ആണ്ടുവട്ടം ഇരുപത്തൊൻപതാം ഞായർ
ഒന്നാം വായന : പുറപ്പാട് 17: 8-13
രണ്ടാം വായന : 2 തിമൊത്തെയോസ് 3: 14 – 4. 2
സുവിശേഷം : വി.ലൂക്കാ 18: 1-8
ദിവ്യബലിയ്ക്ക് ആമുഖം
ദൈവവചനം, നിരന്തരമായ പ്രാർത്ഥന എന്നീ രണ്ട് കാര്യങ്ങളെ തിരുസഭ മാതാവ് നമുക്ക് വിചിന്തനത്തിനായി നൽകുന്നു. “വിശുദ്ധ ലിഖിതമെല്ലാം ദൈവനിവേശിതമാണ്” എന്നു പറഞ്ഞുകൊണ്ട്, വചനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇന്നത്തെ രണ്ടാം വായനയിൽ വി.പൗലോസ് അപ്പോസ്തലൻ തിമോത്തിയോസിനേയും വിശ്വാസികളെയും ഉദ്ബോധിപ്പിക്കുന്നു. ഒന്നാം വായനയിൽ – പുറപ്പാട് പുസ്തകത്തിൽ ഇസ്രായേൽ ജനത്തിന്റെ വിജയത്തിനായി കരങ്ങൾ ഉയർത്തിപ്പിടിക്കുന്ന മോശയും, ലൂക്കായുടെ സുവിശേഷത്തിൽ യേശു അരുളിച്ചെയ്ത “ന്യായാധിപന്റെയും വിധവയുടെയും ഉപമയും” നിരാശരാകാതെ നിരന്തരമായി പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകതയും നമ്മെ പഠിപ്പിക്കുന്നു. തിരുവചനം ശ്രവിക്കാനും, ദിവ്യബലി അർപ്പിക്കാനുമായി നമുക്ക് ഒരുങ്ങാം.
ദൈവവചന പ്രഘോഷണകർമ്മം
നമ്മളെല്ലാവരും പ്രാർത്ഥിക്കാറുണ്ട്. എന്നാൽ നിരാശരാകാതെ നിരന്തരമായി സ്ഥിരോത്സാഹത്തോടെ പ്രാർഥിക്കുക എന്നത് ഒരു വലിയ ആത്മീയ വെല്ലുവിളിതന്നെയാണ്. നമ്മുടെ വിശ്വാസ ജീവിതത്തിൽ ഈ വെല്ലുവിളി ഒരിക്കലും ഒഴിച്ചുകൂടാനാകാത്തതാണ്. നാം ഏറ്റെടുക്കേണ്ട ഈ വെല്ലുവിളിയുടെ യഥാർത്ഥ അർത്ഥത്തിലേക്ക് ഇന്നത്തെ തിരുവചനം വെളിച്ചം വീശുന്നു. വമുക്കീ വചനങ്ങളെ വിചിന്തനം ചെയ്യാം.
മോശ കരങ്ങളുയർത്തി പിടിച്ചിരുന്നപ്പോഴെല്ലാം ഇസ്രായേൽ വിജയിച്ചുകൊണ്ടിരുന്നു
ഇന്നത്തെ ഒന്നാം വായനയിൽ ഇസ്രായേൽ ആക്രമിക്കാൻ വന്ന അമലേക്യരെ ജോഷ്വായുടെ നേതൃത്വത്തിൽ പ്രാർത്ഥനാ സഹായത്തോടെ ഇസ്രായേൽക്കാർ നാമാവശേഷമാക്കി. ഈ സംഭവത്തെക്കുറിച്ചുള്ള വിവരണത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ട വാക്യമാണ് “മോശ കരങ്ങൾ ഉയർത്തിപ്പിടിച്ചിരുന്നപ്പോഴെല്ലാം ഇസ്രായേൽ വിജയിച്ചു കൊണ്ടിരുന്നു, കരങ്ങൾ താഴ്ത്തിയപ്പോൾ അമലേക്യർക്കായിരുന്നു വിജയം (പുറപ്പാട് 8:11). മോശ കരങ്ങൾ ഉയർത്തിപ്പിടിക്കുന്നത് പ്രാർത്ഥനയുടെയും, അനുഗ്രഹത്തിന്റെയും, ദൈവസാന്നിധ്യത്തിന്റെയും അടയാളമായിരുന്നു. അതുകൊണ്ട്തന്നെ, മോശ തന്റെ കരങ്ങൾ “നിരന്തരമായി” ഉയർത്തിപിടിക്കണം. സ്വാഭാവികമായും അതിനു സാധിക്കാതെ വന്നപ്പോൾ അഹറോനും ഹൂറും മോശയുടെ ഇരുവശങ്ങളിലുമായി മോശയുടെ കൈകൾ താങ്ങി “നിരന്തരമായി” ഉയർത്തിപ്പിടിച്ചു. അങ്ങനെ ഇസ്രായേൽജനം വിജയിച്ചു. മറ്റൊരുവിധത്തിൽ, ഇസ്രായേൽക്കാരുടെ വിജയത്തിന്റെ രഹസ്യം മോശയുടെ നിരന്തരമായ പ്രാർത്ഥനയും, അതിലൂടെ വന്നുചേർന്ന ദൈവാനുഗ്രഹവുമാണ്.
ന്യായാധിപനും വിധവയും
പഴയ നിയമത്തിൽ നിന്ന് പുതിയതിലേക്ക് വരുമ്പോൾ സുവിശേഷത്തിൽ നാം കാണുന്നതും നിരാശരാകാതെ “നിരന്തരമായി പ്രാർത്ഥിക്കേണ്ടതിന്റെ” ആവശ്യകതയാണ്. ഒരു ഉപമയിലൂടെ യേശു ഈ വലിയ ആത്മീയയാഥാർഥ്യം വ്യക്തമാക്കുന്നു. പൊതുവെ ബലഹീനയും, മറ്റാരും സഹായിക്കാൻ ഇല്ലാത്തതുമായ വിധവയാണ് ദൈവത്തെ ഭയപ്പെടാത്ത, മനുഷ്യരെ മാനിക്കാത്ത ന്യായാധിപന്റെ മുൻപിൽ അവൾക്ക് നീതി നടത്തി കിട്ടണമെന്ന് അപേക്ഷിക്കുന്നത്. അവളുടെ ആവശ്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയിട്ടോ, അയാളുടെ സ്വഭാവ മഹിമ കൊണ്ടോഅല്ല ന്യായാധിപൻ അവസാനം അവൾക്ക് നീതി നടത്തിക്കൊടുക്കുവാൻ തീരുമാനിക്കുന്നത്. മറിച്ച്, “അവളുടെ ശല്യം കാരണ”മാണ്. ദൈവത്തെ ഭയപ്പെടാത്ത, മനുഷ്യരെ മാനിക്കാത്ത ന്യായാധിപൻ “ശല്യം” ഒഴിവാക്കാൻ വേണ്ടി എങ്കിലും വളരെ അപ്രധാനയായ ഒരു വിധവയെ ശ്രവിച്ച്, അവസാനം അവളുടെ ആവശ്യം നിറവേറ്റിയെങ്കിൽ “രാവും പകലും തന്നെ വിളിച്ചു കരയുന്ന തന്റെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ? അവിടുന്ന് അതിന് താമസം വരുത്തുമോ? എന്നാണ് യേശു ചോദിക്കുന്നത്.
“ന്യായാധിപനും വിധവയും” എന്ന ഉപയിലെയും “ദൈവവും മനുഷ്യനും” എന്ന യാഥാർത്ഥ്യത്തിലെയും 3 വ്യത്യാസങ്ങൾ നമുക്ക് മനസ്സിലാക്കാം. ഈ വ്യത്യാസങ്ങളാണ് യേശു നമ്മെ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നത്. ഒന്നാമതായി; ഉപമയിലെ ന്യായാധിപൻ അനീതിക്കാരനാണ്, എന്നാൽ ദൈവം എപ്പോഴും നീതിമാനാണ്. രണ്ടാമതായി; ഉപമയിൽ ന്യായാധിപന് വിധവ ഒരു അപ്രധാന വ്യക്തിയാണ്, എന്നാൽ ദൈവത്തിന് ഓരോ വ്യക്തിയും പ്രധാനപ്പെട്ടതാണ്. മൂന്നാമതായി; ആദ്യമൊന്നും ന്യായാധിപൻ വിധവയായ ശ്രദ്ധിക്കുന്നില്ല. ശ്രവിക്കുന്നുമില്ല. എന്നാൽ ദൈവത്തിന് എപ്പോഴും മനുഷ്യരുടെ കാര്യത്തിൽ ശ്രദ്ധയുണ്ട്, അവൻ മനുഷ്യരുടെ എല്ലാ പ്രാർത്ഥനകളും എപ്പോഴും കേൾക്കുന്നു.
സുവിശേഷ പശ്ചാത്തലം അന്നും ഇന്നും
മതപീഡനങ്ങളുടെയും ഞെരുക്കങ്ങളുടെയും കാലത്താണ് വി.ലൂക്കാ സുവിശേഷം എഴുതുന്നത്. ആ കാലഘട്ടത്തിലെ വിശ്വാസികളുടെ ഏറ്റവും വലിയ ആകുലത അവരുടെ പ്രാർത്ഥനകൾ കേൾക്കാതെ പോകുന്നുവോ? എന്നാണ്. അവരുടെ പ്രാർത്ഥനകൾ ഒരിക്കലും ഉത്തരം കിട്ടാത്ത രീതിയിൽ ബധിരകർണ്ണങ്ങളിൽ പതിക്കുകയാണോ എന്ന് അവർ സംശയിച്ചു. ഇത്തരത്തിൽ നിരാശരായ ഒരു വിശ്വാസ സമൂഹത്തെ യേശുവിന്റെ വാക്കുകളിലൂടെ സുവിശേഷകൻ ശക്തിപ്പെടുത്തുകയാണ്. ഇന്നത്തെ പശ്ചാത്തലം പഴയതിൽ നിന്ന് വ്യത്യസ്തമല്ല, നമ്മുടെ പ്രാർത്ഥനകൾ കേൾക്കപ്പെടാതെ പോകുന്നുവോ? എന്ന ഉത്കണ്ഠ നമുക്കുണ്ട്. നമ്മുടെ ഏറ്റവും വലിയ പ്രലോഭനങ്ങളിൽ ഒന്നുതന്നെ നാം ആഗ്രഹിച്ചത് കിട്ടാത്തതുകൊണ്ട് നിരാശരായി മേലിൽ പ്രാർത്ഥിക്കാതിരിക്കുക എന്നതാണ്. ഈ ഒരവസ്ഥയ്ക്ക് എതിരെയാണ് യേശു മുന്നറിയിപ്പു നൽകുന്നത്. രണ്ടാംവരവിൽ മനുഷ്യപുത്രൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തണമെങ്കിൽ നിരന്തരമായി പ്രാർത്ഥിച്ചെ മതിയാകൂ. പ്രാർത്ഥനയിലൂടെ ഭൂമിയിൽ വിശ്വാസം നിലനിർത്തേണ്ടതിന്റെ ഉത്തരവാദിത്വം സഭയ്ക്കും സഭാ മക്കളായ നമുക്ക് ഓരോരുത്തർക്കുമാണ്.
(നിരന്തരമായ) പ്രാർത്ഥനയുടെ പ്രത്യേകതകൾ
1) നിരന്തരമായി പ്രാർത്ഥിക്കുന്നവൻ അവന്റെ പ്രശ്നത്തിന് അവന്റെ തന്നെ പരിഹാരം ദൈവത്തിനു മുന്നിൽ അവതരിപ്പിക്കുകയല്ല മറിച്ച്, അവനും സമൂഹത്തിനും നൻമയുണ്ടാകത്തക്ക രീതിയിൽ ദൈവം പരിഹാരം കണ്ടെത്താനായി പ്രാർത്ഥിക്കുന്നു.
2) പ്രാർത്ഥനയിൽ സഹനത്തിന് സ്ഥാനമുണ്ടെന്നും മൂല്യമുണ്ടെന്നും മനസിലാക്കുന്നു.
3) പ്രാർത്ഥനയിൽ ദൈവേഷ്‌ടത്തിന് “അതെ” എന്ന് ഉത്തരം പറയുന്നു. സ്വന്തം ഇഷ്ടവും ദൈവത്തിന്റെ ഇഷ്ടവും ഒരുമിച്ച് പോകണം എന്ന് ആഗ്രഹിക്കുന്നു, അതിനായി സ്വന്തം ഇഷ്ടത്തെ ബലി കഴിക്കുന്നു (സ്വർഗ്ഗസ്ഥനായ പിതാവേ.. എന്ന പ്രാർത്ഥനയിലെ വരികൾ ഇവിടെ ഓർമ്മിക്കാം).
4) നിരന്തരമായി പ്രാർത്ഥിക്കുന്നവൻ തന്റെ ആവശ്യങ്ങളോടൊപ്പം മറ്റുള്ളവരുടെയും, സമൂഹത്തിന്റെയും, ഇടവകയുടെയും ആവശ്യങ്ങൾ സമർപ്പിക്കുന്നു. പ്രത്യേകമായി ഒരുവൻ ഏതാവശ്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്നുവോ, അതേകാര്യം ആവശ്യമുള്ള എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു.
5) നിരന്തരമായ പ്രാർത്ഥനയ്ക്ക് അതിരുകളില്ല. അത് പ്രാർത്ഥിക്കുന്നവന്റെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. രാവിലെയും, പകലും, ഉറങ്ങുന്നതിനുമുമ്പും, രാത്രിയിലും അവന്റെ ഹൃദയം പ്രാർത്ഥനാ നിരതമായിരിക്കും.
6) പ്രാർത്ഥനയുടെ ഉത്തരങ്ങൾ നാം ആഗ്രഹിക്കുന്നത് പോലെയും, ആഗ്രഹിക്കുന്ന രീതിയിലും, ആഗ്രഹിക്കുന്ന സമയത്തും ലഭിക്കണമെന്നില്ല. എന്നാൽ നമ്മുടെ പ്രാർത്ഥനകളെല്ലാം ദൈവം ശ്രവിക്കുന്നുണ്ട്. ഉല്പത്തി പുസ്തകം പതിനെട്ടാം അദ്ധ്യായത്തിൽ അബ്രഹാം ലോത്തിനും കുടുംബത്തിനും, സൊദോം-ഗൊമോറ പട്ടണത്തിനും വേണ്ടി പ്രാർത്ഥിക്കുന്നതും, അതിന് ദൈവം ഉത്തരമരുളിയതും, പിന്നീട് സംഭവിച്ചത് എന്താണെന്നും നമുക്കറിയാം.
7) അവസാനമായി, പ്രാർത്ഥനയോടുള്ള, പ്രത്യേകിച്ച് നിരന്തരമായ പ്രാർത്ഥനയോടുള്ള നമ്മുടെ ആഭിമുഖ്യമാണ് നമ്മുടെ ദൈവവിശ്വാസത്തിന്റെ അളവുകോൽ.
നാം ശ്രവിച്ച ഈ തിരുവചനങ്ങളുടെ അടിസ്ഥാനത്തിൽ “നിരന്തരമായ പ്രാർത്ഥന” നമ്മുടെ ജീവിതചര്യയാക്കാം.
ആമേൻ.
സ്വന്തം ലേഖകന്‍ പാല: പാലയില്‍ കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്മാര് ഭരണങ്ങാനം വിശുദ്ധ അല്‍ഫോണ്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്‍ഥാടന തിരുനാളിന് ഇന്ന്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും നിര്‍മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…
അനില്‍ ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്‍വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന് ഡോ.തോമസ് ജെ നെറ്റോ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: മലങ്കര മാര്‍ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി.…
This website uses cookies.