്രിത്വത്തെ എങ്ങനെ വ്യക്തമാക്കാൻ സാധിക്കും? സ്നേഹത്തെ കുറിച്ച് നമ്മൾ എങ്ങനെ സംസാരിക്കുന്നു, അങ്ങനെ മാത്രമേ ത്രിത്വത്തെക്കുറിച്ചും സംസാരിക്കാൻ പറ്റൂ. അതിൽ കവിതയും ലാവണ്യവും തുറവിയുമുണ്ടാകും.
ഒരു കാവ്യം പോലെയാണ് ത്രിത്വം സുഭാഷിതങ്ങളുടെ പുസ്തകത്തിൽ തെളിയുന്നത് (8:22-31). പ്രപഞ്ച വർണ്ണനകളിലൂടെ ദൈവം അവിടെ ഒരു വിഷയമാകുന്നു. ആ വിഷയത്തിൽ ജ്ഞാനം ഒരു വ്യക്തിയാകുന്നു. സൃഷ്ടിയെ ധ്യാനിക്കുന്നവന് ദൈവത്തിന്റെ ജ്ഞാനത്തെ അവഗണിക്കാൻ സാധിക്കില്ല. ജ്ഞാനം വചനമാണ്, വചനം ക്രിസ്തുവാണ്. “അവന് ആദിയില്
ദൈവത്തോടുകൂടെയായിരുന്നു” (യോഹ1 : 2). ഏകനായ ഒരു ദൈവത്തിന്റെ കരവിരുതല്ല സൃഷ്ടി എന്നാണ് സുഭാഷിതമതം. ഒപ്പം യോഹന്നാൻ പാടുന്നു,
സമസ്‌തവും ക്രിസ്തുവിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല (cf. യോഹ 1 : 3). തനിച്ചല്ലാത്ത ഈ ദൈവം തത്ത്വചിന്തകരുടെ ബോറടിപ്പിക്കുന്ന ദൈവമല്ല, മറിച്ച് മനുഷ്യ ജീവനെ നിത്യതയോളം ഉയർത്തുകയും അതിന് സൗന്ദര്യം നൽകുകയും ചെയ്യുന്ന സന്തോഷവാനായ ദൈവമാണ്. അതുകൊണ്ടുതന്നെ കവിഹൃദയം ഇല്ലാത്തവർക്ക് ഈ ദൈവത്തെ അറിയാനും സാധിക്കില്ല. കാരണം, സ്നേഹം എന്നും കാവ്യാത്മകമാണ്.
പ്രത്യാശയും അഭിനിവേശവും – ഇവയാണ് പൗലോസപ്പോസ്തലന്റെ ദൈവചിന്തകളുടെ ആന്തരികചോദനകൾ. എല്ലാറ്റിനെയും സംശയദൃഷ്ടിയോടെ വ്യാഖ്യാനിക്കാൻ ശീലിച്ച നമ്മോട്, നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപ്പെട്ടിരിക്കുന്ന സ്നേഹത്തെക്കുറിച്ച് അവൻ യുക്തിവിചാരം നടത്തുന്നു (റോമ 5:5). പരിശുദ്ധാത്മാവിലൂടെ നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപ്പെടുന്ന സ്നേഹമാണ് അവനെ സംബന്ധിച്ച് ത്രിത്വൈകദൈവം. അളവുകളിലും മാപിനികളിലും ആ സ്നേഹത്തെ നിർണ്ണയിക്കാൻ സാധിക്കില്ല. കൊടുക്കലും വാങ്ങലും തമ്മിലുള്ള സന്തുലിതാവസ്ഥയുമായി ആ സ്നേഹത്തെ താരതമ്യപ്പെടുത്തിയാൽ കൊടുക്കൽ മാത്രമാണത്. ഈ ചിന്തയെ യോഹന്നാൻ നിർവചിക്കുന്നത് ഇങ്ങനെയാണ്: “തന്റെ ഏകജാതനെ നല്കാന് തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു” (3 : 16). ഈ സ്നേഹമാണ് ക്രൈസ്തവന്റെ ഏറ്റവും വലിയ പ്രത്യാശ.
ആ പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല.
ദൈവിക രഹസ്യത്തെക്കുറിച്ച് യേശു എല്ലാം പറഞ്ഞവസാനിപ്പിച്ചിട്ടുണ്ട് എന്ന് വിചാരിക്കരുത്. വിശുദ്ധ ഗ്രന്ഥവും സുവിശേഷവും എല്ലാത്തിന്റെയും ഉത്തരമല്ല. എല്ലാം അവിടെ നിർവചിക്കപ്പെടുന്നുമില്ല. വെളിപാടുകൾ ഇനിയും ഉണ്ടാകും. ഗവേഷണങ്ങൾ ഇനിയും നമ്മൾ നടത്തണം. അതുകൊണ്ടാണ് അവൻ പറയുന്നത്; “ഇനിയും വളരെ കാര്യങ്ങള് എനിക്കു നിങ്ങളോടു പറയാനുണ്ട്‌. എന്നാല്, അവ ഉള്ക്കൊള്ളാന് ഇപ്പോള് നിങ്ങള്ക്കു കഴിവില്ല. സത്യാത്മാവു വരുമ്പോള് നിങ്ങളെ സത്യത്തിന്റെ പൂര്ണതയിലേക്കു നയിക്കും” (vv.12-13). എല്ലാം പറഞ്ഞു തീർക്കുന്നതിന് പകരം, അവൻ ദീർഘമായ അന്വേഷണത്തിന് ശിഷ്യരെ ക്ഷണിക്കുന്നു. എന്നിട്ട് ഒരു വഴികാട്ടിയെ വാഗ്ദാനം ചെയ്യുന്നു. അത് സത്യാത്മാവാണ്. നോക്കുക, സൂത്രവാക്യങ്ങളിൽ കുരുക്കപ്പെടാത്ത ഒരു ദൈവം. അതാണ് സുവിശേഷത്തിലെ ദൈവം. അതാണ് ത്രിത്വം. ഒരു നിർവചനത്തിലും ആ ദൈവം ഉൾപ്പെടുന്നില്ല. പക്ഷെ തുറവിയുള്ള ഒരു ഹൃദയമുണ്ടോ, എങ്കിൽ ഒരു സ്നേഹാനുഭവമാകും ആ ദൈവം. അത് തീർച്ച.
vox_editor

Recent Posts

21st Ordinary Sunday_2025രക്ഷയുടെ വാതിൽ (ലൂക്കാ 13: 22 – 30)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…

7 days ago

സമാധാനവും ഭിന്നതയും (ലൂക്കാ 12:49-57)

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…

2 weeks ago

18th Sunday_Ordinary Time_ദ്രവ്യാസക്തി എന്ന നരകം (ലൂക്കാ 12: 13-21)

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…

4 weeks ago

സേവനത്തിന്റെ കരങ്ങൾക്ക് വിലങ്ങിടുന്ന രാഷ്ട്രീയം

സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…

1 month ago

ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…

1 month ago

17th Ordinary Sunday_2025_കർത്താവിന്റെ പ്രാർത്ഥന (ലൂക്കാ 11: 1-13)

ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ യേശു പ്രാർത്ഥനയുടെ നിമിഷത്തിലാണ്. അതു കാണുന്ന ശിഷ്യന്മാർക്ക് ഉള്ളിൽ ഒരു ആഗ്രഹം: "കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ…

1 month ago