ആണ്ടുവട്ടം പതിനാറാം ഞായർ
ഒന്നാം വായന: ജ്ഞാനം 12:13, 16-19
രണ്ടാം വായന: റോമാ 8:26-27
സുവിശേഷം: വി.മത്തായി 13:24-43. അല്ലെങ്കിൽ 13:24-30
ഇന്നത്തെ വചന വിചിന്തനവും, ആമുഖവും 13:24-30 വരെയുള്ള വാക്യങ്ങളെ മാത്രം അടിസ്ഥാനമാക്കിയാണ്.
ദിവ്യബലിക്ക് ആമുഖം
“നമ്മുടെ ബലഹീനതയിൽ ആത്മാവ് നമ്മെ സഹായിക്കുന്നു” എന്ന വിശുദ്ധ പൗലോസ് അപ്പോസ്തലന്റെ ധൈര്യം പകരുന്ന തിരുവചനത്തോടുകൂടിയാണ് തിരുസഭ ഇന്ന് നമ്മെ സ്വാഗതം ചെയ്യുന്നത്. നാം വിശ്വസിക്കുന്ന ദൈവത്തിന്റെ ഗുണഗണങ്ങൾ എന്തെല്ലാമാണെന്ന് ജ്ഞാനത്തിന്റെ പുസ്തകത്തിൽ നിന്നുള്ള ഒന്നാം വായനയിൽ നാം ശ്രവിക്കുന്നു. ഉപമകളിലൂടെ ദൈവരാജ്യത്തെക്കുറിച്ച് പഠിപ്പിക്കുന്ന യേശു, ഇന്ന് കളകളുടെ ഉപമയിലൂടെ ദൈവരാജ്യമെന്തെന്ന് വ്യക്തമാക്കുകയാണ്. തിരുവചനം ശ്രവിക്കാനും ദിവ്യബലിയർപ്പിക്കാനുമായി നമുക്കൊരുങ്ങാം.
തിരുവചന വിചിന്തനം
പ്രിയ സഹോദരീ സഹോദരന്മാരെ,
കഴിഞ്ഞ ഞായറാഴ്ച നാം വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ പതിമൂന്നാം അധ്യായത്തിലെ വിതക്കാരന്റെ ഉപമ ശ്രവിച്ചു. ഈ ഞായറാഴ്ച തുടർന്നുള്ള മൂന്ന് ഉപമകൾ (കളകളുടെ ഉപമയും, കടുകുമണിയുടെയും പുളിമാവിന്റെയും ഉപമകൾ) നൽകിയിരിക്കുന്നു. ഇതിൽ കളകളുടെ ഉപമ നമ്മുടെ സവിശേഷ ശ്രദ്ധയാകർഷിക്കുന്നു. യേശുതന്നെ കളകളുടെ ഉപമയുടെ അർത്ഥം വിശദീകരിക്കുന്നുണ്ടെങ്കിലും, അതിനെ ഒന്നു കൂടി ആഴത്തിൽ മനസ്സിലാക്കുവാൻ ഈ ഉപമയുടെ പശ്ചാത്തലം നാം മനസിലാക്കണം.
ഗോതമ്പിനിടയിലെ കളകൾ
ഗോതമ്പിന്റെ നല്ല മണികൾ (നല്ല വിത്ത്) വിതച്ച വയലിൽ ശത്രു വന്ന് കളകളും വിതച്ചു. ഗോതമ്പ് മണികളിൽ നിന്ന് വ്യത്യസ്തമായ കളകളല്ല. ബൈബിൾ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ “കോക്കിൾ” (Cokle) എന്ന കളകൾ അക്കാലത്ത് പാലസ്തീനയിൽ സർവ്വസാധാരണമായിരുന്നു. ഇതിന് ഗോതമ്പ് ചെടിയുടെ അതേ രൂപവും നിറവുമായിരുന്നു. അതുകൊണ്ട് തന്നെ വളർച്ചയുടെ ആദ്യഘട്ടത്തിൽ ഗോതമ്പു ചെടിയെയും, “കോക്കിൾ” എന്ന കളയേയും വേർതിരിച്ചറിയാൻ പ്രയാസമായിരിക്കും. പിന്നീട് നല്ല രീതിയിൽ വളർന്നതിനുശേഷം അതിന്റെ കറുത്ത ധാന്യത്തിൽ നിന്നാണ് അത് ഗോതമ്പ് അല്ല എന്ന് തിരിച്ചറിയുന്നത്. പക്ഷേ അപ്പോഴേക്കും ഗോതമ്പ് ചെടിയുടെയും, കളചെടിയുടെയും വേരുകൾ ഭൂമിക്കടിയിൽ കെട്ടുപിണഞ്ഞുറച്ചിരിക്കും, ഈ അവസരത്തിൽ കളച്ചെടികൾ മാത്രം പറിച്ചുകളയുന്നത് ഗോതമ്പ് ചെടികളുടെ നാശത്തിലേ അവസാനിക്കുകയുള്ളൂ. ഈ കളകളിൽ നിന്നുള്ള ധാന്യമാകട്ടെ മനുഷ്യർക്ക് ഭക്ഷ്യയോഗ്യവുമല്ല. അതുകൊണ്ടുതന്നെ ബുദ്ധിയുള്ള കർഷകൻ അവസാനം വിളവെടുപ്പുകാലം വരെ കാത്തിരുന്ന് വിളവിന്റെ കാലമാവുമ്പോൾ കളകൾ ശേഖരിച്ച് നശിപ്പിക്കുകയും, ഗോതമ്പ് പുരയിൽ ശേഖരിക്കുകയും ചെയ്യുന്നു.
യേശുവിന്റെ കാലഘട്ടവും ആദിമസഭയും
യേശുവിൻറെ കാലഘട്ടത്തിൽ സെലോട്ടുകൾ (Zealots) എന്ന വിപ്ലവാത്മക ഗ്രൂപ്പ് ഉണ്ടായിരുന്നു. രക്തരൂക്ഷിത വിപ്ലവത്തിലൂടെ റോമാക്കാരിൽ നിന്ന് യഹൂദ മതത്തെയും, വിശ്വാസത്തെയും സംരക്ഷിക്കാമെന്ന് കരുതിയവർ. അവരുടെ ചിന്തകളും പ്രവർത്തികളും അക്രമാസക്തവുമായിരുന്നു. സമൂഹത്തിലെ മറ്റുള്ളവരെ നശിപ്പിച്ചുകൊണ്ട് (പിഴുതു കളഞ്ഞു കൊണ്ട്) സ്വന്തം വിശ്വാസം സൂക്ഷിക്കാം എന്ന് കരുതിയവർ. ഇവരെപ്പോലെ ഉള്ളവർക്ക് യേശു ഉപമയിലൂടെ കർശനമായ മുന്നറിയിപ്പ് നൽകുകയാണ്. ദൈവരാജ്യം എന്നത് നമ്മുടെ രക്ഷയ്ക്ക് വേണ്ടിയുള്ള, അപരന്റെ നാശമല്ലത്. ആദിമ ക്രൈസ്തവ സഭയിൽ, പ്രത്യേകിച്ച് വിശുദ്ധ മത്തായിയുടെ സുവിശേഷം സ്വീകരിക്കുന്ന വിശ്വാസികളുടെ ഇടയിൽ മറ്റൊരു പ്രശ്നം ഉണ്ടായിരുന്നു. പലരും വിശ്വാസികളായി, മറ്റുപലരും ആയില്ല. ശൈശവദിശയിലുള്ള സഭയാകട്ടെ പഴയ മാറ്റമില്ലാത്ത ലോക വ്യവസ്ഥിതിയുമായി പടപൊരുതേണ്ടിവന്നു. കുറേ കാര്യങ്ങൾ മാറ്റമില്ലാതെ തന്നെ ലോകത്ത് തുടരുന്നു.
എന്തുകൊണ്ട് എല്ലാവരും യേശുവിന്റെ വചനത്തിൽ ആകൃഷ്ടരാകുന്നില്ല? യേശുവിനെ കുരിശു മരണത്തിലേക്ക് നയിച്ച ശക്തികൾ ഇന്നും ഈ ലോകത്തിൽ തുടരുന്നതെങ്ങനെ? എന്തുകൊണ്ട് ദൈവം ഈ ലോകത്തെ മുഴുവൻ ഒറ്റയടിക്ക് ദൈവരാജ്യമാക്കി മാറ്റുന്നില്ല? യേശുവിലുള്ള വിശ്വാസം മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ ചിലപ്പോഴൊക്കെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് എന്തുകൊണ്ട്?
ഇത്തരം ചോദ്യങ്ങൾ ആദിമ ക്രൈസ്തവ സഭയെ അലട്ടിയിരുന്നു (ഈ ചോദ്യങ്ങൾ ഇന്ന് നമ്മെയും അലട്ടുന്നുണ്ട്). ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇന്നത്തെ സുവിശേഷത്തിലെ ഉപമ. ഈ ഉപമയിൽ നിന്ന് സഭയ്ക്ക് ഒരു കാര്യം മനസ്സിലായി “കളകൾ” വിതയ്ക്കുന്ന തിന്മയുടെ ശക്തി അന്നും ഇന്നും ലോകത്തിലുണ്ട്. അവയോടൊപ്പം നാം ജീവിച്ചേ മതിയാകൂ. അവയെ വിധിക്കുകയും നശിപ്പിക്കുകയും ചെയ്യേണ്ടതെപ്പോഴെന്ന് ദൈവത്തിനറിയാം.
കളകളുടെ ഉപമ ഇന്നത്തെ കാലഘട്ടത്തിൽ
കളകളുടെ ഉപമയിൽ നിന്ന് നമുക്ക് ധാരാളം കാര്യങ്ങൾ പഠിക്കാനുണ്ട്.
ദൈവത്തിന്റെ സമയം
മൂന്നു സമയങ്ങൾ ഇന്നത്തെ സുവിശേഷത്തിൽ നാം കാണുന്നു:
ആദ്യമായി; ദൈവരാജ്യത്തിന്റെ വിത്തുകൾ വിതയ്ക്കുന്ന സമയം, നമ്മെ സംബന്ധിച്ച് അത് ഇപ്പോഴാണ്.
രണ്ട്; ചെടി വളർന്ന് ധാന്യം പുറപ്പെടുവിക്കുന്ന സമയം, വളരുന്ന കാലഘട്ടം. അത് നമ്മുടെ ജീവിത കാലഘട്ടമാണ്.
മൂന്ന്; വിളവെടുപ്പിന്റെ കാലം, അത് യുഗാന്ത്യത്തിലെ ന്യായവിധി.
ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം: ദൈവരാജ്യത്തിന്റെ നല്ല വിത്തുകൾ വിതയ്ക്കപ്പെട്ടതിനുശേഷം, അതുവളർന്ന് ഫലം പുറപ്പെടുവിക്കുന്നത് വരെയുള്ള സമയമാണ്. കാരണം, ‘ഇതാണ് ദൈവത്തിന്റെ കാത്തിരിപ്പ് സമയം’.
ഇന്നത്തെ ഉപമയിൽ അക്ഷമരായ വേലക്കാർ യജമാനനോട് ചോദിക്കുന്നത്: “ഞങ്ങൾ പോയി കളകൾ പറിച്ചു കൂട്ടട്ടെ?” എന്നാണ്. അതിന് യജമാനൻ കൊടുക്കുന്ന മറുപടി: “കൊയ്ത്തുവരെ അവ രണ്ടും (കളകളും ധ്യാന്യച്ചെടികളും) ഒരുമിച്ച് വളരട്ടെ” എന്നാണ്. കാരണം, യേശുവായ വിതക്കാനറിയാം കാർഷികമേഖലയിലെ കള അവസാനംവരെ കളയായി തന്നെ ഇരിക്കും, ധാന്യം അവസാനംവരെ ധാന്യമായി തന്നെ ഇരിക്കും. എന്നാൽ മനുഷ്യരുടെ ഇടയിലെ കളകൾക്ക് അനുതാപത്തിലൂടെയും, പ്രായശ്ചിത്തത്തിലൂടെയും, മനം മാറ്റത്തിലൂടെയും നല്ല ധാന്യമായിമാറാൻ സാധിക്കും. മനുഷ്യന് ദൈവം തന്റെ ജീവിത സമയം നൽകിയിരിക്കുന്നത് അവൻ കളയാണെങ്കിൽ ധാന്യമായി മാറുവാൻ കൂടി വേണ്ടിയാണ്. ഇന്നത്തെ ഒന്നാം വായന ഈ ആത്മീയ യാഥാർഥ്യത്തെ സാധൂകരിക്കുന്നു. “അവിടുന്ന് പാപത്തെക്കുറിച്ച് അനുതാപം നൽകി അവിടുത്തെ മക്കളെ പ്രത്യാശ കൊണ്ടു നിറച്ചു” (ജ്ഞാനം 12:19).
ധ്യാനം
സമൂഹത്തിനും സഭയിലും കളകൾ ഉണ്ടെന്ന് നമുക്കറിയാം. ആ കളകൾക്കെതിരെ നാം സ്വീകരിക്കേണ്ട നിലപാടാണ് ഇന്നത്തെ സുവിശേഷം. അക്രമോത്സുകമായ രീതിയിൽ സമൂഹത്തിലെയും, സഭയിലെയും “കളകളെ പറിച്ചു മാറ്റുന്ന രീതി” ക്രിസ്ത്യാനി സ്വീകരിച്ചാൽ അവന്റെ അസ്ഥിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം. മറിച്ച്, ക്ഷമാപൂർവമായ കാത്തിരിപ്പും, ദൈവത്തിലുള്ള വിശ്വാസവും, സഹിഷ്ണുതയും പുലർത്താനാണ് ഈ ഉപമ നമ്മെ പഠിപ്പിക്കുന്നത്.
‘ദൈവം കളകളെ ഉടനെ പറിച്ചു കളയാതിരിക്കുന്നത് നല്ല ധാന്യത്തിന്റെ സംരക്ഷണത്തിന് വേണ്ടിയാണ്’ എന്നത് നമുക്ക് ഓർമ്മിക്കാം. അതോടൊപ്പം നാം ‘കള’കൾ ആണെങ്കിൽ, ‘നല്ല ധാന്യം’ ആയിത്തീരാനുള്ള സമയം ദൈവം നമുക്ക് ഇപ്പോൾ നൽകുന്നുണ്ട്, മരണശേഷവും യുഗാന്ത്യത്തിലും അത് സാധ്യമല്ല.
ആമേൻ.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…
This website uses cookies.