Categories: Meditation

നീ അനുഗ്രഹീത/തൻ ആണ് (ലൂക്കാ 1:39-45)

"നീ അനുഗ്രഹീത/തൻ ആണ്" എന്ന് ഒരാൾ പറയുകയാണെങ്കിൽ അതിനർത്ഥം സ്വർഗ്ഗം നിന്നിലുണ്ട് എന്നാണ്...

ആഗമനകാലം നാലാം ഞായർ

സ്ത്രീകളുടെ സന്തോഷം ലോകത്തോട് പങ്കുവയ്ക്കുന്ന ഒരു സുവിശേഷഭാഗം. മറിയം – പരിശുദ്ധാത്മാവിനാൽ ഗർഭവതിയായവൾ, ഉദരത്തിൽ പ്രകാശത്തെ വഹിക്കുന്നവൾ – യൂദയായിലെ ഒരു മലമ്പ്രദേശത്തേക്ക് യാത്ര പുറപ്പെടുന്നു. ഗർഭാവസ്ഥയുടെ തളർച്ച അവളുടെ ശരീരത്തിനുണ്ട്. എങ്കിലും ഒരു അപ്പൂപ്പൻ താടിയെ പോലെ അവൾ സ്വതന്ത്രയാണ്. ഈ നടന്നുനീങ്ങുന്ന ഗർഭിണിയായ മറിയം ക്രൈസ്തവീകതയുടെ ആധികാരികവും സുന്ദരവുമായ പ്രതീകമാണ്. ഉദരത്തിൽ ക്രിസ്തുവിനെ വഹിക്കുന്ന മറിയത്തെ പോലെ ഉള്ളിൽ യേശുവിനെ വഹിക്കുന്നവരാണ് ക്രൈസ്തവർ. ഒരു ഗർഭിണിയുടെ ഉള്ളിൽ മറ്റൊരു ജീവനുള്ളതുപോലെ, ഒരു ശരീരത്തിൽ രണ്ട് ഹൃദയങ്ങൾ തുടിക്കുന്നത് പോലെ, രണ്ടു ജീവനുകൾ ഒന്നായിരിക്കുന്നതുപോലെ ഓരോ ക്രൈസ്തവനിലും ക്രിസ്തു ജീവിക്കുന്നു. അതുകൊണ്ടാണ് ക്രിസ്ത്യാനി എന്ന പദത്തിന് വചനത്തെ വഹിക്കുന്നവർ എന്ന അർത്ഥം ലഭിക്കുന്നത്. ദൈവത്തോടൊപ്പം ശ്വസിക്കുകയും അവനോടൊപ്പം വികാരവിചാരങ്ങളിലേർപ്പെടുകയും ചെയ്യുന്നവരാണ് നമ്മൾ.

സുവിശേഷങ്ങളിൽ സ്ത്രീകൾ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഏക രംഗമാണ് ലൂക്കാ 1:39-45. മനോഹരമായ സംഭാഷണശകലമാണിത്. തിടുക്കത്തിൽ യാത്ര പുറപ്പെട്ട മറിയം തന്റെ ചാർച്ചകാരിയായ എലിസബത്തിന്റെ വീട്ടിൽ എത്തുന്നു. അവളുടെ വീട്ടിൽ പ്രവേശിച്ച് അഭിവാദനം ചെയ്യുന്നു. ശുശ്രൂഷിക്കുന്നതിനാണ് അവൾ ആ ഭവനത്തിൽ പ്രവേശിക്കുന്നത്. അത് അവൾ തനിയെ എടുത്ത തീരുമാനമാണ്. അവൾക്ക് വേണമെങ്കിൽ പുറത്തു നിൽക്കാമായിരുന്നു. “അവർ ചോദിക്കട്ടെ അപ്പോൾ ഞാൻ സഹായിക്കാം” എന്ന് പറയാമായിരുന്നു. പക്ഷേ, അവൾ വാതിലിൽ മുട്ടുകയാണ്. അനുവാദം കൂടാതെ തന്നെ അകത്ത് പ്രവേശിച്ചു അഭിവാദനം ചെയ്യുന്നു. സമാധാനം നിന്നോട് കൂടെ എന്നായിരിക്കണം അവൾ ആശംസിച്ചിട്ടുണ്ടാവുക. “ഷലോം” – ദൈവികാനന്ദത്തിന്റെയും രക്ഷയുടെയും തന്മാത്രകളടങ്ങിയിട്ടുള്ള സുന്ദരഭിവാദനം.

“നീ സ്ത്രീകളിൽ അനുഗ്രഹീതയാണ്” – മറിയത്തിന്റെ അഭിവാദനത്തിന് ലഭിച്ച മറുപടിയാണിത്. നന്മ പകർന്ന് നൽകി നന്മ സ്വീകരിക്കുക. അതാണ് മറിയം ചെയ്യുന്നത്. ജീവിതത്തിന്റെ ഭാരമേറിയ നിമിഷങ്ങളിൽ പ്രത്യാശയും ഗൃഹാതുരതയുമുണർത്തുന്ന വാക്കുകളുമായി കടന്നുവരുന്നവർ അനുഗ്രഹം തന്നെയാണ്. അങ്ങനെയുള്ളവരെ കാണാനും തിരിച്ചറിയാനും സാധിക്കുക അതൊരു ഭാഗ്യമാണ്. എലിസബത്ത് ആ ഭാഗ്യം സിദ്ധിച്ചവളാണ്. ഉള്ളിൽ ദൈവികതയുള്ളവൾക്ക് മാത്രമേ മറ്റൊരു സ്ത്രീയെ അനുഗ്രഹീതയെന്ന് വിളിക്കാൻ സാധിക്കൂ.

“നീ അനുഗ്രഹീത/തൻ ആണ്” എന്ന് ഒരാൾ പറയുകയാണെങ്കിൽ അതിനർത്ഥം സ്വർഗ്ഗം നിന്നിലുണ്ട് എന്നാണ്. നിന്നിൽ ഞാൻ ദൈവത്തെയും അവന്റെ പ്രവർത്തനങ്ങളെയും കാണുന്നുവെന്നും ആ വാചകത്തിന് അർത്ഥതലങ്ങളുണ്ട്. അതുപോലെതന്നെ അനുഗ്രഹിക്കുകയെന്നാൽ വാക്കുകളിൽ ദൈവികതയെ ചാലിച്ച് ചേർക്കുക എന്നതാണ്. ഇത്രയും നാളായിട്ടും നിനക്ക് ആരെയും അനുഗ്രഹിക്കാൻ സാധിച്ചിട്ടില്ലായെങ്കിൽ അതിന്റെ അർത്ഥം ഇന്നുവരെയും നീ ജീവിതത്തിൽ സന്തോഷം അനുഭവിച്ചിട്ടില്ല എന്നതുതന്നെയാണ്.

മറിയവും എലിസബത്തും തമ്മിലുള്ള ഈ കണ്ടുമുട്ടലിലും അവരുടെ പരസ്പരമുള്ള അഭിവാദനത്തിലും സ്നേഹപൂർവ്വമായ ആലിംഗനത്തിലുമെല്ലാം ദൈവം ഒരു കുടുംബത്തിലെ അംഗമെന്നപ്പോലെ അവരുടെ മദ്ധ്യേയുണ്ട്. മനുഷ്യബന്ധങ്ങളുടെ കണ്ണിയാണ് ദൈവം. അവനാണ് നമ്മെ പരസ്പരം അടുപ്പിക്കുകയും ചേർത്തു നിർത്തുകയും ചെയ്യുന്നത്. മറിയത്തെ എലിസബത്തിന്റെ അടുത്തേക്ക് കൂട്ടി കൊണ്ടുവന്നതുപോലെ ബന്ധങ്ങളുടെ ദൈവികതയിലേക്കും ലാവണ്യത്തിലേക്കും ദൈവമാണ് നമ്മെ കൈപിടിച്ച് നടത്തുന്നത്. ദൈവാനുഭവം ഒരിക്കലും നമ്മെ മനുഷ്യരിൽ നിന്നും അകറ്റില്ല. ദൈവാനുഭവമുള്ളവർ എന്ന് പറയുന്നവർ അപര വിദ്വേഷത്തിന്റെ വക്താക്കളായി മാറുകയാണെങ്കിൽ, ഓർക്കുക, അവരുടെ ദൈവം മറിയത്തിന്റെ ദൈവമല്ല. മനുഷ്യബന്ധങ്ങളെ നിരാകരിച്ചു കൊണ്ടുള്ള ഒരു നിത്യതയും ദൈവം നമുക്കായി ഒരുക്കി വച്ചിട്ടില്ല.

vox_editor

Recent Posts

21st Ordinary Sunday_2025രക്ഷയുടെ വാതിൽ (ലൂക്കാ 13: 22 – 30)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…

7 days ago

സമാധാനവും ഭിന്നതയും (ലൂക്കാ 12:49-57)

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…

2 weeks ago

18th Sunday_Ordinary Time_ദ്രവ്യാസക്തി എന്ന നരകം (ലൂക്കാ 12: 13-21)

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…

4 weeks ago

സേവനത്തിന്റെ കരങ്ങൾക്ക് വിലങ്ങിടുന്ന രാഷ്ട്രീയം

സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…

1 month ago

ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…

1 month ago

17th Ordinary Sunday_2025_കർത്താവിന്റെ പ്രാർത്ഥന (ലൂക്കാ 11: 1-13)

ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ യേശു പ്രാർത്ഥനയുടെ നിമിഷത്തിലാണ്. അതു കാണുന്ന ശിഷ്യന്മാർക്ക് ഉള്ളിൽ ഒരു ആഗ്രഹം: "കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ…

1 month ago