പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ
ത്രിത്വം, ദൈവത്തിന്റെ സ്വത്വാത്മക രഹസ്യത്തിന്റെ പേര്. ഹൃദയംകൊണ്ടടുക്കുമ്പോൾ വെളിപ്പെട്ടു കിട്ടുന്ന ദൈവീക ലാവണ്യം. കുരുക്കഴിക്കാപ്പെടാതെ കിടക്കുന്ന ഒരു യുക്തിവിചാരം. വിശ്വാസവും യുക്തിയും കൈകോർത്താൽ എത്തിപ്പെടുന്ന സുന്ദരതീരം. ബന്ധങ്ങളിൽ നിറയുന്ന തരളിത ഭാവത്തിന്റെ ദൈവ രൂപം. അതുകൊണ്ടാണ് പിതാവുമായുള്ള തന്റെ ബന്ധത്തിന് യേശു കുടുംബത്തിന്റെയും സ്നേഹത്തിന്റെയും ഭാഷയുപയോഗിക്കുന്നത്. പിതാവും പുത്രനും, പരസ്പരം കെട്ടുപിണഞ്ഞുകിടക്കുന്ന സ്വത്വഭാവങ്ങൾ. അതിൽ സ്നേഹ ചംക്രമണമാകുന്ന ആത്മാവെന്ന നിശ്വാസം.
എല്ലാം ഉരുവാകുന്നതിനുമുമ്പ് ആദ്യമുണ്ടായത് ബന്ധമാണ്. പുത്രൻ പിതാവിലായിരിക്കുന്നത് പോലെയുള്ള ഒരു ബന്ധം. അതിനുശേഷമാണ് ദൈവത്തിന്റെ രൂപത്തിലും സാദൃശ്യത്തിലും നമ്മൾ സൃഷ്ടിക്കപ്പെട്ടത്. അതും അവന്റെ നിശ്വാസം ഉള്ളിലേക്ക് പകർന്നു കൊണ്ടുള്ള ആഴമായ ഒരു ബന്ധത്തിലൂടെ. അതുകൊണ്ടുതന്നെ ദൈവത്തെ മാറ്റിനിർത്തി കൊണ്ട് ഒരു മാനുഷ ഇതിഹാസം രചിക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. ഇനി അഥവാ ദൈവം ഇല്ലാതെയുള്ള ഒരു മനുഷ്യചരിത്രമുണ്ടെങ്കിൽ അവകളെല്ലാം ചത്ത പ്രമാണങ്ങളെപ്പോലെ ജീവിതത്തിന് പ്രകാശം തരാത്ത തിമിര ഗോപുരങ്ങളായേ നിലനിൽക്കൂ.
ദൈവഹൃദയം മനുഷ്യ ഹൃദയവുമായി പ്രണയബന്ധിതണ്. അത്യന്തികമായി ഒറ്റയ്ക്ക് നിൽക്കുകയെന്നത് രണ്ടുപേർക്കും സാധ്യമല്ല എന്നതാണ് സത്യം. ഏകാന്തതയെ പ്രണയിക്കുന്നവന്റെ ഉള്ളിലും ചില നേരങ്ങളിൽ ഒറ്റപ്പെടലിന്റെ നൊമ്പരമുണ്ടാകും. ഒറ്റയ്ക്കാകുക എന്നത് തന്നെ പ്രകൃതിവിരുദ്ധമാണ്. അതുകൊണ്ടാണ് നമ്മൾ ആരെയെങ്കിലും സ്നേഹിക്കുമ്പോൾ അല്ലെങ്കിൽ പ്രണയിക്കുമ്പോൾ ഹൃദയത്തുടിപ്പുകൾ താളാത്മകമാകുന്നത്. സ്നേഹം സ്വയമാകുമ്പോൾ സൃഷ്ടിയുണ്ടാകില്ല. അത് ആത്മരതിയാണ്. മറിച്ച് സ്നേഹം പരസ്പരമാകുമ്പോൾ സൃഷ്ടിയുണ്ടാകും. ആ സൃഷ്ടിയെ കരവിരുതെന്ന് ആരും വിളിക്കുന്നില്ല. അത് ആത്മദാനമാണ്. ഇനി, സ്നേഹത്തിന്റെ കണ്ണിലൂടെ നോക്കൂ. ത്രിത്വൈക ദൈവത്തെ കാണാം.
നമ്മുടെ ഹൃദയത്തിന്റെ ആഴമായ ചോദനയെ പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടിയാണ് ത്രിത്വം. പ്രപഞ്ചത്തിന്റെ ആത്യന്തികമായ പൊരുൾ അടങ്ങിയിരിക്കുന്നത് ത്രിത്വത്തിലാണ്. സ്നേഹാതിഷ്ടിതമായ ബന്ധമാണ് ത്രിത്വത്തിന്റെ ആന്തരികത. അതേ ബന്ധമാണ് ഓരോ മനുഷ്യ ഹൃദയത്തിന്റെ രഹസ്യാത്മകതയും. ഈ സ്നേഹബന്ധത്തിലാണ് എല്ലാത്തിന്റെയും ആദിയും അന്തവും അടങ്ങിയിരിക്കുന്നത്. ദൈവികതയുടെയും മാനുഷികതയുടെയും തായ്‌വേരും ശിഖരവും ഈ സ്നേഹ സംസർഗത്തിലാണ്. അതുകൊണ്ടാണ് സ്നേഹം സർവ്വാശ്ലേഷിതമാകുന്ന ഒരു ചിത്രം ത്രിത്വത്തിന്റെ തിരുനാളിൽ സുവിശേഷം വരയ്ക്കുന്നത്. “തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു” (v.16). ഈ ഒറ്റ വചനത്തിൽ സുവിശേഷകൻ ക്രൈസ്തവ ദൈവശാസ്ത്രത്തിന്റെ പൊരുൾ മുഴുവനും കുത്തി നിറച്ചിട്ടുണ്ട്. ഇതിൽ എന്തിനാണ് മനുഷ്യാവതാരം, കുരിശ്, രക്ഷ എന്നീ ചോദ്യങ്ങളുടെ ഉത്തരങ്ങളും അടങ്ങിയിട്ടുണ്ട്. നിത്യനായ ദൈവം തന്നെക്കാൾ കൂടുതൽ പ്രാധാന്യം ലോകത്തിലെ ഓരോ വ്യക്തികൾക്കും നൽക്കുന്ന ഒരു ചിത്രം. തന്റെ രൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ച നമ്മെ അവൻ അത്രമാത്രം സ്നേഹിച്ചു. അതെ, നല്ലൊരു ജീവിതത്തിന് നമുക്കെല്ലാവർക്കും അത്രത്തോളം സ്നേഹം ആവശ്യമാണ്.
സുവിശേഷത്തിൽ ‘സ്നേഹം’ എന്ന ക്രിയയുടെ കൂടെ എപ്പോഴും ചേർന്നുനിൽക്കുന്ന മൂർത്തമായ ഒരു ക്രിയയാണ് ‘നൽകുക’. ദൈവത്തിന്റെ സ്നേഹം തന്റെ ഏകജാതനെ നൽകാൻ തക്കവിധമുള്ള സ്നേഹമാണ്. സ്നേഹമെന്നത് വൈകാരികമായ യാഥാർത്ഥ്യം മാത്രമല്ല. അതിന് പ്രായോഗികമായ തലവുമുണ്ട്. അതിന് നമ്മുടെ കരങ്ങളും പ്രവർത്തികളും അടങ്ങുന്ന ‘നൽകുക’ എന്ന തലവുമുണ്ട്. നൽകൽ ഉണ്ടാകുമ്പോഴെ സ്നേഹം ആത്മദാനമാകു. അല്ലാത്ത കാലത്തോളം വികാരപരതയിൽ മുഴുകുന്ന ആത്മരതിയായി അത് നമ്മിൽ തളംകെട്ടി കിടക്കും. തണലിലിരുന്നു കൊണ്ടുള്ള തോട്ടമുണ്ടാക്കലല്ല സ്നേഹം. വെയിലും മഴയും കൊണ്ടുള്ള മണ്ണിനോടുള്ള അടുത്തിടപഴകലാണത്.
മരണമല്ല സ്നേഹത്തിന്റെ പരിണാമം. മരണത്തോളം എത്തുന്ന സ്നേഹമുണ്ടെങ്കിൽ തന്നെയും അതിന് മരണത്തെ സൃഷ്ടിക്കാൻ സാധിക്കില്ല. ജീവൻ മാത്രമേ സ്നേഹത്തിന് പകർന്നു നൽകാൻ സാധിക്കു. അതുകൊണ്ടാണ് സുവിശേഷകൻ പറയുന്നത്, “ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവൻ വഴി ലോകം രക്ഷപ്രാപിക്കാനാണ് (v.17). സ്നേഹരാഹിത്യം എന്ന വലിയ പാപത്തിൽ നിന്നാണ് ലോകത്തെ ഏകജാതൻ രക്ഷിക്കുന്നത്. സ്നേഹമില്ലായ്മ എന്ന രോഗം സുഖപ്പെടുത്തുന്ന ഏക വൈദ്യൻ യേശു മാത്രമാണ്. ഓർക്കുക, നമ്മുടെ പാപങ്ങളെ മുൻനിർത്തിയല്ല യേശുവിന്റെ ജീവിതത്തെ നിർവ്വചിക്കേണ്ടതും അവന്റെ കുരിശിനെ നീതികരിക്കേണ്ടതും. മറിച്ച്, നമ്മളോടുള്ള അവന്റെ സ്നേഹത്തെ മുൻനിർത്തിയായിരിക്കണം. നമ്മുടെ പാപങ്ങളെ ആസ്പദമാക്കി അവന്റെ ജീവിതത്തെ വ്യാഖ്യാനിക്കുന്നതിനേക്കാൾ എത്രയോ സുന്ദരമായിരിക്കും അവന്റെ സ്നേഹത്തെ ആസ്പദമാക്കി നമ്മുടെ ജീവിതത്തെ വ്യാഖ്യാനിക്കുകയെന്നത്.
ഒരു കാര്യം കൂടി നമ്മൾ ഓർക്കണം. ദൈവം ലോകത്തെയാണ് അത്രമാത്രം സ്നേഹിച്ചത്. മനുഷ്യരെ മാത്രമല്ല. അവന്റെ സ്നേഹവലയത്തിൽ നമ്മൾ മാത്രമേയുള്ളൂ എന്ന് വിചാരിക്കരുത്. പക്ഷിമൃഗാദി, സസ്യലതാദികളുമുണ്ട്. ദൈവം പ്രപഞ്ചത്തെ സ്നേഹിക്കുന്നുണ്ടെങ്കിൽ ഞാനും അതിനെ സ്നേഹിക്കണം. കരുതലോടെ പരിപാലിക്കണം. അതിന്റെ സൗന്ദര്യത്തിലും സമ്പന്നതയിലും ആനന്ദിക്കണം, അഭിമാനിക്കണം. ദൈവത്തിന്റെ വലിയ തോട്ടമാണീ ഈ ലോകം നമ്മളതിലെ കുഞ്ഞു ജോലിക്കാരും.
സൃഷ്ടികൾ പരസ്പര ബന്ധിതമാണ്. ഈ പരസ്പരാശ്ലേഷിതമായ സൃഷ്ടികളുടെ കാഴ്ചപ്പാടിലൂടെ മാത്രമേ ത്രിത്വത്തിലേക്ക് നമുക്കും എത്തിപ്പെടാൻ സാധിക്കൂ. അവിടെ അമ്മയുടെ മടിത്തട്ടിലെ കുഞ്ഞ് എന്ന അനുഭവമേ നമുക്ക് ഉണ്ടാകൂ. സ്നേഹം ഒരു ഇളം തെന്നലായി നമ്മെ തഴുകുമ്പോൾ നമ്മുടെ ജീവിതത്തോണി ത്രിത്വമെന്ന സമുദ്രത്തിലൂടെ ശാന്തമായി നീങ്ങിക്കൊണ്ടിരിക്കും.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില് ജോസഫ് കോര്സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്സിക്കായില് നടത്തിയ ഏകദിന സന്ദര്ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്ശനത്തില് …
വത്തിക്കാന് സിറ്റി : പൗരോഹിത്യവഴിയില് അന്പത്തിയഞ്ചു വര്ഷങ്ങള് പൂര്ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന് ഫ്രാന്സിസ് പാപ്പാ 1969…
This website uses cookies.