
തിരുശരീര രക്തങ്ങളുടെ തിരുനാൾ
മർക്കോ.14:12-16, 22-26.
ദിവ്യബലിക്ക് ആമുഖം
നാം ഇന്ന് ക്രിസ്തുവിന്‍റെ തിരുശരീര രക്തങ്ങളുടെ തിരുനാൾ ആഘോഷിക്കുകയാണ്! യേശുവിന്റെ തിരുശരീര രക്തങ്ങളോടുള്ള ഭക്തിയും ബഹുമാനവും എത്ര പ്രധാനമാണെന്ന് തിരുശരീര രക്തങ്ങളുടെ തിരുനാൾ വ്യക്തമാക്കുന്നു. പെസഹാ വ്യാഴാഴ്ച ദിവ്യകാരുണ്യത്തിന്റെ സംസ്ഥാപനം ആഘോഷിക്കുന്ന സഭ, പെന്തക്കോസ്താ തിരുനാളിനും പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാളിനും ശേഷം ഈ തിരുനാൾ ആഘോഷിച്ചുകൊണ്ട്, തിരുശരീര രക്തത്തിലൂടെ സഭയിൽ നിരന്തരം സന്നിഹിതനായിരിക്കുന്ന യേശുവിനെ നമുക്ക് വെളിപ്പെടുത്തുകയാണ്.
പ്രിയ സഹോദരീ സഹോദരന്മാരേ,
ഇന്നത്തെ വായനകളിലെല്ലാം നിറഞ്ഞു നിൽക്കുന്ന ഒരു വാക്കുണ്ട്: “ഉടമ്പടിയുടെ രക്തം”. ഒന്നാം വായനയിൽ മോശ ബലിയർപ്പിച്ചതിന് ശേഷം അർപ്പിക്കപ്പെട്ട രക്തമെടുത്ത് ഇസ്രായേൽ ജനത്തിന്റെ മേൽ തളിച്ചുകൊണ്ട് പറയുന്നു: “ഈ വചനങ്ങളെയെല്ലാം ആധാരമാക്കി കർത്താവ് നിങ്ങളോട് ചെയ്ത ഉടമ്പടിയുടെ രക്തമാകുന്നു”. സുവിശേഷത്തിൽ യേശു പാനപാത്രമുയർത്തി കൃതജ്ഞതാ സ്തോത്രം അർപ്പിച്ചുകൊണ്ട് പറയുന്നു: “ഇത് അനേകർക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്റെ രക്തമാണ്”. രണ്ടാമത്തെ വായനയിൽ പൗലോസാപ്പൊസ്തലൻ രക്തമർപ്പിച്ച് കൊണ്ടുള്ള പഴയ ബലിയുടെയും പുതിയ ബലിയുടെയും വ്യത്യാസങ്ങൾ എടുത്തുപറയുന്നതിങ്ങനെയാണ്: “ക്രിസ്തു നിത്യരക്ഷ സാധിച്ചത് കോലാടുകളുടെയോ കാളക്കിടാങ്ങളുടെയോ രക്തത്തിലൂടെയല്ല, മറിച്ച് സ്വന്തം രക്തത്തിലൂടെയാണ്”.
പുരാതന കാലം മുതൽക്ക് തന്നെ മനുഷ്യരിലെ വ്യത്യസ്ത വർഗ്ഗങ്ങളും ഗോത്രങ്ങളും തമ്മിൽ രക്തത്തിലൂടെ ഉടമ്പടി ഉറപ്പിച്ചിരുന്നു. രക്തവും ബലിയും ഉടമ്പടിയുടെ അടയാളങ്ങളായിരുന്നു. പെസഹാ ആചരിക്കുന്ന വേളയിൽ അപ്പവും വീഞ്ഞുമുയർത്തി കൃതജ്ഞതാ സ്തോത്രം ചെയ്യുന്ന യേശു ദൈവവും മനുഷ്യനുമായുള്ള ഉടമ്പടിയ്ക്ക് ഒരു പുതിയ മുഖം നൽകുന്നു. ഇനിമുതൽ മൃഗങ്ങളുടെ ബലി ആവശ്യമില്ല. യേശു തന്റെ ശരീരവും രക്തവും അർപ്പിച്ചുകൊണ്ട് ഒരു പുതിയ ബലി സ്ഥാപിച്ചിരിക്കുന്നു. ആ തിരുബലിയാണ് ഓരോ ദിവസവും നാം അർപ്പിക്കുന്നത്. ക്രിസ്തുവിലൂടെ നാം ദൈവവുമായി ഒരു പുതിയ ഉടമ്പടിയിൽ നാം ഏർപ്പെടുന്നു.
ഇന്ന് യേശുവിന്റെ ബലിയർപ്പണത്തിൽ പങ്കെടുക്കുമ്പോൾ ഇതോർമ്മിപ്പിക്കുന്നത് നമ്മുടെ ജീവിതവും ഒരു ബലിയായി തീരേണ്ടതാണെന്നാണ്. ജീവിതമാകുന്ന ആൽത്താരയിൽ നമ്മുടെ ജീവിതാനുഭവങ്ങളെ യേശുവിന്റെ പീഡകളോട് ചേർത്ത് വച്ച്, അവന്റെ കുരിശുമെടുത്ത് അവനെ അനുഗമിക്കുമ്പോൾ നമ്മുടെ ജീവിതവും ദൈവത്തിന് സ്വീകാര്യമായ ഒരു ബലിയായി തീരുകയാണ്. “ബലി” എന്ന വാക്ക് ദേവാലയവുമായി മാത്രം ബന്ധപ്പെട്ട ഒരു അപരിചിതമായ വാക്കല്ല. രാജ്യത്തിന് വേണ്ടി ജീവിതം ബലികൊടുത്തവരെപ്പറ്റി നാം കേട്ടിട്ടുണ്ട്, എന്നാൽ കുടുംബത്തിനും, സഭയ്ക്കും, സമൂഹത്തിനും വേണ്ടി ജീവിതം ബലികൊടുക്കുന്നവരുണ്ട്. കുടുംബത്തെ പോറ്റാനായി ജീവിതം മുഴുവൻ കഠിനമായി അധ്വാനിക്കുന്ന മാതാപിതാക്കളും, ഇടവകയുടെ പുരോഗതിയ്ക്കായി അക്ഷിണം പ്രവർത്തിക്കുന്ന വൈദികരും സന്യസ്തരും, ജീവിതപങ്കാളിക്ക് വേണ്ടി ത്യാഗങ്ങൾ സഹിക്കുന്നവരും, തങ്ങളുടെ ഉത്തരവാദിത്വങ്ങളിൽ അച്ചടക്കത്തോടെ ശ്രദ്ധിക്കുന്ന വിദ്യാർത്ഥികളുമെല്ലാം തങ്ങളുടെ ദൈനംദിന ജീവിതത്തെ ക്രിസ്തുവിന്റെ ബലിയോട് ചേർത്ത് പിടിക്കുകയാണ്. ഈ ജീവിതബലിയർപ്പണത്തിൽ നമുക്ക് ശക്തി പകരുന്നത് യേശുവിന്റെ തിരുശരീരവും രക്തവുമാണ്.
ഓർക്കുക, കാൽവരിയിലെ യാഗമാണ് വിശുദ്ധ കുർബാന. വിശുദ്ധ കുർബാന ക്രിസ്തുവാണ്. ക്രിസ്തുവിനെയാണ് ദിവ്യബലിയർപ്പണത്തിൽ നാം കണ്ടുമുട്ടുന്നത്. 2021 വർഷങ്ങൾക്കുമുമ്പ് ബത്ലഹേമിലും, നസ്രത്തിലും, കഫർണാമിലും, ജറീക്കോയിലും, ജറുസലേമിലും ചുറ്റി സഞ്ചരിച്ച് അന്ധനു കാഴ്ചയും, ബധിരന് കേൾവിയും, മുടന്തന് സൗഖവും, വിശക്കുന്നവന് ഭക്ഷണവും, മരിച്ചവനെ ഉയർപ്പിക്കുകയും ചെയ്ത അതേ ക്രിസ്തുവിനെയാണ് നാം വിശുദ്ധ കുർബാനയിൽ കണ്ടു മുട്ടുന്നത് !!! അതുകൊണ്ടാണല്ലോ പരിശുദ്ധ കുർബാനയോ, ആരാധനയോ നടക്കുമ്പോൾ ലോകത്തിൽ ഏറ്റവും കൂടുതൽ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുന്നതും.
വിശുദ്ധിയോടും വിശ്വാസത്തോടും കൂടെ നാം ബലിവേദിയെ സമീപിക്കുമ്പോൾ ദൈവം നമ്മിൽ സംപ്രീതനായി നമ്മെ അനുഗ്രഹിക്കും. പലപ്പോഴും ദിവ്യബലിയർപ്പണം ഒരു ചടങ്ങായിട്ടോ, പല വിചാരത്തോടെയോ, പകുതി മയക്കത്തോടെയൊ ആവാൻ കാരണം ആഴമായ വിശ്വാസയില്ലായ്മയാണ്. തീഷ്ണതയുടെ അഭാവമാണ്. ആയതിനാൽ പ്രിയമുള്ളവരേ, വിശ്വാസത്തോടും, തീഷ്ണതയോടും, പ്രത്യാശയോടുംകൂടെ നമുക്ക് ദിവ്യബലിയർപ്പണങ്ങളിൽ പങ്കുചേരാം. ഒരുതവണ തിരുശരീര രക്തങ്ങൾ സ്വീകരിച്ച് നാം ദേവാലയത്തിന് പുറത്ത് പോകുമ്പോഴും നമുക്കോർമ്മിക്കാം നമ്മുടെ ജീവിതബലിയിൽ യേശു നമ്മോടൊപ്പമുണ്ടെന്ന്.
ആമേൻ.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.