പ്രത്യക്ഷീകരണ തിരുനാൾ
ഒന്നാം വായന: ഏശയ്യാ 60:1-6
രണ്ടാം വായന: എഫേസോസ് 3:2-3a, 5-6
സുവിശേഷം: വി.മത്തായി 2:1-12
ദിവ്യബലിക്ക് ആമുഖം
തിരുപ്പിറവിക്കാലത്തെ സുപ്രധാനമായ തിരുനാളായ പ്രത്യക്ഷീകരണ തിരുനാൾ നാമിന്ന് ആചരിക്കുകയാണ്. സ്വയം പ്രത്യക്ഷനാകുക, സ്വയം വെളിപ്പെടുത്തുക എന്നർത്ഥമുള്ള “എപ്പിഫനിയ” എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ഇന്നത്തെ തിരുനാൾ ഉരുത്തിരിയുന്നത്. യേശു ഈ ലോകത്തിന്റെ മുഴുവൻ പ്രകാശമായും, ജനതകളുടെ മുഴുവൻ രക്ഷകനായും സ്വയം വെളിപ്പെടുത്തുകയാണ്. ജനതകളുടെയും രാജ്യങ്ങളുടെയും പ്രതിനിധിയായി ജ്ഞാനികൾ ഉണ്ണിയായ യേശുവിനെ കണ്ട് വണങ്ങുന്നു. യേശുവിന്റെ ജ്ഞാനസ്നാനവും, കാനായിൽ പ്രവർത്തിക്കുന്ന ആദ്യത്തെ അത്ഭുതവും യേശുവിന്റെ പ്രത്യക്ഷീകരണത്തിന്റെ ഭാഗമാണെങ്കിലും, പ്രവചനങ്ങളുടെ പൂർത്തീകരണം സംഭവിക്കുന്നതിന്റെ അതിപ്രാധാന്യം ഈ തിരുനാളിനുണ്ട്. ഇന്ന് ജ്ഞാനികൾ യേശുവിനെ സന്ദർശിക്കുന്ന സുവിശേഷ ഭാഗമാണ് നാം ശ്രവിക്കുന്നത്. യേശുവിനെ അന്വേഷിക്കുന്ന ജ്ഞാനികളുടെ അതേ തീഷ്ണതയോടു കൂടി വചനം ശ്രവിക്കാനും ബലിയർപ്പിക്കുവാനുമായി നമുക്കൊരുങ്ങാം.
ദൈവവചന പ്രഘോഷണകർമ്മം
യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരീ സഹോദരന്മാരെ,
നാല് സുവിശേഷകരിൽ വി.മത്തായി മാത്രമെ ജ്ഞാനികളുടെ സന്ദർശനത്തെപ്പറ്റി വിവരിക്കുന്നുള്ളു. ഈ വിവരണത്തിന്റെ ഉദ്ദേശം വളരെ വ്യക്തമാണ്: യേശു യഹൂദരുടെ മാത്രമല്ല, മറിച്ച് ലോകത്തിനും മുഴുവനും വേണ്ടിയുള്ള ജനതകളുടെ രക്ഷകനാണ്. യഹൂദ ജനം മാത്രമല്ല പരോക്ഷമായി ഈ ലോകം മുഴുവൻ യേശു എന്ന രക്ഷകനെ കാത്തിരുന്നു, അന്വേഷിച്ചിരുന്നു എന്ന് വ്യക്തം.
തിരുവചന സന്ദേശത്തിലേയ്ക്ക് കടക്കുന്നതിനു മുൻപ് ഈ മൂന്ന് ജ്ഞാനികളെകുറിച്ച് സുവിശേഷത്തിന് പുറമെ പാരമ്പര്യത്തിലും, വ്യാഖ്യാനങ്ങളിലും, ചരിത്രത്തിലും എന്താണ് പറഞ്ഞിരിക്കുന്നതെന്ന് മനസ്സിലാക്കാം. ഈ മൂന്ന് ജ്ഞാനികളെ രാജാക്കന്മാർ എന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും മധ്യപൂർവ്വദേശത്തെ പഴയ ബാബിലോണിയൻ, പേർഷ്യൻ പ്രദേശങ്ങളിലെ വാനനിരീക്ഷകരൊ, പണ്ഡിതന്മാരൊ ആയിരിക്കാമെന്നാണ് കരുതപ്പെടുന്നത്. ചില പാരമ്പര്യങ്ങളിൽ ഈ മൂന്ന് പേർക്കും ഗാസ്പർ, മെൽത്തിയോർ, ബൽത്തസാർ എന്നീ പേരുകൾ നൽകുന്നുണ്ട്. നോഹയുടെ പുത്രന്മാരായ ഷേം, ഹാം, യാഫെത്ത് എന്നിവരുമായി ബന്ധപ്പെടുത്തി പ്രളയത്തിനു ശേഷമുള്ള സെമിറ്റിക്, ഹമിറ്റസ്, യാഫെറ്റിറ്റിസ് എന്നീ മനുഷ്യവംശങ്ങള ഇവർ പ്രതിനിധാനം ചെയ്യുന്നതായും വ്യാഖ്യാനമുണ്ട്. ഇവർ ഏതു ദേശത്തുനിന്നു വന്നു എന്നതിനേക്കാളുപരി വി.മത്തായി പ്രാധാന്യം നൽകുന്നത് ഇവരുടെ “അന്വേഷിക്കുന്ന വിശ്വാസമാണ്”.
ഗാസ്പർ “പൊന്ന് അഥവാ സ്വർണ്ണം” യേശുവിന് സമർപ്പിക്കുന്നു. സ്വർണ്ണം അമർത്യതയേയും പരിശുദ്ധിയേയും കാണിക്കുന്നു. പ്രതിഫലമായി ഗാസ്പർ യേശുവിൽ നിന്ന് ‘ഉപവിയും ആത്മീയപൈതൃകവും’ അനുഗ്രഹമായി സ്വീകരിക്കുന്നു.
മെൽക്കിയോൾ മർത്യതയേയും, മൃതസംസ്കാരത്തേയും സൂചിപ്പിക്കുന്ന “മീറ” ഉണ്ണിയേശുവിന് സമർപ്പിക്കുന്നു. അനുഗ്രഹമായി യേശുവിൽ നിന്ന് ‘എളിമ’, ‘സത്യസന്ധത’ എന്നീ പുണ്യങ്ങൾ സ്വീകരിക്കുന്നു.
ബൽത്തസാറാകട്ടെ പ്രാർത്ഥനയേയും ബലിയേയും പ്രതിനിധാനം ചെയ്യുന്ന “കുന്തിരിക്കം” സമർപ്പിക്കുന്നു. അനുഗ്രഹമായി യേശുവിൽ നിന്ന് ‘വിശ്വാസം’ എന്ന മഹാദാനം സ്വീകരിക്കുന്നു.
ചരിത്രത്തിലെ വ്യത്യസ്ത കാലഘട്ടങ്ങളിൽ ഈ ജ്ഞാനികളെ വ്യത്യസ്ത വർണ്ണത്തിലും ഭാവത്തിലും ചിത്രീകരിച്ചിട്ടുണ്ട്:
ഗാസ്പറിനെ പൗരസ്ത്യ-ഏഷ്യൻ വംശത്തിലെ വ്യക്തിയായും,
മെൽക്കിയോറിനെ യൂറോപ്പുകാരനായും,
ബാൽത്തസാറിനെ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ യുവാവായുമൊക്കെ ചിത്രീകരിച്ചിട്ടുണ്ട്. കാലത്തിനും, വർണ്ണത്തിനും, ദേശത്തിനും, ഭാഷകൾക്കുമപ്പുറമായി യേശു ഈ ലോകത്തിലെ എല്ലാ മനുഷ്യർക്കും വേണ്ടിയുള്ള രക്ഷകനാണെന്ന് കാണിക്കുവാനാണിത്. ഈ ജ്ഞാനികളുടെ തിരുശേഷിപ്പ് ഇന്ന് ജർമ്മനിയിലെ കൊളോൺ കത്തീഡ്രലിൽ ഭദ്രമായി സൂക്ഷിച്ചിരിക്കുകയാണ്.
ഇന്നത്തെ സുവിശേഷം പ്രധാനമായും അഞ്ച് സന്ദേശങ്ങൾ നമുക്ക് നൽകുന്നുണ്ട്.
ഒന്ന്: ജീവിതത്തിൽ തെളിഞ്ഞ് വരുന്ന അടയാളങ്ങളെ തിരിച്ചറിയുക ദൈവത്തിലേയ്ക്ക് അടുപ്പിക്കുന്ന അടയാളങ്ങളെ ധൈര്യപൂർവ്വം പിൻതുടരുക. നാം ഓർമ്മിക്കേണ്ടത് എല്ലാ നക്ഷത്രങ്ങളും ദൈവത്തിലേയ്ക്കുള്ള അടയാളമല്ല എന്നാണ്.
രണ്ട്: ദൈവത്തെ അന്വേഷിച്ച് ഇറങ്ങി പുറപ്പെടുക. ആത്മീയ ജീവിതത്തിലെ അലസതയെ അകറ്റി ചലനാത്മകമാക്കുക.
മൂന്ന്: ഉണ്ണിയേശുവിന് കാഴ്ചവെയ്ക്കാൻ നമ്മുടെ ജീവിതസമ്മാനങ്ങളും കരുതുക.
നാല്: ജ്ഞാനികളെപ്പോലെ യേശുവിനെ കുമ്പിട്ടാരാധിക്കുക. ഇതിന്റെ അർത്ഥം നമ്മുടെ ജീവിതത്തെ പൂർണ്ണമായും ദൈവതിരുമുമ്പിൽ സമർപ്പിക്കുക എന്നതാണ്.
അഞ്ച്: തിരികെ പോകുന്ന ജ്ഞാനിമാർ പുതിയ വഴികൾ തിരഞ്ഞെടുക്കുന്നതുപോലെ യേശുവിനെ കാണുന്ന നമ്മുടെ ജീവിതത്തിലും അപകടം നിറഞ്ഞ പഴയ വഴികൾ ഉപേക്ഷിച്ച് പുതിയ വഴികളും, ശൈലികളും സ്വീകരിക്കാം.
ആമേൻ.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.