Categories: Daily Reflection

ഏപ്രിൽ 14: ഓശാന ഞായർ

യേശു ഏതാനും ദിവസങ്ങൾക്കുള്ളിൽ അപമാനചിഹ്നമായ കുരിശും വഹിച്ചുകൊണ്ട് ജെറുസലേമിന് പുറത്തേക്കു പോകുന്നതും നാം ധ്യാനിക്കും

ഇന്ന് നാം, യേശുവിന്റെ പീഡാസഹങ്ങളും മരണവും ഉയിർപ്പും അനുസ്മരിക്കുന്ന വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കുകയാണ്. യേശു, രക്ഷാകര സംഭവങ്ങൾ പ്രാവർത്തികമാക്കാൻ ജെറുസലേമിലേക്കു രാജകീയമായി പ്രവേശിച്ചതിന്റെ ഓർമ്മ ആചരിച്ചുകൊണ്ടാണ് വിശുദ്ധവാരത്തിലേക്കു കടക്കുന്നത്. ഈ ദിവസങ്ങളിലെ ആരാധനക്രമം മുഴുവനും ഒത്തിരിയേറെ നാടകീയമായ അനുസ്മരണങ്ങൾ നിറഞ്ഞു മനോഹരമാണ്. നമുക്കുവേണ്ടി യേശു സഹിച്ച പീഡനങ്ങൾ നേരിട്ട് കാണുന്നപോലെ മനസ്സിലാക്കാനും, നമ്മുടെ രക്ഷയ്ക്കുവേണ്ടിയുള്ള യേശുവിന്റെ കുരിശുമരണത്തെ വിലമതിക്കാനും ദൈവത്തോടുള്ള സ്‌നേഹത്തിൽ വളരാനും വൈകാരികമായിപോലും നമ്മെ സഹായിക്കുന്നവയാണ് ഈ ദിവസങ്ങളിലെ അനുഷ്ഠാനങ്ങൾ.

ഇന്ന്, യേശുവിന്റെ ജെറുസലേമിലേക്കുള്ള രാജകീയ പ്രവേശം അനുസ്മരിച്ചു നടത്തുന്ന പ്രദക്ഷിണത്തിനു മുൻപുള്ള വായനയിൽ (ലൂക്ക 19:28-40) സുവിശേഷകൻ യേശുവിനെ കഴുതക്കുട്ടിയുടെ പുറത്തുകയറി വരുന്ന രാജാവായി ചിത്രീകരിക്കുന്നു. “സിയോൺ പുത്രീ, അതിയായി ആനന്ദിക്കുക. ജെറുസലേം പുത്രീ, ആർപ്പുവിളിക്കുക. ഇതാ,നിന്റെ രാജാവ് നിന്റെ അടുക്കലേക്കു വരുന്നു. അവൻ പ്രതാപവാനും ജയശാലിയുമാണ്. അവൻ വിനയാന്വിതനായി, കഴുതപ്പുറത്തു, കഴുതക്കുട്ടിയുടെ പുറത്ത്, കയറിവരുന്നു” (സഖറിയാ 9:9) എന്ന്, വരാനിരിക്കുന്ന രാജാവിനെക്കുറിച്ചുള്ള പ്രവചനത്തിന്റെ പൂർത്തീകരണമായിരുന്നു കഴുതക്കുട്ടിയുടെ പുറത്തുള്ള യേശുവിന്റെ ജെറുസലേം പ്രവേശനം. യേശുവാണ് വരാനിരിക്കുന്ന രാജാവ് എന്ന പ്രഘോഷണമാണ് കഴുതക്കുട്ടിയുടെ പുറത്തുള്ള സഞ്ചാരം.

ആവേശഭരിതരായ ശിഷ്യഗണം, “കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവ് അനുഗ്രഹീതൻ, സ്വർഗത്തിൽ സമാധാനം, അത്യുന്നതങ്ങളിൽ മഹത്വം” എന്ന് ആർപ്പുവിളിച്ചു. സങ്കീർത്തനം 118:26 ൽ “കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ” എന്നുള്ള വാക്യം ജെറുസലേമിലേക്കു കടന്നുവരുന്ന തീർത്ഥാടകരെ സ്വാഗതം ചെയ്തുകൊണ്ടുള്ളതാണ്. ഈ വാക്യം ലൂക്ക സുവിശേഷകൻ ഒരു മാറ്റം വരുത്തിക്കൊണ്ട് യേശുവിന്റെ ജെറുസലേം പ്രവേശനത്തിൽ ഉപയോഗിച്ചിരിക്കുന്നു. “കർത്താവിന്റെ നാമത്തിൽ വരുന്നവൻ” എന്നതിന് പകരം “കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവ്” എന്നാണ് ലൂക്ക സുവിശേഷകൻ മാറ്റിയിരിക്കുന്നത്. ‘കഴുതപ്പുറത്തു വരുന്ന യേശു വരാനിരിക്കുന്ന രാജാവാണ്’ എന്ന് ഒരിക്കൽക്കൂടി സുവിശേഷകൻ വ്യക്തമാക്കുന്നു. സാധാരണ രാജാക്കന്മാർ കുതിരപ്പുറത്താണ് വരുന്നത്; എന്നാൽ യേശു എന്ന രാജാവാകട്ടെ കഴുത്തകുട്ടിയുടെപുറത്തും. മറ്റുള്ള രാജാക്കന്മാരെപോലെയല്ല യേശു. അവിടുന്ന് വരുന്നത് ശുശ്രൂഷിക്കുവാനും മറ്റുള്ളവർക്കുവേണ്ടി ജീവൻ അർപ്പിക്കുവാനും വേണ്ടിയാണ്.

ഇന്ന് ജയാരവത്തോടെ ജെറുസലേമിലേക്കു പ്രവേശിക്കുന്ന യേശു ഏതാനും ദിവസങ്ങൾക്കുള്ളിൽ അപമാനചിഹ്നമായ കുരിശും വഹിച്ചുകൊണ്ട് ജെറുസലേമിന് പുറത്തേക്കു പോകുന്നതും നാം ധ്യാനിക്കും. ഈ ഒരാഴ്ചക്കാലം നമുക്ക് കൂടുതൽ തീക്ഷ്ണതയോടെ യേശുവിനോടൊപ്പം പീഡാസഹനങ്ങളുടെ വഴിയിലൂടെ ധ്യാനാത്മകമായി സഞ്ചരിക്കാം. കൂടുതൽ തീവ്രമായ പ്രാർത്ഥനയുടെയും വ്യക്തിപരമായ ധ്യാനത്തിന്റെയും സമയമായിരിക്കട്ടെ വിശുദ്ധമായ ഈ ദിനങ്ങൾ.

vox_editor

Share
Published by
vox_editor

Recent Posts

12 വർഷത്തെ കാത്തിരിപ്പിന് വിരാമം എൽ.എൽ.എം. പ്രവേശനത്തിൽ ലത്തീൻ കത്തോലിക്കാ–ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് 3 ശതമാനം സംവരണം.

ജോസ് മാർട്ടിൻ കൊച്ചി: നീണ്ട നിയമപോരാട്ടത്തിനും പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനുമൊടുവിൽ ലത്തീൻ കത്തോലിക്കാ–ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് എൽ.എൽ.എം. (L.L.M.) കോഴ്‌സ്…

2 days ago

All Saints Day_2026_യേശുവിന്റെ സ്വപ്നം: വിശുദ്ധി (മത്താ 5:1-12)

സകല വിശുദ്ധരുടെ തിരുന്നാൾ യേശുവും നമ്മളെപ്പോലെ സ്വപ്നം കണ്ടിരുന്നു. അവൻ്റെ ഏറ്റവും വലിയ സ്വപ്നം എല്ലാ മനുഷ്യരും സന്തുഷ്ടരായിരിക്കണമെന്നതാണ്. അതായത്,…

7 days ago

പാറേൽ പള്ളിക്ക്‌ ബസിലിക്ക പദവി

ജോസ് മാർട്ടിൻ ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാറേൽ പള്ളിയെ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ…

1 week ago

30th Sunday_2026_സ്നേഹിക്കുക (മത്താ 22: 34-40)

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ ഒരൊറ്റ ക്രിയയിലാണ് കൽപ്പനകൾ മുഴുവൻ സംഗ്രഹിച്ചിരിക്കുന്നത്; സ്നേഹിക്കുക (Ἀγαπήσεις = Agapēseis). ഭാവിയിലേക്കാണ് അത് വിരൽചൂണ്ടുന്നത്.…

2 weeks ago

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

3 weeks ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

4 weeks ago