സൺഡേ ശാലോം
പ്രശസ്ത പത്രപ്രവര്‍ത്തകനും ദീര്‍ഘകാലം ദീപികയുടെ ചീഫ് എഡിറ്ററുമായിരുന്ന ഫാ.ജോസ് പന്തപ്ലാംതൊട്ടിയില്‍, സി.എം.ഐ. സഭയുടെ പ്രിയോര്‍ ജനറലായിരിക്കേ, സഭാംഗങ്ങള്‍ക്കെഴുതിയ ഒരു കത്തില്‍ ഇപ്രകാരം ഒരനുഭവം വിവരിക്കുന്നുണ്ട്. അച്ചന് ദീപിക പത്രാധിപരായിരിക്കേ, ദീപികയിലെ ഒരു പഴയ ജീവനക്കാരന് അച്ചനോട് ചോദിച്ച ചോദ്യമാണ് സംഭവം. ദീപികയുടെ ചീഫ് എഡിറ്ററായി അച്ചന് രണ്ടാം വട്ടം എത്തിയ കാലം. ഒരു ദിവസം ഒരാള്‍ അച്ചനെ കാണാന്‍ വന്നു. നല്ല സില്‍ക്ക് ജൂബയും മുണ്ടുമായിരുന്നു വേഷം. അദ്ദേഹം മുറിയിലെത്തിയപാടെ ചോദിച്ചു: അച്ചന് എന്നെ മനസിലായോ? വളരെ പരിചയഭാവത്തിലാണ് ചോദ്യം.
അച്ചന് പരുങ്ങുന്നതു കണ്ട് അയാള്‍ സ്വയം പരിചയപ്പെടുത്തി. അച്ചന് പണ്ട് ഇവിടെ ഉണ്ടായിരുന്ന കാലത്ത് ദീപികയില്‍ മരപ്പണികളൊക്കെ ചെയ്തിരുന്ന ആളാണ്. അച്ചന് പോയതിനുശേഷം പെന്തക്കോസ്ത് സഭകളില്‍പ്പെട്ട ആരോ അദ്ദേഹത്തോട് ബന്ധപ്പെട്ടു. അങ്ങനെ യേശുവിനെ അറിഞ്ഞു, രക്ഷകനായി സ്വീകരിച്ചു… സുവിശേഷ പ്രവര്‍ത്തകനായി മാറി, ദീപിക വിട്ടു. അതായിരുന്നു അയാളുടെ ജിവിത കഥയുടെ ചുരുക്കം. അടുത്ത ചോദ്യമാണ് തന്റെ ചങ്കില് തറച്ചതായി അച്ചന് സഭാംഗങ്ങളോട് പങ്കുവച്ചത്. ഇവിടെ എത്രയോ വര്‍ഷം ഞാന്‍ ജോലി ചെയ്തു. നിങ്ങള്‍ എന്തേ ഒരിക്കല്‍പോലും എന്നോട് യേശുവിനെക്കുറിച്ച് പറഞ്ഞില്ല? ഒരു നൂറ്റാണ്ടിലേറെയായി കേരളത്തിലെ ക്രൈസ്തവ സഭയുടെ പത്രമായ ദീപികയിലെ അക്രൈസ്തവനായ ജീവനക്കാരന്റെ ചോദ്യം സുവിശേഷ പ്രചാരണത്തിന് നാം കൊടുക്കുന്ന മുന്‍ഗണനയെക്കുറിച്ചും നമ്മുടെ സഭാ സ്ഥാപനങ്ങളെക്കുറിച്ചും കൃത്യമായ സൂചന തരുന്നില്ലേ?
അസാധാരണ മിഷനറി മാസം
1919 നവംബര്‍ 20-ന് സഭയുടെ മിഷനറി ജാഗ്രത ഉണര്‍ത്താന്‍ ബനഡിക്ട് 15-ാമന്‍ പാപ്പ പുറപ്പെടുവിച്ച ‘മാക്സിമും ഇല്ലൂദ്’ എന്ന അപ്പസ്തോലിക ലേഖനത്തിന്റെ ശതാബ്ദി വര്‍ഷമാണ് 2019. അതുകൊണ്ട് ഫ്രാന്‍സിസ് പാപ്പ 2019 ഒക്ടോബര്‍ ‘അസാധാരണ മിഷനറി മാസമായി’ പ്രഖ്യാപിച്ചിരിക്കുകയാണ്. നമ്മുടെ മിഷനറി തീക്ഷ്ണതയെ ജ്വലിപ്പിക്കാനാണ് ഈ ആചരണം നടത്തുന്നത്. നാം പിന്നിലാണ് എന്ന് പാപ്പ തന്നെ സമ്മതിക്കുന്നു. ജ്ഞാനസ്നാനപ്പെടുത്തി അയക്കപ്പെട്ടവര്‍ എന്നതാണ് അസാധാരണ മാസചാരണത്തിന്റെ മുദ്രവാക്യം.
സുവിശേഷം പറയാത്തതുകൊണ്ടോ പീഡനം?
സുവിശേഷം പ്രസംഗിക്കേണ്ടതിന്റെ ഉത്തരവാദിത്വത്തെക്കുറിച്ച് വിശുദ്ധ പൗലോസ് ശ്ലീഹ പറഞ്ഞു: ”ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നെങ്കില്‍ അതില്‍ എനിക്ക് അഹംഭാവത്തിന് വകയില്ല. അത് എന്റെ കടമയാണ്. ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്ക് ദുരിതം” (1 കോറിന്തോസ് 9:16). ഈശോയുടെ വാക്കുകളിലും ഇല്ലേ ഈ മുന്നറിയിപ്പ്. ”നിങ്ങള്‍ക്ക് ഇടര്ച്ചയുണ്ടാകാതിരിക്കുന്നതിനാണ് ഞാന്‍ ഇതെല്ലാം നിങ്ങളോട് പറഞ്ഞത്. അവര്‍ നിങ്ങളെ സിനഗോഗുകളില്‍നിന്നു പുറത്താക്കും. നിങ്ങളെ കൊല്ലുന്ന ഏവനും ദൈവത്തിന് ബലി അര്‍പ്പിക്കുന്നു എന്ന് കരുതുന്ന സമയം വരുന്നു. അവര്‍ പിതാവിനെയോ എന്നെയോ അറിഞ്ഞിട്ടില്ലാത്തതുകൊണ്ട് ഇത് ചെയ്യും. അവരുടെ സമയം വരുമ്പോള്‍ ഞാന്‍ ഇതു പറഞ്ഞിരുന്നു എന്ന് നിങ്ങള്‍ ഓര്‍മിക്കാന്‍ വേണ്ടി ഞാന്‍ ഇത് നിങ്ങളോട് പറഞ്ഞിരിക്കുന്നു” (യോഹന്നാന് 16:1-3).
ഇന്ന് ലോകത്താകമാനം സഭ പീഡിപ്പിക്കപ്പെടുന്നുണ്ട്. മതവിരോധികളും മത വിശ്വാസികള്‍ എന്ന് പേരുള്ളവരും വിശ്വാസികളെ പീഡിപ്പിക്കുന്നു. ഈ രണ്ടുതരം പീഡനത്തെക്കുറിച്ചും ഈശോയുടെ വാക്കുകളില്‍ ഇല്ലേ? നിങ്ങളെ കൊല്ലുകയും താന്‍ ദൈവത്തിനു ബലി അര്‍പ്പിക്കുന്നു എന്ന് കരുതുകയും ചെയ്യുന്ന മതവിരോധികളുടെ പീഡനം നേരിട്ടാണെങ്കില്‍, സിനഗോഗുകളില്‍നിന്നും പുറത്താക്കുന്ന മതവിശ്വാസികള്‍ എന്ന് പറയുന്നവര്‍ സുവിശേഷ സത്യങ്ങളില്‍ അപ്രിയമായവ പറഞ്ഞതുകൊണ്ടാണ് സുവിശേഷകനെ പീഡിപ്പിക്കുന്നത്. കേള്വിക്കാരന് ഭയം ഉളവാക്കുന്നവ പറയരുത്.
പാപബോധം ഉണ്ടാക്കുന്ന തിന്മകളെക്കുറിച്ചും പറയരുത് എന്നെല്ലാമാണ് വിലക്കുകള്‍. അവര്‍ക്കു കേള്‍ക്കേണ്ടത് കേള്‍വിക്ക് ഇമ്പമുള്ള വാക്കുകളാണ്. എല്ലാത്തരം പാപങ്ങളെയും ന്യായീകരിക്കുന്ന കാര്യങ്ങളാണ്. പീഡനങ്ങള്‍ സൂചനയാണ്; വിശ്വാസത്തിന്റെ പൂക്കാലം വരാന്‍ പോകുന്നു. വിശ്വാസത്യാഗികള്‍ ഉണ്ടാവും. പക്ഷേ അതിനെക്കാള്‍ ഏറെയാവും വിശ്വാസികള്‍. അവരുടെ വിശ്വാസ തീക്ഷ്ണത സുവിശേഷത്തിന് വളക്കൂറുള്ള മണ്ണാവും. അതുകൊണ്ട് വിശ്വാസ ത്യാഗികളും വിശ്വാസികളും പെരുകുന്ന കാലത്തിലൂടെയാണ് സഭ കടന്നുപോകുന്നത്.
ഈശോ അയച്ചവര്‍
പിതാവയച്ച ദൗത്യവുമായി ലോകത്തിലേക്ക് വന്ന ഈശോയാണ് ആദ്യത്തെ സുവിശേഷ പ്രവര്ത്തകന്. ഈശോയുടെ ദൈവരാജ്യ പ്രഘോഷണത്തിലാകെ നാം കാണുന്ന സ്വഭാവമാണ് പ്രാര്‍ത്ഥന. ശ്ലീഹന്മാരെ സുവിശേഷ പ്രവര്‍ത്തനത്തിന് അയക്കുന്നതിനെക്കുറിച്ച് ഈശോ പിതാവിനോട് പറയുന്നു: അങ്ങ് എന്നെ ലോകത്തിലേക്ക് അയച്ചതുപോലെ ഞാനും അവരെ ലോകത്തിലേക്ക് അയച്ചിരിക്കുന്നു (യോഹന്നാന് 17:18).
മടങ്ങി വന്ന് അവര്‍ സന്തോഷത്തോടെ പറയുന്നത് പിശാചുക്കള്‍ പോലും തങ്ങള്‍ക്കു കീഴടങ്ങിയെന്നാണ്. ഓശനയ്ക്കു വേണ്ട കഴുതയെയും പെസഹാ നടത്താനുള്ള മാളികയും എല്ലാം അവര്‍ക്കു കിട്ടുന്നത് അത്ഭുതകരമായാണ്. അതുകൊണ്ട് ഭാണ്ഡവും പണവും ഒന്നും കരുതാതെ യാത്രയാകുവാനാണ് ഈശോ പഠിപ്പിച്ചത്.
സഭയുടെ ശക്തി
കത്തോലിക്കാ സഭയില്‍ ഈശോയ്ക്കുവേണ്ടി മാത്രം ജീവിതം സമര്‍പ്പിച്ച ഒരു എമരിറ്റസ് പാപ്പ അടക്കം രണ്ടു പാപ്പാമാരും 5000 മെത്രാന്മാരും അഞ്ചു ലക്ഷം വൈദികരും എട്ടു ലക്ഷത്തിലധികം സന്യസ്തരും മുഴുവന്‍ സമയ ശുശ്രൂഷകള്‍ക്കായി ഉണ്ട്. വിശ്വാസികളുടെ എണ്ണം 135 കോടി എന്നാണ് കണക്ക്. ഇവര്‍ ഈശോയോട് ഒത്തായിരിക്കുന്നുണ്ടോ എന്നതാണ് ഒന്നാമത്തെ ചോദ്യം. അവരെയാണ് വചനം പറയാനും പിശാചുക്കളെ പുറത്താക്കാനും നിയോഗിക്കുക. തന്നോട് ഒത്തായിരിക്കുന്നവര്ക്ക് ഒരു ദൗത്യം മാത്രം – വചനം പറയുക.
”എന്നെ ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കിക്കൊണ്ട് ഭൂമിയില്‍ ഞാന്‍ അങ്ങയെ മഹത്വപ്പെടുത്തി” എന്ന് ഈശോയെപ്പോലെ ജീവിതാന്ത്യത്തില്‍ പറയാന്‍ (യോഹന്നാന് 17:4) നമുക്കാവുമോ? നമ്മുടെ മുന്‍ഗണനാക്രമത്തില്‍ ഈശോയുടെ സ്ഥാനമെന്ത്? ഈശോയെ കൊടുക്കുക എന്ന ദൗത്യത്തിന്റെ സ്ഥാനമെന്ത്? ജീവിതത്തിന്റെ കണക്കെടുക്കുമ്പോള്‍ എനിക്ക് ഇത്രയും പേരോട് ഈശോയെക്കുറിച്ച് പറയാനായി എന്ന് ആരെങ്കിലും കണക്കു പറയാറുണ്ടോ? നിര്‍മിച്ച ദൈവാലയങ്ങളുടെയും സ്കൂളുകളുടെയും ആശുപത്രികളുടെയും ഒക്കെ കണക്കില്‍ അഭിമാനിക്കുന്നതു പോലെ.
ലോകം ഏറെ ആദരിച്ച, ക്രൈസ്തവ സ്നേഹത്തിന്റെ നമ്മോടൊപ്പം ജീവിച്ച അടയാളമായി മാറിയ കൊല്‍ക്കൊത്തയിലെ വിശുദ്ധ മദര്‍ തെരെസ അവരുടെ സ്നേഹ ശുശ്രൂഷകളെക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത്, ഞാന്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നവളല്ല സുവിശേഷ പ്രവര്‍ത്തനം നടത്തുന്നവളാണ് എന്നായിരുന്നു. അമ്മയുടെ ശക്തി ഈശോയായിരുന്നു. ചരിഞ്ഞു കൊണ്ടിരുന്ന സഭയെ താങ്ങിനിര്‍ത്താന്‍ വന്ന രണ്ടാം ക്രിസ്തു എന്ന് അറിയപ്പെടുന്ന വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ലക്ഷ്യവും ഇതായിരുന്നു. എപ്പോഴും സുവിശേഷം പ്രഘോഷിക്കുക. ആവശ്യമെങ്കില്‍ മാത്രം വാക്കുകള്‍ ഉപയോഗിക്കുക.
ക്രിസ്തുവിനെ അറിയാത്ത ക്രിസ്ത്യാനികളോ?
135 കോടിയോളം വരുന്ന കത്തോലിക്കരായ നമ്മില്‍ എത്ര പേര്‍ക്ക് യേശു അനുഭവമുണ്ട്. മനുഷ്യവചനവും ദൈവവചനവും തമ്മിലുള്ള അന്തരം അറിയാത്തവരില്ലേ? ഞായറാഴ്ചത്തെ കുര്‍ബാന പ്രസംഗത്തിനു പോലും സങ്കീര്‍ത്തനത്തെക്കാള്‍ ഖലില്‍ ജിബ്രാന്റെ കവിതകളിലും സുഫിക്കഥകളിലും ആശ്രയിക്കുന്നവരില്ലേ? ദൈവവചനത്തിന്റെ ശക്തി അനുഭവിക്കാത്തവരില്ലേ? കര്‍ത്താവ് അരുളിച്ചെയ്തത് നിറവേറും എന്ന് കരുതാനാവാത്തവരില്ലേ?
ലോകത്തിലെ ഏറ്റവും സജീവ സഭകളില്‍ ഒന്ന് എന്ന് കരുതപ്പെടുന്ന കേരള സഭയില്‍ പന്ത്രണ്ടോ പതിനാലോ വര്‍ഷത്തെ വേദപാഠ പഠനവും അതിനു ശേഷം 12 വര്‍ഷത്തെ എങ്കിലും വൈദിക പഠനവും കഴിഞ്ഞ് വരുന്ന എത്ര പേര്‍ക്ക് യഥാര്‍ത്ഥ ദൈവാനുഭവം ഉണ്ട്? ഇല്ലെങ്കില്‍ എങ്ങനെ യേശുവിനെ പ്രസംഗിക്കും? നമ്മുടെ പരീശിലന പദ്ധതിക്ക് അത്തരമൊരു ലക്ഷ്യമുണ്ടോ?
ലൗകികതയുടെ തടവിലോ?
പാലാ രൂപതയിലെ വികാരി ജനറാളായിരുന്ന മോണ്‍. ജോസഫ് മറ്റം മൈനര്‍ സെമിനാരി റെക്ടറായിരുന്ന കാലത്ത് പറഞ്ഞിരുന്ന ഒരു ഉപദേശമുണ്ട്. പഴയ കാലത്തെ ആധാരങ്ങളില്‍ വൈദികരെക്കുറിച്ച് എഴുതിയിരുന്നത് മറ്റത്തില്‍ യൗസേപ്പ് കത്തനാര്, ദൈവവിചാരം എന്നാണ്. ഇന്ന് ദൈവവിചാരം എന്ന് എഴുതാറില്ല. കാരണം, നാം ലൗകികരായി. എപ്പോഴും ദൈവവിചാരത്തില്‍ ജീവിക്കേണ്ടവരാണ് നാം. ഈശോയോടൊത്ത് ആയിരിക്കേണ്ടവര്‍. അതിന് ആഗ്രഹിക്കേണ്ടവര്‍; അച്ചന് സങ്കടത്തോടെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ലൗകികവ്യഗ്രതകള് ദൈവവചന ശുശ്രൂഷകളെ മറികടക്കുമ്പോള്‍ ഈ താളം തെറ്റുന്നില്ലേ? ഈശോയിലുള്ള പ്രത്യാശപോലും ഈലോക ജീവിതത്തിനുവേണ്ടിമാത്രം ആയിത്തീരുന്ന അവസ്ഥ സംജാതമാകുന്നു.
സ്ഥാപനങ്ങള്‍ ബന്ധനങ്ങളായോ?
സുവിശേഷ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായിട്ടാണ് സഭയില്‍ സ്ഥാപനങ്ങള്‍ ഉണ്ടായത്. സുവിശേഷം പ്രസംഗിക്കാനും കൂദാശകള്‍ പരികര്‍മം ചെയ്യാനും ചെന്ന മിഷനറി പോക്കറ്റില്‍ മലമ്പനിക്കുള്ള ഗുളികകളും കരുതി. അവര്‍ക്ക് ലക്ഷ്യം ഈശോയെ കൊടുക്കലായിരുന്നു. മരുന്നിന് വരുന്നവനോടും ഈശോയെക്കുറിച്ചു പറയും. അങ്ങനെ ആരംഭിച്ച ആതുര ശുശ്രൂഷകള്‍ ഇന്ന് ലക്ഷ്യം മാറിയിട്ടില്ലേ? വഴിക്കെവിടെയോ ഈശോ ചോര്‍ന്നു പോയി. സുവിശേഷം പറയാനാവാത്ത നില വന്നു. കുട്ടികള്‍ക്ക് പഠിക്കാന്‍ സൗകര്യം ഇല്ലാതിരുന്നപ്പോള്‍ സ്കൂളുകളും കോളജുകളും ഉണ്ടാക്കി. എന്നാല്‍ ഇവിടെ അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കുന്ന വ്യഗ്രതയില്‍ ലക്ഷ്യം വഴിമാറി. സമ്പത്തിന് മുന്‍ഗണന വന്നു. ഇവിടെ പലപ്പോഴും കര്‍ത്താവിനെ കൊടുക്കാന്‍ സാധിക്കുന്നില്ലെന്ന് മാത്രമല്ല, ദൈവജനത്തിനുവേണ്ടി ആരംഭിച്ച സ്ഥാപനങ്ങള്‍തന്നെ അവര്‍ക്ക് ഉതപ്പിനും മുറിവിനും കാരണമായി.
കപടതകള്
സ്ഥാപനങ്ങളുടെ നടത്തിപ്പ് ബിസിനസായതോടെ ലോകത്തിന്റെ വഴികള്‍ അനിവാര്യമായി. സുവിശേഷ മൂല്യങ്ങള്‍ ബലികഴിച്ചും സഥാപനങ്ങള്‍ നടത്തേണ്ട ഗതികേടില്‍ എത്തിച്ചേര്‍ന്നു. നല്ല ഉദ്ദേശ്യത്തോടെ ആരംഭിച്ച സ്ഥാപനങ്ങള്‍ ഒരു കെണിയായിത്തീര്‍ന്നു. ആത്മാക്കളുടെ രക്ഷ ലക്ഷ്യമാക്കി ആരംഭിച്ചവ ആത്മനാശത്തിന് കാരണമായി. ഈ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന സമര്‍പ്പിതര്‍ ആദ്യകാലങ്ങളില്‍ ശുശ്രൂഷകരായിരുന്നു. എന്നാല്‍ പിന്നീട് പലരും ജോലിക്കാരായി. ലൗകികമോഹങ്ങള്‍ അവരില്‍ കടന്നുകൂടി. അനുസരണക്കേടിനും അച്ചടക്കരാഹിത്യത്തിനും അത് വഴിതെളിച്ചു. സമകാലിക സംഭവങ്ങള്‍ ഇതിന് മൂകസാക്ഷ്യം വഹിക്കുന്നുണ്ടല്ലോ.
വൈദികരില്‍ ഗണ്യമായ വിഭാഗം സ്ഥാപന നടത്തിപ്പില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ വൈദികര്‍ക്കു മാത്രം സാധിക്കുന്ന കാര്യങ്ങള്‍ക്ക് പലയിടത്തും ആളില്ല.
സുവിശേഷ പ്രചാരണത്തിനുള്ള വിഭവങ്ങള്‍!
സുവിശേഷ പ്രചാരണത്തിനുള്ള പണം എടുത്ത് സ്കൂളും കോളജും ആശുപത്രിയും പണിയിക്കുന്നതും മോടിപിടിപ്പിക്കുന്നതും ശരിയാണോ? അതുകൊണ്ട് നിയമനത്തിനും അഡ്മിഷനും ഒക്കെ പണം വാങ്ങിക്കണം. അത് പുതിയ തലമുറയിലെ നടത്തിപ്പുകാരുടെ നിര്‍ബന്ധമാണ്. നിയമനങ്ങള്‍ പണം വാങ്ങാതെ നടത്തിയതിന് പുതുതലമുറയുടെ നിര്‍ദയമായ പരിഹാസം ഏറ്റുവാങ്ങിയ ഒരു പഴയകാല സന്യാസ സഭാ ശ്രേഷ്ഠന് ഒരിക്കല്‍ പറഞ്ഞു: ”ഒന്നാലോചിക്കുമ്പോള്‍ അവര്‍ പറഞ്ഞതിലും കാര്യം ഉണ്ട്. കോളജ് കെട്ടിടം ഒന്ന് പെയിന്റടിക്കാന്‍ എത്ര ലക്ഷം വേണം?”
സി.ബി.സി.ഐയുടെ കണക്കായി ഇന്റര്‍നെറ്റില്‍ കിട്ടുന്ന വിവരം അനുസരിച്ച് ഭാരതത്തില്‍ സഭയ്ക്ക് 54,937 സ്കൂളുകളുണ്ട്. മെഡിക്കല്‍ കോളജുകളും സര്‍വകലാശാലകളുമായി 12 എണ്ണം ഉണ്ട്. മാനേജ്മെന്റ് സ്ഥാപനങ്ങള്‍ 25, പ്രഫഷണല്‍ കോളജുകള്‍ 300, ബിരുദ കോളജ് 450, ജൂണിയര്‍ കോളജ് 5500, ഹൈസ്കൂള്‍ 15,000, മിഡില്‍ സ്കൂള്‍ 10,500, ആശുപത്രികള്‍ അടക്കം സ്ഥാപനങ്ങള്‍ വേറെയും. ഇതില്‍ എത്ര സ്ഥാപനങ്ങള്‍ ഈശോയെ കൊടുക്കുന്നുണ്ട്? എല്ലാ സ്ഥാപനത്തിനും വരവ് ചെലവിന്റെ വാര്‍ഷിക കണക്കെടുപ്പുണ്ടല്ലോ. എന്നെങ്കിലും ഒരു സുവിശേഷ കണക്കെടുപ്പു നടത്തിയിട്ടുണ്ടോ? പല സ്ഥാപനത്തിലും ഈശോ എന്ന് പറയാന്‍പോലും വിലക്കാണ്. മതേതരത്വം ഹനിക്കപ്പെടും. പിന്നെന്തിന് ഈ സ്ഥാപനങ്ങള്‍?
വേണ്ടേ ഒരു പുനഃപരിശോധന?
ക്രൈസ്തവ സഭയ്ക്ക് ഇത്രയും സ്ഥാപനങ്ങള്‍ ഉണ്ടായിട്ടും ഒരു സമുദായം എന്ന നിലയില്‍ നാം പൊതുവേദികളില്‍ വല്ലാതെ പിന്നിലായിരിക്കുന്നു. എണ്ണംപറഞ്ഞ നമ്മുടെ സ്ഥാപനങ്ങള്‍ ഒരു പക്ഷേ അന്യസമുദായങ്ങളെ ശാക്തീകരിക്കുന്ന ഇടങ്ങളായി മാറുന്നു. അവരുടെ കുട്ടികള്‍ക്കു വേണ്ടി നാം നമ്മുടെ വിശ്വാസംപോലും മറച്ചുവയ്ക്കുന്നു. എന്തിന് ഇത്തരം സ്ഥാപനങ്ങള്‍?
സ്ഥാപനങ്ങളോടുള്ള ആര്‍ത്തി കുറയാതെ സുവിശേഷ പ്രഘോഷണം നമുക്ക് പ്രധാനപ്പെട്ട വിഷയമാവില്ല. ഇതു മറച്ചുവച്ച് എത്ര ‘അസാധാരണമാസം’ ആചരിച്ചാലും മിഷനറിപ്രവര്‍ത്തനം അങ്ങനെതന്നെ കിടക്കും.
നിന്റെ കണ്ണ് ഇടര്‍ച്ചയ്ക്കു കാരണമാകുന്നുവെങ്കില്‍ അത് പിഴുതെടുത്തുകളയാന് അല്ലേ ഈശോ പറഞ്ഞിരിക്കുന്നത്. നാം പുനരാലോചിക്കണം. സുവിശേഷ പ്രഘോഷണത്തിനായി ഇറങ്ങിത്തിരിച്ചവരെ സ്ഥാപനങ്ങളുടെ കുടുക്കില്‍നിന്നും രക്ഷിക്കണം. അവര്‍ക്കു മാത്രം സാധിക്കുന്ന വിശുദ്ധ കുര്‍ബാനയും കുമ്പസാരവും ഭവന സന്ദര്‍ശനവും വീടു വെഞ്ചരിപ്പും എല്ലാം നടക്കട്ടെ!
ഒരു വൊക്കേഷന്‍ പ്രമോട്ടറുടെ സങ്കടം
റിഡംപ്റ്ററിസ്റ്റ് സഭയുടെ വൊക്കേഷന്‍ പ്രമോട്ടറായിരുന്ന ഒരു കൊച്ചച്ചന് ഏതാനും വര്‍ഷം മുമ്പ് പറഞ്ഞു. ഞങ്ങള്‍ക്ക് കുട്ടികളെ കിട്ടാന്‍ വലിയ ബുദ്ധിമുട്ടാണ്. കാരണം ഞങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ ഒന്നും ഇല്ല. മറ്റു സഭകളിലെ പ്രമോട്ടര്‍മാര്‍ കുട്ടികള്‍ക്ക് കൊടുക്കുന്ന ഓഫര്‍ അത്ര ഭീകരമാണ്: ”നിങ്ങള്‍ക്ക് ഭാവിയില്‍ ഡോക്ടറാകണോ, എഞ്ചിനീയറാകണോ, കോളജില്‍ പഠിപ്പിക്കണോ.. ഞങ്ങളുടെ സഭയില്‍ ചേരുക..” ഞാന്‍ ഈ ഓഫറുകളൊന്നും നല്‍കുന്നില്ല. ‘സുവിശേഷം പറയാന്‍ ആഗ്രഹമുള്ളവര്മാത്രം വരിക’ എന്നാണ് ഞാന്‍ പറയുന്നത്. അതുകൊണ്ട് ഞങ്ങള്‍ക്കു കിട്ടാതിരിക്കുന്നില്ല. നല്ല ദൈവവിളികള്‍ മാത്രം കിട്ടുന്നു. അഭിഷേകാഗ്നി സഭയിലും മറ്റും ചേരുന്ന ഉന്നത വിദ്യാഭ്യാസ യോഗ്യതയും ജോലിയുമുള്ള യുവതീയുവാക്കള്‍ കാലത്തിന് മുന്നില്‍ വെല്ലുവിളിയാണ്.
പെന്തക്കോസ്ത് സഭകള്‍ വളരുന്നു
സ്ഥാപനങ്ങള്‍ ഇല്ലാത്ത ക്രൈസ്തവ സഭകളാണ് സുവിശേഷ പ്രചാരണത്തില്‍ മുമ്പില്‍. ലോകത്തെങ്ങും അതാണ് സ്ഥതി. അവര്‍ ഈശോയെ കൊടുക്കുന്നു. ഒക്ടോബറില്‍ പ്രത്യേക സിനഡ് കൂടുന്ന ആമസോണ്‍ പ്രദേശത്തെക്കുറിച്ചു വന്ന വാര്‍ത്തകള്‍ തന്നെ ഉദാഹരണം. സുവിശേഷ പ്രവര്‍ത്തനം മാത്രം നടത്തുന്ന ഇവാഞ്ചലിക്കല്‍ മിഷന്‍കാര്‍ അവിടെ വന്‍തോതില്‍ വളരുന്നു. കത്തോലിക്കാ സഭ പിന്തള്ളപ്പെടുന്നു. ഇവാഞ്ചലിക്കല്‍ മിഷന്‍കാര്‍ രണ്ടില്‍ നിന്നും 22 ശതമാനമായപ്പോള്‍ കത്തോലിക്കര്‍ 80 ല്‍ നിന്നും 60 ശതമാനമായി.
വേണം പുത്തന്‍ തീക്ഷ്ണത
വാഴ്ത്തപ്പെട്ട ഫുള്‍ട്ടന്‍ ജെ.ഷീനിന്റെ ‘എല്ലാം പൂര്‍ത്തിയായി’ എന്ന പുസ്തകത്തില്‍ ഒരു കഥ ഉണ്ട് കാല്‍വരിക്കുരിശിലെ ഈശോയുടെ വേദനകള്‍ കണ്ട് മനസലിഞ്ഞ ഒരാള്‍ കുരിശില്‍ തറച്ച ആണികള്‍ പറിച്ചു കളഞ്ഞ് ഈശോയെ രക്ഷിക്കാന്‍ എത്തുന്നു. അപ്പോള്‍ ഈശോ പറയുന്നു: ”അരുത് ആണികള്‍ ഇളക്കരുത്. അതവിടെ ഇരിക്കട്ടെ… ലോകത്തിലെ എല്ലാ പുരുഷന്മാരും സ്ത്രീകളും കുഞ്ഞുങ്ങളും ഒന്നിച്ചു വരാതെ എന്നെ കുരിശില്‍നിന്നും ഇറക്കാനാവില്ല..” അതുകേട്ട അയാള്‍ പറഞ്ഞു: എനിക്ക് അവിടുത്തെ നിലവിളി സഹിക്കാനാവുന്നില്ല. എനിക്ക് എന്തു ചെയ്യാനാവും? ഈശോ പറഞ്ഞു: ”താങ്കള്‍ ലോകത്തിലേക്ക് ഇറങ്ങി കാണുന്ന എല്ലാവരോടും പറയുക, ഒരു മനുഷ്യന് കുരിശില്‍ കിടക്കുന്നു എന്ന്.” നമുക്ക് ഈ തീക്ഷ്ണത ലഭിക്കട്ടെ.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.