വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ
കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ. ഒരു സംഭവത്തിന്റെ രണ്ടു വശങ്ങളെ ഓർമ്മിപ്പിക്കുന്ന തിരുനാൾ: യേശുവിന്റെ മരണവും ഉത്ഥാനവും. എല്ലാ മുറിവുകളോടെ ഉയിർത്തെഴുന്നേറ്റവന്റെ കുരിശും, എല്ലാ പ്രകാശത്തോടെ ക്രൂശിക്കപ്പെട്ടവന്റെ ഉത്ഥാനവും അനുസ്മരിക്കുന്ന ആഘോഷം. അതെ, ഉത്ഥാനമില്ലാത്ത കുരിശ് അന്ധമാണ്; കുരിശില്ലാത്ത ഉത്ഥാനം ശൂന്യവും.
“ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു”. “അത്രമാത്രം” (γάρ – gar): ഗ്രീക്കു ഭാഷയിലെ ഒരു സംയോജന പദമാണത്. സ്ഥിരീകരണത്തിന്റെയും നിഗമനത്തിന്റെയും ഒരു കണികാരൂപമാണത്. ഈ ചെറിയ പദത്തിൽ വലിയൊരു സത്യം അടങ്ങിയിട്ടുണ്ട്. അത് കുരിശാണ്. കുരിശാണ് ദൈവസ്നേഹത്തിന്റെ “അത്രമാത്രം”. കുരിശിലാണ് ദൈവസ്നേഹത്തിന്റെ സ്ഥിരീകരണവും നിഗമനവും. കുരിശിൽ സ്ഥിരീകരിച്ച ആ സ്നേഹമാണ് ക്രൈസ്തവീകതയുടെ കാതൽ. അതിൽ മുറിവേറ്റവൻ്റെ ജ്വലിക്കുന്ന ഹൃദയമുണ്ട്. ആ സ്നേഹം ഒരു ആശയമോ സങ്കൽപ്പനമോ അല്ല, ക്രൈസ്തവ വിശ്വാസത്തിന്റെ സമന്വയമാണ് (synthesis). ഫ്രാൻസിസ് പാപ്പ പറയുന്നു, “എവിടെയാണോ നിങ്ങളുടെ സമന്വയം, അവിടെ നിങ്ങളുടെ ഹൃദയവും ഉണ്ടാകും” (ഇവാഞ്ചലീ ഗൗഡിയും 143). നമ്മൾ ദൈവത്തെ സ്നേഹിക്കുന്നു എന്നതല്ല നമ്മുടെ വിശ്വാസം, ദൈവം നമ്മെ സ്നേഹിക്കുന്നുവെന്നതാണ്. ദൈവം എന്നെ സ്നേഹിക്കുന്നുവെന്ന അനുഭവമാണ് രക്ഷ, ഞാൻ അവനെ സ്നേഹിക്കുന്നുവെന്ന അവബോധമല്ല. ആ സ്നേഹത്തിന്റെ മുൻപിലെ യഥാർത്ഥ പാപം നിസ്സംഗതയാണ്. അതിന് സ്വർഗ്ഗത്തിന്റെ ഏറ്റവും ശക്തമായ ഇടപെടലുകളെപോലും പരാജയപ്പെടുത്താൻ സാധിക്കും എന്നതാണ് ആ പാപത്തിന്റെ മാരകത.
“സ്നേഹിക്കുക” എന്നത് ദൈവത്തിന്റെ സ്വഭാവമല്ല, സ്വത്വമാണ്. ആ സ്വത്വത്തിന്റെ ഭാഗമായ ദൈവമക്കൾക്കും സ്നേഹിക്കുകയല്ലാതെ വേറെയൊന്നും ലോകത്തിനോട് ചെയ്യാൻ സാധിക്കില്ല. ഓരോ നിമിഷവും നമ്മൾ സ്നേഹിക്കുമ്പോൾ ദൈവികമായ ഒരു പ്രവൃത്തിയിലാണ് ഏർപ്പെടുന്നത്. ആ നിമിഷം നമ്മൾ ദൈവമക്കളാണെന്നു തെളിയിക്കുക മാത്രമല്ല, അവന്റെ പദ്ധതിയുടെ അവതാരമായിത്തീരുക കൂടിയാണ് ചെയ്യുന്നത്.
“ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു”. നമ്മൾ അനന്തമായി ആവർത്തിക്കേണ്ട വാക്കുകളാണവ. നമ്മുടെ ഹൃദയത്തിന്റെ അറകളിൽ കൊത്തിവയ്ക്കേണ്ട ദിവ്യമായ ഏകതാനതയാണത്. ഒരു പല്ലവിയായി നമ്മുടെ നാവിൽ നിറയേണ്ട വരികളാണവ. സംശയങ്ങളുടെയും സങ്കടങ്ങളുടെയും മൂടൽമഞ്ഞ് ഹൃദയത്തിലെ തീനാളത്തെ കെടുത്തുവാൻ ശ്രമിക്കുമ്പോൾ മനസ്സിൽ നിറയേണ്ട ഈണമാണത്.
“തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു”. സ്നേഹം ഒരു വികാരമല്ല, അത് ഉദാരമായ, യുക്തിരഹിതമായ, അനുചിതമായ നൽകലാണ്. ഓർക്കുക, തന്നേക്കാൾ കുറഞ്ഞതൊന്നും ദൈവം നമ്മൾക്ക് നൽകുന്നില്ല.
“ദൈവം തന്‍റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്ഷപ്രാപിക്കാനാണ്” (3:17). ലോകത്തെ രക്ഷിക്കനാണ്, ശിക്ഷിക്കാനല്ല. ദൈവത്തിന്റെ നീതി ശിക്ഷയല്ല, രക്ഷയാണ്. എപ്പോഴെല്ലാം ആ വിധിയെ നമ്മൾ ഭയപ്പെടുകയോ, നമ്മുടെ ഉള്ളിൽ ഒരു നിഴലായി മാറുകയോ ചെയ്യുന്നുണ്ടെങ്കിൽ അതിനർത്ഥം നമ്മൾ ഇപ്പോഴും ദൈവസ്നേഹത്തെ അനുഭവിച്ചിട്ടില്ല എന്നുതന്നെയാണ്. നമുക്ക് യേശുവിൻ്റെ കുരിശിനെക്കുറിച്ച് ഒന്നും മനസ്സിലായിട്ടില്ല എന്നാണ്. വിധിയെ ഭയമായി കരുതിയിട്ടുള്ളവരെല്ലാവരും ദൈവത്തിന്റെ ചരിത്രത്തിൽ നിന്ന് വഴുതിവീണിട്ടുള്ളവരാണ്.
ഞാനും നീയും ആണ് ഏകജാതനാൽ രക്ഷിക്കപ്പെട്ട ലോകം. ആ ലോകം മൃതലോകമല്ല, ജൈവലോകമാണ്. ആ ലോകത്തിൽ ജീവനുള്ളതെല്ലാം ഉണ്ട്. രക്ഷിക്കുക എന്നാൽ സംരക്ഷിക്കുക എന്നാണ്. അവന്റെ സ്നേഹമാണ് നമ്മുടെ സംരക്ഷണം. അവിടെ ഒന്നും നഷ്ടപ്പെടുന്നില്ല. ആ ലോകത്തിൽ സ്നേഹത്തിന്റെ ചേഷ്ടകളോ, അത് ഉണർത്തുന്ന ധീരതയോ, സ്ഥിരോത്സാഹമോ, ആരുടെയും പ്രതിച്ഛായയോ നഷ്ടപ്പെടുന്നില്ല. ഒരു പുൽച്ചെടിയുടെ ചെറുനാമ്പ് പോലും ഇല്ലാതാകില്ല. പൗലോസപ്പോസ്തലൻ പറയുന്നതുപോലെ “സൃഷ്ടി ജീര്‍ണതയുടെ അടിമത്തത്തില്‍നിന്നു മോചിതമാകുകയും ദൈവമക്കളുടെ സ്വാതന്ത്ര്യം പ്രാപിക്കുകയും ചെയ്യും” (റോമാ 8: 21).
“അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്‍റെ ഏകജാതന്‍റെ നാമത്തില്‍ വിശ്വസിക്കായ്കമൂലം, നേരത്തേതന്നെ ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നു” (3 : 18). യേശുവാണ് നമ്മൾക്ക് ദൈവം നൽകിയ സമ്മാനം. അവനിൽ വിശ്വസിക്കുന്ന ഏതൊരാൾക്കും നിത്യജീവനുണ്ട്. യേശുവിൽ വിശ്വസിക്കുക, അവൻ്റെ സ്നേഹത്തിന്റെ ചലനാത്മകതയിലേക്ക് പ്രവേശിക്കുക, അപ്പോൾ ദൈവസ്നേഹത്തിൻ്റെ “അത്രമാത്രം” എന്ന ദിവ്യ ഇടത്തിൽ നമ്മൾക്കും സ്ഥാനമുണ്ടാകും. കുരിശ് അപ്പോൾ ഒരു ശാപമോ ഇടർച്ചയോ ഭോഷത്തമോ ആകില്ല. അതിലെ മുറിവേറ്റവനിൽ നമ്മൾ ദൈവത്തെ കാണും. അവൻ്റെ മുറിപ്പാടുകളിൽ നമ്മൾ നിത്യജീവൻ ദർശിക്കും. നമ്മൾക്ക് മനസ്സിലാക്കാൻ പറ്റാത്ത ചില സഹനങ്ങളെയും നൊമ്പരങ്ങളെയും കണ്ണീരുകളെയും വിമ്മിട്ടങ്ങളെയും കരച്ചിലുകളെയും പലപ്രാവശ്യവും നമ്മുടെ ജീവിതം ഒരു തോൽവിയാണെന്ന പ്രതീതിയുളവാക്കുന്ന ചില ചിന്തകളെയും അതിജീവിക്കാൻ സാധിക്കും. കാരണം ആ നിമിഷങ്ങളിൽ നമ്മൾ മുറുകെ പിടിക്കുന്നത് ദൈവസ്നേഹമെന്ന കുരിശിനെയാണ്. അതിൽ നിന്ന് നമ്മിലേക്ക് ഉത്ഥാനത്തിന്റെ ശക്തി തുളച്ചു കയറുമെന്നത് നൂറ് ശതമാനം ഉറപ്പാണ്. നമ്മൾ പോലും അറിയാതെ ആ ശക്തി നമ്മിലെ ശവകുടീരത്തിന്റെ കല്ലുകളെ ഇളക്കിമാറ്റി ഒരു പുതുപ്രഭാതത്തിന്റെ ശുദ്ധവായു നമ്മിൽ നിറയ്ക്കും. നാം ആലിംഗനം ചെയ്ത ആ കുരിശ് അപ്പോൾ പൂത്തുലഞ്ഞു നിൽക്കുന്നത് നമ്മൾക്ക് കാണാൻ സാധിക്കും.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.