Categories: Daily Reflection

ഓർമ്മകൾ മാത്രമായ ഒരു പെസഹാവ്യാഴം

അവസാനം വരെ സ്നേഹിച്ച അവന്റെ സ്നേഹം, നിങ്ങളും പാദങ്ങൾ കഴുകുവിൻ എന്ന ആഹ്വാനം...

“ഇത് നിങ്ങൾക്ക് എന്നേക്കുമുള്ള കല്പനയായിരിക്കും” (പുറ.12:14 b). ദൈവമായ കർത്താവ് പെസഹാ ആഘോഷിക്കാൻ ഇസ്രായേൽ ജനങ്ങളോട് കല്പിക്കുകയാണ്. എന്നാൽ സുവിശേഷത്തിൽ “ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്, ഞാൻ നിങ്ങൾക്കൊരു മാതൃക നൽകിയിരിക്കുന്നു” (യോഹ.13:15) എന്ന് പറഞ്ഞുകൊണ്ട് ഈശോയും പുതിയ ഒരു കല്പന നൽകുന്നു. ഈ രണ്ടു കല്പനകൾക്കും ഒരു പൊതുസ്വഭാവമുണ്ട് – ഒരുകാര്യം ഓർത്തുകൊണ്ടാണ് ചെയ്യേണ്ടത്. പെസഹാ ഇസ്രായേൽക്കാരെ മോചിപ്പിച്ചതിന്റെ ഓർമ്മയോടുകൂടി ആഘോഷിക്കുമ്പോൾ, പുതിയ പെസഹായായ കർത്താവിന്റെ ബലിയിൽ എന്താണ് ഓർക്കേണ്ടതെന്ന് പൗലോസ് അപ്പോസ്തോലൻ പഠിപ്പിക്കുന്നു. “നിങ്ങൾ ഇത് ചെയ്യുമ്പോഴെല്ലാം കർത്താവിന്റെ മരണം, അവന്റെ പ്രത്യാഗമനം വരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. അവന്റെ മരണത്തിന്റെ ഓർമ്മയാണ് നമ്മൾ ബലിപീഠത്തിൽ ആഘോഷിക്കേണ്ടത്. ഓരോ ബലിയർപ്പണത്തിലും നാലുകാര്യങ്ങൾ നമുക്ക് ഓർക്കാം. അവൻ മേലങ്കി അഴിച്ചുമാറ്റി തൂവാല അറയിൽ ചുറ്റി പാദങ്ങൾ തുടച്ചു, ക്രിസ്തുവിന്റെ കുരിശിലെ രക്ഷാകര രക്തം, അവസാനം വരെ സ്നേഹിച്ച അവന്റെ സ്നേഹം, നിങ്ങളും പാദങ്ങൾ കഴുകുവിൻ എന്ന ആഹ്വാനം.

1) പാദക്ഷാളനം: അത്താഴം കഴിക്കവേ അവൻ എഴുന്നേറ്റു. അത്താഴത്തിനിടയിലുള്ള ആ എഴുന്നേൽക്കലിന് ഒരു അർത്ഥമുണ്ട്. പഴയനിയമത്തിൽ ഇസ്രായേൽക്കാൾ പെസഹാ ഭക്ഷിച്ചത് തിടുക്കത്തിൽ യാത്ര പുറപ്പെടുമ്പോൾ എഴുന്നേറ്റു നിന്നാണ്. കാരണം അവർ ഈജിപ്തിന്റെ അടിമത്വത്തിൽ ആയിരുന്നു. പിന്നീട് ആ ഓർമ്മ ആചരിച്ചപ്പോഴൊക്കെ അവർ ഇരുന്നു ഭക്ഷിച്ചു കാരണം അവർ അടിമത്വത്തിൽനിന്നും മോചിതരായിരുന്നു.

അടിമ ഒരിക്കലും ഇരുന്നു ഭക്ഷിക്കില്ല. അവൻ എഴുന്നേറ്റു നിന്നാണ് ഭക്ഷിക്കുന്നത്. അപ്പോൾ യേശു അത്താഴത്തിനിടെ, പെസഹാ ഭക്ഷണത്തിനിടെ എഴുന്നേറ്റു എന്ന് പറഞ്ഞാൽ അവൻ അടിമയായി സ്വയം മാറുകയും ഒരു അടിമ ഭവനത്തിലെ എല്ലാവരുടെയും പാദങ്ങൾ കഴുകുന്ന പോലെ അവൻ പാദങ്ങൾ കഴുകുന്നു. പാപമില്ലാതിരുന്നവൻ അഥവാ പാപത്തിനു അടിമയല്ലാതിരുന്നവൻ ലോകത്തിന്റെ രക്ഷയ്ക്കുവേണ്ടി പാപമായി, അടിമയായി മാറി, അതുവഴി നമുക്ക് രക്ഷനൽകി. ആ രക്ഷാകര ഓർമ്മ നമുക്കുണ്ടാകണം.

2) ക്രിസ്തുവിന്റെ കുരിശിലെ രക്ഷാകര രക്തം ഓർക്കണം: ആ രക്തത്തിലുള്ള മരണത്തിനു പഴയനിയമത്തിലെ പെസഹായിലെ കുഞ്ഞാടിന്റെ രക്തത്തിന്റെ രക്ഷാകര ദൗത്യമുണ്ട്. പഴയനിയമത്തിൽ കുഞ്ഞാടിനെ കൊല്ലുന്നതും അതിന്റെ രക്തം എടുത്തു വീടിന്റെ കട്ടിളക്കാലുകളിൽ തളിക്കുന്നതിനും പ്രാധ്യാന്യമുണ്ട്. ആ രക്തം ഒരു അടയാളമാണ്. സംഹാരദൂതൻ കടന്നുപോകുമ്പോൾ ഈ അടയാളം കണ്ട് അവരെ സംഹരിക്കാതെ പോകും. അപ്പോൾ അവരുടെ മരണത്തിൽനിന്നുള്ള രക്ഷയുടെ അടയാളായിരുന്നു ആ രക്തം. ക്രിസ്തുവിന്റെ രക്തം പാപത്തിനുമരിച്ച മനുഷ്യരുടെ രക്ഷയ്ക്കുള്ള അടയാളമാണ്. ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടെന്ന് സ്നാപകൻ ചൂണ്ടികാണിച്ചുതന്ന ലോകരക്ഷകന്റെ കുരിശിലെ മരണം. ആ മരണത്തെ, കുരിശുമരണത്തിലൂടെയുള്ള ശുദ്ധീകരണത്തെ ഓർമ്മിപ്പിക്കാനാണ് അവൻ മേലങ്കി മാറ്റി, ഒരു തൂവാലയെടുത്തു അറയിൽ ചുറ്റിയ ശേഷം പാദം കഴുകുന്നത്. കുരിശിൽ നഗ്നനായി മരിക്കുന്നവൻ പാപത്താൽ നഗ്നരാണെന്ന് തിരിച്ചറിഞ്ഞ ആദിമാതാപിതാക്കൾ മുതൽ ലോകത്തിന്റെ അവസാനം വരെ പാപത്താൽ നഗ്നരാകുന്ന മനുഷ്യരുടെ മുഴുവൻ രക്ഷകനായിട്ടാണ് മരിക്കുന്നത്. മനുഷ്യൻ ചെയ്ത സകല വേദനകളും സകലപാപങ്ങളും പിതാവായ ദൈവം തന്റെ പുത്രനിലൂടെ സഹിക്കുന്നു, അതുവഴി എല്ലാവരെയും അവിടുത്തെ ദൈവമക്കളെന്ന വിശുദ്ധ വസ്ത്രത്താൽ ഉടുപ്പിക്കുന്നു.

യോഹന്നാൻ അപ്പോസ്തോലൻ അതുകൊണ്ടാണ് പറയുന്നത്, “അവിടുത്തെ പുത്രനായ യേശുവിന്റെ രക്തം എല്ലാ പാപങ്ങളിൽനിന്നും നമ്മെ ശുദ്ധീകരിക്കുന്നു” (1യോഹ. 1:7 b). കൂടാതെ പൗലോസ് അപ്പോസ്തോലൻ പഠിപ്പിക്കുന്നു, “അവന്റെ കൃപയ്ക്കൊത്ത് നമുക്ക് ക്രിസ്തുവിൽ പാപമോചനവും അവന്റെ രക്തംവഴി രക്ഷയും കൈവന്നിരിക്കുന്നു” (എഫേ 1:7). അപ്പോൾ അവന്റെ രക്തത്താൽ നമുക്ക് എന്നെന്നേക്കുമായി പാപത്തിന്റെ അടിമത്വത്തിൽനിന്നും മോചനം ലഭിച്ചിരിക്കുന്നു, അവന്റെ രക്തത്താൽ രക്ഷ സാധ്യമായി, അത് ഒരു രക്തത്തിലുള്ള ഉടമ്പടിയായി നമ്മെ രക്ഷിച്ചിരിക്കുന്നു. ആ രക്ഷ ആരൊക്കെ ഓർത്തു ആ ബലിയിൽ പങ്കുചേരുന്നുണ്ടോ അവരൊക്കെ രക്ഷയാൽ മുദ്രിതരാണ്. ആരും കൊല്ലാതിരിക്കാൻ കർത്താവു കായേന്റെമേൽ ഒരടയാളം പതിപ്പിച്ചതുപോലെ (ഉല്പ. 4:15), കർത്താവിന്റെ രക്തം നമ്മെ എന്നെന്നേക്കുമായി ഒരു അടയാളമായി നമ്മിൽ പതിച്ചിരിക്കുന്നു, തിന്മയുടെ കെണിയിൽ നിന്നും മരണത്തിൽനിന്നും നമ്മെ രക്ഷിച്ചിരിക്കുന്നു. അത് സന്തോഷത്തോടെ ഓർത്തുകൊണ്ട് ബലിയർപ്പിക്കണം.

3) അവസാനം വരെ സ്നേഹിച്ച അവന്റെ സ്നേഹം നമ്മൾ എന്നും ഓർക്കണം: ക്രിസ്തുവിന്റെ പ്രിയപ്പെട്ട ശിഷ്യനായി അന്ത്യഅത്താഴ വേളയിൽ ക്രിസ്തുവിന്റെ വേദനിക്കുന്ന ഹൃദയത്തിന്റെ സ്പന്ദനം അനുഭവിക്കാൻ അവന്റെ വക്ഷസ്സിൽ ചെറികിടക്കാൻ ഭാഗ്യം ലഭിക്കുകയും സ്നേഹത്തെകുറിച്ചു വാചാലമായി എഴുതിയ യോഹന്നാൻ അപോസ്തോലൻ തന്നെ പറയുന്നു, “ലോകത്തിൽ തനിക്കു സ്വന്തമായുള്ളവരെ അവൻ സ്നേഹിച്ചു; അവസാനം വരെ സ്നേഹിച്ചു” (യോഹ. 13:1 b). അവന്റെ സ്നേഹത്തിന്റെ ആചാരമായി അവിടുത്തെ തിരുശ്ശരീരവും തിരുരക്തവും നമുക്കു നൽകി. ആ ബലിയിൽ നാം പങ്കുചേരുമ്പോൾ ഈ സ്നേഹത്തിന്റെ ഓർമ്മ നമ്മിൽ നിറയണം.

4) നിങ്ങളും പാദങ്ങൾ കഴുകുവിൻ, കാരണം അവിടുന്ന് നമുക്കു ഒരു മാതൃക തന്നിരിക്കുകയാണ് (യോഹ.13:15): എന്താണ് അവൻ തന്ന മാതൃക, ഒരു ദാസനെപോലെ അപരനുമുന്നിൽ കുനിയാനുള്ള മാതൃകയാണ് നമുക്ക്‌ തന്നിരിക്കുന്നത്. കാരണം സ്നേഹത്തിന്റെ സുവിശേഷകൻ നമ്മോടു പറയുന്നു, ‘സഹോദരനെ സ്നേഹിക്കുന്നതുകൊണ്ടു നമ്മൾ മരണത്തിൽനിന്നും ജീവനിലേക്കു കടന്നിരിക്കുന്നു, എന്ന് നാമറിയുന്നു, സ്നേഹിക്കാത്തവനാകട്ടെ മരണത്തിൽത്തന്നെ നിലകൊള്ളുന്നു” (1 യോഹ. 3:14). മരണത്തിൽനിന്നും രക്ഷനൽകിയ അവിടുത്തെ രക്തത്തിന്റെ കൃപ നമുക്ക് ലഭിക്കാൻ ഒരേ ഒരു വഴിമാത്രമേയുള്ളൂ, അപരനെ സ്നേഹിക്കണം. അതുകൊണ്ടു തന്നെ സ്നേഹത്തിന്റെ ഈ പാദംകഴുകൽ നമ്മുടെ ഹൃദയത്തിൽ നടന്നുകൊണ്ടേയിരിക്കണം. പാദം കഴുകണമെങ്കിൽ അപരനുമുന്നിൽ കുനിഞ്ഞേ തീരൂ.

ദേവാലയത്തിൽ പോകാൻ പോലും സാധിക്കാതെ ഓർമ്മകൾമാത്രമായി നമ്മൾ ഈ പെസഹായും ദുഃഖവെള്ളിയും ഉയിർപ്പും ആഘോഷിക്കുമ്പോൾ ഈ ഓർമ്മകൾ നമ്മെ സ്നേഹത്താൽ പൊള്ളിക്കട്ടെ. ഹൃദയത്തിൽ ഒരു കഴുകൽ സംഭവിക്കട്ടെ, ഈ വിശുദ്ധ ഓർമ്മകളാലും അവിടുത്തെ കരുണയാലും ലോകത്തെമുഴുവൻ രക്ഷിച്ച യേശുവേ, നിന്റെ കാരുണ്യത്തിന്റെ ഓർമ്മയിൽ നിന്നും അകന്നുപോയവരെയും അകന്നുപോയ സാഹചര്യങ്ങളെയും നിന്റെ മരണത്തിന്റെയും ഉത്ഥാനത്തിന്റെയും യോഗ്യതകളാൽ അവിടുത്തെ കാരുണ്യത്തിലേക്കു അടുപ്പിക്കണമേ, ലോകത്തോട് കരുണ തോന്നണമേയെന്ന് മാത്രം പ്രാർത്ഥിക്കാം. കാരണം, “കർത്താവിന്റെ സ്നേഹം ഒരിക്കലും അസ്തമിക്കുന്നില്ല, അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല, ഓരോ പ്രഭാതത്തിലും അത് പുതിയതാണ്” (വിലാപങ്ങൾ 3:22-23).

vox_editor

Share
Published by
vox_editor

Recent Posts

22nd Sunday_2025_വിട്ടുകൊടുക്കലിന്റെ സുവിശേഷം (ലൂക്കാ 14: 7-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…

1 day ago

21st Ordinary Sunday_2025രക്ഷയുടെ വാതിൽ (ലൂക്കാ 13: 22 – 30)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…

1 week ago

സമാധാനവും ഭിന്നതയും (ലൂക്കാ 12:49-57)

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…

2 weeks ago

18th Sunday_Ordinary Time_ദ്രവ്യാസക്തി എന്ന നരകം (ലൂക്കാ 12: 13-21)

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…

4 weeks ago

സേവനത്തിന്റെ കരങ്ങൾക്ക് വിലങ്ങിടുന്ന രാഷ്ട്രീയം

സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…

1 month ago

ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…

1 month ago