Categories: Meditation

എന്റെ കർത്താവേ, എന്റെ ദൈവമേ (യോഹ 20: 19-29)

ഉത്ഥാനത്തിന് ഈ മുറിവുകളെ അടയ്ക്കാമായിരുന്നു. പക്ഷേ അത് അങ്ങനെ സംഭവിച്ചില്ല. എന്തെന്നാൽ കുരിശിനെ ഇല്ലാതാക്കുന്ന ഒരു പ്രക്രിയയല്ല ഉത്ഥാനം.

കതകടച്ചിരിക്കുന്ന ഒരു മുറിയിലേക്ക് ഉത്ഥിതൻ കടന്നു വരുന്നു. ആ മുറിയിൽ നിറഞ്ഞു നിന്നിരുന്നത് ഭയമായിരുന്നു. യഹൂദരോടുള്ള ഭയം. അതിലുപരി തങ്ങളോട് തന്നെയുള്ള ഭയം. എത്ര പെട്ടെന്നാണ് അവർ തങ്ങളുടെ ഗുരുവും നാഥനുമായ യേശുവിനെ ഉപേക്ഷിക്കുകയും ഒറ്റികൊടുക്കുകയും തള്ളിപ്പറയുകയും ചെയ്തത്. നോക്കൂ, ശിഷ്യരുടെ ഭയത്തിന്റെ കാണാപ്പുറങ്ങൾക്ക് വ്യത്യസ്ത മാനങ്ങൾ ലഭിക്കുന്നു. എന്നിട്ടും യേശു അവരുടെ മദ്ധ്യേ വരികയാണ്. തന്നെ ഉപേക്ഷിക്കാൻ മാത്രം അറിയുന്നവരുടെ ഇടയിലേക്ക്. തള്ളി പറയപ്പെട്ടവൻ അത് ചെയ്തവരുടെ കരങ്ങളിലേക്ക് വീണ്ടും സ്വയം ഏൽപ്പിക്കുന്നു. അങ്ങനെ അവൻ വീണ്ടും അവരുടെ മദ്ധ്യേ നിന്നു. (ഒരുവൻ മാത്രമാണ് അവിടെ ഇല്ലാത്തത്. അത് തോമസാണ്. അറിയില്ല അവൻ എവിടെ പോയെന്ന്. അവൻ ഭയമില്ലാത്ത അന്വേഷിയാണ്. കല്ലറയിൽ ഇല്ലാതിരുന്ന തന്റെ ഗുരുവിനെ അന്വേഷിച്ചു പോയതായിരിക്കാം).

“യേശു വന്നു അവരുടെ മധ്യേ നിന്നു”. ഇതാ ഇവിടെയാണ് ക്രൈസ്തവ വിശ്വാസം മുളപൊട്ടുന്നത്. ഉത്ഥിതനായ യേശു തന്റെ ശിഷ്യരുടെ മദ്ധ്യേ നിന്നു എന്ന സത്യമാണ് എന്റെയും നിന്റെയും വിശ്വാസം. അതായത് തൻറെ ശിഷ്യരുടെ മദ്ധ്യേ നിന്നവൻ ഇപ്പോഴും ഇവിടെ നിൽക്കുന്നു. ജീവിക്കുന്നു. ഓർക്കുക, വിശ്വാസം ജനിക്കുന്നത് ഒരു സാന്നിധ്യത്തിൽ നിന്നാണ്. ഒരു ഓർമ്മ പുതുക്കലിൽ നിന്നല്ല. നിന്റെ കൂടെ നിൽക്കുന്നവനെ കാണുവാനുള്ള കാഴ്ചയ്ക്ക് വേണ്ടിയാണ് ഇനി നീ പ്രാർത്ഥിക്കേണ്ടത്. ഇന്നത്തെ അവൻറെ സാന്നിധ്യത്തെ കാണാതെ അവന്റെ ഇന്നലെകളെ നീ ഓർക്കുന്നു, ധ്യാനിക്കുന്നു. കൂടെയുള്ളവനെ കാണാൻ സാധിക്കാതെ അവനെ പുറത്ത് അന്വേഷിക്കുന്നു.

ഒരു ചെറിയ അജഗണത്തിന്റെ നടുവിലേക്കാണ് അവൻ കടന്നു വന്നത്. എന്നിട്ട് അവൻ തന്നോട് ചേർത്ത് നിർത്തുവാൻ ആഗ്രഹിച്ചത് കൂട്ടത്തിൽ സംശയത്തിന്റെ കണ്ണുകൾ ഉണ്ടായിരുന്നവനേയുമാണ്. ”നിൻറെ വിരൽ ഇവിടെ കൊണ്ടു വരുക, നിൻറെ കൈ നീട്ടി എൻറെ പാർശ്വത്തിൽ വയ്ക്കുക”. ഇതാണ് യേശു. സംശയിക്കുന്ന ഒരുവനും ഇടർച്ച നൽകാത്തവൻ. വിശ്വസിക്കാൻ ബുദ്ധിമുട്ടുന്നവനെ അടിച്ചിരുത്തതവൻ. ‘അത്രയൊക്കെ മതി’ എന്ന് വിചാരിക്കാത്തവൻ. അവൻ നിന്റെ അരികിൽ ചേർന്നു നിൽക്കുന്നവനാണ്. തോമസിനെ സംബന്ധിച്ചിടത്തോളം അത് തന്നെ ധാരാളമായിരുന്നു. യേശു അവൻറെ അരികിലേക്ക് വരുന്നു. കൈ നീട്ടി അവൻറെ കരങ്ങൾ എടുക്കുന്നു. അവനെ കുറ്റപ്പെടുത്തുകയോ വിധിക്കുകയോ ചെയ്യുന്നില്ല. മറിച്ച് ‘നിനക്ക് തെറ്റ് പറ്റുവാൻ സാധ്യതയില്ലല്ലോ’ എന്ന ആത്മഗതം മാത്രമാണ്. അപ്പോൾ തോമസ് തന്നെ തന്നെ ഈശോയ്ക്ക് വിട്ടുകൊടുക്കുന്നു. ഈശോയുടെ മുറിവുകളുടെ മുൻപിൽ അവൻ സ്വയം സമർപ്പിക്കുന്നു.

ഉത്ഥിതൻ ദുഃഖവെള്ളിയിലെ മുറിവുകളുമായിട്ടാണ് അവരുടെ മദ്ധ്യേ നിൽക്കുന്നത്. ആണി പഴുതുകൾ ഇപ്പോഴും തെളിഞ്ഞു തന്നെ നിൽക്കുന്നു. പാർശ്വത്തിലെ മുറിവു ഒരു കൈ കയറ്റാവുന്നത്ര വലുതാണ്. ഉത്ഥാനത്തിന് ഈ മുറിവുകളെ അടയ്ക്കാമായിരുന്നു. പക്ഷേ അത് അങ്ങനെ സംഭവിച്ചില്ല. എന്തെന്നാൽ കുരിശിനെ ഇല്ലാതാക്കുന്ന ഒരു പ്രക്രിയയല്ല ഉത്ഥാനം. അതു കുരിശിന്റെ തുടർച്ചയാണ്. പക്വമായ ഫലമാണ്. അനന്തരാവസ്ഥയാണ്. ഓർക്കുക, അവന്റെ സ്നേഹത്തിന്റെ അക്ഷരങ്ങളാണ് ആ മുറിവുകൾ.

ഉത്ഥിതൻ കുരിശിലെ മുറിവുകൾ അല്ലാതെ വേറൊന്നും കൊണ്ടുവരുന്നില്ല. പക്ഷേ ഇപ്പോൾ ആ മുറിവുകളിൽ നിന്നും നിർഗ്ഗളിക്കുന്നത് രക്തമല്ല. പ്രകാശമാണ്. അവൻ കൊണ്ടുവന്നത് തന്റെ മുറിവുകളിലെ വെളിച്ചത്തെയാണ്.

മുറിവുകളുമായി കഴിയുന്ന ഒത്തിരി ആൾക്കാരുണ്ട് നമ്മുടെ ഇടയിൽ. ദുർബലതയുടെ മുറിവുകൾ, വേദനയുടെ മുറിവുകൾ, നിർഭാഗ്യതയുടെ മുറിവുകൾ. ഓർക്കുക, മുറിവുകളും പ്രകാശം പരത്തും. മുറിവുകൾ വിശുദ്ധമാണ്. അതിൽ ദൈവമുണ്ട്. അതുകൊണ്ടുതന്നെ അതിന് വജ്രത്തെപ്പോലെ തിളങ്ങാനും സാധിക്കും. നിന്റെ ദൗർബല്യം തന്നെ നിന്റെ ശക്തിയായും മാറാം. നിന്റെ മുറിവുകൾ തന്നെ നിൻറെ അനുഗ്രഹത്തിന്റെ ശോതസ്സായി മാറാം. നിനക്കു മാത്രമല്ല, നിന്റെ ജീവിത പരിസരത്തുള്ളവർക്കും കൂടി.

ഉത്ഥാനത്തിനു ശേഷമുള്ള ഈ എട്ടു ദിവസങ്ങളിലും യേശു കൈമാറുന്ന നന്മ സമാധാനമാണ്. ആ സമാധാനത്തിന്റെ മുൻപിലാണ് തോമസ് കീഴടങ്ങുന്നത്. “നിങ്ങൾക്ക് സമാധാനം!” അതൊരു അഭിവാദനമല്ല. അതൊരു വാഗ്ദാനവുമല്ല. അതൊരു ഉറപ്പാണ്. സംശയത്തിന്റെ തുലാസിൽ ആടി കൊണ്ടിരുന്ന തോമസിനെ ഉറപ്പിച്ചു നിർത്തിയ സത്യമാണത്. ആ സമാധാനം ഇന്നും ക്ഷീണിതമായ ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ട്. അനുഗ്രഹമായും ആനന്ദമായുമെല്ലാം.

“നീ എന്നെ കണ്ടതുകൊണ്ട് വിശ്വസിച്ചു; കാണാതെ തന്നെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ”. ഇതാ നമുക്കു മാത്രമായുള്ള ഒരു സുവിശേഷ ഭാഗ്യം. വിശ്വാസജീവിതത്തിൽ സംഘർഷങ്ങൾ അനുഭവിക്കുന്നവർക്കുള്ള ഭാഗ്യമാണിത്. തോമസിനെ പോലെ ഒത്തിരി സംശയങ്ങൾ ഉണ്ടെങ്കിലും ഒരു അടയാളവും ആവശ്യപ്പെടാതെ വിശ്വസിക്കുന്ന ഒരു ആത്മധൈര്യമുണ്ടല്ലോ, ആ ധൈര്യത്തെയാണ് യേശു പുകഴ്ത്തുന്നത്. ഇങ്ങനെയുള്ള വിശ്വാസത്തിൽ ജീവിതം തന്നെ “എന്റെ കർത്താവേ, എൻറെ ദൈവമേ!” എന്ന പ്രഖ്യാപനവും പ്രഘോഷണവുമാണ്.

vox_editor

Recent Posts

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

3 days ago

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

1 week ago

തീരസംരക്ഷണത്തിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വൈദീകർ ഉപവാസ സമരം നടത്തി

ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…

2 weeks ago

Holy Trinity Sunday_2025_കുടുംബമാണ് ത്രിത്വം (യോഹ 16: 12-15)

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…

2 weeks ago

Pentecost Sunday_പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ (യോഹ 14: 15-16, 23-26)

പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…

3 weeks ago

നാം ലോകത്തോടുള്ള അനുകമ്പയില്‍ വളരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക!

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…

4 weeks ago