Categories: Meditation

16th Sunday Of Ordinary Time_Year A_കാഴ്ച്ചപ്പാടുകളുടെ ഉപമ (മത്താ 13:23-43)

കപടമായ ആത്മശോധനയെ കുറിച്ച് ചിന്തിക്കാൻ ഈ ഉപമ പ്രേരിപ്പിക്കുന്നുണ്ട്...

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ

നമ്മുടെ ദൈവസങ്കൽപത്തെ മാറ്റിമറിക്കുന്ന ഒരു ഉപമ. കളകളുടെ ഉപമ എന്നാണ് ഈ ഉപമ അറിയപ്പെടുന്നത്. പക്ഷേ ഞാനിതിനെ കാഴ്ച്ചപ്പാടുകളുടെ ഉപമയെന്ന് വിളിക്കാനാണ് ആഗ്രഹിക്കുന്നത്. ഇനി ഉപമയിലേക്ക് കടക്കാം. വീണ്ടും ഗുരുനാഥൻ നമ്മുടെ ഹൃദയത്തെ കൈപ്പിടിയിലൊതുങ്ങുന്ന മണൽനിലത്തോട് ഉപമിക്കുന്നു. അതിൽ നല്ല വിത്തുകൾ മാത്രമാണ് അവൻ വിതച്ചിട്ടുള്ളത്. ഇരുട്ടിന്റെ മറവിലാണ് ആരോ അവിടെ തിന്മകൾ വിതച്ചത്. ഉഴുതിട്ടിരിക്കുന്ന ആ നിലത്തിൽ നല്ല വിത്തിന്റെയും കളകളുടെയും വേരുകൾ പരസ്പരം കൂടിപിണഞ്ഞാണ് പിന്നീട് വളർന്നത്. നന്മയും തിന്മയും, നല്ലതും ചീത്തയും, ഗോതമ്പും കളകളും … ഏതെങ്കിലും ഒന്നിന് പ്രാധാന്യം കൊടുക്കണം. ഏതെങ്കിലും ഒന്നിനെ പറിച്ചു മാറ്റണം. അതെ, കളകളെ പറിച്ചു മാറ്റാം. പക്ഷേ, ഗുരു പറയുന്നു; “വേണ്ടാ, കളകൾ പറിച്ചെടുക്കുമ്പോൾ അവയോടൊപ്പം ഗോതമ്പു ചെടികളും നിങ്ങൾ പിഴുതുകളഞ്ഞെന്നു വരും” (v.29). അതേ, സൂക്ഷിക്കണം. തിന്മയാണെന്ന് കരുതി നീ പലതും പറിച്ചു മാറ്റാൻ ശ്രമിക്കുമ്പോൾ പല നന്മകളും അതോടൊപ്പം ഇല്ലാതാകുന്നുണ്ട് എന്ന കാര്യവും.

വേലക്കാർ ചോദിക്കുന്നുണ്ട്: “ഞങ്ങൾ പോയി കളകൾ പറിച്ചു കൂട്ടട്ടെ?” യജമാനന്റെ മറുപടി വേണ്ട എന്നാണ്. രണ്ട് കാഴ്ചപ്പാടുകളുടെ സംഘർഷമാണ് ഉപമ ചിത്രീകരിക്കുന്നത്. വേലക്കാർ കളകളെ മാത്രമേ കാണുന്നുള്ളൂ. യജമാനനൊ ഗോതമ്പുകളെയും കാണുന്നു. കളകളെ പറിച്ചെടുക്കുമ്പോൾ ചില ഗോതമ്പു ചെടികളും പിഴുതുപോരും അത് സാധാരണം എന്ന യുക്തിവിചാരം യജമാനൻ നടത്തുന്നില്ല. കളകൾ പറിക്കുക എന്നത് എളുപ്പമാണ്. പക്ഷേ അതല്ല ഏറ്റവും പ്രധാനം. ഒരു ഗോതമ്പു ചെടി പോലും നശിക്കരുത്.

നല്ലതിനെ കുറിച്ച് ചിന്തിക്കുക, നല്ലതിനു പ്രാധാന്യം കൊടുക്കുക. അതാണ് ദൈവീകത. പാടം നിറയെ കളകൾ കൊണ്ട് നിറഞ്ഞാലും അതിനിടയിൽ ഒരു ഗോതമ്പു ചെടിയുണ്ടെങ്കിൽ അതിന്റെ കതിരുകളിൽ പ്രതീക്ഷയർപ്പിക്കുന്നവനാണ് ദൈവം. ഇത് നമുക്കും ഒരു പാഠമാണ്. തിന്മകളെക്കാൾ പ്രാധാന്യം നന്മകൾക്കാണ് എന്ന പാഠം. പ്രകാശത്തിനാണ് ഇരുളിനെക്കാൾ മൂല്യം എന്ന പാഠം.

സുവിശേഷത്തിന്റെ ധാർമ്മികത വടിവൊത്ത പൂർണ്ണതയുടെ ആദർശമല്ല. കളങ്കമില്ലാത്ത ഒരു സൂപ്പർമാനെ വാർത്തെടുക്കുന്ന ധാർമികതയല്ല യേശു പഠിപ്പിച്ചത്. വീണാലും എണീറ്റ് നടക്കാൻ പറയുന്ന ആത്മധൈര്യത്തിന്റെ ധാർമികതയാണ്. വീണുപോയവന്റെ ചുറ്റും കൂടി നിന്ന് കല്ലെറിയാൻ പ്രേരിപ്പിക്കുന്ന സ്വയം വിശുദ്ധിയുടെ ഒരു ധാർമികതയും ക്രിസ്തുവിന്റെ പഠനങ്ങളില്ലില്ല. അതുകൊണ്ട് എല്ലാ കളകളും പറിച്ചുമാറ്റി ശുദ്ധമായ സഭയെ സൃഷ്ടിക്കണമെന്നു മുറവിളി കൂട്ടുന്നവർ ഓർക്കണം കൂടെ ഗോതമ്പ് ചെടികളും നിങ്ങൾ പിഴുതെടുക്കുന്നുണ്ട്. ഇരുളിന്റെ മറവിൽ വന്നു കളകൾ വിതച്ച ശത്രു ആഗ്രഹിച്ചതും അതുതന്നെയായിരുന്നു. കളകളോടൊപ്പം ഗോതമ്പുകളും നശിപ്പിക്കുക.

കപടമായ ആത്മശോധനയെ കുറിച്ച് ചിന്തിക്കാൻ ഈ ഉപമ പ്രേരിപ്പിക്കുന്നുണ്ട്. തിന്മകളെ മാത്രം തിരഞ്ഞു പിടിക്കുന്ന ആത്മപരിശോധന ദൈവികമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഞാൻ എന്റെ ഉള്ളിലേക്ക് നോക്കേണ്ടത് എന്റെ തിന്മകളും ദൗർബല്യങ്ങളും കുറവുകളും വീഴ്ചകളും മാത്രം കാണുന്നതിന് വേണ്ടിയാകരുത്. അതിലുപരിയായി ദൈവം നൽകിയ ഒത്തിരി നന്മകൾ നമ്മുടെ ഉള്ളിലുണ്ട്, അവകളെ എന്തുകൊണ്ട് നമുക്ക് കാണാൻ സാധിക്കുന്നില്ല? അവകളെ എന്തുകൊണ്ട് നമുക്ക് പരിപോഷിപ്പിക്കാൻ സാധിക്കുന്നില്ല? എന്തിനാണ് കളകളെ മാത്രം കാണുന്നത്? അമിതമായ പാപബോധം കുറ്റബോധമേ ഉണ്ടാക്കു. കുറ്റബോധം ഉള്ളവന് ഉള്ളിലെ ഗോതമ്പു ചെടികളെ കാണുവാൻ സാധിക്കില്ല. അവന്റെ കണ്ണുകൾ കളകളിൽ മാത്രം തങ്ങിനിൽക്കും. അങ്ങനെയുള്ളവരിൽ അടിമ ബോധം വേരു പിടിക്കും. ആത്മീയ ജീവിതത്തിൽ അവർ ഒരിക്കലും സ്വതന്ത്രരായിരിക്കില്ല. അവർ അടിമകളായ ഭക്തരായി മാറും. അങ്ങനെയുള്ളവർ അവരുടെ ഉള്ളിലും ചുറ്റിലും കളകളെ മാത്രമേ കാണൂ.

തിന്മകൾ മാത്രം കാണുന്ന കപടമായ ആത്മീയതയിൽ നിന്നും പുറത്തു വരുവാനുള്ള ആഹ്വാനമാണ് ഈ ഉപമ. ഓർക്കുക, ചുറ്റിനുമുള്ളത് കളകൾ മാത്രമല്ല. ഗോതമ്പു ചെടികളുമുണ്ട്. അവകളിലേയ്ക്കും നിന്റെ കാഴ്ചകൾ പതിക്കണം. ലാവണ്യ മാറുന്ന ഒരു മനസ്സാക്ഷിയെ കാത്തുസൂക്ഷിക്കുക. അങ്ങനെയുള്ള മനസ്സാക്ഷിക്ക് ദൈവത്തിന്റെ പൂന്തോപ്പ് ആകാൻ സാധിക്കും.

പിഴുതു മാറ്റുക എന്നത് എളുപ്പമുള്ള കാര്യമാണ്. പക്ഷേ ദൈവീകമായ ഇടപെടലിന് വേണ്ടി ക്ഷമയോടെ കാത്തിരിക്കുക എന്നത് ഏറ്റവും പ്രയാസമേറിയ കാര്യമാണ്. അന്തിമവിജയം ആ കാത്തിരിപ്പിന് തന്നെയായിരിക്കും. ചില കാര്യങ്ങൾ ചെയ്യാൻ ദൈവത്തിനെയും ഏൽപ്പിക്കണം. എല്ലാം നമ്മൾ തന്നെ ചെയ്യണം എന്ന് വിചാരിച്ചാൽ ദൈവത്തിന് എവിടെയാണ് നമ്മുടെ ജീവിതത്തിൽ സ്ഥാനം? ദൈവത്തിന്റെ പ്രവർത്തനശൈലി നോക്കുക. ഇരുളിനെ വിജയിക്കുന്നതിന് ചെറു തിരികൾ കത്തിക്കുന്നു. ഊഷരഭൂമിയിൽ വസന്തം വിരിയിക്കാൻ നിരന്തരം വിത്തുകൾ വിതക്കുന്നു. ഒന്നും പിഴുതു മാറ്റുന്നില്ല. ഒന്നിനെയും വെട്ടി വീഴ്ത്തുന്നമില്ല. മറിച്ച്, ചെയ്യാൻ പറ്റുന്ന നന്മകൾ ചെയ്യുന്നു.

എന്നിൽ കളകൾ ഉള്ളതുകൊണ്ട് ഞാൻ ഒരു കളയല്ല. എന്നിലെ ഗോതമ്പു ചെടികൾ തഴച്ചു വളരുന്നുണ്ട്. ഇരുളിൽ വന്നു കളകൾ വിതച്ചവന്റെ സാദൃശ്യത്തില്ലല്ല എന്നെ സൃഷ്ടിച്ചിരിക്കുന്നത്. സകല നന്മകളും സൃഷ്ടിച്ചവന്റെ സാദൃശ്യത്തിലാണ്. അതുകൊണ്ട് എപ്പോഴും ഓർക്കണം, ആത്മീയ ജീവിതമെന്നത് കുറവുകളെ കുറിച്ച് വ്യാകുലപ്പെടാനുള്ള ജീവിതമല്ല. മറിച്ച് ഉള്ളിലെ നന്മകൾ പരിപോഷിപ്പിക്കാനും ചുറ്റുമുള്ള നന്മകൾ കാണുവാനുള്ള ജീവിതമാണ്.

vox_editor

Recent Posts

All Souls’ Day_2025_ക്രൈസ്തവ പ്രത്യാശയുടെ തിരുനാൾ

സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…

4 days ago

ഞായറാഴ്ച്ച സകല ആത്മാക്കളുടെയും തിരുനാൾ ആഘോഷിക്കാമോ!

ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…

5 days ago

തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള അപ്പോസ്തലിക യാത്രകളുടെ ലോഗോയും മുദ്രാവാക്യങ്ങളും പുറത്തിറക്കി വത്തിക്കാന്‍ മാധ്യമ വിഭാഗം

അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…

1 week ago

ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ല ലിയോ പാപ്പ

അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…

1 week ago

‘പ്രത്യാശയുടെ പുതിയ ഭൂപടങ്ങള്‍ പരികല്പന ചെയ്യുക’: പാപ്പയുടെ പുതിയ അപ്പസ്തോലിക ലേഖനം പുറത്തിറങ്ങി.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…

1 week ago

മോൺ.ആന്റണി കാട്ടിപ്പറമ്പിലിൽ കൊച്ചി രൂപതയുടെ 36- മത്തെ മെത്രാൻ

ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…

1 week ago