Categories: Sunday Homilies

എല്ലാ ചോദ്യങ്ങളും അടങ്ങുന്ന ചോദ്യം

എല്ലാ ചോദ്യങ്ങളും അടങ്ങുന്ന ചോദ്യം

ആണ്ടുവട്ടം 28-ാം ഞായര്‍

ഒന്നാം വായന : ജ്ഞാനം 7: 7-11
രണ്ടാംവായന : ഹെബ്രാ. 4: 12-13
സുവിശേഷം : വി. മര്‍ക്കോസ് 10:17-30

ദിവ്യബലിക്ക് ആമുഖം

“ഞാന്‍ പ്രാര്‍ഥിച്ചു എനിക്കു വിവേകം ലഭിച്ചു” എന്നു ജ്ഞാനത്തിന്‍റെ പുസ്തകം ഒന്നാം വായനയില്‍ നമ്മെ പഠിപ്പിക്കുന്നു. “ദൈവത്തിന്‍റെ വചനം സജീവവും ഊര്‍ജ്ജസ്വലവുമാണെന്ന്” ഹെബ്രായര്‍ക്കുളള ലേഖനത്തില്‍ നാം ശ്രവിക്കുന്നു. ദൈവത്തിന്‍റെ ഈ ജീവസ്സുറ്റ വചനം, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തുചെയ്യണം? എന്ന ചോദ്യത്തിന് ഉത്തരമായി യേശുവില്‍ നിന്ന് സുവിശേഷത്തില്‍ നാം ശ്രവിക്കുന്നു. തിരുവചനങ്ങള്‍ ശ്രവിക്കാനും നിര്‍മ്മലമായ ഒരു ബലി അര്‍പ്പിക്കാനുമായി നമുക്കൊരുങ്ങാം.

ദൈവവചന പ്രഘോഷണ കര്‍മ്മം

യേശുവില്‍ സ്നേഹം നിറഞ്ഞ സഹോദരി സഹേദരന്മാരെ,

യേശുവിന്‍റെ അടുക്കലേക്ക്‌ ഒരുവന്‍ വന്ന് എല്ലാ ചോദ്യങ്ങളുടെയും ചോദ്യമെന്നു വിശേഷിപ്പിക്കാവുന്ന ‘നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തുചെയ്യണം?’ എന്ന ചോദ്യമുന്നയിക്കുകയാണ്. യഹൂദ പാരമ്പര്യത്തില്‍ ഒരു സുപരിചിതമായ ചോദ്യമാണിത്. യേശുവിന്‍റെ കാലത്തിനും ഇരുന്നൂറു വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ യഹൂദ വിശ്വാസത്തില്‍ കടന്നുവന്ന, പില്‍കാലത്ത് റബ്ബിമാരുടെ ക്ലാസ്സുകളില്‍ നിറഞ്ഞു നിന്ന ചോദ്യം. അതോടൊപ്പം, തീര്‍ത്ഥാടകനായ ഓരോ യഹൂദനും ജെറുസലേം ദൈവാലയത്തിലെ വാതിലിനരികില്‍ എത്തുമ്പോള്‍ അവന്‍ ആ വിശുദ്ധ ദേവാലയത്തില്‍ ദൈവത്തോടൊപ്പമായിരിക്കുന്നതിന് യോഗ്യതയുണ്ടോ? എന്ന് സ്വയം പരിശോധിക്കും. കര്‍ത്താവേ അങ്ങയുടെ കൂടാരത്തില്‍ ആരു വസിക്കും? അങ്ങയുടെ വിശുദ്ധ ഗിരിയില്‍ ആര് വാസമുറപ്പിക്കും? എന്ന് തുടങ്ങുന്ന സങ്കീര്‍ത്തനം (സങ്കീ.15:1-5) ദൈവത്തോടൊപ്പമായിരിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍റെ ചോദ്യവും പ്രാര്‍ഥനയുമാണ്. തത്തുല്യമായ ഒരു ചോദ്യമാണ് ഒരുവന്‍ യേശുവിനോടു ചോദിക്കുന്നത്. ചോദ്യകര്‍ത്താവിനോടു യേശു അവര്‍ക്കു സുപരിചിതമായ പത്ത് കല്പനകളിലെ രണ്ടാം ഭാഗമായ മറ്റുമനുഷ്യരുമായി ഒരുവന്‍ പുലര്‍ത്തേണ്ട നിയമങ്ങളെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചും പറയുന്നു.

ചെറുപ്പംമുതല്‍ ഈ കല്പനകള്‍ എല്ലാം പാലിക്കുന്ന അവന്‍റെ നിത്യജീവന്‍ അവകാശമാക്കാനുളള തീഷ്ണത കണ്ട് യേശു അവനോടു പറയുന്നു “നിനക്കൊരു കുറവുണ്ട്, പോയി നിനക്കുളളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക, അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിനക്ക് നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക”. ഇന്നത്തെ സുവിശേഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാക്യമാണിത്. എല്ലാ ദൈവിക അന്വേഷണങ്ങളും അവസാനിക്കുന്നത് സ്വയം പരിത്യജിക്കലിലും യേശുവിനെ അനുഗമിക്കുന്നതിലുമാണ്. യഥാര്‍ഥ ചോദ്യം, ഞാന്‍ എന്താണ് ചെയ്യേണ്ടത്? എന്നല്ല, മറിച്ച് ദൈവരാജ്യത്തിനു വേണ്ടി ഞാന്‍ എന്താണ് ഉപേക്ഷിക്കേണ്ടത്? എന്നാണ്.

യുവാവിന്‍റെ ചോദ്യവും യേശുവിന്‍റെ മറുപടിയും കേള്‍ക്കുമ്പോള്‍ നമുക്കു തോന്നുന്നത്, ഇത് വൈദികരെയും സന്യസ്തരെയും മാത്രം ബാധിക്കുന്ന ഒരു സുവിശേഷ ഭാഗമെന്നാണ്. എന്നാല്‍ ഈ തിരുവചനം ജ്ഞാനസ്നാനം സ്വീകരിച്ച എല്ലാവര്‍ക്കും വേണ്ടിയുളളതാണ്. എല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുത്തിട്ട് യേശുവിനെ അനുഗമിക്കുക എന്ന ആഹ്വാനത്തിന് രണ്ട് വശങ്ങളുണ്ട്. ദരിദ്രര്‍ക്കു കൊടുക്കുക എന്നുളളത് ക്രൈസ്തവ ജീവിതത്തിന്‍റെ മുഖമുദ്രയാണ്. എന്‍റെ സഹോദരങ്ങളെ എന്‍റെ സമ്പത്തുകൊണ്ട് സഹായിക്കുക എന്നത് എന്‍റെ ക്രൈസ്തവ ധര്‍മ്മമാണ്. യേശു പറയുന്നതനുസരിച്ചാണെങ്കില്‍ ധനികനായവന് നിത്യജീവന്‍ പ്രാപിക്കാനുളള ഒരേ ഒരു വഴി ‘അവന്‍റെ സമ്പത്ത് ദരിദ്രരുമായി പങ്കുവയ്ക്കുക’ എന്നുളളതാണ്. ധനികന്‍റെ ആത്മരക്ഷ സഹജീവികളുടെയും രക്ഷയാണ്.

യേശുവിന്‍റെ ആഹ്വാനത്തിന്‍റെ രണ്ടാമത്തെ വശം, ഈ സുവിശേഷഭാഗം ധനികരുടെ ആത്മരക്ഷയെക്കുറിച്ച് മാത്രം പറയുന്നതല്ല. ഈ തിരുവചനം കേള്‍ക്കുമ്പോഴൊക്കെ നമുക്കുതോന്നും ആ യുവാവ് ധനികനായതുകൊണ്ട് അവന് യേശുവിനെ അനുഗമിക്കാന്‍ സാധിച്ചില്ല. ഞാന്‍ ധനികനല്ലാത്തതുകൊണ്ട് എനിക്ക് കുഴപ്പമില്ല എന്നാണ്. എന്നാല്‍ യഥാര്‍ഥത്തില്‍ യേശു ആ യുവാവിനോടും, ഇന്നു നമ്മോടും ചോദിക്കുന്നതും ‘നീ നിന്‍റെ ജീവിതത്തില്‍ ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കുന്നുണ്ടോ?’ എന്നാണ്. നാം ധനികരല്ലെങ്കില്‍ പോലും ദൈവത്തിന് ജീവിതത്തില്‍ ഒന്നാം സ്ഥാനം കൊടുക്കുന്നില്ലെങ്കില്‍ സുവിശേഷത്തിലെ ധനികനെപ്പോലെ തന്നെയാണ് നാം.
നമ്മുടെ ഇഷ്ടങ്ങളെയും താല്‍പര്യങ്ങളെയും പരിത്യജിച്ചുകൊണ്ട് ദൈവേഷ്ടത്തിനായി നമ്മെ പൂര്‍ണ്ണമായും സമര്‍പ്പിക്കുന്നതാണ് ദൈവരാജ്യത്തിന് നമ്മെ അര്‍ഹരാക്കുന്നത്. അങ്ങനെ ദൈവേഷ്ടത്തിന് പൂര്‍ണ്ണമായും സമര്‍പ്പിക്കുന്ന ജീവിതം നമുക്ക് അസാധ്യമാണെന്നു തോന്നുന്നെങ്കിലും ദൈവത്തിന് സാധ്യമാണെന്നും ദൈവഷ്ടേത്തിന് പൂര്‍ണ്ണമായും വിധേയനാകാന്‍ വേണ്ടി നാം എന്തൊക്കെയാണോ ജീവിതത്തില്‍ പരിത്യജിക്കുന്നത്, അതൊക്കെ നൂറിരട്ടി നമുക്കു ലഭിക്കുമെന്നും ഇന്നത്തെ സുവിശേഷം നമുക്ക് ഉറപ്പുതരുന്നു.

യേശുവിന്‍റെ ഉത്ഥാനത്തിനു ശേഷം യേശുവിനെ ഏകരക്ഷകനും കര്‍ത്താവുമായി സ്വീകരിച്ച്, യേശുവിലുളള വിശ്വാസം ഏറ്റുപറഞ്ഞ് പീഡനങ്ങളിലൂടെ കടന്നുപോയ വി. മര്‍ക്കോസിന്‍റെ സമൂഹത്തിന് നിത്യജീവന്‍ ഉറപ്പുനല്‍കിയ ഈ തിരുവചനം ഇന്നു നമ്മുടെ കാലഘട്ടത്തില്‍ ആധുനിക ലോകത്തിന്‍റെ പീഡകളിലൂടെ കടന്നുപോകുമ്പോള്‍ നമുക്കും നിത്യജീവന്‍ ഉറപ്പുനല്‍കുന്നു. നാം ഭയപ്പെടേണ്ടതില്ല, കാരണം മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്.

ആമേന്‍

vox_editor

Recent Posts

3rd Sunday_Ordinary Time_2026_ദൈവവചനം പ്രഘോഷിക്കപ്പെടട്ടെ (മത്താ 4: 12-23)

ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…

2 days ago

2nd Ordinary Sunday_2026_ദൈവത്തിന്റെ കുഞ്ഞാട് (യോഹ. 1: 29-34)

ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…

1 week ago

Baptism of Jeuse_2026_സ്നേഹ പ്രഖ്യാപനം (മത്താ 3: 13-17)

ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…

2 weeks ago

Epiphany_2026_എല്ലാവരുടെയും ദൈവം (മത്താ 2:1-12)

പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…

3 weeks ago

സംയുക്ത ക്രിസ്തുമസ് വിളമ്പര റാലി ഹോപ്പ് 2K25; വിശ്വാസത്തിന്റെ സാക്ഷ്യങ്ങളായി പതിനായിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…

1 month ago

ഐ‌.എം‌.എസ്. ധ്യാനഭവൻഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. നിര്യാതനായി

ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ‌.എം‌.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…

1 month ago