Categories: Articles

ഈശോയുടെ അതിദാരുണമാം… – ആ പാട്ടു പിറന്നത് ഇങ്ങനെയാണ്!

ഈശോയുടെ അതിദാരുണമാം... – ആ പാട്ടു പിറന്നത് ഇങ്ങനെയാണ്!

ഷാജൻ സി. മാത്യു

ക്രിസ്ത്യാനികൾ നോമ്പുകാലത്ത് പ്രധാനമായി ആലപിക്കുന്ന ഈ കാരുണ്യഗാനത്തിന്റെ ചിന്ത പിറന്നത് ഇവിടൊന്നുമായിരുന്നില്ല  പാട്ടുപോലെതന്നെ സുന്ദരമാണ് അതിനു പിന്നിലുള്ള കഥകളും. ക്രിസ്ത്യാനികളുടെ ഇടയിൽ ഒരു വ്യാഴവട്ടമായി വൻപ്രചാരം നേടിക്കൊണ്ടിരിക്കുന്ന സാന്ത്വന ഗാനമായ ‘ഈശോയുടെ അതിദാരുണമാം പീഡാസഹനങ്ങളെ  യോർത്തെന്നും പിതാവേ, ഞങ്ങളുടെമേൽ  ലോകം മുഴുവന്റെ മേൽ കരുണയുണ്ടാകേണമേ…’ ജനിച്ചതിനു പിന്നിലൊരു കഥയുണ്ട്.

വിശ്വാസികളുടെ ഇടയിൽ ‘കരുണക്കൊന്ത’ എന്ന പേരിൽ നിലനിന്നിരുന്ന പ്രാർഥന മേൽപറഞ്ഞ ഗാനരൂപം സ്വീകരിച്ചു വൻപ്രചാരം നേടുകയായിരുന്നു. ഈ രൂപാന്തരീകരണത്തിനു കാരണമായ ചിന്ത ഉടലെടുത്തത് ഇവിടെങ്ങുമല്ല; യുഎസിലെ നോർത്ത് കാരലീനയിൽ വച്ചായിരുന്നു.  എറണാകുളം കറുകുറ്റി കാർമൽ ധ്യാനകേന്ദ്രത്തിലെ ഫാ. ബോസ്കോ ഞാളിയത്ത് നോർത്ത് കാരലീനയിൽ ധ്യാനിപ്പിക്കാൻ പോയതായിരുന്നു. ധ്യാനത്തിന്റെ ഇടവേളയിൽ ആലുവ സ്വദേശിയായ ജോസ് പെരുമാട്ടിയുമായി സംസാരിക്കുന്നു.

സമൂഹത്തിൽ കാരുണ്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അവർ ചർച്ച ചെയ്തു. വിശുദ്ധയായ സിസ്റ്റർ ഫൗസ്റ്റീനയുടെ കരുണക്കൊന്ത (divine mercy) യുടെ അദ്ഭുതകരമായ മാനസാന്തര സിദ്ധിയെപ്പറ്റി ജോസ് പെരുമാട്ടി അച്ചനോടു വാചാലനായി. ആ പ്രാ‍ർഥന മലയാളികൾക്കിടയിൽ പ്രചരിപ്പിക്കാൻ അച്ചൻ ശ്രമിക്കണമെന്നും ചെലവ് താൻ വഹിച്ചുകൊള്ളാമെന്നും ജോസ് പറഞ്ഞു.

ധ്യാനത്തിനുശേഷം നാട്ടിൽ മടങ്ങിയെത്തിയ ഫാ. ബോസ്കോ തന്റെ സുഹൃത്തും പ്രശസ്ത സംഗീത സംവിധായകനുമായ പീറ്റർ ചേരാനെല്ലൂരുമായി ഇക്കാര്യം സംസാരിച്ചു. ഗദ്യരൂപത്തിലുള്ള പ്രാർഥനയും കൈമാറി.  പ്രാർഥന പദ്യരൂപത്തിലാക്കാൻ ഭക്തിഗാന രചയിതാവ് ബേബി ജോൺ കലയന്താനിയെ പീറ്റർ ഏൽപിച്ചു.  അങ്ങനെയാണ്, ക്രിസ്ത്യാനികളുടെ സാന്ത്വന ഗാനമായ ‘ഈശോയുടെ അതിദാരുണമാം…’ പിറക്കുന്നത്.

കെസ്റ്റർ, മനോജ് ക്രിസ്റ്റി, സിസിലി, കലാഭവൻ സാബു എന്നിവർ ആലപിച്ചു.

രചയിതാവ് കലയന്താനി പറയുന്നു: ‘എറണാകുളം ചിറ്റൂർ ധ്യാനകേന്ദ്രത്തിൽ പ്രാർഥന കഴിഞ്ഞിറങ്ങുമ്പോഴാണ് ആ പ്രാർഥനയുടെ പദ്യരൂപം മനസ്സിൽ രൂപമെടുത്തത്. പീറ്റർ അതിനു ഹൃദയം ഉരുകുന്ന സംഗീതവും നൽകി.’  ഒരു പാട്ടു മാത്രമായി ആൽബം ഇറക്കാനാവില്ലല്ലോ… അങ്ങനെയാണ് സംഘത്തിലേക്ക് ഷൈജു കേളന്തറ എന്ന വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥൻ കടന്നു വരുന്നത്. ഗായകൻ കെസ്റ്ററാണ് ഷൈജുവിനെ പീറ്ററിനു പരിചയപ്പെടുത്തുന്നത്. പീറ്റർ ഈണമിട്ടു, ഷൈജു രചിച്ചു.

‘കരുണയുള്ള ദൈവമേ
കനിവു തോന്നണമേ
പാപിയാണെങ്കിലും
അലിവു തോന്നണമേ..’

പീറ്ററിന്റെ ചേരാനെല്ലൂരിലെ വീട്ടിലിരുന്നാണ് ഈ പാട്ടെഴുതിയത്. ‘പീറ്ററുമൊന്നിച്ച് കുറച്ചുനേരം പ്രാർഥിച്ചതിനുശേഷമാണ് പേനയെടുത്തത്. പീറ്റർ ട്യൂൺ മൂളിത്തരുകയും അതനുസരിച്ച് പാട്ടെഴുതുകയുമായിരുന്നു. അങ്ങനെ ഏകദേശം ഒരു മണിക്കൂർ കൊണ്ട് കരുണയുള്ള ദൈവമേ… എന്ന ആമുഖഗാനം പിറന്നു.’ ഷൈജു പറയുന്നു. ഈ ഗാനവും വലിയ പ്രസിദ്ധി നേടി. ഷൈജുവിന്റെതന്നെ ‘എന്തിനുവേണ്ടി നീയലയുന്നു…’, ബാസ്റ്റിൻ ചേർത്തലയുടെ ‘കാരുണ്യം തൂകുന്ന മാതാവേ…’ എന്നീ ഗാനങ്ങളും ആൽബത്തിൽ ഉൾപ്പെടുത്തി.

2006 നോമ്പുകാലത്ത് ‘കരുണയുടെ ജപമാല’ എന്ന പേരിൽ സിഡി പുറത്തുവന്നു. പ്രതിസന്ധികളിലുഴലുന്ന ഹൃദയങ്ങൾ ആവേശപൂർവം ഈ സാന്ത്വന പ്രാർഥനകൾ ഏറ്റുവാങ്ങി. ഒന്നരലക്ഷത്തിലധികം സിഡികൾ ചുരുങ്ങിയ കാലംകൊണ്ടു വിറ്റഴിഞ്ഞു. ശാലോം ടിവി കഴിഞ്ഞ എട്ടു വർഷമായി എല്ലാ ഞായറാഴ്ചയും മൂന്നു മണിക്ക് കരുണക്കൊന്ത സംപ്രേഷണം ചെയ്യുന്നു. ഫാ. ബോസ്കോ ഞാളിയത്ത് അവതാരകൻ.  മനോരമ മ്യൂസിക്കാണ് ഇപ്പോൾ ‘കരുണയുടെ ജപമാല’ വിതരണം ചെയ്യുന്നത്.

‘നന്നായി പ്രാർഥിച്ചൊരുങ്ങിയാണ് ആ സംഗീതം ചെയ്തത്. ലോകപ്രശസ്തമായ ആ പ്രാർഥന മലയാളത്തിൽ ആവിഷ്കരിക്കുമ്പോൾ പരമാവധി നന്നാകണമെന്നും സങ്കടഹൃദയങ്ങൾക്ക് ആശ്വാസമാകണമെന്നും ആഗ്രഹിച്ചിരുന്നു. രണ്ടുമൂന്നാഴ്ച എടുത്താണ് അതു സംഗീതം ചെയ്തത്. ആ ഗാനങ്ങൾ മനസ്സിന്റെ ദുഃഖം മാറ്റിയ അനുഭവങ്ങൾ ലോകത്തു പലയിടത്തുനിന്നും മലയാളികൾ പങ്കുവയ്ക്കുന്നതു കേൾക്കുമ്പോൾ സന്തോഷം.’ സംഗീത സംവിധായകൻ പീറ്റർ ചേരാനെല്ലൂർ പറയുന്നു.

vox_editor

Recent Posts

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

13 hours ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 week ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

2 weeks ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

2 weeks ago

ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ

ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…

3 weeks ago

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

3 weeks ago