Categories: Meditation

കടുകുമണിയോളം (ലൂക്കാ 17:5-10)

'വിശ്വാസം വർദ്ധിപ്പിക്കണമേ' എന്ന അപേക്ഷയിൽ അടങ്ങിയിരിക്കുന്നത് ഞങ്ങളുടെ ഹൃദയ നാഡികൾ നിന്റെ ജീവശക്തികൊണ്ട് നിറയ്ക്കണമേ എന്നാണ്...

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ

ക്ഷമയുടെ ആവശ്യകതയെക്കുറിച്ച് ശിഷ്യന്മാർക്ക് ചെറിയൊരു ഉപദേശം കൊടുക്കുകയായിരുന്നു യേശു. അവൻ അവരോട് പറഞ്ഞത് വളരെ കണിശമാണ്. നിന്നോട് തെറ്റ് ചെയ്തവൻ എത്ര പ്രാവശ്യം വന്ന് മാപ്പ് ചോദിച്ചാലും ഒരു തടസ്സവുമില്ലാതെ ക്ഷമിക്കണം എന്നാണ് അവൻ പറയുന്നത് (v.4). ക്ഷമയുടെ അളവ് അതിൻറെ അളവില്ലായ്മയാണ് എന്ന ഗുരുവചനം അപ്പോസ്തലന്മാർ ഗ്രഹിക്കാൻ സാധിക്കുന്നില്ല. അളവില്ലാതെയൊക്കെ ക്ഷമിക്കാൻ സാധിക്കുമോ? അങ്ങനെ ക്ഷമിക്കാൻ നമുക്ക് പറ്റുമോ? അവരുടെ മനസ്സിൽ ചോദ്യങ്ങൾ ഒന്നിനുപിറകെ ഒന്നായി വന്നു കൊണ്ടിരിക്കുന്നു. ചോദ്യങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. അവകൾ സംശയത്തിന്റെ താക്കോലുമായിട്ടെ വരു. ആ താക്കോൽ ഉപയോഗിച്ച് ഒന്നുകിൽ ദൈവികതയുടെ വാതിലുകൾ തുറന്ന് അകത്തു പ്രവേശിക്കാം. അല്ലെങ്കിൽ ആ വാതിൽ കൊട്ടിയടച്ചു ചോദ്യങ്ങളിൽ തന്നെ വസിക്കാം. ഉള്ളിൽ വെളിച്ചം ഉള്ളവർ ദൈവീകതയിലേക്ക് പ്രവേശിക്കും. അതുകൊണ്ടാണ് ശിഷ്യന്മാർ കർത്താവിനോട് ചോദിക്കുന്നത്: “ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ” (v.5). ശിഷ്യന്മാർക്ക് കാര്യം മനസ്സിലായി കഴിഞ്ഞു. വിശ്വാസമില്ലെങ്കിൽ ക്ഷമിക്കാൻ സാധിക്കില്ല.

വിശ്വാസം വർധിപ്പിക്കണമെന്നാണ് കർത്താവിനോട് അവർ അപേക്ഷിക്കുന്നത്. പക്ഷേ ആ അപേക്ഷയ്ക്ക് യേശു ഉത്തരം കൊടുക്കുന്നില്ല എന്നതാണ് ചിന്തനീയമായ കാര്യം. എന്തെന്നാൽ വിശ്വാസം വർധിപ്പിക്കുക എന്നത് ദൈവത്തെ സംബന്ധിച്ചുള്ള കാര്യമല്ല. വിശ്വാസത്തിൻറെ വളർച്ചയിലും വർദ്ധനവിലും ദൈവത്തിന് ഒന്നും ചെയ്യാൻ സാധിക്കില്ല. വിശ്വാസം എന്നത് ദൈവത്തിനോടുള്ള മനുഷ്യൻറെ സ്വതന്ത്രമായ ബന്ധപ്പെടലാണ്. മനുഷ്യൻ ദൈവത്തിനു നൽകുന്ന മറുപടിയാണ് വിശ്വാസം. അത് നമ്മുടെ സ്വാതന്ത്ര്യമാണ്. അത് നൈസർഗ്ഗികമാണ്. അതുകൊണ്ടുതന്നെ വിശ്വാസത്തിന്റെ വളർച്ചയും വർദ്ധനവും ആശ്രയിച്ചിരിക്കുന്നത് ദൈവത്തില്ലല്ല. മനുഷ്യനിലാണ്.

യേശു ഉത്തരം നൽകുന്നില്ല. മറിച്ച് വിശ്വാസത്തെ മനസ്സിലാക്കുന്നതിനുള്ള കാഴ്ചപ്പാടിൽ മാറ്റം വരുത്തുന്നുണ്ട്. അവൻ ‘കടുകുമണിയോളം’ എന്ന പഴഞ്ചൊല്ലിന്റെ ശൈലിയിലുള്ള ഭാഷ ഉപയോഗിച്ച് വിശ്വാസത്തെ വ്യക്തമാക്കുന്നുണ്ട്. അളവോ വ്യാപ്തിയോ അല്ല വിശ്വാസത്തിൻറെ മാനദണ്ഡം. മറിച്ച് ഗുണവും ഭാവവുമാണ്. കടുകുമണി പോലെയുള്ള വിശ്വാസം. അത് തീരെ ചെറുതാണ്. പക്ഷേ ഉറപ്പുള്ളതാണ്. ലഘുത്വത്തിലാണ് ശക്തനായവനിൽ ആശ്രയിക്കാനുള്ള മനസ്സ് വരിക. അതുകൊണ്ട് ചിന്തകൾക്കതീതമായി ദൈവികമായ ഇടപെടലും മാനുഷിക നന്മകളും ജീവിതത്തിൽ കാണണമെങ്കിൽ മലപോലെ വിശ്വാസം ഉണ്ടാകണമെന്നില്ല. ഒരു കടുകുമണിയോളം – മറ്റൊരു രീതിയിൽ പറഞ്ഞാൽ – യഥാർത്ഥമായ വിശ്വാസം ഉണ്ടായാൽ മാത്രം മതി.

കടുകുമണിയുമായുള്ള താരതമ്യത്തിൽ വിശ്വാസം എന്നത് ഒന്നുമല്ല പക്ഷേ എല്ലാം ആണ് എന്ന അനിവാര്യത അടങ്ങിയിട്ടുണ്ട്. വിശ്വാസം ഒരേസമയം ലോലവും ശക്തവുമാണ്. അതിനു സിക്കമിൻ വൃക്ഷത്തെ ചുവടോടെ ഇളക്കി എടുക്കാനുള്ള ശക്തിയുണ്ട് അതുപോലെതന്നെ ആ മരത്തെ പറത്തി കൊണ്ടു പോകാൻ പറ്റുന്ന രീതിയിൽ ലോലവുമാണ്. “നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്‌ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു പറഞ്ഞാല്‍ അതു നിങ്ങളെ അനുസരിക്കും” (v.6). വിശ്വാസം ജീവിതത്തിലേക്ക് കൊണ്ടുവരുന്ന അത്ഭുത വിവരണമാണിത്. ഇത്തിരിയോളം വിശ്വാസമുണ്ടെങ്കിൽ മരങ്ങൾ പറക്കും. കടലിൽ കാടുകളുണ്ടാകും. മനുഷ്യശക്തിക്ക് അതീതമായതും അവൻറെ യുക്തിക്ക് ഉൾക്കൊള്ളാൻ സാധിക്കാൻ കഴിയാത്തതുമായ പലതും ഇന്നും നമ്മുടെയിടയിൽ സംഭവിക്കുന്നുണ്ട്. അതിനു കാരണം വെറും കടുകുമണിയോളമുള്ള വിശ്വാസം മാത്രമാണ്.

പിന്നീടവൻ ചെറിയൊരു ഉപമ പറയുകയാണ്. യജമാന-ദാസ ബന്ധത്തിൻറെ ഒരു ഛായചിത്രമാണത്. എല്ലാം ഉപമകളിലും ഉള്ളതുപോലുള്ള ഒരു ട്വിസ്റ്റ് ഈ ഉപമയിലില്ല. പക്ഷേ അവസാനം ഒരു ഗുണപാഠം അവൻ നൽകുന്നുണ്ട്. “കല്‍പിക്കപ്പെട്ടവയെല്ലാം ചെയ്‌തതിനുശേഷം, ഞങ്ങള്‍ പ്രയോജനമില്ലാത്ത ദാസന്‍മാരാണ്‌; കടമ നിര്‍വഹിച്ചതേയുള്ളു എന്നു പറയുവിന്‍” (v.10). പറഞ്ഞുവരുന്നത്; എല്ലാ നന്മകളും ചെയ്യുക, ഒന്നിന്റെയും ക്രെഡിറ്റ് അവകാശപ്പെടാതിരിക്കുക. വിത്തുകൾ മുളക്കുന്നത് വിതക്കാരന്റെ കഴിവ് കൊണ്ടല്ല. മുള നൽകുന്നത് മറ്റൊരു ശക്തിയാണ്. പ്രഭാഷകന്റെ കഴിവ് കൊണ്ടല്ല മാനസാന്തരം ഉണ്ടാകുന്നത്. വചനമാണ് മാറ്റമുണ്ടാകുന്നത്.

വിശ്വസിക്കുക എന്നാൽ ഒരു പുല്ലാങ്കുഴലിനെ പോലെയാക്കുകയെന്നതാണ്. ശ്വാസമായി ദൈവം വരും; അപ്പോഴേ സംഗീതമുണ്ടാകു. അപ്പോൾ ‘വിശ്വാസം വർദ്ധിപ്പിക്കണമേ’ എന്ന അപേക്ഷയിൽ അടങ്ങിയിരിക്കുന്നത് ഞങ്ങളുടെ ഹൃദയം നാഡികളിൽ നിന്റെ ജീവശക്തികൊണ്ട് നിറയ്ക്കണമേ എന്നാണ്.

വിശ്വസിക്കുക എന്നത് തീർത്തും ലളിതമായ കാര്യമാണ്, പക്ഷേ അതിന്റെ ഫലമായി നിനക്കെന്തെങ്കിലും ലഭിക്കുകയാണെങ്കിൽ അത് നിന്റെ കഴിവ് കൊണ്ടാണെന്ന് ഒരിക്കലും നീ കരുതരുത്. വിശ്വസിക്കുക എന്ന ആ കടുകുമണിയോളമുള്ള പ്രവർത്തി നീ ചെയ്യുക. പിന്നീട് സംഭവിക്കുന്ന അത്ഭുതങ്ങളുടെ ക്രെഡിറ്റ് ഒന്നും നീ അവകാശപ്പെടാതിരിക്കുക. കൽപ്പിച്ചിരിക്കുന്നത് വിശ്വസിക്കുവാൻ മാത്രമാണ്. സിക്കമിൻ മരം കടലിലേക്ക് പോകുന്നത് നിന്റെ കഴിവ് കൊണ്ടല്ല. അതിന്റെ പിന്നിലെ ശക്തി ദൈവം മാത്രമാണ്. അതുകൊണ്ട് വിശ്വാസത്തിന്റെ പേരിൽ അഹങ്കരിക്കരുത്. നീ പ്രയോജനമില്ലാത്ത ഒരു ദാസൻ ആണെന്ന മനോഭാവം എന്നും ഹൃദയത്തിൽ സൂക്ഷിക്കുക.

vox_editor

Recent Posts

കൃപാസനം പ്രേഷിത ജോമോൾ ഇനി “സമർപ്പിത കന്യക”

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…

1 day ago

Christ the King_2025_കുരിശിലെ രാജാവ് (ലൂക്കാ 23:35-43)

ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…

5 days ago

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല; കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…

2 weeks ago

33rd Sunday_2025_ശ്രദ്ധയുള്ള ദൈവം (ലൂക്കാ 21:5-19)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…

2 weeks ago

റോമിലെ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസലിക്കയുടെ പ്രതിഷ്ഠാ ദിനത്തില്‍ ദുവ്യബലി അര്‍പ്പിച്ച് പ്രാര്‍ഥിച്ച് ലിയോ പാപ്പ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…

2 weeks ago

31st_Sunday_ചാട്ടവാറുമായി നിൽക്കുന്നവൻ (യോഹ 2:13-22)

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…

3 weeks ago