പെന്തക്കോസ്താ തിരുനാൾ
ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. “ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ…” ഭയം ഒരു വഴികാട്ടിയായാൽ ഇങ്ങനെ എപ്പോഴും സംഭവിക്കു; ജീവിതത്തിന്റെ വാതിലുകളെല്ലാം അടഞ്ഞു കിടക്കും. അത് ജീവിതത്തെ നിഷ്ഫലമാക്കുകയും മരവിപ്പിക്കുകയും ചെയ്യും. ശിഷ്യർക്ക് യഹൂദരോട് മാത്രമല്ല ഭയമുണ്ടായിരുന്നത്. അവർക്ക് അവരോട് തന്നെയും ഭയമായിരുന്നു. ഗുരുവിനെ ഉപേക്ഷിച്ചതിനെ ഓർത്ത് ഭയമായിരുന്നു. അവിടെയാണ് യേശു വരുന്നത്; കതകുകൾ കൊട്ടിയടച്ച ഒരു കൂട്ടായ്മയിലേക്ക്, ശുദ്ധവായുവിന്റെ അഭാവമുള്ള ഒരിടത്തേക്ക്, നെടുവീർപ്പുകൾ ശ്വസിക്കുന്ന ഒരു കൂട്ടത്തിനിടയിലേക്ക്, രോഗാതുരമായ ഒരു സമൂഹത്തിലേക്ക്. ഫ്രാൻസിസ് പാപ്പയുടെ ഒരു ചിന്ത ഓർത്തുപോകുന്നു; എപ്പോഴും അടഞ്ഞു കിടക്കുന്ന പള്ളിയും തുറവിയില്ലാത്ത സമൂഹവും രോഗാവസ്ഥയിലായ സഭയുടെ അടയാളമാണ്. എന്നിട്ടും അടഞ്ഞുകിടക്കുന്ന ആ ഇടത്തിലേക്ക് യേശു കടന്നുവരുന്നു. അവരുടെ ഭയത്തെ സ്പർശിക്കുന്നു. അവരുടെ കുറവുകളെ അവഗണിക്കുന്നു. എന്നിട്ട് നറുപുഞ്ചിരിയുടെ പ്രകാശം അവരുടെയുള്ളിൽ വാരി വിതറുന്നു. അവനറിയാം എങ്ങനെയാണ് നമ്മുടെ കുറവുകളെ കൈകാര്യം ചെയ്യേണ്ടതെന്ന്.
ഉപേക്ഷിക്കപ്പെട്ടവൻ തന്നെ ഉപേക്ഷിച്ചവരുടെ ഇടയിലേക്ക് തിരിച്ചു വന്നിരിക്കുന്നു. അവരെ തന്റെ സന്ദേശവാഹകരായി മാറ്റുന്നു. ആരെയും കുറ്റപ്പെടുത്തുന്നില്ല. മറിച്ച് അവരുടെ ദൗർബല്യങ്ങളെയും നൊമ്പരത്തെയും മാനുഷികമായ കാഴ്ചപ്പാടിലൂടെ തരണം ചെയ്യാൻ പ്രാപ്തരാക്കുന്നു. ഭയം മരവിപ്പിക്കുന്ന അവസ്ഥയിലേക്കാണ് അവരെ തള്ളിയിട്ടിരിക്കുന്നതെന്ന് ഉത്ഥിതൻ മനസ്സിലാക്കുന്നു. ഇനി വേണ്ടത് പുറത്തേക്കു ഇറങ്ങുന്നതിനുള്ള ആദ്യ കാൽവയ്പ്പിന് വേണ്ടിയുള്ള ആത്മധൈര്യമാണ്. ആദ്യകാൽവയ്പ്പിനുള്ള ധൈര്യം അതാണ് നമുക്കെല്ലാവർക്കും വേണ്ടത്. ജീവിതം കടന്നു പോകുന്ന അവസ്ഥകൾ ഏതു തരത്തിലായിക്കോട്ടെ, എല്ലാം അവസാനിച്ചു എന്ന അവസ്ഥയിൽ എത്തിയാലും പ്രകാശത്തിലേക്ക് നടക്കുന്നതിനു വേണ്ടിയുള്ള ആദ്യ ചുവടിന്റെ സാധ്യതകൾ എപ്പോഴും നമ്മുടെ മുന്നിലുണ്ട്. അതിന് ഉള്ളിൽ ഇത്തിരി ധൈര്യം വേണം. ആ ധൈര്യമാണ് പരിശുദ്ധാത്മാവ്. ആ ആത്മാവിനെയാണ് യേശു സഹായകനായി ശിഷ്യർക്ക് നൽകിയത്. ഒരു കാര്യം നമ്മൾ ഓർക്കണം. അത്യന്തികമായി നമ്മൾ വിധിക്കപ്പെട്ടവൻ പോകുന്നത് നമ്മൾ ആഗ്രഹിച്ച ലക്ഷ്യത്തിലെത്തിയൊ എന്നതിനെ ആസ്പദമാക്കിയായിരിക്കില്ല. മറിച്ച് നല്ല ലക്ഷ്യത്തിലേക്കാണോ നാം നടന്നത് എന്നതിനെ ആസ്പദമാക്കിയായിരിക്കും. ആ പാതയിൽ പല പ്രാവശ്യവും വീണുപോകാം, എങ്കിലും എഴുന്നേറ്റ് നടക്കണം. പലരും തോൽപ്പിക്കാൻ ശ്രമിക്കാം, എങ്കിലും സ്വയം തോൽക്കാതെ മുന്നോട്ടു തന്നെ നടക്കണം. കാരണം ലക്ഷ്യത്തോടൊപ്പം തന്നെ യാത്രയും വിലമതിക്കപ്പെടുന്നുണ്ട്.
കുറവുകളെ കൈകാര്യം ചെയ്യുവാനാണ് ആദ്യം നമ്മൾ പഠിക്കേണ്ടത്. അനുദിനമുള്ള അനുഭവങ്ങളിൽ നിന്നും നന്മകളെ മാത്രം സ്വാംശീകരിച്ച് ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുക എന്നതാണ് ഏറ്റവും പ്രധാനം. എങ്ങനെ പരിപൂർണ്ണനാകാമെന്ന ആശയങ്ങളുടെ ഒരു കുത്തൊഴുക്കാണ് ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം. കുറവുകളെ പാപങ്ങളായി ചിത്രീകരിക്കുന്ന സമൃദ്ധിയുടെ സുവിശേഷ വേലക്കാർ മുന്നിലേക്ക് വയ്ക്കുന്നത് നിറവിനെ മുൻനിർത്തിയുള്ള അടിമത്ത ആത്മീയതയാണെന്നു കാണുമ്പോഴാണ് യേശു നൽകുന്ന ആത്മാവിന്റെ പ്രത്യേകത മനസ്സിലാക്കേണ്ടത്.
“അവരുടെ മേൽ നിശ്വസിച്ചുകൊണ്ട് അവരോട് അരുളിച്ചെയ്തു: നിങ്ങൾ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ” (v.22). ആ അടഞ്ഞുകിടന്ന മുറിക്കുള്ളിൽ, ശുദ്ധവായു ഇല്ലാത്ത അവസ്ഥയിൽ, ഇതാ, നിശ്വാസമായി യേശുവിന്റെ ശ്വാസം നിറയുന്നു. ജീവന്റെ കണികകൾ ശിഷ്യരുടെ മേൽ അരിച്ചിറങ്ങുന്നു. ഭയത്തിന്റെ ഉള്ളറകളിലേക്ക് ദൈവിക പ്രകാശം ഊർജ്ജമായി ആഴ്ന്നിറങ്ങുന്നു. അടഞ്ഞു കിടന്ന ആ മുറിയിൽ നിന്നും സ്നേഹം ചക്രവാളങ്ങൾക്കപ്പുറത്തേക്ക് പരക്കുന്നു.
“നിങ്ങൾ ആരുടെ പാപങ്ങൾ ക്ഷമിക്കുന്നുവോ അവ അവരോടും ക്ഷമിക്കപ്പെട്ടിരിക്കും” (v.23). പാപങ്ങൾ ക്ഷമിക്കുകയെന്നത് പുരോഹിതർക്കു മാത്രമായിട്ടുള്ള സുവിശേഷ ദൗത്യമല്ല. യേശുവിന്റെ ആത്മാവിനെ സ്വീകരിക്കുന്ന ഓരോ വിശ്വാസിയുടെയും മേൽ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വമാണ്. സഹജന്റെ പാപങ്ങൾ ക്ഷമിക്കുകയെന്നത് ഓരോരുത്തരുടെയും കടമയാണ്. ആ കാര്യത്തിൽ സ്ത്രീയെന്നോ പുരുഷനെന്നോ ചെറുതോ വലുതോ എന്ന വ്യത്യാസമില്ല. ക്ഷമിക്കുകയെന്നത് ഒരു വികാരമല്ല, ഒരു തീരുമാനമാണ്. അനുരഞ്ജനത്തിന്റെ മരീചികകൾ നമ്മുടെ ചുറ്റിലും നമ്മൾ നട്ടുപിടിപ്പിക്കേണ്ടിയിരിക്കുന്നു. അടഞ്ഞു കിടക്കുന്ന വാതിലുകൾ തുറന്നിടേണ്ടിയിരിക്കുന്നു. വൈരാഗ്യത്തിന്റെ തണുത്ത കാറ്റ് വീശുന്നു ഇടങ്ങളിൽ സ്നേഹത്തിന്റെ നെരിപ്പോടുകൾ കത്തിക്കേണ്ടിയിരിക്കുന്നു. നഷ്ടപ്പെട്ടുപോയ സഹജവിശ്വാസം മുട്ടുകുത്തി നിന്ന് തിരിച്ചു പിടിക്കേണ്ടിയിരിക്കുന്നു. സമാധാനം പൂവണിയുന്നതിനുള്ള സംവിധാനങ്ങൾ നിരന്തരം നമ്മൾ കണ്ടെത്തേണ്ടിയിരിക്കുന്നു. അങ്ങനെ അനുരഞ്ജനത്തിന്റെ മരുപ്പച്ചകൾ പടർന്ന് പിടിക്കുമ്പോൾ മരുഭൂമികളെല്ലാം സ്നേഹത്തിന്റെ ഭൂമികകളായി മാറും. ഇങ്ങനെയൊക്കെയാണ് പരിശുദ്ധാത്മാവ് നമ്മിലൂടെ പ്രവർത്തിക്കുന്നത്.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില് ഈ സിക്കമിന് വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില് 19 മുതല് 21 വരെ നടന്ന ഐസിപിഎ ജനറല് അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില് നിന്നു കരകയറ്റി പുരോഗതിയുടെ പാതയില് എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില് നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.