സി.ഷൈനി ജെർമ്മിയാസ് സി.സി.ആർ.
കൊറോണ എന്ന മഹാമാരി പടർന്നുപിടിച്ചപ്പോൾ ലോകത്തിനു തന്നെ മാതൃകയായ സംസ്ഥാനമാണ് നമ്മുടെ കൊച്ചു കേരളം. സുനാമി, നിപ്പാ തുടങ്ങിയ സമയങ്ങളിലെല്ലാം തന്നെ എല്ലാ മേഖലകളിൽപ്പെട്ടവരും സ്തുത്യർഹമായ സേവനമാണ് കാഴ്ചവെച്ചത്. ഇപ്പോൾ കൊറോണ മഹാമാരിയുടെ കാലയളവിലും കേരളീയർ ഒറ്റക്കെട്ടായി നിന്നുകൊണ്ട് ഈ മഹാവ്യാധിയെ ചെറുത്തു തോൽപ്പിച്ചു കൊണ്ടിരിക്കുന്നു. ഈ മഹാവിപത്തിനെ പോലെ മറ്റു നിരവധി പ്രശ്നങ്ങളും സാധാരണക്കാർ അഭിമുഖീകരിക്കുന്നത് കണ്ടില്ലെന്ന് നടിക്കുന്നതിനെ ന്യായീകരിക്കാൻ കഴിയില്ല.
ഈ അവസരത്തിലാണു നമ്മുടെ ശക്തിയും ശബ്ദവും ഒന്നാകേണ്ടത്. മഹാപ്രളയത്തിൽ നിന്നും മഹാവ്യാധിയിൽ നിന്നും മുക്തി നേടാൻ പരിശ്രമിക്കുന്ന നമ്മുടെ സംസ്ഥാനം, “വിലക്കയറ്റം” എന്ന മഹാ വിപത്തിനാൽ വീർപ്പുമുട്ടുന്നു. അനധികൃതമായ വിലക്കയറ്റം സാധാരണക്കാരായ ഭൂരിപക്ഷം ജനങ്ങളുടെയും നടുവൊടിച്ചിരിക്കുകയാണ്. സമ്പാദ്യം സ്വരുകൂട്ടുന്നതു പോയിട്ട്, ദൈനംദിന ഉപജീവനത്തിനായുള്ള വരുമാനം പോലുമില്ലാതെ പോരാടുന്ന പാവപ്പട്ടവർ തൊഴിലില്ലാതെ ഭവനങ്ങളിൽ പകച്ചിരിക്കുന്നു. അതിനാൽത്തന്നെ, സാധാരണക്കാർ കോവി ഡ്-19 എന്ന മഹാവ്യാധിയേക്കൾ ഭയപ്പാടോടെ നോക്കിക്കാണുന്നത് “വിലക്കയറ്റ”ത്തെ തന്നെയാണ്. നിത്യോപയോഗ സാധനങ്ങൾക്ക് ദിനംപ്രതി കുതിച്ചുയരുന്ന വിലവർദ്ധനവ്, ഒരുനേരത്തെ വിശപ്പകറ്റാൻ വേണ്ടി നെട്ടോട്ടമോടുന്നവരെ സംബന്ധിച്ച് ഒരു “ബാലികേറാമല” തന്നെയാണ്. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതരാമന്റെ പ്രഖ്യാപനങ്ങൾ എത്രത്തോളം ഫലവത്താകുമെന്നത് കണ്ടറിയണം. എന്നാൽ, ഇതിനെക്കുറിച്ച് ആരുംതന്നെ വേവലാതിപ്പെടാത്തതുകൊണ്ട്, ‘വിലകയറ്റമെന്ന ഭീകര പ്രതിഭാസത്തെ’ കുറിച്ച് ചില കാര്യങ്ങൾ പങ്കുവെക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
പ്രാണവായുവും ജീവജലവും പോലെ തന്നെ പ്രധാനമാണ് അനുദിനമുള്ള ഭക്ഷണം. 2013 ഒക്ടോബർ 30-ന് നിലവിൽ വന്ന കേന്ദ്രസർക്കാരിന്റെ ഭക്ഷ്യസുരക്ഷാ നിയമത്തിൽ “ഭക്ഷണം അവകാശ”മെന്നു കൂട്ടിച്ചേർത്തിട്ടുണ്ട്. അതൂ പ്രാവർത്തികമാകുന്നുണ്ടോ എന്നതാണ് നമ്മുടെ മുമ്പിലുള്ള ചോദ്യം!
സാധാരണക്കാർക്ക് എത്തിപ്പിടിക്കാനാവാത്ത വിധം, നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോൾ, അതിനു കടിഞ്ഞാണിടുന്നതിനായി വിലനിയന്ത്രണം ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഭാഗമാണോയെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.
കേരളം കൊറോണയുടെ ഭീതിയിലമർന്നിരിക്കുകയാണ്. ഈ സന്ദർഭത്തിൽ, തൊഴിൽ നഷ്ടപ്പെട്ട് ഭവനങ്ങളിൽ കഴിയുന്ന ദിവസക്കൂലിക്കാരും, തുച്ഛവേതനക്കാരും എന്തുചെയ്യണമെന്നറിയാതെ നിസംഗതയിൽ കഴിയുന്നു. കൂടാതെ, പുറത്തിറങ്ങിയാൽ കോവിഡ് 19-ന്റെ പിടിയിലമരുമോ എന്ന ഭയവും.
നിർഭാഗ്യവശാൽ, ഈ മഹാവ്യാധിയിൽ നിന്നും മുക്തി നേടാനായി ഫലവത്തായ ഒരു വാക്സിനും ഇതുവരെ കണ്ടുപിടിക്കുവാനും കഴിഞ്ഞിട്ടില്ല. ഈ സന്ദർഭത്തിൽ പ്രതിരോധശേഷി വർധിപ്പിച്ച് ഈ വൈറസിനെ ഒരു പരിധിവരെ പ്രതിരോധിക്കാമെന്ന് ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നുമുണ്ട്. ഗ്രാമീണന് പ്രതിദിനം 2300 ഉം, പട്ടണവാസിക്കാകട്ടെ 2100 കലോറി ഭക്ഷ്യ ഊർജ്ജമെങ്കിലും ലഭിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ കഴിക്കണമെന്നും നിഷ്കർഷിക്കുന്നു.
എന്നാൽ, കേരളത്തെ സംബന്ധിച്ച് നമ്മുടെ മുഖ്യഭക്ഷണമായ അരിയിൽ നിന്നും ഗോതമ്പിൽ നിന്നും വളരെ കുറച്ച് കലോറി മാത്രമേ ലഭിക്കാറുള്ളൂ. അതുകൊണ്ടുതന്നെ, പോഷകമൂല്യവും ഉയർന്ന കലോറിയും നൽകുന്ന പച്ചക്കറികൾ, പയർ-പഴവർഗങ്ങൾ, ഇറച്ചി, മത്സ്യം, മുട്ട എന്നിവ നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടിയിരിക്കുന്നു താനും. എന്നാൽ അതിരൂക്ഷമായ വിലക്കയറ്റം മൂലം, ഇതു സാധാരണക്കാർക്ക് അപ്രാപ്യമാണെന്നതാണ് യാഥാർഥ്യം. മുണ്ടുമുറുക്കിയുടുത്ത് ജീവിക്കേണ്ട അവസ്ഥയാണവർക്ക്. ശാസ്ത്രപ്രകാരം, പോഷകാഹാരക്കുറവ് പ്രതിരോധശേഷി കുറയുന്നതിന് ഒരു പ്രധാന കാരണമാണ്. എന്നാൽ, അത്യാവശ്യ ചെലവുകൾ പോലും നടത്തിക്കൊണ്ട് പോകുവാൻ വരുമാനമില്ലാത്ത, തൊഴിൽ നഷ്ടമായ ഈ സാഹചര്യത്തിൽ, പച്ചക്കറികൾക്കും, മത്സ്യ-മാംസങ്ങൾക്കും പലയിടത്തും തോന്നുന്നപടി വിലയിട്ടു വിൽക്കുന്ന കച്ചവടക്കാർ, “റോമാ നഗരം കത്തുമ്പോൾ വീണവായിക്കുന്ന നീറോ ചക്രവർത്തി”മാരാവുകയാണ്.
കൊറോണക്കാലത്താണെങ്കിലും അല്ലെങ്കിലും, നിത്യേന കുതിച്ചുയരുന്ന ഈ വിലക്കയറ്റം ഒരു ജനാധിപത്യ സംവിധാനത്തിൽ ന്യായീകരിക്കാനാവില്ല. അതുകൊണ്ട്, അവശ്യ ഭക്ഷ്യവസ്തുക്കൾക്കെങ്കിലും, സാധാരണക്കാരനുപോലും പ്രാപ്തമായ ഒരു ന്യായവില സുസ്ഥിരപ്പെടുത്തേണ്ടിയിരിക്കുന്നു.
“വിലവിവരപ്പട്ടിക” പ്രദർശിപ്പിക്കണമെന്ന കർശന നിർദ്ദേശങ്ങൾ ഉണ്ടെങ്കിലും, മിക്ക വ്യാപാര സ്ഥാപനങ്ങളും ഇതു പാലിക്കുന്നില്ല. ഇതു നിർബന്ധമാക്കിയാൽ, വ്യാപാരികൾ തോന്നുന്ന വില ഈടാക്കുന്നതിനു ഒരു പരിധിവരെ തടയിടാൻ കഴിഞ്ഞേക്കും. അതിനായി, ഭക്ഷണ സാധനങ്ങൾക്ക് അന്യായവിലയിട്ട് ജനങ്ങളെ കൊള്ളയടിക്കാതെ, സുതാര്യമായ വില നിശ്ചയിക്കുന്നതിന്, ഒരു മാർഗ്ഗരേഖ തയ്യാറാക്കുകയും, വിവിധ സാധനങ്ങളുടെ വില ഏകീകരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
നിത്യോപയോഗ സാധനങ്ങളുടെ വില നിശ്ചയിക്കുന്നത് കമ്പോളമാണ്. അതിനാൽ കൺസ്യൂമർഫെഡ്, ഹോർട്ടികോർപ്പ്, വെജിറ്റബിൾ & ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ തുടങ്ങിയ ഏജൻസികളുടെ സഹായത്തോടെ വില നിയന്ത്രണ പ്രവർത്തനങ്ങളിൽ, ഗവൺമെന്റിന്റെ കാര്യക്ഷമമായ ഇടപെടലുകൾ അനിവാര്യമാണ്. കമ്പോളത്തിൽ കൃത്രിമ ക്ഷാമം സൃഷ്ടിച്ച്, ഭക്ഷ്യവസ്തുക്കൾക്ക് അമിതമായി വില ഈടാക്കുന്ന കേന്ദ്രങ്ങളിൽ ശക്തമായ പരിശോധന നടത്തുകയും, കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതുമൊക്കെ അതിന്റെ ഭാഗമായി നടക്കണം. അതിനാൽ തന്നെ, സർക്കാരും ജില്ലാഭരണകൂടവും വളരെ ഗൗരവമായി ഈ വിഷയങ്ങൾ പരിഗണിക്കേണ്ടതുണ്ട്.
ഭാരതത്തിന്റെ ഭൂരിപക്ഷമായ പാവപ്പെട്ടവന്റെ നന്മയ്ക്കായി, വിലക്കയറ്റത്തിന് കടിഞ്ഞാണിടുക അത്യന്താപേക്ഷിതമാണ്. ഓരോ ദരിദ്രകുടുംബത്തിന്റെയും അടിത്തറ ഇളക്കികൊണ്ടിരിക്കുന്ന കൊറോണ എന്ന മഹാവിപത്തിനെ ചെറുക്കാൻ, ഇപ്പോൾ നിലവിലുള്ള ഏക ആശ്രയമായ “പ്രതിരോധശേഷി വർദ്ധിപ്പിക്കുക” എന്നതിനു ശക്തി പകരാൻ നമ്മളെല്ലാവരും ബാധ്യസ്ഥരാണ്.
നമ്മുടെ സംസ്ഥാനം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന കോവിഡ് 19 നെ നിയന്ത്രണവിധേയമാക്കാൻ നമ്മുടെ ഗവൺമെന്റ് അഭിനന്ദനാർഹമായ പല പദ്ധതികളും നടപ്പിലാക്കി കഴിഞ്ഞുവെന്നത് വിസ്മരിക്കുന്നില്ല. അതിലൊന്നാണ് പോഷണ കുറവുള്ള കുട്ടികൾക്ക് ‘തേനമൃത്’ വിതരണം ചെയ്തത്. സാധാരണക്കാരന്റെ കണ്ണീരൊപ്പുന്നതിനും, വിശപ്പിൽ നിന്നും കൊറോണ എന്ന മഹാമാരിയിൽ നിന്നും മുക്തി നേടുന്നതിനും വേണ്ടി സർക്കാരും മറ്റു ഭരണസംവിധാനങ്ങളും സാധാരണക്കാരന്റെ ബുദ്ധിമുട്ടുകൾ കണ്ടില്ലെന്ന് നടിക്കരുത്. പ്രകൃതിക്ഷോഭങ്ങളും, പകർച്ചവ്യാധികളും അവരുടെ ജീവിതത്തെ ഇതുവരെ താളംതെറ്റിച്ചതു പോലെയല്ല ഇപ്പോൾ. കൊറോണയെന്ന “മഹാവിഷം” ഒരോ പാവപ്പെട്ടവനെയും അനിശ്ചിതമായ ഒരു കാലയളവിലെ ദുരന്തത്തിലേക്ക് എടുത്തെറിഞ്ഞിരിക്കുകയാണ്. അതിനിടയിൽ, അന്യായമായ ‘വിലക്കയറ്റം’ പാവപ്പെട്ടവന്റെ വർണ്ണാഭമായ സ്വപ്നങ്ങളുടെ ചിറകരിയാതിരിക്കാൻ, കൊള്ള ലാഭത്തിനും, പൂഴ്ത്തിവെപ്പിനുമെതിരെ നാം നിരന്തരം ക്രിയാത്മകമായി പ്രവർത്തിക്കേണ്ടിയിരിക്കുന്നു. കാരണം, ഭക്ഷണം മനുഷ്യന്റെ അവകാശമാണ്; അതു നിഷേധിക്കുന്നതാകട്ടെ “മരണ സംസ്കാര”ത്തിന്റെ തേരോട്ടവുമാണ്.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്?" ഒരു നിയമജ്‌ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.