Categories: Daily Reflection

ഒറ്റിക്കൊടുക്കപ്പെട്ട വെള്ളിനാണയങ്ങളെ ദൂരെയെറിയാം

ഒന്നുകിൽ ദൈവത്തോടൊപ്പം ആയിരിക്കുക, അല്ലെങ്കിൽ ദൈവത്തിൽ നിന്നും അകന്നായിരിക്കുക...

മത്തായി 26:14 മുതൽ 25 വരെയുള്ള ഭാഗമാണ് പെസഹാവ്യാഴാഴ്ചയ്ക്കു മുമ്പുള്ള ഈ ദിവസത്തെ ധ്യാനവിഷയം.

രണ്ടു സംഭവങ്ങളാണ് ഇവിടെ നമുക്കു കാണാൻ സാധിക്കുന്നത്.
1) യൂദാസ് യേശുവിനെ ഒറ്റികൊടുക്കാൻ വേണ്ടിയുള്ള സമ്മതം പുരോഹിതപ്രമുഖന്മാർക്കു നൽകുന്നു.
2) പെസഹാ ആചരിക്കുന്നു.

ഒരു മനുഷ്യന്റെ ജീവിതത്തിൽ സംഭവിച്ചുപോയേക്കാവുന്ന രണ്ടു സാധ്യതകൾ. ഒന്നുകിൽ ദൈവത്തോടൊപ്പം ആയിരിക്കുക, അല്ലെങ്കിൽ ദൈവത്തിൽ നിന്നും അകന്നായിരിക്കുക. പക്ഷെ യൂദാസിന്റെ വഞ്ചന കഠിനമായിരുന്നു. ദൈവത്തോടൊപ്പം നിന്നുകൊണ്ട് ലോകതിന്മകൾക്ക് അടിമപ്പെട്ടുപോയി. യൂദാസിനെ കുറ്റപ്പെടത്താനല്ല ഈ ധ്യാനത്തിലൂടെ നമ്മൾ ശ്രമിക്കേണ്ടത്, മറിച്ച്, യൂദാസിന്റെ കുറവുകൾ ഞാൻ അവർത്തിക്കുന്നുണ്ടോയെന്ന ഒരു ഹൃദയ പരിശോധനയാണ് നമ്മൾ നടത്തേണ്ടത്.

എന്തൊക്കെയായിരുന്നു യൂദാസിന്റെ കുറവുകൾ

1) പണത്തോടുള്ള ആസക്തി, അഥവാ ലോകത്തോടുള്ള ഒന്നായിച്ചേരൽ: ബഥാനിയായിലെ തൈലാഭിഷേകം നടക്കുമ്പോഴും ആ പണത്തിലും അവനു നോട്ടമുണ്ടായിരുന്നു, കാരണം അതിനെ എതിർക്കുന്നു, പാവപ്പെട്ടവർക്ക് കൊടുക്കാമായിരുന്നില്ലേ എന്ന് ചോദിക്കുന്നുണ്ട്. കൂടാതെ 30 വെള്ളി നാണയങ്ങൾ കിട്ടാനുള്ള ആഗ്രഹംകൊണ്ട് അവൻ പ്രധാനപുരോഹിതരോട് ചോദിക്കുന്നുണ്ട്, അവനെ ഏല്പിച്ചുതന്നാൽ നിങ്ങൾ എനിക്ക് നീതു തരും. അത് അവനു സ്വന്തമായ പണമാണ്. അവൻ 30 വെള്ളിനാണയങ്ങൾ ഒരു പറമ്പു വാങ്ങാനുള്ള തുകയാണ്. കാരണം അപ്പോസ്തോലപ്രവർത്തനങ്ങളിൽ കാണുന്നണ്ട്, “തന്റെ ദുഷ്കർമ്മത്തിന്റെ പ്രതിഫലംകൊണ്ട് ഒരു പറമ്പു വാങ്ങി” (അപ്പൊ. 1:18). പറമ്പിനും പണത്തിനും അടിമയാകുന്നു. പണക്കൊതി അഥവാ ദ്രവ്യാസക്തി ഇവിടെ തിന്മയുടെ വഴി തെളിച്ചുകൊടുത്തു, മറ്റു തിന്മകളിലേക്കു നയിക്കപ്പെട്ടു.

2) ദൈവത്തെപ്പോലെ ആകാനുള്ള പരിശ്രമം അഥവാ ദൈവത്തെക്കാൾ വലിയവനാകാനുള്ള ആഗ്രഹം: ആദിമാതാപിതാക്കൾക്കു സംഭവിച്ച അതേ തെറ്റ്. ഒന്നാമത്തെ കാരണം 30 വെള്ളിനാണയങ്ങൾ തന്നെ. 30 വെള്ളിനാണയങ്ങൾ ഒരു അടിമയുടെ വിലയാണെന്നും വചനം പഠിപ്പിക്കുന്നു. (പുറപ്പാട് 21:32). ആ അർത്ഥത്തിൽ യേശുവിനെ പണത്തിനുവേണ്ടി ഒരു അടിമയായി വിൽക്കാനുള്ള ഒരു ശ്രമമായി കാണാം. ദൈവപുത്രനു കൊടുക്കുന്ന വില പണത്തിനും താഴെയെന്ന ദുരന്തം. രണ്ടാമതായി, അന്ത്യഅത്താഴ സമയത്ത് യേശു പറയുന്നുണ്ട്, നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റികൊടുക്കുമെന്ന്. അവൻ ആ സമയം 30 വെള്ളി നാണയങ്ങൾ വാങ്ങാനുള്ള ഒരു ധാരണ പുരോഹിത പ്രമുഖരുമായി നടത്തി വച്ചിരിക്കുകയായിരുന്നു. എന്നിട്ടാണ് അവന്റെ ചോദ്യം, ‘അത് ഞാനോ?’ (മത്തായി 26:25). ‘അത് ഞാനോ’ എന്ന വാക്കിന്റെ മൂലപദം “eimi ego” എന്ന വാക്കാണ്. ആ വാക്കാണ് ത്രിത്വയ്കദൈവത്തെ സൂചിപ്പിക്കുന്ന പദം. അപ്പോൾ ആ അർത്ഥത്തിലും ദൈവത്തെപ്പോലെ ആകാനുള്ള ഒരു ശ്രമം അവിടെയും നമുക്ക് കാണാം.

ഇത്രയും തെറ്റുകൾ അവൻ അവന്റെ ഉള്ളിൽ ഉണ്ടാക്കിയ തെറ്റുകളാണ്. അവിടെയും ക്രിസ്തു അവനു ഒരു അവസരം നൽകുന്നുണ്ട്, തിരുത്തുവാനും പത്രോസിനെ പോലെ കരയുവാനും.

1) ഒന്നാമതായി, അവനെയും പെസഹാ ഭക്ഷണത്തിൽ പങ്കുചേർക്കുന്നു. പുറപ്പാട് പുസ്തകത്തിൽ ഏഴു ദിവസമാണ് പെസഹാ ആചരിക്കേണ്ടതെന്നും, ആദ്യത്തെയും ഏഴാമത്തെയും ദിവസം വിശുദ്ധസമ്മേളനങ്ങൾ വിളിച്ചുകൂട്ടണമെന്നും പഠിപ്പിക്കുന്നു. (പുറ. 12:15 – 20). അങ്ങിനെയുള്ള സമ്മേളനത്തിന്റെ ആദ്യദിവസമാണ് ഈ സുവിശേഷഭാഗത്തിന്റെ സാഹചര്യം. അവൻ തന്നെ ഒറ്റിക്കൊടുക്കാനുള്ളവനാണെന്ന് അറിഞ്ഞിട്ടും മറ്റു ശിഷ്യരോടൊപ്പം ഇരുത്തി ഒരവസരം കൂടി നൽകുന്നുണ്ട്. അവിടെയും അവൻ അകന്നകന്നു പോകുന്നത് കാണാം.

2) അവന്റെ അകൽച്ച വാക്കിൽ പ്രകടിപ്പിക്കുന്നു. അവൻ യേശുവിനോടു ചോദിക്കുന്നുണ്ട്, അത് ഞാനാണോ? അവൻ ക്രിസ്തുവാണെന്നു അറിയാവുന്ന ശിഷ്യൻ , അവനെ വിളിക്കുന്നത്, ഗുരോ എന്നാണ്. കൂടാതെ ത്രിത്വയ്കദൈവത്തിനു തുല്യമാക്കി തന്നെത്തന്നെ മാറ്റിക്കൊണ്ടാണ് അവന്റെ ചോദ്യവും. അകൽച്ചയുടെ ആദ്യപടി.

3) അവന്റെ അകൽച്ച പ്രവർത്തിയിൽ പ്രകടിപ്പിക്കുന്നു. യേശു അവന്റെ നാവിലേക്ക് അപ്പകഷണം വച്ചുകൊടുത്തപ്പോൾ അവൻ പുറത്തേക്കു പോയി എന്നാണ് മറ്റുസുവിശേഷകന്മാർ വിവരിക്കുന്നത്. എന്നാൽ പത്രോസ് അവൻ ആരും അറിയാതെ പോയപോലെ കാണിക്കുന്നു, അവൻ അവരിൽ നിന്നും പോയതിനെപ്പറ്റി പറയുന്നില്ല, പക്ഷെ തുടർന്ന് ഗത്സമെനിയിൽ അവനെ വധിക്കാൻ വരുന്നവരോടൊപ്പം വരുന്നതിനെ പറ്റിയും പറയുന്നുണ്ട്. തീർച്ചയായും അവൻ യേശുവിനെ വിട്ടു പോയിട്ടുണ്ട്. എന്നാൽ മറ്റു ശിഷ്യന്മാർ യേശുവിനൊപ്പം അത്താഴശേഷം സ്തോത്രഗീതം ആലപിച്ചശേഷം യേശുവിനൊപ്പം ഒലിവുമലയിലേക്കു പോയി എന്ന് പറയുന്നുമുണ്ട് (മത്തായി 26:30). എന്നാൽ യഹൂദ പാരമ്പര്യമനുസരിച്ച് പ്രഭാതമാകുന്നതുവരെ ആരും പുറത്തുപോകാനും പാടില്ല (പുറ. 12:22 b). എന്നുവച്ചാൽ ഒരുമിച്ചുള്ള ആ കൂട്ടം വിട്ടുപോകാൻ പാടില്ല. കാരണം സംഹാരദൂതൻ കട്ടിളകാലിന്മേൽ രക്തം തളിക്കപ്പെട്ടതുകണ്ടാൽ അവരെ വധിക്കാതെ കടന്നുപോകും. ആയതിനാലാണ് പെസഹാ ആദ്യം പുറപ്പാട് പുസ്തകത്തിലെ ഉദ്ദേശ്യം. എന്നാൽ കൂട്ടം വിട്ടുപോകാതെ ദൈവത്തിന്റെ നന്മകളെ പാടിസ്തുതിക്കുന്ന സുന്ദരരാത്രിയാണത്. അപ്പോൾ ഒരാൾ കൂട്ടം വിട്ടു ഇറങ്ങിയെന്നുപറഞ്ഞാൽ തിന്മയുടെ ഫലം എന്ന് തന്നെയെന്നു പറയാം.

ഇങ്ങനെ ദൈവത്തിൽനിന്നകന്നു പോയവന്റെ അവസാനം എന്തെന്ന് വചനം പഠിപ്പിക്കുന്നു, അവൻ ഒരു പറമ്പുവാങ്ങി, തലകുത്തിവീണു, ഉദരം പിളർന്ന് അവന്റെ കുടലെല്ലാം പുറത്തുചാടി. അവന്റെ ഭവനം ശൂന്യമാകട്ടെ, ആരും അതിൽ വസിക്കാതിരിക്കട്ടെ എന്ന സങ്കീർത്തനഭാഗം പൂർത്തീകരിക്കപ്പെട്ടു. (അപ്പോ. 1:18-19). പണത്തിനും പറമ്പിനും അടിമയായവൻ അതിൽവീണു മരിക്കുന്ന ദുരന്തം.
പെസഹാ അടുത്തായിരിക്കുന്ന ഈ ദിവസവും പെസഹായുടെ ഓർമ്മ ആചരിക്കുന്ന ഓരോ ബലിയർപ്പണത്തിനുമുമ്പും യേശു ചോദിക്കുന്ന ചോദ്യമുണ്ട്, എന്റെ പെസഹാ ആചരിക്കാൻ നിന്റെ ഭവനം\ നിന്റെ ഹൃദയം എനിക്കുവേണം. അവസരങ്ങൾ ഓരോ പ്രാവശ്യവും കർത്താവു നമുക്ക് തന്നുകൊണ്ടിരിക്കുന്നു. അവസരങ്ങൾ കിട്ടുമ്പോഴൊക്കെ ചെയ്തുപോയ തിന്മകളെ ഓർത്തു ഒരു കരച്ചിൽ ഹൃദയത്തിൽ ബലിയായി ഒരുക്കി അവനൊപ്പം ബലിയർപ്പിക്കാൻ പരിശ്രമിക്കാം. മറ്റുള്ളവയ്ക്കൊന്നും അടിമപ്പെടാതിരിക്കാൻ അവനെ വിട്ടുപോകാതെ അവനൊപ്പം രാത്രി കഴിയുംവരെ (വിനാശത്തിന്റെ കൊടുങ്കാറ്റു കടന്നുപോകുന്നതുവരെ), പ്രഭാതം ആകുംവരെ (നന്മയുടെ അവസരങ്ങൾ ഉണ്ടാകുംവരെ) കാത്തിരിക്കാം.

vox_editor

Share
Published by
vox_editor

Recent Posts

All Souls’ Day_2025_ക്രൈസ്തവ പ്രത്യാശയുടെ തിരുനാൾ

സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…

3 days ago

ഞായറാഴ്ച്ച സകല ആത്മാക്കളുടെയും തിരുനാൾ ആഘോഷിക്കാമോ!

ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…

5 days ago

തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള അപ്പോസ്തലിക യാത്രകളുടെ ലോഗോയും മുദ്രാവാക്യങ്ങളും പുറത്തിറക്കി വത്തിക്കാന്‍ മാധ്യമ വിഭാഗം

അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…

1 week ago

ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ല ലിയോ പാപ്പ

അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…

1 week ago

‘പ്രത്യാശയുടെ പുതിയ ഭൂപടങ്ങള്‍ പരികല്പന ചെയ്യുക’: പാപ്പയുടെ പുതിയ അപ്പസ്തോലിക ലേഖനം പുറത്തിറങ്ങി.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…

1 week ago

മോൺ.ആന്റണി കാട്ടിപ്പറമ്പിലിൽ കൊച്ചി രൂപതയുടെ 36- മത്തെ മെത്രാൻ

ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…

1 week ago