Categories: Meditation

തിരുഹൃദയ തിരുനാൾ

"അന്വേഷിക്കുന്ന സ്നേഹം" (ലൂക്കാ 15:3-7)

ഹൃദയത്തെ ശുദ്ധമായ വികാര-വിചാരങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു ആന്തരികാവയവമായി കരുതിയിരുന്നത് പാശ്ചാത്യരാണ്. പ്രത്യേകിച്ച് ഗ്രീക്കുകാർ. ആദിമ യഹൂദരുടെ ഇടയിൽ ഹൃദയത്തിനേക്കാൾ പ്രാധാന്യം വൃക്കയ്ക്കും ഉദരത്തിനുമായിരുന്നു. ഗ്രീക്ക് അധിനിവേശത്തിനു ശേഷമാണ് ഹൃദയം അവരുടെ ഇടയിൽ നിർമ്മല വികാരങ്ങളുടെ രൂപകമായത്. നമ്മൾ മലയാളികളെ സംബന്ധിച്ച് കരൾ ആയിരുന്നു പവിത്ര വികാരങ്ങളെ പ്രതിനിധീകരിക്കുന്ന ആന്തരികാവയവം. പിന്നീട് എപ്പോഴോ നമ്മുടെ ഇടയിൽ നിന്നും ‘എന്റെ കരളേ’ എന്ന വിളി തന്നെ നഷ്ടമായി. പറഞ്ഞുവരുന്നത് സ്നേഹത്തിന്റെ വ്യത്യസ്ത രൂപകങ്ങളെ കുറിച്ചാണ്. ഹൃദയം അതിൽ ഏറ്റവും സുന്ദരമായ പ്രതീകമാണ്. ക്രിസ്തുവിൻറെ തിരുഹൃദയ തിരുനാൾ ദൈവത്തിന്റെ സ്നേഹത്തെ ആഘോഷമാക്കുന്ന തിരുനാൾ ആണ്. അതുകൊണ്ടാണ് ഈ തിരുനാളിനെ എല്ലാ തിരുനാളുകളുടെയും സംഗ്രഹം എന്ന് വിളിക്കുന്നത്.

ഇനി ഇന്നത്തെ സുവിശേഷം ഒന്നു ശ്രദ്ധിക്കാം. നഷ്ടപ്പെട്ട ആടിനെ അന്വേഷിച്ചുപോകുന്ന ഇടയനെ കുറിച്ച് പറയുന്ന ഉപമയാണ് സുവിശേഷ പ്രതിപാദ്യം. യേശു ഈ ഉപമ പറയുവാനുള്ള കാരണം സുവിശേഷകൻ വ്യക്തമാക്കുന്നുണ്ട്. ചുങ്കക്കാരും പാപികളും അവനെ ശ്രദ്ധിക്കുവാൻ വന്നു കൊണ്ടിരിക്കുന്നു. ഇത് കണ്ട് ഫരിസേയരും നിയമജ്ഞരും പിറുപിറുക്കുന്നു. “ഇവൻ പാപികളെ സ്വീകരിക്കുകയും അവരോടുകൂടെ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു” (v.2). അവൻ ഉപമ പറയുന്നത് രണ്ടു കൂട്ടരോടും ആണ്; പാപികൾ എന്ന് സമൂഹം കരുതുന്നവരോടും സമൂഹത്തിൽ സ്വയം വിശുദ്ധരായി ചമയുന്ന ഫരിസേയ-നിയമജ്ഞ കൂട്ടരോടും. അവനെ വിമർശിക്കുകയും എതിർചേരിയിൽ നിൽക്കുകയും ചെയ്യുന്ന ആ കൂട്ടത്തിന്റെ വാദത്തെ അവൻ ശകാരത്തിന്റെ ഭാഷയിൽ ഖണ്ഡിക്കുന്നില്ല. മറിച്ച് ഒരു ഇടയന്റെ കഥയാണ് പറയുന്നത്.

അറിയില്ല. ആട് എങ്ങനെയാണ് കൂട്ടം തെറ്റി പോയതെന്ന്. നല്ലിടയൻ ഒരിക്കലും ആടുകളുടെ പിന്നിൽ നടക്കില്ല എന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. അവൻ മുന്നിലേ നടക്കു. എന്തെന്നാൽ അവന് അത്രയ്ക്കും വിശ്വാസമാണ് ആടുകൾ തന്റെ സ്വരം ശ്രവിക്കുമെന്നും തന്നെ അനുഗമിക്കുമെന്നും. കൂലിക്കാർ മാത്രമേ ആടുകളിൽ ഭയം വിതച്ചുകൊണ്ട് അവകളുടെ പിന്നിൽ നടക്കൂ. അങ്ങനെയാകുമ്പോൾ ആടിൻറെ നഷ്ടം ഇടയന്റെ കുറ്റമല്ല. അത് തനിയെ പോയതാണ്.

ഉപമ പറയുന്നു ആടിനെ നഷ്ടപ്പെട്ടത് മരുഭൂമിയിൽ വച്ചാണെന്ന്. കൂട്ടത്തിൽ നിന്നും ഇടയനിൽ നിന്നും തെന്നി മാറുക എന്നത് പാപാവസ്ഥയിൽ കഴിയുന്ന ഒരു വ്യക്തിയുടെ തനതായ സ്വഭാവ സവിശേഷതയാണ്. പാപം ചെയ്യുന്നവൻ ദൈവത്തിൽ നിന്നും ദൈവജനത്തിൽ നിന്നും പതുക്കെ അകലും. ഒന്നിച്ചുള്ള ആത്മീയ യാത്രയിലെ താളത്തിനൊപ്പം അവന് ഒത്തുപോകാൻ സാധിക്കാതെ വരും. അതുകൊണ്ട് ഒരു കാര്യം മനസ്സിലാക്കണം. കൂട്ടത്തിൽ നിന്നും ഒരുവൻ നഷ്ടപ്പെടുന്നത് പെട്ടെന്നുള്ള ഒരു സംഭവമായി കരുതരുത്. അത് അവൻറെ ഉള്ളിലെ ദൈവീകമായ താളം പതുക്കെപ്പതുക്കെ നഷ്ടപ്പെടുമ്പോൾ അകന്നു പോകുന്നതാണ്. അങ്ങനെ വരുമ്പോൾ കൂട്ടത്തിന്റെയോ ഇടയന്റെയോ സ്വരത്തിനേക്കാൾ ഉച്ചത്തിൽ സ്വന്തം തൃഷ്ണകളുടെ സ്വരം മാത്രം അവൻ ശ്രവിക്കും. എൻറെ ജീവിതവും വിധിയും എന്റെ തീരുമാനം മാത്രമാണെന്ന ആശയ പ്രേമത്തിനകപ്പെട്ട അവൻ പൂർണമായും ദൈവത്തിൽ നിന്നും സഹജനിൽ നിന്നും അകലുവാൻ തുടങ്ങും. മറ്റൊരു രീതിയിൽ പറഞ്ഞാൽ നഷ്ടപ്പെടുക എന്നാൽ പാപം മൂലം ഹൃദയം കഠിനമാകുന്ന അവസ്ഥയാണ്.

ആടിനെ അന്വേഷിച്ച് ഇറങ്ങിത്തിരിക്കുന്ന ഇടയന്‍റെ ചിത്രം ദൈവത്തിന്റെ തന്നെ ചിത്രമാണ്. തൻറെ രൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യർ. അവൻറെ സ്നേഹത്തെ നിശ്വാസമായി സ്വീകരിച്ചവർ. ഒരുനാൾ അവനെതിരായി തിരിയുകയും നടന്നകലുകയും ചെയ്യുന്ന ചിത്രത്തോടെയാണ് വിശുദ്ധ ഗ്രന്ഥം ആരംഭിക്കുന്നത്. പിന്നീടുള്ള വരികൾ മുഴുവനും ദൈവം അവരെ അന്വേഷിച്ചു നടക്കുന്ന വിവരണങ്ങളാണ്. ദൈവത്തിന് നഷ്ടപ്പെട്ടത് സ്വന്തം ഛായയും സാദൃശ്യവുമാണ്. അവന് നഷ്ടപ്പെട്ട സ്നേഹമാണ് മനുഷ്യർ. അതുകൊണ്ടാണ് തൻറെ ഏകജാതനെ നൽകാൻ തക്കവിധം ഈ ലോകത്തെ അവൻ സ്നേഹിച്ചത്. ആ സ്നേഹമാണ് പിന്നീട് കാൽവരിയിൽ ചങ്കു പിളർന്ന ബലിയായി മാറിയത്.

സ്വന്തം രൂപത്തിലും സാദൃശ്യത്തിലും ദൈവം മനുഷ്യരെ സൃഷ്ടിച്ചുവെങ്കിലും ആരെയും അവൻ തൻറെ ദാസർ ആക്കിയില്ല. എല്ലാവർക്കും അവൻ പൂർണ്ണ സ്വാതന്ത്ര്യം നൽകി. അത് ദൈവീകമായ തലത്തിലേക്ക് മനുഷ്യൻ ഉയരുന്നതിന് വേണ്ടിയാണ്. ആ സ്വാതന്ത്ര്യം എന്നത് ഒരു കുടുംബത്തിലെ മക്കളുടെ സ്വാതന്ത്ര്യം പോലെയാണ്. അതിൽ എപ്പോഴും നന്മയും സത്യവും സൗന്ദര്യവും നിറഞ്ഞു നിൽക്കും. എപ്പോൾ ആ സ്വാതന്ത്ര്യം ഈ പുണ്യങ്ങൾക്കെതിരായി നീ ഉപയോഗിക്കുന്നുവോ അപ്പോൾ മുതൽ നിന്റെ ആന്തരികാവസ്ഥ അടിമ തുല്യമായി മാറും. കുടുംബത്തിലെ മകൻ/മകൾ ആയിരുന്നു നീ സ്വയം അടിമയായി മാറുന്ന അവസ്ഥയാണിത്. പിന്നീട് പതുക്കെ പതുക്കെ നീ കൂട്ടത്തിൽ നിന്നും നിന്നെ നയിക്കുന്നവനിൽ നിന്നും അകലുവാൻ തുടങ്ങും. നീ തനിയെ വിചാരിക്കാൻ തുടങ്ങും ഈ കൂട്ടത്തിൽ എനിക്കൊരു വിലയില്ലെന്നും ഇതിനേക്കാൾ നല്ലത് പുറത്തെ മരുഭൂമിയാണെന്നും. അങ്ങനെയാണ് ഇടയന്റെ ആലയിൽ നിന്നും ആടുകൾ നഷ്ടപ്പെടുന്നത്.

ഇടയനു വേണമെങ്കിൽ വിചാരിക്കാം. കൂട്ടത്തിൽ 99 എണ്ണം ഉണ്ടല്ലോ, ഒരെണ്ണം അല്ലേ, പോകുന്നെങ്കിൽ പോകട്ടെ എന്ന്. ഇത് യുക്തിയുടെ കണക്കാണ്. ഇടയന് ഈ കണക്ക് അറിയില്ല. അവൻ കണക്കുകൂട്ടുന്നത് ഹൃദയം കൊണ്ടാണ്. അവന്റെ അളവുകോൽ സ്നേഹമാണ്. അതുകൊണ്ടാണ് അവൻ ഇറങ്ങിത്തിരിക്കുന്നത്. അവനറിയാം നടന്നുപോകുന്ന ആ കുഞ്ഞാട് എത്തിപ്പെടുക ചെന്നായ്ക്കളുടെ നടുവിലേക്കാണെന്നും ചുറ്റും അന്ധകാരമാണെന്നും. നിൻറെ ജീവിതമാണ്, നിൻറെ സ്വാതന്ത്ര്യമാണ് എന്ന് വിചാരിച്ചു തമസ്സിന്റെ ശക്തികളുടെ ഇടയിലേക്ക് ഇറങ്ങിപോകുമ്പോൾ ഓർക്കുക ആകുലഹൃദയനായ ഒരു ഇടയൻ നിന്നെ അന്വേഷിച്ച് ഇറങ്ങിയിട്ടുണ്ട്. ഒന്നുങ്കിൽ നീ അവൻറെ സ്വരം ശ്രവിക്കുവാൻ ശ്രമിക്കുക. അല്ലെങ്കിൽ നിൻറെ സ്വരം അവൻറെ ചെവിയിൽ എത്തുന്ന രീതിയിൽ ഉച്ചത്തിൽ വിളിക്കുക.

ഈ ഉപമയുടെ പ്രത്യേകതയെന്തെന്നാൽ തന്നെ വിമർശിക്കുന്നവരെയാണ് യേശു ഇടയനായി താരതമ്യം ചെയ്യുന്നത്. ഒരു ഇടയൻ ഉണ്ടായിരുന്നു എന്ന് പറഞ്ഞല്ല ഉപമ തുടങ്ങുന്നത്. മറിച്ച് ഈ ഉപമ കേൾക്കുന്ന, വായിക്കുന്ന നീ തന്നെയാണ് ആ ഇടയൻ. ഉപമ തുടങ്ങുന്നത് ഒന്ന് ശ്രദ്ധിക്കുക: “നിങ്ങളിലാരാണ്…. നഷ്ടപ്പെട്ടതിനെ കണ്ടു കിട്ടുവോളം തേടി പോകാത്തത്?” ഈയൊരു ചോദ്യത്തിലൂടെ യേശുവിന്റെ യുക്തിയുടെ വൃത്തത്തിൽ നിന്നെയും കൂടി ചേർത്തു നിർത്തുകയാണ്. ദൈവികമായ യുക്തിയാണ് നഷ്ടപ്പെട്ടത് ഒന്നാണെങ്കിൽ പോലും അന്വേഷിച്ച് കണ്ടെത്തുക എന്നത്. അത് സ്നേഹത്തിന്റെ യുക്തിയാണ്. ആ യുക്തി നിനക്കും ഉണ്ട്. നീയും ഒരു ഇടയനാണ്. സ്നേഹിക്കുന്നവർക്ക് മാത്രമേ നഷ്ടപ്പെടലിന്റെ വേദന അറിയുവാൻ സാധിക്കൂ. അവർ അലയും മരുഭൂമിയിലെ കനൽവഴികളിലൂടെ തൻറെ പ്രിയനെ കണ്ടെത്തുന്നതുവരെ. ചില നഷ്ടപ്പെടലുകൾ നഷ്ടപ്പെടലുകൾ അല്ലായിരിക്കാം. കണ്ണെത്താ ദൂരത്തേക്കുള്ള നടന്നു നീങ്ങലായിരിക്കാം അത്. അവർ പോയത് വെറുംകയ്യോടെ അല്ലായിരുന്നു. നിന്റെ ഹൃദയവും പറിച്ചു കൊണ്ടായിരുന്നു എന്ന സത്യം നീ തിരിച്ചറിയുക നിന്നിലെ സ്പന്ദനം നിനക്ക് കേൾക്കാൻ സാധിക്കാതെ വരുന്ന നിമിഷത്തിൽ മാത്രമായിരിക്കും. ഇറങ്ങി തിരിക്കുക. അന്വേഷിച്ചു കണ്ടെത്തുക. എവിടെയാണ് നിൻറെ ഹൃദയവുമായി അവൻ/അവൾ ഓടിമറഞ്ഞത് അങ്ങോട്ടേക്ക് എത്രയും പെട്ടെന്ന് എത്തുക. എന്തെന്നാൽ സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹം ഇല്ലല്ലോ (യോഹ15 : 13)

vox_editor

Recent Posts

സേവനത്തിന്റെ കരങ്ങൾക്ക് വിലങ്ങിടുന്ന രാഷ്ട്രീയം

സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…

2 days ago

ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…

2 days ago

17th Ordinary Sunday_2025_കർത്താവിന്റെ പ്രാർത്ഥന (ലൂക്കാ 11: 1-13)

ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ യേശു പ്രാർത്ഥനയുടെ നിമിഷത്തിലാണ്. അതു കാണുന്ന ശിഷ്യന്മാർക്ക് ഉള്ളിൽ ഒരു ആഗ്രഹം: "കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ…

5 days ago

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ ശുശ്രൂഷയും ശ്രദ്ധയും (ലൂക്കാ 10: 38-42)

  യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…

2 weeks ago

15th Sunday_Ordinary Time_നീ സ്നേഹിക്കണം (ലൂക്കാ 10: 25 – 37)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…

3 weeks ago

14th Sunday_Ordinary Time_സുവിശേഷാത്മകമാകട്ടെ നമ്മുടെ ജീവിതം (ലൂക്കാ 10: 1-12, 17-20)

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…

4 weeks ago