Categories: Daily Reflection

ഡിസംബർ 6: വസന്തത്തിന്റെ രക്ഷകൻ

വസന്തം പൂക്കുന്ന ആ തിരുപ്പിറവിക്കായി നമുക്ക് ആഹ്ലാദത്തോടെ ബെത്‌ലഹേമിലേക്കു യാത്രയാവാം..

ആറാം ദിനം
“വരണ്ട ഭൂമിയില്‍ ഉറവകള്‍ പൊട്ടിപ്പുറപ്പെടും. മരുഭൂമിയിലൂടെ നദികള്‍ ഒഴുകും. തപിച്ച മണലാരണ്യം ജലാശയമായി മാറും. ദാഹിച്ചിരുന്ന ഭൂമി അരുവികളായി മാറും” (ഏശയ്യാ 35:6-7).

ഋതുഭേദങ്ങളിൽ ഏറ്റവും മനോഹരമായ കാലമാണ് വസന്തകാലം! ജീവച്ഛവം പോലെ കിടക്കുന്ന ഭൂമിയെ ഒരു പുതിയ ജീവിതത്തിലേക്ക് ഉണർത്തിക്കൊണ്ട് വർണ്ണപ്പകിട്ടാർന്ന പൂക്കളാലും, ചിത്രശലഭങ്ങളാലും, പക്ഷിമൃഗാദികളാലും, മരുതപച്ചപ്പുകളാലും പ്രകൃതി പൂത്തുലഞ്ഞു നിൽക്കുന്ന കാലമാണത് എല്ലാ ജീവജാലങ്ങളുടെയും ആഹ്ലാദത്തിന്റെയും, കൊയ്ത്തിന്റെയും, ഉത്സവങ്ങളുടെയും കാലം. അങ്ങനെ, മനോഹരമായ കാലാവസ്ഥ പ്രദാനം ചെയ്യുന്നതിനാൽ, എല്ലാ സീസണുകളുടെയും രാജാവായി വസന്തകാലം വാഴുന്നു. എല്ലാ സൃഷ്ടികളുടെയും, സൃഷ്ടികർമത്തിന്റെയും രാജാവായ ക്രിസ്തു വസന്തത്തിന്റെ രക്ഷകനായി ഭൂമിയിൽ അവതരിച്ച കാലമാണ് ക്രിസ്മസ്. പാപാന്ധകാരത്തിൽ വരണ്ടുണങ്ങിയ ജനജീവിതത്തിന് വസന്തമേകിക്കൊണ്ട് വചനം മനുഷ്യനായി ഭൂമിയിൽ അവതരിച്ചു. ആകാശത്തിൽ തെളിഞ്ഞ നക്ഷത്രങ്ങളാലും, മാലാഖമാരുടെ സ്തുതിഗീതങ്ങളാലും മണ്ണിലും വിണ്ണിലും സന്തോഷോത്സവത്തിന്റെ പ്രതീതി കളിയാടിയ നിമിഷങ്ങൾ. അസുലഭ ഭാഗ്യത്തിൽ ആശ്ചര്യഭരിതരായ ആട്ടിടയന്മാർ! ആ പുണ്യ നിമിഷങ്ങളിൽ മൂന്ന് ജ്ഞാനികൾ ഉണ്ണിയേശുവിനെ സന്ദർശിച്ച്, സമ്മാനങ്ങൾ കൈമാറി ശിശിരത്തെ വസന്തകാലമാക്കി.

ഇന്നും വസന്തത്തിന്റെ രക്ഷകനെ വരവേൽക്കാനായി, നക്ഷത്ര വിളക്കുകളും, പുൽക്കൂടുകളും, ക്രിസ്മസ് ട്രീയുംമൊക്കെ എങ്ങും സ്ഥാനം പിടിക്കുന്നു. ആഹ്ലാദവും ആഘോഷവും തിരതല്ലുന്ന അന്തരീക്ഷത്തിൽ സ്നേഹത്തിന്റേയും സമാധാനത്തിന്റേയും അലയൊലികളായി ക്രിസ്മസ് അണിഞ്ഞൊരുങ്ങുന്നു.

ദൈവസുതന്റെ ജനനം മരുഭൂമിയിൽ വിടർന്ന വസന്തമായിരുന്നു. ഏശയ്യാ പ്രവാചകന്റെ വാക്കുകളിൽ: “വിജനദേശവും വരണ്ട പ്രദേശവും സന്തോഷിക്കും. മരുഭൂമി ആനന്‌ദിക്കുകയും പുഷ്‌പിക്കുകയും ചെയ്യും” (ഏശയ്യാ 35:1). വരണ്ടുണങ്ങിയ ഭൂമിയിലേക്ക് വളരെ അപൂർവമായി പെയ്യുന്ന മഴയിൽ പുതുജീവൻ വിടരുമ്പോൾ, ഭൂമി പനിനീർ പോലെ സന്തോഷിക്കുകയും പൂക്കുകയും ചെയ്യും. യഥാർത്ഥത്തിൽ നമ്മുടെ ഉറക്കത്തെ പോലും കെടുത്തുന്ന മരുഭൂമിയിലെ ജീവിതം ചിലപ്പോൾ ഇതിലേ സഞ്ചരിക്കുന്നവരുടെ ജീവനു ഭീഷണി പോലും ഉയർത്തിയേക്കാം. ഇപ്രകാരം ഏവരുടെയും പേടിസ്വപ്നമായ ഈ മരുഭൂമിയിലൂടെയാണ് ദൈവം ഇസ്രയേലിനെ ഒരു രാഷ്ട്രമാക്കി മാറ്റിയത്. ഒരു പിതാവ് പുത്രനെ വഹിക്കുന്നതു പോലെയാണ് കർത്താവ് ഇസ്രയേലിനെ മരുഭൂമിയിലൂടെ കൊണ്ടുപോയത് (നിയമാവർത്തനം 1:31). അതിനാൽ 40 സംവത്സരങ്ങൾ ചിലവഴിച്ച ഈ ജനതയ്ക്ക് തരിശു ഭൂമിയുടെ യാതൊരു ദുരിതങ്ങളും അനുഭവിക്കേണ്ടി വന്നില്ലായെന്ന് വിശുദ്ധ ഗ്രന്ഥത്തിൽ വ്യക്തമാക്കിയിട്ടുണ്ട്, കാരണം: “അവിടുന്നു 40 സംവത്സരവും നിങ്ങളുടെ കൂടെയുണ്ടായിരുന്നു” (നിയമാവർത്തനം 2:7).

എങ്കിൽ പോലും, ചില സന്ദർഭങ്ങളിൽ ഇസ്രായേൽ ജനതയുടെ ഹൃദയം, തങ്ങളെ വിളിച്ചവനിലുള്ള വിശ്വാസം നഷ്ടപ്പെട്ട് വരണ്ടുണങ്ങിയ ഭൂമി പോലെ കാണപ്പെട്ടു. മരുഭൂമിയിലൂടെ സഞ്ചരിച്ചപ്പോൾ ഭക്ഷണം, വെള്ളം, സുരക്ഷ എന്നിവയെക്കുറിച്ചുള്ള അവരുടെ ആശങ്കയും ഭയവും നിമിത്തം അവർ ദൈവത്തിനെതിരെ പിറുപിറുത്തു. എന്നാൽ ദൈവം എപ്പോഴും അവരെ വിശ്വസ്തതയോടെ പരിപാലിച്ചു. വിശപ്പറിഞ്ഞ അവരെ പിതാക്കന്മാർക്കു പോലും അപരിചിതമായിരുന്ന മന്ന കൊണ്ടു തൃപ്തരാക്കുകയും ചെയ്തു. “അപ്പം കൊണ്ടു മാത്രമല്ല, കർത്താവിന്റെ നാവിൽ നിന്നും പുറപ്പെടുന്ന ഓരോ വാക്കും കൊണ്ടുമാണ് മനുഷ്യൻ ജീവിക്കുന്നു”വെന്നത് ഇവിടെ സഫലീകരിക്കപ്പെടുന്നു (നിയമാവർത്തനം 8:3).

മത്തായിയുടെ സുവിശേഷം നാലാം അദ്ധ്യായത്തിൽ ക്രിസ്തു തന്റെ ദൗത്യം ആരംഭിക്കുന്നതിനു മുമ്പ് പ്രാർത്ഥനയ്ക്കായി പോയതും പരീക്ഷിക്കപ്പെട്ടതും മരുഭൂമിയിൽ ആണെന്ന് പ്രതിപാദിക്കുന്നുണ്ട്. അവിടെ പിശാചിനാൽ പരീക്ഷിക്കപ്പെട്ട ക്രിസ്തു അവയെല്ലാം അതിജീവിച്ചു മരുഭൂമിയിൽ വസന്തം സൃഷ്ടിക്കുന്നുണ്ട് (മത്തായി 4:4). കർത്താവ് തന്റെ ജനത്തിനായി ഒഴുക്കിയ ജലം മരുഭൂമിയെ ഒഴുകുന്ന വെള്ളത്തിന്റെയും നീരുറവകളുടെയും ഇടമാക്കിയതു പുറപ്പാട് പതിനേഴാം അധ്യായത്തിൽ നമുക്ക് ദർശിക്കാൻ കഴിയും. ചുരുക്കിപ്പറഞ്ഞാൽ, ഇസ്രയേൽ ജനതയുടെ ജീവിതവുമായി മരുഭൂമിക്ക് ഇഴപിരിയാൻ പറ്റാത്ത അഭേദ്യമായ ബന്ധമാണുള്ളത്. അതിനാൽ സൃഷ്ടാവിന്റെ സ്നേഹവും, പരിലാളനയും, സംരക്ഷണവും ഇവർ തിരിച്ചറിഞ്ഞതു മരുഭൂമിയിലൂടെയുള്ള യാത്രാമധ്യേയാണ്. അതിനാൽ തന്നെ സമൃദ്ധമായി വിരിഞ്ഞു നിൽക്കുന്നതും ആനന്ദത്തോടെയും, ആലാപന ത്തോടെയും, സന്തോഷിക്കുന്ന മരുഭൂമിയെയാണ് വിശുദ്ധഗ്രന്ഥത്തിൽ നമ്മൾക്ക് കാണാൻ സാധിക്കുന്നത്.

ഇപ്രകാരം, കർത്താവുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കുകയും ദൈവം നൽകിയ സമൃദ്ധി ആസ്വദിക്കാൻ അനുഗ്രഹിക്കപ്പെടുകയും ചെയ്യുന്ന ഒരു ജനതയുടെ ആത്മീയ പുതുക്കലിന്റെയും, ചൈതന്യത്തിന്റെയും, പ്രത്യാശയുടെയും ഉപമയാണ് ഈ വസന്തം.

ഇസ്രയേൽ ജനത വളരെയേറെ കഷ്ടതകളുടെയും ദുരിതങ്ങളുടെയും മധ്യത്തിലൂടെ കടന്നുപോകുമ്പോൾ തന്റെ ജനത്തിനെ രക്ഷിക്കാൻ ആഗതനാകുന്ന കർത്താവിനെ ദർശിച്ച പ്രവാചകൻ ഹബക്കുക്ക് അമൃത വസന്തത്തിന്റെ കാലം വരാൻ പോകുന്നുവെന്ന പ്രത്യാശ നൽകുന്നു: “ദൈവം തേമാനില്‍ നിന്ന്‌, പരിശുദ്‌ധന്‍ പാരാന്‍ പര്‍വതത്തില്‍നിന്ന്‌ വന്നു. അവിടുത്തെ മഹത്വം ആകാശങ്ങളെ മൂടി. അവിടുത്തെ സ്‌തുതികളാല്‍ ഭൂമി നിറഞ്ഞു. അവിടുത്തെ ശോഭ പ്രകാശംപോലെ പരക്കുന്നു. അവിടുത്തെ കരങ്ങളില്‍നിന്ന്‌ രശ്‌മികള്‍ വീശുന്നു (ഹബക്കുക്ക്‌ 3:3-4). അതുമാത്രമല്ല, എല്ലാ പ്രതീക്ഷകളും അസ്തമിച്ച പ്രവാസികളായ ഇസ്രായേൽ ജനതയ്ക്ക് വസന്തത്തിന് കുളിർമ പ്രദാനം ചെയ്തുകൊണ്ട് എത്തുന്ന രക്ഷകൻ പുതിയ ആകാശവും പുതിയ ഭൂമിയും സ്ഥാപിക്കുമെന്നുള്ള വാഗ്ദാനവും ഏശയ്യാ പ്രവാചകൻ നൽകുന്നു: “എന്തെന്നാല്‍, നമുക്ക്‌ ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക്‌ ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്‌മയനീയനായ ഉപദേഷ്‌ടാവ്‌, ശക്‌തനായ ദൈവം, നിത്യനായ പിതാവ്‌, സമാധാനത്തിന്റെ രാജാവ്‌ എന്ന്‌ അവന്‍ വിളിക്കപ്പെടും” (ഏശയ്യാ 9:6).

ജീവിതയാത്രയിൽ നമ്മൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന വിവിധ തരത്തിലുള്ള ശാരീരിക, മാനസിക, സാമ്പത്തിക, ദുരിതങ്ങളും, വേദനകളും, കഷ്ടപ്പാടുകളും നമ്മെ വീണ്ടും മരുഭൂമിയിലേക്ക് തള്ളിവിടുമ്പോൾ പ്രതീക്ഷ നഷ്ടപ്പെട്ട വരണ്ടുണങ്ങിയ ജീവിതത്തിനു വസന്തകാലത്തിന്റെ പ്രത്യാശ നൽകാൻ ദൈവം വീണ്ടും വരുന്നു; ഒരു മനുഷ്യ കുഞ്ഞായി – നമ്മുടെ മധ്യേ! വസന്തം പൂക്കുന്ന ആ തിരുപ്പിറവിക്കായി നമുക്ക് ആഹ്ലാദത്തോടെ ബെത്‌ലഹേമിലേക്കു യാത്രയാവാം…

vox_editor

Share
Published by
vox_editor

Recent Posts

കൃപാസനം പ്രേഷിത ജോമോൾ ഇനി “സമർപ്പിത കന്യക”

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…

1 day ago

Christ the King_2025_കുരിശിലെ രാജാവ് (ലൂക്കാ 23:35-43)

ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…

5 days ago

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല; കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…

2 weeks ago

33rd Sunday_2025_ശ്രദ്ധയുള്ള ദൈവം (ലൂക്കാ 21:5-19)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…

2 weeks ago

റോമിലെ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസലിക്കയുടെ പ്രതിഷ്ഠാ ദിനത്തില്‍ ദുവ്യബലി അര്‍പ്പിച്ച് പ്രാര്‍ഥിച്ച് ലിയോ പാപ്പ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…

2 weeks ago

31st_Sunday_ചാട്ടവാറുമായി നിൽക്കുന്നവൻ (യോഹ 2:13-22)

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…

3 weeks ago